Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർപ്പകത്തിന്റെ ശോശമ്മാ

women

രാത്രിമഴ തകർത്തു പെയ്യുകയാണ്. മുറ്റത്തു ചിതറിത്തെറിച്ച വെള്ളം വൈദ്യുത വെളിച്ചത്തിൽ അദ്‌ഭുതങ്ങൾ തീർക്കുന്നത് വല്ലാത്തൊരാവേശത്തോടെ അവൾ നോക്കിനിന്നു.

പെട്ടെന്നാണ് ഒരിടിവെട്ടിയത്. എങ്ങും കുറ്റാക്കൂരിരുട്ട്. നിന്നെടുത്തൂന്ന് അനങ്ങാൻ തോന്നുന്നില്ല. 

നേരമേറെ കഴിഞ്ഞിട്ടുണ്ടാവണം. പിറകിൽ കാൽപ്പെരുമാറ്റം കേട്ടു നോക്കുമ്പോഴുണ്ട് കത്തിച്ചുപിടിച്ച മെഴുകുതിരിയുമായി കർപ്പകം.

നീയുറങ്ങിയില്ലേ കർപ്പൂ...

ഇല്ലമ്മാ.. നീങ്കെ ഇതുവരേക്കും ശാപ്പിടലെ..

എനിക്കു വിശക്കുന്നില്ല. നീ കഴിച്ചോ?

ഉവ്വെന്ന് അവൾ തലയാട്ടി.

ഇൻവെർട്ട് ശരിപണ്ണലെ.

പരാതിയാണ്‌.

ങും...ശരിയാക്കാം.

പറഞ്ഞുതീർന്നതും വലിയ പ്രകാശത്തോടെ കറണ്ട് വന്നു.

ബെഡ്റൂമിലെ അരണ്ട വെളിച്ചത്തിൽ കണ്ടു, കർപ്പകം തന്റെയും അവളുടെയും കിടക്കവിരികൾ നന്നായി അറേഞ്ച് ചെയ്തിരിക്കുന്നു. ഒരേ മുറിയിൽ അൽപം അകലമിട്ട് രണ്ടു കട്ടിലുകൾ. അവൾക്കും തനിക്കും. എത്രയോ നാളുകളായി തന്നോടൊപ്പം. തനിക്കവൾ ജോലിക്കാരിയല്ല. കൂടപ്പിറപ്പല്ല. അതിനുമപ്പുറമാണവൾ.

കിടന്നിട്ടുറക്കം വന്നില്ല. പുറത്തു മഴ തന്നെ. ഇടക്കിടെ മിന്നലും. വെറുതെ ഒരു വട്ടം ജനൽ തുറന്നുനോക്കി വീണ്ടും വന്നുകിടന്നു. അസൂയ തോന്നുംവിധം ശക്തമായിരിക്കുന്നു ഈ രാത്രിയിൽ കർപ്പകത്തിന്റെ കൂർക്കംവലി. ഇവളായിരിക്കാം ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടി.

തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നുനോക്കിയെങ്കിലും ഉറക്കത്തിന്റെ ദേവൻ പ്രസാദിച്ചില്ല. 

ആദ്യമായി ദേവൻ പിണങ്ങിപ്പോയത് വർഷങ്ങൾക്കുമുൻപ് ഒരു മഴക്കാല രാത്രിയിലായിരുന്നു. അന്നത്തെ പകലിൽ, സ്കൂൾകഴിഞ്ഞുള്ള ട്യൂഷൻ, പതിവിനുവിപരീതമായി തനിക്കുമാത്രമേയുള്ളു എന്നറിഞ്ഞത് ക്ലാസ്സിൽ എത്തിയ ശേഷമാണ്. മിസ്റ്റർ ക്ലീൻ എന്ന് പെൺകുട്ടികൾ സ്നേഹത്തോടെ വിളിച്ചിരുന്ന സാറിന്റെ ക്ലീൻഷേവ് ചെയ്ത മുഖത്ത് കൈവീശിയടിച്ച് ഇറങ്ങിപ്പോന്ന ദിവസം. ഇന്നേവരെ മറ്റാരോടും വെളിപ്പെടുത്തിയിട്ടില്ലാത്ത ആ സ്പെഷ്യൽ ട്യൂഷൻ.

പിന്നീട് നാൾവഴിയിൽ പേരുചേർക്കപ്പെട്ട പ്രശസ്തരും അപ്രശസ്തരുമായ ഒരുപാട് മിസ്റ്റർ ക്ലീൻ സാറന്മാർ. അവർക്കൊക്കെയും ഒരുതരം വല്ലാത്ത സാമ്യം കാണാൻ കഴിഞ്ഞത് യാദൃശ്ചികമാകാം.

ഇതുപോലൊരു മഴക്കാലരാവിൽ ഉറങ്ങിക്കിടന്ന കർപ്പകത്തെ വിളിച്ചുണർത്തി പഴമ്പുരാണം പറയവേ, ഒന്നും മനസ്സിലായില്ലെങ്കിലും തന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ എല്ലാത്തിനും അവൾ തലയാട്ടികൊണ്ടിരുന്നു. എന്നിട്ട് ഇടയ്‌ക്ക് കയറി അവൾ പറയുകയാണ്- നീങ്കളെ പാത്താ ദേവത മാതിരി ശോശമ്മാ...

താൻ ഉൗറി ചിരിച്ചതേയുള്ളു.

എന്നമ്മാ നീങ്കെ ഇതുവരേക്കും കല്യാണം പണ്ണലെ?

തനിക്കിഷ്ടമല്ലാത്ത ചോദ്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഇടക്കിടെ അവളിത് ചോദിക്കുമായിരുന്നു.

ഇത്തരം ഇഷ്ടമില്ലായ്മകൾ പലതുണ്ടായിരുന്നു. അതിലൊന്നാണ് ആക്ടിവിസ്റ്റ് എന്നവിളിപ്പേര്. എന്നാൽ തന്നെ അങ്ങനെ വിളിക്കുന്നതാണ് മറ്റുള്ളവർക്ക്‌ ഇഷ്ടം എന്നു തോന്നുന്നു.

ആക്ടിവിസ്റ്റ്- പ്രതികരിക്കുന്നവർക്ക്‌ ചാർത്തി കൊടുക്കുന്ന പട്ടം.

പ്രതികരിക്കുന്നവരിൽ അയാളെയാണ് തനിക്ക്‌ കൂടുതലിഷ്ടം. തന്നെക്കാൾ ഏതാനും വയസ്സ് ഇളപ്പം. തങ്ങളിൽ വ്യത്യാസങ്ങളേക്കാൾ സാമ്യങ്ങളാണുള്ളതെന്നു തോന്നിയിട്ടുണ്ട്, പലപ്പോഴും. അയാളുടെ കറുപ്പു നിറത്തിന് വീര്യമേറിയ ലഹരിയാണ്. കർപ്പകവും കറുത്തിട്ടാണ്.

തനിക്ക്‌ വെളുപ്പ് കൂടുതലാണെന്നാണല്ലോ കൂട്ടുകാരികളുടെ പരാതി.

കറുപ്പും വെളുപ്പും നിറങ്ങൾ കൊണ്ട് പാതി വരച്ചു നിർത്തിയ ചിത്രം കട്ടിലിനരികിൽ ഒരു സ്റ്റാൻഡിൽ ഇരിപ്പുണ്ടായിരുന്നു. യാന്ത്രികമായി എഴുന്നേറ്റുചെന്ന് അതെടുത്ത് മൂലയിൽ വച്ചിരുന്ന ഡ്രോയിങ്‌ ബോർഡിൽ ഉറപ്പിച്ചു. 

വരയ്ക്കാനായി ലൈറ്റ് ഇട്ടപ്പോൾ കർപ്പകം ഒന്നുണർന്നു തിരിഞ്ഞു കിടന്നു.

കറുപ്പും വെളുപ്പും കലർത്തിയാൽ കിട്ടുന്ന എണ്ണമില്ലാത്ത നിറങ്ങൾ ചാലിക്കുമ്പോൾ മനസ്സിനും ശരീരത്തിനും വല്ലാത്തൊരാവേശം.

കൈ തളരുവോളം വരച്ചു. നേരമേറെക്കഴിഞ്ഞിട്ടും പൂർത്തിയാകാത്ത ചിത്രം ഡ്രോയിങ്‌ ബോർഡിൽത്തന്നെ വിട്ട്, ലൈറ്റണച്ച് കട്ടിലിൽ വന്നു കിടന്നു.

കർപ്പകം അപ്പോഴും കൂർക്കം വലിക്കുന്നുണ്ടായിരുന്നു....

Malayalam Short StoriesMalayalam literature interviews,Malayalam Poems   

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.