ഒരമ്മ ഗൾഫിലുള്ള മകന്‌ അയക്കുന്ന മറുപടി കത്ത്

പയ്യന്നൂർ

ബാബുമോന്, മോന്റെ കത്ത് കഴിഞ്ഞ ദിവസം നമ്മുടെ പോസ്റ്റുമാൻ രാമചന്ദ്രൻ കൊണ്ടുവന്നു തന്നു. നമ്മുടെ പുതിയ വീടു കണ്ടിട്ടു നല്ലതായിട്ടുണ്ട് എന്നു പറഞ്ഞു. നീ ഇനി ഗൾഫിൽ നിന്ന് നിർത്തി പോരുമോ എന്നു ചോദിച്ചു.. ഞാൻ ഒന്നും മറുപടി പറഞ്ഞില്ല. വീടുപണി കഴിഞ്ഞെങ്കിലും ഇനിയും ആവശ്യങ്ങൾ ഉണ്ടെന്ന് അമ്മയ്ക്ക് അറിയാമല്ലോ..എങ്കിലും നിന്റെ ചങ്ങാതിമാരെ പോലെ ഞങ്ങളും ആഗ്രഹിച്ചുപോകും. നാട്ടിലുണ്ടായിരുന്ന ജോലി കളഞ്ഞു ഗൾഫിൽ പോകണ്ടായിരുന്നു എന്നു ദീപ എപ്പോഴും പറയും. ചിലപ്പോൾ എല്ലാം നല്ലതിന് ആയിരിക്കും, മോൻ വിഷമിക്കണ്ട കേട്ടോ..

അച്ഛൻ ഇനി വരുമ്പോൾ സ്കൂളിൽ കൊണ്ടു പോകണം എന്നു പറഞ്ഞിരിക്കുവാ മിന്നൂസും പൊന്നൂസും. നീ അറിയില്ലേ നമ്മുടെ ചിറയ്ക്കലെ നാരായണന്റെ മകൻ ഹരി അവൻ ദുബായിലോ മറ്റോ ആണ് അവന്റെ കുട്ടിയോളും ഈ സ്കൂളിൽ തന്നെ ആണ് നമ്മുടെ  പൊന്നൂസുമായി വല്യ കൂട്ടാ., ഇവിടെ വന്നായിരുന്നു.

മഴ ആയകൊണ്ടു സ്കൂളിന് അവധിയായിരുന്നു. ഇടക്കൊക്കെ നല്ല ഇടിയും ഉണ്ട് മിന്നൂസിന് ഇടി പേടിയാ ഓടിവന്നു എന്നെ കെട്ടിപിടിച്ച് ഇരിക്കും കഴിയുന്ന വരെ.. തോട് ഒക്കെ നിറഞ്ഞ് ഒഴുകുവാ.. എന്റെ കണ്ണു തെറ്റിയാൽ അപ്പൂസ് തോട്ടിൽ കളിക്കാൻ പോകും കഴിഞ്ഞ ദിവസം കുഞ്ഞേട്ടൻ കൈയോടെ പിടിച്ചു വഴക്ക് പറഞ്ഞതുകൊണ്ട് ഇപ്പോൾ കുഴപ്പമില്ല.. പിന്നെ പ്രസാദ് പോയി  കറണ്ട് ആപ്പിസിൽ നിന്നു ആളെ കൊണ്ടുവന്നു ആൽമരത്തിന്റെ ചാഞ്ഞു നിന്ന ഒരു കമ്പ് വെട്ടി. ഇനി പേടിക്കണ്ടല്ലോ. നിന്റെ അവിടുത്തെ കൂട്ടുകാർക്കൊക്കെ സുഖമല്ലേ.. ഇനി വരുമ്പോൾ അവരെ വീട്ടിൽ വിളിക്കണം അമ്മ കണ്ടിട്ടില്ലല്ലോ അവരെ ഒന്നും. കത്ത്‌ ചുരുക്കുന്നു.

സ്നേഹത്തോടെ,

അമ്മ

Malayalam Short StoriesMalayalam literature interviews,Malayalam Poems              

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.