ആ പേര് ഓർത്തെടുക്കുമ്പോഴെല്ലാം ഹൃദയം ഉച്ചത്തിൽ മിടിക്കാറുണ്ട്. ശബ്ദം കൂടി കൂടി വരുമ്പോൾ ആ മിടിപ്പെനിക്ക് കേൾക്കാം മീര... മീര... മീര...
കൊലുസ്സ് താഴെവീഴാൻ തുടങ്ങുകയായിരുന്നു.
നേരം സന്ധ്യയോടടുക്കുന്നു. ചാറ്റൽ മഴ പെയ്തുതോർന്നു. ട്രെയിനിന്റെ ഡോറിൽ പോയിരുന്ന് ശക്തമായി മുഖത്തടിക്കുന്ന കാറ്റു ഫീൽ ചെയ്യാമെന്നുകരുതി. വേഗത കൂടുതലാണ്. ഡോറിൽ ഒരു പെൺകുട്ടി! അവളുടെ ചുരുണ്ട മുടികൾ സ്വപ്നത്തിൽ മാത്രം കണ്ടു പരിചയമുള്ള മാലാഖയുടേതുപോലെ.. നല്ല ഭംഗി. അതങ്ങനെ പറന്നുകൊണ്ടേയിരുന്നു. ഡോറിലെ കമ്പികളിൽ അവൾ മുറുകെ പിടിച്ചിട്ടുണ്ട്. തരളമായ വിരലുകൾ കാണാനും നല്ല ഭംഗി. മെലിഞ്ഞ ശരീരം. മുഖത്തു വളരെ വേഗത്തിൽ കാറ്റടിച്ചിട്ടും അവൾ ഒന്നനങ്ങുന്നതുപോലും ഇല്ല. എന്തോ ഗൂഢമായ ചിന്തയിലാണെന്നു തോന്നി.
കാലൊന്നനങ്ങിയാൽ കൊലുസ്സ് താഴെ പോകും. ഞാൻ പുറകിൽ നിന്ന് വിളിച്ചു 'ഹലോ...'
അവൾ പെട്ടെന്ന് തിരിഞ്ഞുനോക്കി.
ഞാൻ പറഞ്ഞു 'കാൽ അനക്കരുത്!'
അവൾ ഉടനെതന്നെ വശത്തോട്ടുമാറി പുറകിലെ കമ്പിയിൽ പിടി മുറുക്കി. സ്വർണ്ണ കൊലുസ്സ് താഴെ വീണു.
"അനങ്ങരുതെന്നു പറഞ്ഞതല്ലേ ?"
ഞാൻ ചെന്ന് വെളിയിലേക്കുനോക്കി, ഇരുട്ടായത് കാരണം ഒന്നും കാണാൻ കഴിഞ്ഞില്ല. അവൾ ഒന്നും മനസ്സിലാകാത്തതുപോലെ നിന്നു.
"തന്റെ വലത്തേ കാലിലെ കൊലുസ്സെവിടെ?" ഞാൻ ചോദിച്ചു. അവൾക്ക് പരിഭ്രമമായി. ഞാൻ സമാധാനിപ്പിക്കാൻ ശ്രമിക്കവേ കേൾക്കാൻ നിൽക്കാതെ അവളകത്തേക്കോടി.
ഡോറിന്റെ ഇരുവശത്തുമുള്ള കമ്പികളിൽ മുറുകെ പിടിച്ചു ആ ലോഹ പടിയിൽ ഇരുന്നു. അവൾ ആളെ കൂട്ടി വരുമെന്നു കരുതി, ആരെങ്കിലും ചങ്ങല വലിക്കുമെന്നു കരുതി. ആരും വന്നില്ല ! ആരും ചങ്ങല വലിച്ചില്ല !
എത്ര സുന്ദരിയാണവൾ ! രാത്രി അവളെയും ഓർത്തു കിടന്നു. ഏകദേശം മൂന്നുമണിയായിക്കാണും ഉണർന്നു, പിന്നെ ഉറക്കം വന്നില്ല. അവളെ കുറിച്ചുതന്നെ ഓർത്തുകിടന്നു. കുറേനേരം കിടന്നിട്ടും ഉറക്കം വന്നില്ല. കുറച്ചുനേരം ഡോറിൽ പോയിരുന്നു. പെട്ടെന്ന് കാൽ വിരലുകളിൽ എന്തോ തണുത്ത സാധനം ഇഴയുന്നപോലെ തോന്നി. കാൽ കുടഞ്ഞു അത് പോയില്ല. പേടിച്ചു ചാടി എണീറ്റു, കാലിൽ കൊലുസ്സ് !!
മനസ്സ് സന്തോഷംകൊണ്ട് മതിമറന്നു !
അതുമായി പെട്ടെന്ന് അകത്തേക്കോടി, അവളെ കണ്ടില്ല. വീണ്ടും പോയി കിടന്നു അഴകിയ രാവണൻ സിനിമ ഓർമവന്നു. ഇതൊരു നിമിത്തമാണെങ്കിലോ അവളെ പ്രേമിക്കാൻ! പിന്നെ പ്രണയാഭ്യർത്ഥനയുടെ വിവിധതരം രംഗങ്ങൾ മനസ്സിലേക്ക് വന്നു. അതിലൊരെണ്ണം ചിട്ടപ്പെടുത്തി രാവിലെ എഴുന്നേറ്റു. കണ്ണുതുറന്നതും ഒരാൾ; "ഇന്നലെ ഒരു കൊലുസ്സ് താഴെ പോയില്ലേ അത് ഏതു സ്ഥലത്താണെന്നു ഓർമ്മയുണ്ടോ ?"
"അതിപ്പോഴാണോ തിരക്കുന്നേ ?"
"മോളിപ്പോഴാ പറഞ്ഞത്, അതെവിടാണെന്ന് ഓർമ്മയുണ്ടോ?"
"സ്ഥലമറിഞ്ഞിട്ട് കാര്യമൊന്നുമില്ല, വല്ല കാട്ടിലെങ്ങാനുമായിരിക്കും വീണത് "
അയാളുടെ മുഖത്തെ വിഷമം കണ്ടപ്പോൾ ഞാനതെടുത്തുകൊടുത്തു വിവരം പറഞ്ഞു. അയാൾക്ക് സന്തോഷമായി. എന്റെ പദ്ധതികൾ തകർന്നു !
പതിവുപോലെ അന്നും സന്ധ്യയായി. ഞാൻ ഡോറിലേക്കുപോയി. വീണ്ടും സന്തോഷം. അവിടെ അവൾ !!
"നല്ല ആളാണ് ഒരു താങ്ക്സ് പോലുമില്ല" ഞാൻ പറഞ്ഞു.
"സോറി താങ്ക്സ്"
"എവിടെ പോയതാ" ഒരു സൗഹൃദത്തിന് തുടക്കമിടാനെന്നവണ്ണം ഞാൻ ചോദിച്ചു.
"രാജസ്ഥാൻ, ചേട്ടനോ ?"
"ഞാനും രാജസ്ഥാനിൽ നിന്നും വരുവാ, ഇപ്പൊ വീട്ടിലേക്കു പോകുന്നു. എന്താ പേര്?"
"മീര"
"നല്ല ഭംഗിയുണ്ട് തന്നെ കാണാൻ" പറയണമെന്നുണ്ടാരുന്നു, പറഞ്ഞില്ല.
ഒരാൾ ചായയുമായി അതിലെ വന്നു.
"ചെലവ് ചെയ്തില്ല" ഞാൻ പറഞ്ഞു.
"ചായ മതിയോ?"
"മതി"
"രണ്ട് ചായ"
അയാൾ ചായ എടുക്കവേ അവൾ പറഞ്ഞു, "അയ്യോ ഇപ്പൊ വേണ്ട ഞാൻ പൈസ എടുത്തില്ല !"
ഞാൻ കാശുകൊടുത്തു, അയാൾ പോയി.
പിന്നങ്ങോട്ട് നല്ല നേരമ്പോക്കാരുന്നു. ഞങ്ങൾ നല്ല സൗഹൃദത്തിലായി.
വിജയവാഡ എത്തി, അവിടെ 10മിനിറ്റ് സ്റ്റോപ്പ് ഉണ്ട്. ഞങ്ങൾ പ്ലാറ്റ്-ഫോമിൽ നടക്കാനിറങ്ങി. ഒരുഭാഗത്ത് കടയിൽ പിങ്ക് നിറത്തിലുള്ള ഒരു പാവക്കുട്ടിയെ കണ്ട് അവൾ കുറെ നേരം അതിനെ തന്നെ നോക്കി നിന്നു.
പിന്നെ എന്തോ ഒരു കാര്യത്തിന് ഞങ്ങൾ വാതുവെച്ചു. ഞാൻ തോറ്റു. ഒരുപക്ഷേ മനഃപൂർവം തോറ്റുകൊടുത്തു. അവളുടെ തിളങ്ങുന്ന കണ്ണിലെ സന്തോഷം കാണാൻ.
"ബെറ്റായി എനിക്ക് ആ പാവയെ വേണം" അവൾ പറഞ്ഞു.
അപ്പോഴേക്കും പാവയിരുന്ന കട അകലെയായി കഴിഞ്ഞിരുന്നു.
"അതിനി നടക്കില്ല, വേറെയെന്തേലും പറ"
"എന്നാ എനിക്ക് വേറൊന്നും വേണ്ട"
"അവളുടെ സ്വരത്തിലെ വാശി എന്നെ ആ ഉദ്യമത്തിൽ നിന്നും പുറകോട്ട് വലിച്ചു"
"വേണ്ടെന്നേ, നമുക്ക് പോകാം"
അവളെ ബോഗിയിൽ കയറ്റി വിട്ടിട്ട് ഞാൻ ഓടി!
അപ്പോഴേക്കും ട്രെയിനും അനങ്ങിത്തുടങ്ങി. അവൾ ചെന്നു പറഞ്ഞിട്ടാവാം അവളുടെ അച്ഛൻ എന്നെ നോക്കാനെന്നവണ്ണം ചാടിയിറങ്ങുന്നത് ദൂരെനിന്നു ഞാൻ കണ്ടു. വലിയ തിരക്കായിരുന്നു, ചുറ്റുമൊന്നു നോക്കിയിട്ട് പെട്ടെന്നുതന്നെ അയാൾ അപ്രത്യക്ഷമായി. ഞാൻ അവസാനത്തെ ബോഗിയിൽ ഓടിക്കയറി.
അവരുടെ കോപ്പയിലേക്കു ചെന്നു. അവൾ ഒരു മൂലയിൽ വിറച്ചുകൊണ്ടിരിക്കുന്നു!
"അരെ യാർ തൂ കേസെ ആദ്മി ഹേരേ ?" ദേഷ്യം കൊണ്ടാവാം അവളുടെ അച്ഛൻ മാതൃഭാഷ പോലും മറന്നു ചോദിച്ചു.
എനിക്കും വെറുതെ ദേഷ്യം വന്നു "ഒരു മാഗസിൻ വാങ്ങാൻ പോയതാരുന്നു. എന്തു പറ്റി ?"
മാഗസിൻ വാങ്ങാൻ പോയതാരുന്നോ.. ഇവൾ പറഞ്ഞു.. പോട്ടെ സാരമില്ല. Are you ok ?
"fine"
ഞാൻ എന്റെ കോപ്പയിലേക്ക് നടന്നു.
ട്രയിനിലെ അവസാനത്തെ സന്ധ്യ.
ഞാൻ ഡോറിലേക്കു ചെന്നു, കാത്തിരിപ്പ്! അവൾ വന്നില്ല. പിണങ്ങിക്കാണും. കുറേ നേരം അവിടെ ഇരുന്നു, അവൾ വന്നില്ല. 8.30 ആയപ്പോൾ ഞാൻ അകത്തേക്ക് പോയി, ഭക്ഷണം കഴിച്ചു കിടന്നു. എന്തോ ഉറക്കം വന്നില്ല, വല്ലാത്ത ഏകാന്തത, ഞാൻ ഡോറിൽ പോയിരുന്നു. സമയം 9.30 ആയി. അവൾ വന്നതേയില്ല ഞാൻ വീണ്ടും കിടക്കാനായി എഴുന്നേറ്റു. തൊട്ടുപുറകിൽ അവൾ! ബാത്‌റൂമിൽ പോകാനായി വന്നതാണ്. കൂടെ അമ്മയുമുണ്ട്, എന്നെ ഒന്ന് തുറിച്ചു നോക്കിയിട്ട് അവൾ പോയി.
ഞാൻ കാത്തിരിക്കുമെന്നു മനസ്സിലാക്കി അവൾ പിന്നെയും വരുമെന്ന പ്രതീക്ഷയിൽ അവിടെത്തന്നെ ഇരുന്നു.10.30 ആയി അവൾ വന്നില്ല, ഞാൻ പോയി കിടന്നു. ഉറക്കവും വന്നില്ല. ഒരു ഐഡിയ തോന്നി, ആ പാവക്കുട്ടിയെ അവളുടെ അടുത്തു കൊണ്ടുപോയി വെച്ചിട്ടുവന്നു കിടക്കാം.
അതവളുടെ അടുത്ത് കൊണ്ടുചെന്നു വെച്ചു പതിയെ വന്നു കിടന്നു.
പെട്ടെന്ന് കാലിൽ ആരോ തട്ടുന്നതായി തോന്നി. അവൾ !
"എനിക്കിത് വേണ്ടാ" അവൾ അതവിടെ വെച്ചു.
"നിനക്കുവേണ്ടി വാങ്ങിയതാണ് എന്തുപറ്റി ? എന്താ ഇത്ര ദേഷ്യം ? "
"ദേഷ്യമൊന്നുമില്ല, എനിക്കിതു വേണ്ടാ, അച്ഛൻ വഴക്കു പറയും"
"നിനക്കുവേണ്ടിയാണ് ഞാൻ അത്രേം പ്രയാസപ്പെട്ടത്, എന്നിട്ടിപ്പോ!"
അവൾ അതു കൊണ്ടുപോയി.
പിന്നെയും കുറേനേരം അവളെ ഓർത്തു കിടന്നു. ഒന്നുപോയി വിളിച്ചാലോ ഡോറിന്റെ അടുത്തേക്ക്. ഒന്നുകാണാൻ സംസാരിക്കാൻ ഒരുപാട് മോഹം തോന്നി. അവൾ വരില്ല എനിക്കുറപ്പായിരുന്നു.
എത്രനല്ല കുട്ടിയാണവൾ, അവളെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുതോന്നി.
രാവിലെ ഞാൻ അവരുടെ കോപ്പയിലേക്കുപോയി, കുറെ നേരം അവളുടെ ഫാമിലിയോട് വർത്തമാനം പറഞ്ഞിരുന്നു. ഉടനെ തന്നെ അവളുടെ വിവാഹം കാണുമെന്നറിയാൻ കഴിഞ്ഞു. ഉച്ചയായപ്പോഴേക്കും അച്ഛനും അമ്മയും മുകളിലത്തെ ബർത്തുകളിൽ കയറി കിടന്നു. ഞാൻ ഡീസന്റ് ആണെന്ന് തോന്നിയിട്ടാകണം അവൾ മകളെ തനിച്ചിരുത്തിയിട്ട് കിടന്നത്. ഞാനും അവളും തനിച്ചുതാഴെ!
വിവാഹ ജീവിതത്തെക്കുറിച്ച് അവളുടെ സങ്കല്പങ്ങൾ കേട്ടപ്പോൾ അവൾ തനി നാട്ടുംപുറത്തുകാരിയാണെന്ന് മനസ്സിലായി. ഒരുപാട് ഇഷ്ടം തോന്നിയ നിമിഷങ്ങളായിരുന്നു അത്.
എന്റെ സങ്കൽപങ്ങൾക്ക് അവളുടേതുമായി ഒത്തിരി ചേർച്ചയുണ്ടെന്നു തോന്നി.
"തന്നെ എനിക്ക് കെട്ടിച്ചു തരുമോയെന്നു തന്റെ അച്ഛനോട് ചോദിക്കട്ടെ ?"
അവൾ ചിരിച്ചു. മനോഹരമായ ചിരി ഒരിക്കൽ കൂടി കിട്ടി! ട്രെയിൻ കേരളത്തിലെത്തി, സ്ലീപ്പർ ക്ലാസ്സുകളിൽ ഇരിക്കാനുള്ള ആളുകളുടെ എണ്ണം കൂടി. ഞാനും അവളും അടുത്തടുത്തായി. ഒട്ടും സ്ഥലമില്ലാതായപ്പോൾ അവൾക്ക് എന്നോട് ചേർന്നിരിക്കേണ്ടിവന്നു. ഉള്ളിൽ എന്തോ എരിയുന്നപോലെ തോന്നിയ നിമിഷങ്ങൾ. അവളുടെ കൈവിരലുകൾ എന്റെ കാലിൽ മുട്ടിയിട്ടുണ്ട്. അവളുടെ ഒരു വശം എന്റെ ഒരു വശത്തോട് വല്ലാതെ ചേർന്നു. വല്ലാത്ത ഒരു മണം തന്നെയായിരുന്നു അവളുടെ ശരീരത്തിന്. ഒന്ന് മിണ്ടാൻ പോലും തോന്നാത്ത നിമിഷങ്ങൾ. അവളുടെ ഷാളിന്റെ ഒരറ്റം എന്റെ മടിയിലേക്കു വീണു. വല്ലാതെ ഞെരുങ്ങിയിരിക്കുന്നതുകാരണം അവൾക്ക് ഒന്നനങ്ങാൻ പോലും കഴിഞ്ഞില്ല. അതോ മനഃപൂർവം അനങ്ങാത്തതോ അറിയില്ല! ഞാൻ ഷാളെടുത്ത് ഇട്ടുകൊടുത്തു. കുറേനേരം ഇരുവരും ഒന്നും മിണ്ടിയില്ല. ഉഷ്ണം വളരെ കൂടുതലായിരുന്നു. ആ തിരക്കിനിടയിൽപ്പെട്ടു തളർന്നിട്ടാവണം എന്റെ തോളിലേക്ക് ചാഞ്ഞ് മയങ്ങിപ്പോയിപാവം! ട്രെയിനിന്റെ സ്പീഡ് കൂടുന്നതുപോലെ തോന്നി. എന്റെ സ്റ്റേഷൻ അടുത്തുവരുന്നു. “ഈശ്വരാ ട്രെയിൻ ഒന്ന് ബ്രേക്‌ഡൗൺ ആയിരുന്നെങ്കിൽ!” അറിയാതെ പ്രാർഥിച്ചുപോയി.
ഉറക്കത്തിലും അവൾ അതിമനോഹരിയായിരുന്നു. ചുവന്നു തുടുത്ത അധരങ്ങൾ വിറയ്ക്കുന്നുണ്ട്. അതിൽ ഒന്നു തൊടാൻ എന്റെ വിരലുകൾ കൊതിച്ചു. ഞാനറിയാതെ എന്റെ വിരലുകൾ അവളുടെ ചുണ്ടിനടുത്തേക്കു ചെന്നു. പതുക്കെ അതിൽ തൊട്ടു.
പെട്ടെന്ന് ട്രെയിനിൽ എല്ലാവരുടെയും ശ്രദ്ധ എന്റെ നേർക്ക്. നാണക്കേടായി. അവൾ ഉണർന്നു, പക്ഷേ സംഭവിച്ചത് അവളറിഞ്ഞില്ല. അവളുടെ പാതിവിടർന്ന കണ്ണുകൾ മയക്കം മാറാത്ത കൃഷ്‌ണമണികൾ എന്റെ ഹൃദയസ്പന്ദനത്തിന്റെ അളവുകൂട്ടി. ആ കണ്ണുകയിൽ ഒന്ന് ചുംബിക്കാൻ സർവ്വ ഇന്ദ്രിയങ്ങളും എന്നെ പ്രകോപിപ്പിച്ചു. പക്ഷേ സാഹചര്യം എന്റെ അത്യാഗ്രഹങ്ങൾക്കു വിലങ്ങിട്ടു.
"നമുക്ക് കുറച്ചു നേരം ഡോറിൽ പോയിരിക്കാം" ഞാൻ പറഞ്ഞു.
ഞാൻ എന്റെ നമ്പർ എഴുതി അവൾക്ക് കൊടുത്തു. അവൾക്ക് മൊബൈൽ ഇല്ല.
"മൊബൈൽ ഇല്ലാത്ത ഒരു പെൺകുട്ടിയെ കെട്ടുന്നത് എന്റെ ആഗ്രഹമാണ്" ഞാൻ പറഞ്ഞു.
അവൾ ചിരിച്ചു.
ചിരി! അതിന്റെ മനോഹാരിത അവളെ വീണ്ടും വീണ്ടും ചിരിപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചു. അവൾ ചിരിച്ചുകൊണ്ടേയിരുന്നു!
2009 ഓഗസ്റ്റ് 24
ട്രെയിനിങ്ങും കഴിഞ്ഞ് പോസ്റ്റിങ് ആയപ്പോഴേക്കും ഏകദേശം 9-മാസത്തോളം ആയി ലീവ് പോയിട്ട്.
വീട്ടിൽ പറഞ്ഞിരിക്കുന്നത് 2 വർഷം കഴിഞ്ഞേ വരൂ എന്നാണ്, ഒരു സർപ്രൈസ് കൊടുക്കാൻ. ഓഗസ്റ്റ് 24നു ലീവ് അനുമതിയായിട്ടുണ്ട്. 23-നു അമ്മ വിളിച്ചപ്പോൾ പറഞ്ഞു നിനക്ക് ഞങ്ങൾ ഒരു പെണ്ണ് കണ്ടു വെച്ചിട്ടുണ്ട് ഉടനെ വന്നാൽ കാണാമെന്ന്.
എന്താ പറയുക! എന്തായാലും പോകുന്നുണ്ട്, അമ്മ കരുതും പെണ്ണ് കാണിക്കാമെന്നു പറഞ്ഞതുകൊണ്ടാണ് നേരത്തെ വന്നതെന്ന്. എന്തായാലും നാട്ടിലെത്തി. അമ്മയുടെ ആദ്യത്തെ ചോദ്യം "പെണ്ണുകാണാനായിട്ട് വന്നതായിരിക്കും അല്ലേ ?"
"അല്ല നേരത്തെ ലീവ് സാങ്ഷൻ ആയിരിക്കുവാരുന്നു ഞാൻ പറയാഞ്ഞതാ"
"ഉം"
ആകെ 15 ദിവസമേ ലീവ് ഉള്ളു. 10 ദിവസം കഴിഞ്ഞു. അമ്മ പെണ്ണിനെക്കുറിച്ചൊന്നും പറയുന്നുമില്ല.
ഒടുവിൽ ഞാൻ തന്നെ ചോദിച്ചു "ഒരു പെണ്ണിന്റെ കാര്യം പറഞ്ഞാരുന്നല്ലോ ?"
"ഉം എന്റെ കൂട്ടുകാരിയുടെ മകളാണ്, പക്ഷേ, അവരിപ്പോ ഇവിടില്ല, രണ്ടുദിവസം മുമ്പ് അത്യാവശ്യമായി എവിടെയോ പോയിരിക്കുകയാണ്, ഇനി അടുത്ത ലീവിന് നോക്കാം "
"എന്നാപ്പിന്നെ ഞാൻ വന്നപ്പോൾ തന്നെ പോയി കാണാരുന്നല്ലോ " ചോദിക്കണമെന്നുണ്ടാരുന്നു.
ലീവ് കഴിഞ്ഞു.
മാസങ്ങൾ കുറച്ചു കഴിഞ്ഞു അമ്മ ഇടയ്ക്കിടെ കല്യാണക്കാര്യം പറഞ്ഞു ലീവിന്റെ കാര്യം ചോദിക്കാറുണ്ട്. ഇത്തവണ ഞാൻ അങ്ങോട്ടങ്ങ് പറഞ്ഞു "പെണ്ണുകാണാനൊന്നുമല്ല, എനിക്ക് ലീവ് കിട്ടി ഞാൻ അടുത്താഴ്ച എത്തും "
നല്ല നാടൻ പെണ്ണുകാണലിനു തയ്യാറെടുപ്പുമായി വീണ്ടും നാട്ടിലെത്തി.
"നാളെ നമുക്കൊരിടം വരെ പോകാം നീ ആദ്യം കുട്ടിയെ ഒന്നുകാണ്, കണ്ടിഷ്ടപ്പെട്ടാൽ വീട്ടിൽ പോയി ആലോചിച്ചാൽ പോരെ ?"
"ഗുഡ് ഐഡിയ, അമ്മയ്ക്ക് വിവരം വെച്ച് "
ഞാനും അമ്മയും അനിയനും കൂടി ഒരു കല്യാണത്തിന് പോയി. ആൾക്കൂട്ടത്തിൽ അമ്മ ഒരു പെണ്ണിനെ കാണിച്ചു തന്നു.
'തരക്കേടില്ല'
ഉടനെ അനിയൻ ഓടിവരുന്നു "ഒരു കാര്യം കാണിച്ചു തരാം എന്റെ കൂടെ വാ "
ഞാൻ ചെന്നു
"ദേ ആ കതിർ മണ്ഡപത്തിലേക്ക് നോക്കിയേ, അതാ ചേട്ടൻ കഴിഞ്ഞ ലീവിന് വന്നപ്പോൾ കാണാനിരുന്ന പെണ്ണ്"
വിറയ്ക്കുന്ന അധരങ്ങളും തരളമായ വിരലുകളും ആരെയും കൊതിപ്പിക്കുന്ന ചിരിയും! ട്രെയിനിൽ വെച്ചുകിട്ടിയ അതെ മണവും, ഉഷ്ണകാലത്തെ കുളിരും ഒരിക്കൽ കൂടി. അവസാനമായി.
എന്റെ വിരലുകൾ സ്പർശിച്ച ആ കൊലുസ്സ് എന്നെ നോക്കിച്ചിരിക്കുന്നുവോ ?
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.