മായാജാലക്കാരൻ

ബീച്ചിൽ നിറയെ ആളുകളുണ്ട്, തിരകളോട് കിന്നാരം പറയുന്ന കൊച്ചു കുട്ടികൾക്കൊപ്പം മുതിർന്നവരുമുണ്ട് പ്രണയ നൊമ്പരം മറക്കാൻ വന്നവരും പ്രണയിക്കാൻ വന്നവരുമുണ്ട്, ബലൂൺ വിൽപ്പനക്കാരുണ്ട്, പട്ടം വിൽക്കുന്നവരുണ്ട് ഐസ് കച്ചവടക്കാരും പീപ്പിയും പമ്പരവും വിൽക്കുന്നവരുണ്ട് 

വന്നുവന്ന് ആഘോഷിക്കാൻ അവധി ദിവസങ്ങളോ ആഘോഷ ദിവസങ്ങളോ വേണമെന്നില്ലാത്ത അവസ്ഥ പോലെയാണ് ബീച്ചിലെ ആൾക്കൂട്ടം കണ്ടാൽ ബീച്ചിലെ സ്റ്റേജിനോട് ചേർന്ന് കുറച്ച് ആൾകൂട്ടം, ഒരു തെരുവ് മാന്ത്രികന്റെ മായാജാല പ്രകടനങ്ങൾ കണ്ട് അതിശയിച്ച് നിൽക്കുകയാണവർ

മാജിക്ക് അതെന്നും എനിക്ക് ഒരു ഹരമാണ്, അത്ഭുതത്തോടെ മാത്രമെ ഞാൻ മാജിക്ക് കണ്ടിട്ടുള്ളൂ

സാധാരണ തെരുവ് മാന്ത്രികരിൽ നിന്നും വ്യത്യസ്ഥമായി ഒരു പ്രത്യേകതരം മുഖം മൂടി കൊണ്ട് മുഖം മറച്ചിട്ടുണ്ട് മാന്ത്രികനും അയാളുടെ സഹായികളും കയ്യിൽ മന്ത്രിക വടിയോ തലയിൽ തൊപ്പിയോ ഒന്നുമില്ല ഒരു പ്രതിമ പോലെ എന്തോ ഒന്ന് തുണികൊണ്ട് മൂടി വെച്ചത് അയാൾക്കരികിലുണ്ട്.

ഓരോ വിദ്യകൾക്ക് മുൻമ്പും അയാൾ പ്രസംഗിക്കുന്നുണ്ട്, പ്രപഞ്ചത്തിൽ എല്ലാം ഉണ്ട് നമുക്ക് ആവശ്യമുള്ളത് കണ്ടെത്താനാണ് പ്രയാസം എന്നു പറഞ്ഞു കൊണ്ടാണ് ശൂന്യതയിൽ നിന്നും പൂക്കളെടുത്തത് പൂക്കൾക്ക് ആയുസ് കുറവാണ് അത് എന്നും നിലനിൽക്കണമെങ്കിൽ ചുമരിലൊ പേപ്പറിലോ വരച്ച് വയ്ക്കണം തൽക്കാലം ഞാനി പ്രതിമയെ മൂടിയ തുണിയിലേക്ക് ചേർക്കുന്നു എന്നു പറഞ്ഞ് പൂക്കൾ അതിന്റെ നേരെ എറിഞ്ഞതും അത്ഭുതം ആ പൂക്കൾ മുഴുവൻ ചിത്രതുന്നലുകളായി തുണിയിൽ തെളിഞ്ഞു. പുറത്തെ റോഡിലൂടെ റോന്ത് ചുറ്റി കൊണ്ടിരുന്ന പോലീസ് ആൾക്കൂട്ടം കണ്ട് ജീപ്പിൽ നിന്നിറങ്ങി അങ്ങോട്ട് വന്നു.

പോലീസ് വന്നതോടെ ആളുകൾ വീണ്ടും തടിച്ച് കൂടി മാന്ത്രികനും ആവേശമായി. പോലീസുകാരും മാജിക്ക് കാണാനുള്ള ആവേശത്തിലാണ്

സൂര്യൻ കടലിനോട് അടുത്ത് ഏതാനും സമയങ്ങൾ കഴിഞ്ഞാൽ ഇരുട്ടാകും ബീച്ചിലെ തെരുവു വിളക്കുകൾ തെളിഞ്ഞു തുടങ്ങി മാന്ത്രികൻ അയാളുടെ അവസാന ഐറ്റത്തിനുള്ള തയാറെടുപ്പിലാണ് 

ഭയമുള്ളവർക്കും രക്തം കണ്ടാൽ പേടി തോന്നുന്നവർക്കും മാറി നിൽക്കാം. നിങ്ങൾ ജീവിതത്തിൽ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത ഒരു മാന്ത്രിക വിദ്യയാണ് ഇനി കാണാൻ പോകുന്നത്. മാന്ത്രികൻ ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞപ്പോള്‍ കാഴ്ചകാർക്ക് ഭയം നിറഞ്ഞ ആവേശമായി

ദൂരെ വാഹനത്തിൽ നിന്ന് ഒരാളെ വലിച്ചിഴച്ച് സഹായികൾ കൊണ്ടു വരുന്നുണ്ട് അയാളുടെ മുഖവും മറച്ചിട്ടുണ്ട്. എന്നെ രക്ഷിക്കു.,, ഇവരെന്നെ കൊല്ലുമെന്ന് ആ മനുഷ്യൻ ഉറക്കെ ഉറക്കെ കരയുന്നുണ്ട്. ശരിക്കും കൊല്ലാൻ കൊണ്ട് പോകുന്ന ഒരു വ്യക്തിയെപ്പോലെയുള്ള അയാളുടെ പ്രകടനം എല്ലാവരെയും പോലെ എന്നിലും ഭയമുണ്ടാക്കി.

മാന്ത്രിക വിദ്യക്ക് ആവേശവും ആകാംഷയും തോന്നുന്നതിന് വേണ്ടിയാവാം അയാളുടെ ഈ പ്രകടനം. അറബ് രാജ്യങ്ങളിൽ വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്നെ കുറ്റപത്രം വായിക്കാറുണ്ട് ഏതാണ്ട് അതു പോലെ തന്നെ മാന്ത്രികന്റെ സഹായി കുറ്റപത്രം വായിക്കാൻ തുടങ്ങി.

പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച് കൊന്ന് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ട ഈ മനുഷ്യന്റെ തല വെട്ടിമാറ്റാൻ ഈ മാന്ത്രിക കോടതി വിധിക്കുന്നു

ഇത്തരക്കാരെ എന്ത് ചെയ്യണം നിങ്ങൾ പറയു... ആൾകൂട്ടത്തിന് നേരെ നോക്കിയുള്ള മാന്ത്രികന്റെ ചോദ്യത്തിന് ആരും മറുപടി പറഞ്ഞില്ല

എന്റെ ശബ്ദം മുഴുവൻ ഉപയോഗിച്ച് ഞാൻ ഉറക്കെ വിളിച്ച് പറഞ്ഞു "കൊല്ലണം''

കാഴ്ചക്കാരുടെ മുഴുവൻ ശ്രദ്ധയും എന്റെ നേരെ തിരിഞ്ഞു. എന്റെ വാക്കുകൾ ഏറ്റെടുത്ത് മാന്ത്രികൻ പറഞ്ഞു 

"അതെ കൊല്ലണം ഇത്തരത്തിൽ വികലമായ മനസുമായി സമൂഹത്തിൽ താമസിക്കുന്നവർക്ക് ഇതൊരു പാഠമാകണം ഏക മകളെ നഷ്ടപ്പെട്ട കണ്ണീരുണങ്ങാത്ത ആ മാതാപിതാക്കൾക്ക് വേണ്ടി ഞാനി കർത്തവ്യം നിർവഹിക്കുന്നു"

ഒരു ബെഞ്ചിൽ കമിഴ്ത്തി കിടത്തി കൈകലുകൾ ആ ബെഞ്ചിനോട് ചേർത്ത് കെട്ടിയ അയാളുടെ കഴുത്തിന് നേരെ മാന്ത്രികൻ അന്തരീക്ഷത്തിൽ നിന്നും സൃഷ്ടിച്ച വാളുകൊണ്ട് ആഞ്ഞു വെട്ടി.

ശിരസ് വേർപെട്ട് രക്തം ചീറ്റി കാഴ്ചക്കാർ ചിലർ പിന്തിരിഞ്ഞോടി ചിലർ ബോധംകെട്ട് വീണു. പോലീസുകാർ ഇത് മാന്ത്രികവിദ്യയാണോ അതോ യാതാർഥ്യമാണോ എന്ന സംശയത്തിൽ എന്ത്ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. യാതൊന്നും സംഭവിക്കാത്ത പോലെ മാന്ത്രിനും സഹായികളും. 

മാന്ത്രികന്റെ അരികിലായുള്ള ആ പ്രതിമയെ മറച്ചിരുന്ന തുണി അയാൾ എടുത്ത് മാറ്റി കണ്ണുകൾ മൂടി കെട്ടിയ നീതിദേവതയുടെ പ്രതിമയായിരുന്നു അത്. ആ തുണികൊണ്ട് ശരീരത്തെ മറച്ചു വേർപെട്ട ശിരസിൽ നിന്നും മുഖം മൂടി ഇളക്കി മാറ്റി ശരീരത്തോട് ചേർത്ത് വച്ചു.

എല്ലാവരും ആകാംഷയുടെ മുൾമുനയിലാണ്, ഇനി എന്ത്?

കണ്ണുകൾ മൂടി കെട്ടിയ നീതിദേവതയുടെ കറുത്ത തുണികൾ അഴിച്ച് മാറ്റി മാന്ത്രികൻ കാണികൾക്ക് നേരെ വീശി

ഈ തുറന്ന കണ്ണുകൾ മൂടി കെട്ടി അന്ധാകാരത്തിൽ കേൾക്കുന്ന കള്ളങ്ങൾ കേട്ടല്ല നിയമം നടപ്പിലാക്കേണ്ടത് മറിച്ച് കണ്ണുകൾ തുറന്ന് വെച്ച് സത്യം മനസിലാക്കി വേണം വിധി നടപ്പിലാക്കേണ്ടത് അത് സംഭവിക്കാത്ത കാലത്തോളം ഇവിടെ പീഡനവും കൊലപാതകവും അഴിമതിയും ഒരു തുടർക്കഥപ്പോലെ നിഴലുപോലെ ഓരോരുത്തരുടെയും കൂടെ തന്നെ കാണും. ഈ മാന്ത്രിക വിദ്യയുമായി ഞങ്ങളും

കറുത്ത തുണി ഒന്നുകൂടി വായുവിൽ ഉയർന്നു പ്രതിമയുടെ നേരെ വീശിയതും അവിടെയാകെ വെളുത്ത പുക നിറഞ്ഞു. അത് തെളിഞ്ഞു കാഴ്ച വ്യക്തമായപ്പോൾ അവിടെ മാന്ത്രികൻ അപ്രത്യക്ഷമായിരിക്കുന്നു. ശിരസ് വേർപെട്ട ആ മനുഷ്യ ശരീരം നിശ്ചലമായി തറയിൽ കിടക്കുന്നുണ്ട് അവിടമാകെ രക്‌തം തളം കെട്ടികിടക്കുന്നു.

കാഴ്ചക്കാർ പരസ്പരം മുഖത്തോട് മുഖം നോക്കി ചിലർ ഓടി മറഞ്ഞു പോലീസുകാരും അങ്കലാപ്പിലായി, മാന്ത്രികനെ കാണാനില്ല കുറച്ച് സമയം കഴിഞ്ഞാണ് ആ യാഥാർഥ്യം മനസിലായത്, അത് മായജാലമല്ല സത്യമായിരുന്നു ഒരു കൊലപാതകം നേരിൽ കാണാൻ സാക്ഷ്യം വഹിക്കുകയായിരുന്നു അവിടെ കൂടി നിന്നവർ അതും മാന്ത്രികൻ പറഞ്ഞ അതേ കഥയിലെ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ട യഥാർഥ പ്രതിയുടേത്.....

ഇനിയും വരും മായാജാല കാഴ്ചകളൊരുക്കി ആ മാന്ത്രികൻ പൊതുസമൂഹത്തിലേയ്ക്ക്... കുറ്റവാളികളെ തേടി..

Malayalam Short StoriesMalayalam literature interviews,Malayalam Poems     

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.