പാലായിലെ വെള്ളപ്പൊക്കം – ഒരോർമ

"ആറ്റിലും തോട്ടിലും വെള്ളമുണ്ടോ മമ്മീ..? " നാട്ടിൽ മഴയാണെന്നറിഞ്ഞാൽ അടുത്ത ചോദ്യം അതാണ്‌. മീനച്ചിലാറും, മീനച്ചിൽ തോടുമൊക്കെ വീടിന്റെ തൊട്ടടുത്ത് ആയിരുന്നതിനാൽ അതിനെയൊക്കെ ചുറ്റിപ്പറ്റി ആയിരുന്നു കുട്ടിക്കാലം. 

വെള്ളം നിറഞ്ഞു കിടക്കുന്ന തോടിനെ കുറിച്ച് എഴുതുന്നതിനു മുൻപ്, വറ്റി വരണ്ട തോടിനെ കുറിച്ച് പറയണമല്ലോ. വേനൽക്കാലത്ത് തോട്ടിൽ വെള്ളം വറ്റിയാൽ അവിടൊരു ഓലി കുത്തും. അധികം ആഴമില്ല. കയറും തൊട്ടിയുമിട്ടു വെള്ളം കോരിയെടുക്കാം. എത്ര ചൂടാണെങ്കിലും ആ വെള്ളത്തിന്റെ തണുപ്പ്! . 

മഴ പെയ്തു വെള്ളം വരാൻ ഞങ്ങൾ നോക്കിയിരിക്കും. ഞങ്ങൾ എന്ന് പറയുമ്പോൾ, ഞാൻ, ടോം (എന്റെ കുഞ്ഞാങ്ങള- ബാക്കിയുള്ള സ്ഥലങ്ങളിൽ തവിടുകൊടുത്തു അനിയന്മാരെ വാങ്ങുമ്പോൾ, ഇവനെ വെള്ളപ്പൊക്കത്തിന് കിട്ടിയതാണെന്നു പറഞ്ഞാണ് ഞാൻ കളിയാക്കിയിരുന്നത്. അതെന്റെ മറ്റൊരു സന്തോഷം), പിന്നെ അടുത്ത വീട്ടിലെ സിനിച്ചേച്ചി, ജിയോ, ജിനുക്കുട്ടൻ. "തോട്ടിൽ വെള്ളം വരുന്നുണ്ട് കേട്ടോ, ഇപ്പൊ കടയം വരെ ആയി ", "തേവർമറ്റം പാലം വരെ ആയി " എന്നൊക്കെ കേൾക്കുമ്പോൾ വല്ലാത്ത ഉത്സാഹം ആണ്. ഉടനെ ഇങ്ങോട്ട് എത്തും. വീടിന്റെ മുന്നിൽ ഉള്ള കടവിൽ നിന്ന് 200 മീറ്റർ ഇല്ല, തോട് ചെന്ന് ആറ്റിൽ ചേരാൻ. 

സ്കൂൾ തുറന്നു കുറച്ചു ദിവസം കഴിയുമ്പോൾ ആയിരിക്കും വെള്ളപൊക്കം(അതാണ് കണക്ക്). അതൊരു ആഘോഷം തന്നെയാണ്!. രാവിലെ എണീറ്റു വരുമ്പോൾ അച്ചാച്ചനോ മമ്മിയോ പറയും, "ദാണ്ടെ, പറമ്പിൽ വെള്ളം കേറീട്ടുണ്ട്". പുറത്തിറങ്ങി നോക്കുമ്പോൾ കാണാം, കടവിൽ നിറയെ വെള്ളം വരവ് കാണാൻ ആളുകൾ. പപ്പാടെ കൂടെ അങ്ങോട്ട്‌ ചെല്ലുമ്പോൾ അവിടെ ജിനുക്കുട്ടനും ജിയോയും കാണും. ജിനുകുട്ടൻ പറയും "മൂന്നാമത്തെ നട വെള്ളം മൂടിയാൽ സ്‌കൂളിൽ പോകണ്ടാന്നു ഞങ്ങടെ പപ്പാ പറഞ്ഞു ". ശെരിയാരിക്കും, കുട്ടിച്ചൻ ചേട്ടൻ പറഞ്ഞാൽ അങ്ങനെ തന്നെ ആരിക്കും!. പിന്നെ കാത്തിരുപ്പാണ് - നാല് ജോഡി കുഞ്ഞിക്കണ്ണുകൾ മൂന്നാമത്തെ നടയിൽ വെള്ളം വന്നു മൂടുന്നതും നോക്കി... വെള്ളം മൂടുമ്പോളുള്ള ഒരു സന്തോഷം! പിന്നെ, നടയൊക്കെ കഴിഞ്ഞു വെള്ളം വഴിയിൽ കയറും. ഇടയ്ക്ക് വഴിയിൽകൂടെ പോകുന്ന ചേട്ടന്മാർ പറയും, "ആറനാ വരവ്, അടുക്കത്ത് ഉരുള് പൊട്ടി", "മൂന്നാനിയിൽ ഒക്കെ വെള്ളം അരയൊപ്പം ആയി ". അപ്പൊ ഉറപ്പിക്കാം –സ്‌കൂളിൽ പോകണ്ട.

ഇടയ്ക്ക് മീൻപിടിക്കാൻ പോകുന്നവരെ കാണാം, മീൻ പിടിക്കുന്നതു കാണാം. പലതരം വലകൾ -വീശു വല, പൊത്ത് വല, കച്ചാ വല... പിന്നെ ആറ്റു മീനുകളും അതിന്റെ പനഞ്ഞിലും വാള, പുല്ലൻ, ആരോൻ... 

റബ്ബർ തോട്ടത്തിൽ നിറയെ വെള്ളം കേറുമ്പോഴാണ് ഞങ്ങൾക്ക് ഏറ്റവും സന്തോഷം. അപ്പോൾ വള്ളം ഇറക്കും. ഊഴം വച്ച് വള്ളത്തിൽ കേറാം, ചെറിയ വെള്ളം ഉള്ളിടത്തു തനിയെ തുഴയാം... ടയറിന്റെ ട്യൂബും, വാഴപ്പിണ്ടിയും ഒക്കെ വെള്ളത്തിൽ തുഴഞ്ഞു നടക്കാം... 

പണ്ടുകാലത്ത് വെള്ളം പൊങ്ങിയാൽ കുറെ ദിവസങ്ങൾ അങ്ങനെ കിടക്കുമായിരുന്നത്രെ. അപ്പോഴുള്ള യാത്രാ സൗകര്യത്തിനു വേണ്ടി മിക്കവാറും വീടുകളിൽ ചെറിയ വള്ളങ്ങൾ കാണുമായിരുന്നെന്നും, അപ്പോൾ കയറി കിടക്കാനാണ് പണ്ടത്തെ വീടുകൾക്ക് ഉയരമുള്ള മേൽക്കൂര പണിതിരുന്നതെന്നും അച്ചാച്ചൻ പറഞ്ഞു തന്ന അറിവാണ്. 

മീനച്ചിലാറ്റിലെ വെള്ളപ്പൊക്ക കാലത്ത്, ഒഴുകി വരുമെന്ന് വിശ്വസിക്കുന്ന 'നീലക്കൊടുവേലി'യുടെ കഥയൊക്കെ എല്ലാ വെള്ളപ്പൊക്കത്തിനും കേൾക്കാം. 

ആറ്റിലെ വെള്ളം കാണാൻ മമ്മിയുടെയും അടുത്ത വീട്ടിലെ തങ്കമ്മ ചേച്ചിയുടെയും കൂടെ ഞാനും പോകും... വഴിയിലൊക്കെ ചെറിയ പാമ്പും തവളയും ചത്തു കിടക്കുന്നത് കാണാം. അല്ലാത്തപ്പോൾ ഭയങ്കര പേടിയാണെങ്കിലും വെള്ളപ്പൊക്കത്തിന് ഇതൊന്നും ഒരു വിഷയമേയല്ല!. ആറ്റിലെ വെള്ളം വരവ് ഒരു ഒന്നൊന്നര വരവാണ്. 'പാലക്കയം' ഒക്കെ എത്തുമ്പോൾ ആറിന് വീതി കൂടും. അവിടെയൊക്കെ നിറഞ്ഞു കവിഞ്ഞ്, ചുഴിയൊക്കെയായി കുത്തി മറിഞ്ഞാണ് ആറിന്റെ ഒഴുക്ക്‌. അന്നു മുഴുവൻ മാക്രിയുടെ കരച്ചിൽ കേൾക്കാം. വെള്ളപ്പൊക്കം കഴിഞ്ഞു വെള്ളം ഇറങ്ങി പോകുന്നത് കുട്ടിക്കാലത്ത് ഒരു സങ്കടം തന്നെയായിരുന്നു... 

ഇവിടെ ഗൾഫിൽ, രണ്ടു മഴ അടുപ്പിച്ചു പെയ്യുമ്പോൾ അങ്ങേയറ്റം ആസ്വദിക്കുന്ന ഈ നാട്ടുകാർ ചിലപ്പോൾ ചോദിക്കും, "മഴ എൻജോയ് ചെയ്തോ? "എന്ന്. അപ്പോൾ ഇതൊക്കെ ഓർത്ത് നമ്മൾ അവരെ നോക്കി ഒന്ന് പുഞ്ചിരിക്കും, 'ട്രാഫിക്ക്' സിനിമയിൽ "സ്പീഡ് പേടിയുണ്ടോ" എന്ന ചോദ്യം കേട്ട ആസിഫലിയുടെ ചിരി... 

Malayalam Short StoriesMalayalam literature interviews,Malayalam Poems      

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.