ബിവറേജസിന് മുന്നിലെ ഭാര്യ

വർഷങ്ങൾ നീണ്ട അഞ്ജലിയുടെ വിവാഹാലോചനകളിൽ പലതും മുടങ്ങുവാനുണ്ടായ പ്രധാന കാരണം ചെക്കന്മാർ അധികവും മദ്യപാനമോ, പുകവലിയോ വല്ലപ്പോഴുമെങ്കിലും ജീവിതത്തിന്റെ ഭാഗമാക്കിയതായിരുന്നു. പുരോഗമന ചിന്താഗതിക്കാരായ ബന്ധുക്കളിലും, കുടുംബസുഹൃത്തുക്കളിലും പലരും ഇന്നത്തെക്കാലത്ത് അതൊരു വലിയ പ്രശ്നമായി കാണണ്ട എന്ന് പറയാറുണ്ടായിരുന്നുവെങ്കിലും മുപ്പത് വർഷം രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടയിൽ ചൂടും തണുപ്പും തള്ളിനീക്കുവാൻ മദ്യത്തിന്റെ ലഹരിയോ, പുകവലിയുടെ സംതൃപ്തിയോ ഒരു തവണ പോലും രുചിച്ചു നോക്കാതിരുന്ന പട്ടാളക്കാരന് തന്റെ ഏക മകളെ വിവാഹം ചെയ്യുന്ന ആളിന് മനുഷ്യനെ കൊല്ലുന്ന ഒരു ദുശീലവും പാടില്ല എന്നത് ഒരു വാശി തന്നെയായിരുന്നു. 

ബ്രോക്കർമാരും, മാട്രിമോണിയലുകളും, അടുത്ത ചില ബന്ധുക്കളും വഴി വന്ന പല ആലോചനകളും പെൺകുട്ടിക്ക് ചേർന്നവയും, എന്തുകൊണ്ടും നടത്തവുന്നവയുമായിട്ടും പ്രഭാകരൻ തന്റെ വാശിയിൽ തന്നെ ഉറച്ചു നിന്നു. പെൺകുട്ടിയുടെ വയസ്സ് കൂടുന്നുവെന്ന് പറഞ്ഞു പലരും കുറ്റപ്പെടുത്തുവാൻ തുടങ്ങിയിരുന്നുവെങ്കിലും അച്ഛന്റെ തീരുമാനത്തോടുള്ള അഞ്ജലിയുടെ ഐക്യധാർട്യം കുടുംബത്തിലെ മറ്റുള്ളവരുടെ എതിർപ്പിന്റെ കാഠിന്യം വളരെ അധികം കുറച്ചു.

അഞ്ജലിക്കിപ്പോൾ വയസ്സ് മുപ്പത് കഴിഞ്ഞിരിക്കുന്നു. കൂട്ടുകാരും, കൂടെ പഠിച്ചവരുമായ ഒട്ടുമിക്ക പെൺകുട്ടികളും വിവാഹം കഴിഞ്ഞു കുട്ടികളൊക്കെയായി നല്ല കുടുബിനികളായി ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. അച്ഛന്റെ വാശിക്ക് കുടപിടിക്കുന്ന മകൾ എന്ന പേര് കൂടി ചില ബന്ധുക്കളിൽ നിന്നും അവൾക്ക്  കിട്ടിയിരിക്കുന്നു. പ്രഭാകരനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയിട്ടുള്ള ചില മുതിർന്നവർ ഇപ്പോൾ കല്യാണക്കാര്യത്തിൽ അഞ്ജലിയെ കുറ്റപ്പെടുത്തി തുടങ്ങി. 

കലാലയ ജീവിതത്തിൽ അവളോടൊപ്പം പുരോഗമന പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന ചില സുഹൃത്തുക്കൾ കാര്യമറിഞ്ഞ് അവളെ നിശിതമായി വിമർശിച്ചു. ഒപ്പം തന്നെ പെൺകുട്ടിക്ക് മറ്റെന്തോ കുഴപ്പമുള്ളതുകൊണ്ടാണ് വിവാഹം നടക്കാത്തതെന്നും നാട്ടിലെങ്ങും സംസാരമായി. മറ്റൊന്നുമാലോചിക്കാതെ എത്രയും പെട്ടന്ന് തന്നെ വിവാഹിതയാകുവാൻ അഞ്ജലി സ്വയം തീരുമാനിച്ചു. 

അച്ഛന്റെ പരിചയക്കാരൻ തന്നെയായ ഒരു ബ്രോക്കർ വഴി അടുത്ത ദിവസങ്ങളിലായി തന്നെ വന്ന ഒരു ആലോചന. ചെക്കന് സർക്കാർ സർവീസിൽ ഉയർന്ന ഉദ്യോഗം. സാമ്പത്തികമായും, സാമൂഹികമായും ഇരു കുടുംബങ്ങളും തമ്മിൽ നല്ല ചേർച്ച. ചെക്കനും പെണ്ണിനും തമ്മിൽ കണ്ട് ഇഷ്ടപ്പെട്ടിരിക്കുന്നു. വിവാഹം ഉറപ്പിക്കുവാൻ കുടുംബക്കാർ തമ്മിൽ കൂടി ആലോചിക്കുന്നതിനിടയിലാണ് പ്രഭാകരനെ തേടി ആ വിവരം എത്തുന്നത്. അധികമായി ഇല്ലെങ്കിലും ചെക്കൻ കൂട്ടുകാരു കൂടി ഇടയ്ക്കിടെ മദ്യപിക്കാറുണ്ടത്രേ. പ്രഭാകരൻ എന്തെങ്കിലും ഒരു തീരുമാനം എടുക്കുന്നതിനു മുൻപു തന്നെ അഞ്ജലി പ്രശ്നത്തിൽ ഇടപെട്ടു. ചെക്കനേയും വീട്ടുകാരേയും അവൾക്കിഷ്ടപ്പെട്ടെന്നും, ചെക്കന് ഉണ്ടെന്ന് പറയുന്ന ദുശീലം താൻ മാറ്റിയെടുത്തോളാമെന്നും, ഈ വിവാഹം നടത്തി തരണമെന്നും അവൾ അച്ഛനെ അറിയിച്ചു. കുടുംബത്തിലെ മറ്റുള്ളവരുടെ കൂടെ നിർബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസ്സോടെ പ്രഭാകരൻ അഞ്ജലിയുടെ വിവാഹം ആർഭാടപൂർവം നടത്തി.

ആദ്യ ദിവസം തന്നെ ഭർത്താവിന്റെ സാമീപ്യത്തിനിടയിൽ മദ്യത്തിന്റെ ഗന്ധം അവൾ തിരിച്ചറിഞ്ഞു. മദ്യപിച്ച് ലക്ക് കെട്ട നിലയിൽ അയാളെ കണ്ടിട്ടില്ലെങ്കിലും, അയാളുടെ സംസാരത്തിലും പ്രവർത്തികളിലും മദ്യത്തിന്റെ ലഹരി ബാധിച്ചിട്ടുണ്ടെന്ന് അവൾ മനസ്സിലാക്കി. മുറിയിലെ അലമാരക്കുള്ളിൽ നിന്നും, വീടിന്റെ ടെറസ്സിൽ നിന്നും കണ്ടെടുത്ത ചില മദ്യക്കുപ്പികൾ നേരത്തെ അറിഞ്ഞതു പോലെ തന്നെ അയാൾ സാമാന്യം നല്ല രീതിയിൽ തന്നെ മദ്യപിക്കുന്ന ആളാണെന്ന് അവൾ ഉറപ്പിച്ചു. അച്ഛനോട് പറഞ്ഞതു പോലെ അയാളെ മാറ്റി എടുക്കുന്നതിനുള്ള ശ്രമം അവൾ ആരംഭിച്ചു. ഞാൻ കുടിക്കുന്നത് കൊണ്ട് ആർക്കും ശല്യമില്ലല്ലോയെന്ന അയാളുടെ ന്യായം അവളാൽ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി തുടങ്ങി. ഭാര്യയുടെ ചോദ്യം ചെയ്യലിനോടുള്ള പ്രധിക്ഷേധം അയാൾ വാങ്ങുന്ന കുപ്പികളുടെ എണ്ണം കൂട്ടിക്കൊണ്ട് പ്രകടമാക്കി. 

നാളുകൾ കഴിയവേ മാറ്റിയെടുക്കുവാൻ കഴിയാത്ത ശീലത്തിന്റെ അടിമയാണയാൾ എന്ന് അവൾക്ക് മനസ്സിലായി തുടങ്ങി. പുറത്തു പോയി മടങ്ങിയ ഒരു ദിവസം നാട്ടിലെ തന്നെ ബിവറേജസ് ഔട്ട്‌ലെറ്റ് അടക്കുവാൻ സമയം ആയെന്ന കാര്യം പറഞ്ഞു കൊണ്ട് അയാൾ തന്റെ ബൈക്ക് റോഡരികിലായി നിർത്തിയിട്ട് മദ്യം വാങ്ങുവാനായി നീണ്ട ക്യുവിലേക്ക് കടന്നു നിന്നു. രാത്രിയുടെ മറവിൽ കള്ളു കുടിയന്മാരുടെയും, സാമൂഹ്യവിരുദ്ധന്മാരുടേയും രൂക്ഷമായ നോട്ടത്തേയും, കമന്റുകളേയും സഹിച്ചു കൊണ്ട് ബിവറെജസിന് മുന്നിലെ റോഡിൽ നിർത്തിയിരിക്കുന്ന ബൈക്കിനരികിൽ തന്നെ മിനുട്ടുകളോളം നിന്നു. സങ്കടം സഹിക്കാനാവാതെ നിറഞ്ഞൊഴുകിയ കണ്ണുനീർ റോഡിൽ കൂടി കടന്നു പോകുന്ന വാഹനങ്ങളുടെ വെളിച്ചത്തിൽ നിന്നും അവൾ ഇരുവശത്തേക്കും തല തിരിച്ചു കൊണ്ട് ഒളിച്ചു.

വീട്ടിലെത്തിയ ഉടൻ തന്നെ തന്റെ പ്രതിഷേധം അൽപം ഉയർന്ന ശബ്ദത്തിൽ പുറത്തേക്ക് വന്നതിന്റെ പ്രതികാരമെന്നോണം ഇപ്പോൾ യാത്രാ വേളകളിൽ തിരികെ വീട്ടിലെക്കെത്തുന്നതിനു മുൻപ് ബിവറെജിന് മുന്നിലെ റോഡിലുള്ള കാത്തു നിൽപ്പ് പതിവായിരിക്കുന്നു. കാഴ്ചക്കാർക്ക് കൗതുകമാണെങ്കിലും അഞ്ജലിക്ക് ഇപ്പോൾ അതൊരു ശീലമായിരിക്കുന്നു. ദാമ്പത്യ ജീവിതം ഏകദേശം മദ്യത്തിന്റെ പിടിയിലമർന്നിരിക്കുന്നതിനാൽ തന്റെ അവസ്ഥ എത്രയും വേഗം വീട്ടിലറിയിക്കുവാൻ അവൾ തീരുമാനിച്ചു. 

അഞ്ജലിയുടെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുവാനായി രാവിലെ വീട്ടിൽ നിന്നിറങ്ങിയ അവരുടെ ബൈക്ക് അന്നാദ്യമായി രാവിലെ തന്നെ ബിവറേജസിന് മുന്നിലെ റോഡരികിലേക്ക് ചേർന്നു നിന്നു. വലിയ ക്യുവിന്റെ പിൻ നിരയിൽ, താൻ മാറ്റിയെടുത്തുകൊള്ളാമെന്ന് അച്ഛനോട് പറഞ്ഞു സമ്മതിപ്പിച്ച തന്റെ ഭർത്താവ് സ്ഥാനം പിടിക്കുന്നത്‌ നോക്കി റോഡിൽ നിന്ന അവളുടെ തല അപമാനഭാരത്താൽ കുനിഞ്ഞു.

Malayalam Short StoriesMalayalam literature interviews,Malayalam Poems        

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.