ബ്ലാക്ക്‌മാന്‍

ഇതുവരെ ഒരു കഥയിലും ഞാനൊരു മന:ശാസ്ത്രജ്ഞനായിരുന്നില്ല, ഒടുവില്‍ ഈ കഥയില്‍ അതു സംഭവിക്കുകയാണ്. ഞാന്‍ പ്രഗല്‍ഭനായ ഒരു മന:ശാസ്ത്രജ്ഞന്‍, വലിയ മേശക്കു പിന്നില്‍ ഊശാന്‍ താടിയും തടിച്ച കണ്ണടയുമായി കൈകെട്ടിയിരിക്കുന്നു. (ഇതു രണ്ടുമില്ലാതെ നിങ്ങളെത്ര മന:ശാസ്ത്രജ്ഞരെ കണ്ടിട്ടുണ്ട്?). മുന്നില്‍ വിരിഞ്ഞ കണ്ണുകളുമായി അവന്‍. മനോരോഗിയായ ഒരാളെപ്പറ്റി അവനു ചിലത് പറയാനുണ്ടത്രേ.

റെജിയെ ഞാന്‍ ഇന്നോ ഇന്നലെയോ പരിചയപ്പെട്ടതല്ല, വര്‍ഷങ്ങളായുള്ള ബന്ധമാണ്. "ഡോക്ടര്‍ എങ്ങനെയെങ്കിലും സഹായിക്കണം"

 റെജി ആള് ഉഗ്രനാണ്, അത്യുഗ്രനാണ്, അത്യുന്നതങ്ങളില്‍ ബീഡി പുകച്ചിരിക്കുന്ന സര്‍വരാചരങ്ങളുടെയും തന്തപ്പടിയുടെ നേരംപോക്കാണ്. നാട്ടില്‍ അവനൊരു സംസാര വിഷയമാണ്. പവര്‍കട്ട് സമയങ്ങളില്‍ കിണറ്റിന്‍കര, കുളിമുറി, അടുക്കളവരാന്ത എന്നിങ്ങനെ  മാനവസംസ്കൃതി കുനിയുകയും നിവരുകയും ചെയ്യുന്നിടത്തെ 'സംസാര' ങ്ങള്‍ക്കും വിധവകള്‍ക്കും അവനൊരു പെരുത്ത വിഷയം തന്നെയാണ്. 

ആ പെണ്ണുങ്ങൾ മതില്‍ മറവിലോ ചെടികൂട്ടത്തിനിടയിലോ പതുങ്ങി നിൽക്കുന്ന റെജിക്കു വേണ്ടി അവരുടെ ഒരു കണ്ണു മാറ്റിവയ്ക്കുകയും‌ം മുലക്കണ്ണു പൂഴ്ത്തിവയ്ക്കുകയും ചെയ്തു. അവിടങ്ങളിലെ ഭര്‍ത്താക്കന്‍മാര്‍, ആങ്ങളമാര്‍, ബാപ്പമാര്‍, ബാപ്പുജിമാര്‍, ജാരന്മാര്‍ തുടങ്ങിയ ആണ്‍വര്‍ഗങ്ങള്‍ റെജിയെ ഓടിക്കുകയും മയക്കുവെടി വച്ചുപിടിച്ച് അടുത്ത ജംഗ്ഷനില്‍ കൊണ്ടിറക്കിവിടുകയും ചെയ്തു പോന്നു. അങ്ങനെ റെജി നാട്ടില്‍ കസറുന്ന കാലഘട്ടത്തിലാണ് ഈ വിരിഞ്ഞ കണ്ണുള്ളവന്‍ റെജിയുടെ കഥ എന്നോടു പറയുന്നതും നിങ്ങളതു വായിക്കുകയും ചെയ്യുന്നത്.

"പെണ്ണ് അവന്‍റെ ഒരു ദൗര്‍ബല്യമാ സാറേ, അത് എന്നെ കണ്ടു തന്നെ പഠിക്കണം. ഒരു കാമുകി ഉണ്ടായിരുന്നു. അവളുടെ കല്യാണം കഴിഞ്ഞു, സ്വന്തം അമ്മാവന്‍റെ മകന്‍ പ്രിത്വിരാജുമായിട്ട്. എന്നിട്ടും ഞാന്‍ എത്ര കൂളായിട്ടാണ് നടക്കുന്നത്. ഇന്നലേയും അവളെയോര്‍ത്ത്‌ സ്വപ്നത്തില്‍ സ്ഖലിച്ചു അത്ര തന്നെ".

"നിന്‍റെ ബീജങ്ങള്‍ക്ക് പറക്കാന്‍ കഴിവില്ലാത്തതിനാല്‍ ഉറപ്പായും അവള്‍ പ്രിത്വിരാജിന്‍റെ സന്താനങ്ങളെതന്നെ പെറ്റുപോറ്റട്ടെ.

" അവളുടെ ആദ്യത്തെ ആൺകുഞ്ഞിനു ഞാനൊരു പേരും നിര്‍ദ്ദേശിച്ചിട്ടുണ്ട് 'സുകുമാരന്‍'... 

പക്ഷേ, റെജിക്ക് ഇങ്ങനെയൊള്ളതൊന്നും താങ്ങാനുള്ള  മനകരുത്തില്ല ".

 പണ്ട് അമ്മാവന്‍റെ കടയില്‍ സഹായിയായി നിന്ന കാലത്ത് ഏതോ ഒരു പെണ്ണ് റെജിയോട് പല പല പലവ്യഞ്ജനങ്ങള്‍ കടം ചോദിച്ച കൂട്ടത്തില്‍ അവന്‍റെ ഹൃദയവും ചോദിച്ചത്രേ. അവനവള്‍ക്കെല്ലാം കൊടുത്തു, അമ്മാവനറിയാതെ. അങ്ങനെ ആ പ്രണയബന്ദികളുടെ മുന്നിലൂടെ കാലം ഓടിക്കൊണ്ടിരുന്നു, ഉസ്സൈന്‍ ബോള്‍ട്ടിനു പിന്നിലായി ഫിനിഷ് ചെയ്യുകയും ചെയ്തു. വിക്ടറി സ്റ്റാന്റിന്‍റെ അരുകില്‍ റെജിയെ വിളിച്ചു മാറ്റി നിറുത്തി അവള്‍ പറഞ്ഞു

" നമുക്ക് പിരിയാം... നല്ല സുഹൃത്തുക്കളായി".

"മനസ്സിലായില്ല".

"എന്നെ ഒരു സഹോദരിയെപ്പോലെ കാണണം" .

"മനസ്സിലായി ".

 റെജി പറഞ്ഞു, 

"നീ പലപ്പോഴായി കടം കൊണ്ട പല വ്യഞ്ജനത്തിന്‍റെ കാശെങ്കിലും തിരികെ തരണം... എന്‍റെ ഹൃദയം അവിടിരുന്നു കൊള്ളട്ടെ, ഞാന്‍ കുറച്ചെണ്ണം സ്പെയര്‍ കരുതിയിട്ടുണ്ട്.." 

അവൾ പൊട്ടി കരഞ്ഞു.

 അവനും പൊട്ടിക്കരഞ്ഞു. അങ്ങനത്തെ അസംഖ്യം പെൺസംഭവങ്ങള്‍ക്കു ശേഷം റെജി സ്ത്രീപീഡനത്തിനു ക്വാളിഫൈ ചെയ്തു. സന്ധ്യാസമയം തൂങ്ങിമരിക്കുന്ന വഴിമരങ്ങളുടെ മറവിലൊളിച്ചിരുന്ന അവന്‍ പേറ്റു നോവുള്ളവരെ പേടിപ്പിക്കുകയും, നൊന്തുപെറ്റവളെ കരയിപ്പിക്കുകയും ചെയ്തു. സ്കൂള്‍ വിട്ടു വരുന്ന പെണ്‍കുട്ടികളെ പേടിപ്പിക്കുന്നത് അവനൊരു ഹരമായിരുന്നു. എങ്കിലും 'സ ' മറിഞ്ഞു കിടക്കുന്ന 'ഡ' യുള്ള പ്രവര്‍ത്തി ചെയ്യാന്‍ പിന്നേയും സമയമെടുത്തു. അതിലൊരെണ്ണം പാമ്പുകടിച്ചു മരിച്ച രതിചേച്ചി പറഞ്ഞ് എനിക്കറിയാം. ഇപ്പോള്‍ നിങ്ങള്‍ക്കും. 

വിരിഞ്ഞ കണ്ണുള്ളവന്‍റെ വായയും അങ്ങനെ തന്നെയിരുന്നു.

"റെജിയുടെ ശല്യം നാട്ടുകാര്‍ക്ക് സഹിക്കാന്‍ വയ്യ സാറേ. ഇങ്ങനെ പോയാൽ എല്ലാരും കൂടി അവനെ തല്ലികൊല്ലും... എന്തെങ്കിലും മരുന്നു കൊടുത്താല്‍ മാറുന്ന അസുഖമാണോ സാറേ ഇത് ?".

എല്ലാ അസുഖങ്ങളും മാറ്റുന്ന മരുന്ന്. അങ്ങനെ ഞാനും ആഗ്രഹിച്ചിട്ടുണ്ട്, കുറഞ്ഞപക്ഷം കുഴിനഖം മാറ്റുന്ന മരുന്നെങ്കിലും കുത്തകഗുളികന്മാര് മാര്‍ക്കറ്റിലിറക്കണം. ഇന്നലേയും അവളെന്‍റെ കാല്‍പെരുവിരലില്‍ ആഞ്ഞു ചവിട്ടി ചോദിച്ചു.

"ഞാനോ നിങ്ങടെ ഭാര്യയോ, മിടുക്കി ?".

 റെജിയുടെ അസുഖത്തിനു മരുന്നുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ ഒരു പേരെങ്കിലും ഉണ്ട് ' ബ്ലാക്ക്മാനിസം '.

കുഴിനഖത്തിനോ, മരുന്നുമില്ല കേള്‍ക്കാന്‍ സുഖമുള്ള പേരുമില്ല. 'കുഴിനഖം'.... ഫൂ... " 

ഇതൊന്നുമല്ല സാറേ ആര്‍ക്കും അറിയാത്ത വേറെ ചിലതു കൂടി എനിക്കറിയാം. കഴിഞ്ഞ ദിവസം സ്കൂൾ വരാന്തയില്‍ വിസര്‍ജ്ജിച്ച് വച്ചതാരാ... സുധാകരന്‍ മാഷിന്‍റെ മതിലില്‍ നിറയെ അസഭ്യം എഴുതി വച്ചതാരാ... റെജിയുടെ പേരു പറയാന്‍ പറ്റ്വോ... അവനെ എല്ലാരും കൂടി തല്ലികൊല്ലും ഒറപ്പാ. മരുന്നെന്തെങ്കിലും?

ഓഹോ, അതുശരി അപ്പോള്‍ 'വിസര്‍ജ്ജനം', 'എഴുത്ത്' തുടങ്ങിയ രാജ്യവിരുദ്ധ പ്രവര്‍ത്തികളും റെജി ചെയ്യുന്നുണ്ട്. അനുവദിച്ചുകൂടാ. പക്ഷേ ആര്‍ക്കും ധൈര്യം പോരാ. രാത്രികാലങ്ങളില്‍ ഇരുള്‍ ഗര്‍ത്തങ്ങളില്‍ നിന്ന് പൊന്തി വരുന്ന കരിങ്കല്‍ കഷണങ്ങളോ, കമ്പിപ്പാരയോ തങ്ങളുടെ മസ്തകത്തിലെ ചോര മുത്തികുടിക്കുമെന്ന് ആ നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാം.

 അതു കൊണ്ടാവാം അവരാരോടും പരാതിപ്പെട്ടില്ല. ആകെ എന്തെങ്കിലും ചെയ്തത് ധൈര്യശാലികളായ ചില ന്യൂ ജനറേഷന്‍

യുവാക്കളാണ്. ' F ' വാക്കുകള്‍ നിറച്ച് എഴുതിയ പോസ്റ്ററുകള്‍ പൗരസമിതിയുടെ പേരില്‍ അവര്‍ നാട്ടിലാകമാനം ഒട്ടിച്ചു. അതിനവര്‍ക്ക് കണക്കിന് കിട്ടുകയും ചെയ്തു. ഈ പോസ്റ്ററുകളില്‍ ഭൂരിഭാഗവും കൊറിയ, ഇറാന്‍, സ്പെയിന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും ചീന്തിക്കൊണ്ടു വന്നതാണെന്നതാണ് ഇപ്പോള്‍ കുളിക്കടവുകളില്‍ വിസ്താരം കേള്‍ക്കുന്ന പ്രമാദമായ കേസ്. ഇതിന്‍റെ പിറകിലും റെജിയുടെ കരങ്ങളാണെന്ന് ആര്‍ക്കാണ് അറിയാത്തത്.

റെജിയോട് കളിക്കാന്‍ എനിക്ക് പേടിയാണ്. ഭാര്യയും, മകളും, കാമുകിയും ഉള്ള എനിക്ക് റെജിയെപ്പറ്റി ഓര്‍മിക്കാനേ പേടിയാണ്. അതുകൊണ്ടാണല്ലോ ഈ പെണ്ണുങ്ങളുടെയെല്ലാം സുരക്ഷാ ചുമതല അവിടുത്തെ സദാചാരകമ്മിറ്റിക്കാരെ ഏൽപിച്ചത്. മാസം 3500 രൂപയും രണ്ടു മുഴുത്ത പൂവന്‍കോഴികളുമാണ് ഫീസ്‌.

വിരിഞ്ഞ കണ്ണുള്ളവന്‍റെ വായ ഞാന്‍ പൊത്തി. റെജിപുരാണം, ട്രാക്കുള  കഥയോളം ഭീതിജനകവും രതിജനകവുമാണ്. 

മുന്നിലിരുന്ന മരുന്നുവിവരപട്ടിക മറിച്ചുനോക്കി ഞാന്‍ തിരിച്ചറിഞ്ഞു, റെജിയുടെ ഈ അസുഖത്തിനു മരുന്നില്ല, മന്ത്രവുമില്ല. ഒടുവിൽ ഈ കഥയില്‍ ഞാന്‍ പത്തുവര്‍ഷം പുറകിലോട്ടു പോവുകയും മസ്സാച്ചുസെറ്റ്സ് സര്‍വകലാശാലയിലെ ലാബില്‍ വച്ച് ചക്കക്കുരുവില്‍ നിന്ന് റെജിക്ക് വേണ്ട മരുന്ന് വേര്‍തിരിച്ചെടുക്കുകയും, തിരികെ പോരുകയും ചെയ്തു.

വിരിഞ്ഞ കണ്ണുള്ളവനോട്‌ ഞാന്‍ പറഞ്ഞു, " മരുന്ന് തരാം, ഒരേ ഒരു വ്യവസ്ഥയില്‍. റെജിയോട് പറയരുത് ഞാനാണ് തന്നതെന്ന് ".

ഇല്ലാഭാവത്തിലും ഇല്ലേയില്ലാഭാവത്തിലും അവന്‍ തലയാട്ടി. യാത്ര പറഞ്ഞ് കസേരയില്‍ നിന്നെണീറ്റപ്പോള്‍ കീശയിലെന്തോ കിലുങ്ങുന്നു. എന്റെ ജിജ്ഞാസ കണ്ടിട്ടാവണം അവന്‍ പറഞ്ഞു

" കുറച്ചു കരിങ്കല്ലുകളാണ് സാറേ, റെജി ഇന്ന് രാത്രി ഈ ആശുപത്രി ആക്രമിച്ചേക്കും".

അവന്‍ തിരിഞ്ഞ് നടന്നു. അവനിട്ടിരുന്ന വെളുത്ത ടീ–ഷര്‍ട്ടിന്‍റെ പുറകില്‍ ഒരു കറുത്ത ഗുസ്തിക്കാരന്‍ മസിലും പെരുപ്പിച്ച് നിന്നു. 'ബ്ലാക്ക്മാന്‍'

 നാളെ ഇവിടെ പരക്കാനുള്ള വിസര്‍ജ്യഗന്ധം ആ നിമിഷം‍ മുതല്‍ അവിടെ പരന്നു തുടങ്ങി.

 Malayalam Short StoriesMalayalam literature interviews,Malayalam Poems 

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.