കൂട്ടിക്കിഴിക്കലുകൾ

'അക്കങ്ങളോട് കൂട്ടുകൂടിയാൽ കണക്ക് പോലെ പഠിക്കാനിത്ര രസകരമായ വിഷയം വേറെയില്ല–അതിനെ ഇഷ്ടപ്പെട ണം, അതാണാദ്യം വേണ്ടത്.'

കണക്കിന്റെ പുസ്തകം തുറക്കുമ്പോഴെല്ലാം ടീച്ചറുടെ ഈ വാക്കുകൾ മനസ്സിലോടിയെത്തും. എന്നിട്ടും എന്തുകൊണ്ടോ മായയ്ക്ക് അതിനു കഴിഞ്ഞില്ല, എത്രയൊക്കെ ശ്രമിച്ചിട്ടും ഒരു പരിധിയിൽ കൂടുതൽ അവയോട് അടുക്കാനും.

അന്ന് സ്കൂളിൽ നിന്ന് തിരിച്ചെത്താതിരുന്ന മകളെ അന്വേഷിച്ച് കൂട്ടുകാരുടെ വീടുകളിൽ എത്തിയ ഗോവിന്ദനെ വിഷമിപ്പിച്ചത്, മായയിന്ന് വലിയ സങ്കടത്തിലായിരുന്നു എന്ന കൂട്ടുകാരുടെ വാക്കുകളാണ്. തലേന്ന് കിട്ടിയ കണക്ക് പരീക്ഷയുടെ മാർക്കിനെച്ചൊല്ലി താനെന്തൊക്കെയോ പറഞ്ഞിരുന്നല്ലോ എന്ന് അയാളോർത്തു. എട്ടാം ക്ലാസിൽ ഒരു പരീക്ഷയ്ക്ക് അല്പം മാർക്ക് കുറഞ്ഞാലും കുഴപ്പമൊന്നുമില്ലെന്ന് അപ്പോൾ അയാൾക്ക് ചിന്തിക്കാനായിരുന്നില്ല. കൂട്ടുകാരിൽ അവസാനത്തെയാളുടെ വീട്ടിൽ നിന്നിറങ്ങുമ്പോൾ മകൾക്കു കിട്ടിയ മാർക്കിനെ അയാൾ സ്നേഹിച്ചു തുടങ്ങിയിരുന്നു. മകളെക്കുറിച്ചുള്ള പലരുടെയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും പറയാ തെയും പോകുന്ന ദിനങ്ങളിൽ കൂട്ടിക്കിഴിക്കലുകളെ അയാൾ വെറുത്തു. ദിവസങ്ങൾ മാസത്തിലേക്ക് കടക്കുമ്പോൾ കണക്കുകൾ അയാൾക്കു ഞെട്ടലായി. 

മൂന്നു മാസങ്ങൾക്കൊടുവിൽ പെട്ടെന്നൊരു നാൾ മായ വീട്ടിലേക്ക് കയറി വന്നത് സന്ധ്യ കഴിഞ്ഞുള്ള ഇരുട്ടിലായിരുന്നു, വിളറിവെളുത്ത ഒരു രൂപമായി. അച്ഛൻ ദേഷ്യപ്പെട്ടതിന് വിഷമിച്ചിരിക്കുകയായിരുന്ന തന്നെ, അമ്പലത്തിൽ പോയൊന്ന് പ്രാർഥിച്ചാൽ എല്ലാ വിഷമവും മാറുമെന്നു പറഞ്ഞ് കൂട്ടുകാരിയായ ഗീതയുടെ അച്ഛൻ ചന്ദ്രമാമൻ കൂട്ടിക്കൊണ്ടു പോയ കാര്യം മായ പറയുമ്പോൾ, ഇന്നലെയും അയാൾ തന്നെ ആശ്വസിപ്പിച്ചതാണല്ലോ എന്ന് ഗോവിന്ദനോർത്തു. 

നാലുമണിക്കാപ്പി കുടിച്ചില്ലല്ലോ എന്നു പറഞ്ഞ് ചന്ദ്രൻ മായയെയും കൂട്ടി ഹോട്ടലിൽ കേറുമ്പോൾ, ഇത്ര വലിയ ഹോട്ടലോ എന്ന് അത്ഭുതപ്പെടാനേ അവൾക്കു തോന്നിയുള്ളൂ. കാരണം അയാളുടെ കൈ ഒരു വാത്സല്യ സ്പർശമായി അപ്പോഴും അവളുടെ തോളത്തു തന്നെയുണ്ടായിരുന്നു. ഒരു സുഹൃത്തിനു വേണ്ടി ബുക്ക് ചെയ്തതാണെന്നു പറഞ്ഞ്, ഒരു മുറി തുറന്ന് അകത്തു കേറുമ്പോൾ ചുമരിലെ ചിത്രത്തിലായിരുന്നു അവളുടെ ശ്രദ്ധ മുഴുവനും. ഏതോ ചിത്രകാരൻ വരച്ച ആ ചിത്രത്തിൽ നോക്കി, ഒന്നും മനസ്സിലാക്കാനാവാതെ അവൾ നിന്നു. താൻ വരയ്ക്കുന്ന ചിത്രങ്ങൾ കൂട്ടുകാർക്കെല്ലാം മനസ്സിലാവാറുണ്ടല്ലോ എന്ന് തെല്ലൊരഭിമാനത്തോടെ അവളോർത്തു. ഇതിനിടെ ആരോ രണ്ടു പേർ മുറിയിലേക്ക് കയറി വന്നപ്പോൾ, പുറത്തേക്ക് നടന്ന ചന്ദ്രമാമന്റെ കൈപിടിച്ച് പുറത്തിറങ്ങാനൊരുങ്ങിയ തന്റെ കൈ വിടുവിച്ച് അയാൾ ധൃതിയില്‍ നടന്നു നീങ്ങിയത് എന്തിനാണെന്ന് മായയ്ക്ക് അറിയാനായില്ല. മുറിയിലേക്ക് കയറിവന്നവർ ബലം പ്രയോഗിച്ച് എന്തൊക്കെയോ ചെയ്യുമ്പോൾ, മുമ്പൊരിക്കൽ താൻ ടിവി ചാനലുകൾ മാറ്റി മാറ്റി കാണുന്നതിനിടെ ഒരു ഇംഗ്ലീഷ് സിനിമയിൽ ഇങ്ങനെയെന്തോ വന്നതും, അതു കണ്ട് ദേഷ്യപ്പെട്ട് അമ്മ വന്ന് റിമോട്ട് പിടിച്ചു വാങ്ങി ടിവി ഓഫാക്കിയതും ഒരു ഞെട്ടലോടെ അവളോർത്തു. ഇതൊന്നും കുട്ടികൾ കാണാൻ പാടില്ല എന്ന അമ്മയുടെ വാക്കുകൾ ചെവിയിൽ ഒരു മുഴക്കമാ യെത്തി.

മുറിയിലുണ്ടായിരുന്നവർ ഇറങ്ങിപ്പോയി അൽപനേരത്തിനു ശേഷം കയറി വന്ന ചന്ദ്രമാമന്റെ കൂടെ, ഗീതയുടെ നളിനിയാ ന്റിയുമുണ്ടായിരുന്നു. കയ്യിലുള്ള ചെറിയ പൊതി തുറന്ന് മരുന്നെടുത്ത്, ശരീരത്തിലെ മുറിവുകളിൽ പുരട്ടി കൊടുക്കു മ്പോൾ ആ വന്നവർ തന്നെ ഉപദ്രവിക്കുമെന്ന് ചന്ദ്രമാമന് നേരത്തെ അറിയാമായിരുന്നോ എന്നവൾക്കു സംശയം തോന്നി. എന്നിട്ടും തന്നെ ഒറ്റയ്ക്കു വിട്ട് ചന്ദ്രമാമൻ പോയതെ ന്തേ എന്നവൾ അതിശയിച്ചു. രണ്ടു ദിവസം കഴിയുമ്പോഴേ ക്കും അച്ഛന്റെ ദേഷ്യമെല്ലാം മാറും, അതു വരെ എന്റെ കൂടെ നിൽക്കാം എന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ നളിനിയാന്റി, തന്നെ എവിടെയൊക്കെയോ കൊണ്ടുപോയി എന്നവൾ പറയു മ്പോൾ നിർത്ത് എന്നലറിക്കൊണ്ട് കുഴഞ്ഞുവീണ അമ്മയെ അവൾ കുലുക്കി വിളിച്ചുകൊണ്ടിരുന്നു.

‘‘എണീക്കമ്മേ, അമ്മ വിഷമിക്കേണ്ട, ഞാനിവിടെ തിരിച്ചെത്തിയില്ലേ’’

കരച്ചിലോടെ അവളത് പറയുമ്പോൾ ഗോവിന്ദൻ മകളെ ചേർത്തു പിടിച്ചു. തന്റെ മകളെ ഉപദ്രവിച്ചവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ഏതറ്റം വരേയും പോകും, എന്തെല്ലാം സഹിക്കേണ്ടി വന്നാലും. അയാൾ മനസ്സിലുറപ്പിച്ചു. വേണ്ടപ്പെട്ടവരെല്ലാം എതിർത്തിട്ടും, മകളുടെ ഭാവിയെപ്പറ്റി ആശങ്ക നൽകിയിട്ടും പരാതി നൽകുന്നതിൽ നിന്ന് ഗോവിന്ദൻ പിൻമാറിയില്ല. പിന്നീടങ്ങോട്ട് പത്രങ്ങളിലും, ടിവി ചാനലുകളിലും അതൊരു വലിയ വാർത്തയായി. നേരിട്ടറിഞ്ഞും അല്ലാതെയും മാധ്യമങ്ങൾ പലതും പറഞ്ഞു. ചാനൽ ചർച്ചകളിൽ അഭിപ്രായം പറയുന്ന ഓരോരുത്തർക്കൊപ്പവും സ്ക്രീനിന്റെ പകുതി ഭാഗം മായയ്ക്കു വേണ്ടി മാറ്റിവെയ്ക്കപ്പെട്ടു. ജീവനുള്ള ഒരു പെൺകുട്ടി എന്നതിലുപരി അവൾ പല നിറങ്ങളിലുള്ള ചുരിദാറുകൾ മാത്രമായി. അതിനുള്ളിലെ അവൾക്ക് കാണികൾ പല രൂപങ്ങളും നെയ്തു. 

നിയമത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണെന്നും, അതിൽ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലെന്നും എപ്പോഴും പറഞ്ഞു കേൾക്കുന്ന സുഖമുള്ള വാക്കുകൾ മാത്രം. പക്ഷേ, നീതിപീഠത്തിനു മുന്നിൽ വരുമ്പോൾ മായയെപ്പോലുള്ളവർ പലപ്പോഴും ‘വെറും ചെറിയവർ’ മാത്രമേ ആകാറുള്ളൂ. 

പലരും വീതം വെച്ച ദിനങ്ങളെ തീയതിയും സമയവും കൃത്യമായി പറയാനാവാത്ത മായയുടെ ‘ഓർമ്മശക്തി’യെ പരിഹസിച്ചും, അവിടുന്ന് രക്ഷപ്പെടാൻ അവൾ താല്പര്യം കാണിച്ചില്ല എന്നു കുറ്റപ്പെടുത്തിയും വാദങ്ങൾ നിരത്തുന്നതു കേട്ട്, ആ സ്ഥാനത്ത് തങ്ങളായിരുന്നെങ്കിൽ ഇത്തരം ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ കഴിയുമായിരുന്നോ എന്ന് ഒരുപാട് സ്ത്രീകൾ സ്വയം ചോദിച്ചിട്ടുണ്ടാവാം. ഒടുവിൽ ആ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാനാവാതെ വർഷങ്ങൾക്കിപ്പുറം ജീവിതത്തിലും മായയ്ക്ക് കണക്കുകൾ പിഴയ്ക്കുകയായിരുന്നു.  

ഏറെ കോലാഹലങ്ങളുണ്ടാക്കി, ഒന്നുമാകാതെ എല്ലാം കെട്ടടങ്ങുമ്പോൾ അവസാന കനലായി ഗോവിന്ദന്റെ മനസ്സിലപ്പോൾ ചന്ദ്രന്റെ മുഖം മാത്രമായിരുന്നു. നീതി പരാജയപ്പെടുന്നിടത്ത് വിപ്ലവം തുടങ്ങണമെന്നും, അത് നേരിട്ടോ മറഞ്ഞു നിന്നോ ആകാമെന്നും തന്റെ ഇരുപതുകളിലെന്നോ വിശ്വസിക്കുകയും, പിന്നീട് ബോധപൂർവ്വം മറക്കുകയും ചെയ്ത ആ പാഠത്തെ ഒന്നു പൊടി തട്ടിയെടുത്തു ഗോവിന്ദൻ. അച്ഛനില്ലാതെ വളരുന്ന ഗീതയും, വിധവയായ ഗീതയുടെ അമ്മയും മങ്ങിയ ചിത്രങ്ങളായി കൺമുന്നിലൂടെ തെന്നിമാറുമ്പോൾ, ഷോളു കൊണ്ട് മുഖം മറച്ച്, തന്റെ കയ്യിലമർത്തിപ്പിടിച്ച് കോടതി വരാന്തയിൽ നിൽക്കുന്ന മായയുടെ ചിത്രത്തിനാണ് തെളിച്ചമേറെയെന്ന് തോന്നിപ്പോയി ഗോവിന്ദന്. ഏതൊരാൾക്കും എന്തും ചെയ്യാനുള്ള കഴിവുണ്ട്. ഭീരുക്കളെന്നു കരുതുന്ന പലരും ചില സന്ദർഭങ്ങളിൽ ധീരന്മാരായി മാറാറുണ്ട്. അനുഭവങ്ങൾ എപ്പോഴും അയാളെ ഒരു ധീരനാക്കിയിരുന്നു. 

തന്റെ മകളുടെ ജീവിതത്തിന് പകരം വെയ്ക്കാൻ ചന്ദ്രന്റെ ജീവൻ മതിയാകില്ലയെങ്കിലും, അതിനെങ്കിലും കഴിയണേ എന്നു മാത്രമായിരുന്നു പിന്നീട് ഗോവിന്ദന്റെ പ്രാർത്ഥന. തീർച്ചയായും അതിനൊരു സാഹചര്യമൊരുങ്ങും എന്ന വിശ്വാസത്തെ യാഥാർഥ്യമാക്കിക്കൊണ്ടാണ് ആ ദിവസം വന്നു ചേർന്നത്. ഇരുട്ടും മഴയും. മദ്യത്താൽ വേച്ചുവേച്ചുള്ള ചന്ദ്രന്റെ നടത്തവും, ഊടുവഴിക്കരികിലായി ഉപയോഗശൂന്യമായിക്കിടക്കുന്ന കിണറും ഗോവിന്ദന് സകലസഹായവുമേകി. പിടിവലിക്കൊടുവിൽ ചന്ദ്രനെ കിണറ്റിലേക്ക് തള്ളിയിടുമ്പോൾ, അതിന്റെ ആഴത്തെക്കുറിച്ച് ആരൊക്കെയോ പറഞ്ഞു കേട്ട അറിവ് മാത്രമേ ഗോവിന്ദനുണ്ടായിരുന്നുള്ളൂ. ആ അറിവ് ശരിയായിരുന്നു. എന്നറിയാൻ പിന്നെയും രണ്ടു ദിവസങ്ങൾ വേണ്ടി വന്നു. ആരുടെയൊക്കെയോ പൊട്ടിക്കരച്ചിലുകളിൽ അയാളാദ്യമായി സന്തോഷം കണ്ടു. 

സംശയവും സാഹചര്യങ്ങളും കണക്കിലെടുത്ത പൊലീസിന്റെ കണ്ണുകൾ ആദ്യം ചെന്നെത്തിയത് ഗോവിന്ദനിൽ തന്നെയായിരുന്നു. മറ്റാർക്കൊക്കെയോ വേണ്ടി പൊലീസ് ഭാഷ, അവർ തന്റെ നേരെ പ്രയോഗിക്കുമ്പോൾ അതിനു പിന്നിലെ മുഖങ്ങൾ ഒന്നൊന്നായി ഗോവിന്ദനു കാണാനായി. എല്ലാവർക്കും സുപരിചിതരായ ആ മുഖങ്ങളിലെ മൂടുപടങ്ങൾ കാത്തു സൂക്ഷിക്കാൻ പൊലീസുകാർ തന്നെ പാടുപെടുന്നുണ്ടായിരുന്നു. മുൻപ് പൊലീസുകാരുടെ മുഖത്തു കണ്ട വികൃതമായ ചിരിയോ, പുച്ഛമോ അയാൾക്കു കാണാനായില്ല. കൂട്ടത്തിലൊരാൾ അയാളെ നോക്കി ഒന്നു പുഞ്ചിരിച്ചു. നന്നായി എന്നൊരു വാക്ക് ആ ചിരിക്കു പിന്നിൽ മറഞ്ഞു നിൽക്കുന്നുണ്ടാവാം. 

കിണറിനകത്തു മരിച്ചു കിടക്കുന്ന ചന്ദ്രനു ചുറ്റും അതേ മുഖമുള്ള ഒരായിരം ചന്ദ്രന്മാർ ഗോവിന്ദന്റെ മനസ്സിൽ തെളിഞ്ഞു വന്നു. തന്നെപ്പോലെ ഒരുപാട് അച്ഛന്മാർക്ക് ഇതിനു കഴി‍ഞ്ഞിരുന്നെങ്കിൽ എന്നൊരു ചിന്ത മാത്രമായിരുന്നു അയാൾക്കപ്പോൾ. നീതിക്കു വേണ്ടി എത്രയോ നാൾ മകളോടൊപ്പം കണ്ണീരൊഴുക്കി നിന്ന പൊലീസ് സ്റ്റേഷന്റെ വരാന്തയിലൂടെ നിറഞ്ഞ അഭിമാനത്തോടെ ഗോവിന്ദൻ നടന്നു നീങ്ങി. 

Malayalam Short StoriesMalayalam literature interviews,Malayalam Poems     

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.