ദൈവവിളി

Representative Image

പാതിതെളിഞ്ഞ മഞ്ഞനിറം മുറിക്കുള്ളിലെ പുകക്കറയാൽ അൽപം കൂടി ഇരുണ്ടു നിന്നു. പുറത്തു മഴ തിമിർത്ത് പെയ്യുന്നു. കാറ്റിലിളകിപ്പറന്നുപോയ ഓടിന്റെ വിടവിലൂടെ മഴ മുറിക്കുള്ളിലെ പൊടിഞ്ഞ ഭിത്തിയിൽ തട്ടി തെറിച്ചു കൊണ്ടിരുന്നു. പഴയ തടിക്കട്ടിലിൽ നിന്ന് ഉയർന്നു പൊങ്ങിയ ശ്വാസനിശ്വാസവേഗം മാറിമറിഞ്ഞുകൊണ്ടിരുന്നു. രണ്ടു കാലിലും നീരുവന്നു വീർത്തിരിക്കുന്നു. നിലത്തു കാലുറയ്ക്കാതായിരിക്കുന്നു. ഭിത്തിയിൽ തൂങ്ങി നിൽക്കുന്ന കുടുംബചിത്രത്തിൽ നീരുവന്ന കാലിനുടമയ്ക്ക് ചുറ്റും മക്കളും മരുമക്കളും ചിരിച്ചു നിൽക്കുന്നു. പുകപിടിച്ച് മങ്ങിയെങ്കിലും കണ്ണു തുറന്നാൽ വൃദ്ധ തനിക്കഭിമുഖമായി കിടന്ന ആ ചിത്രമാണ് കണ്ടിരുന്നത്. മക്കളെല്ലാം ചിറകുവിരിച്ച് കടലിനക്കരയിലേക്ക് പറന്നു പോയി പക്ഷേ, ഭർത്താവിന്റെ കല്ലറയിൽ തിരിതെളിക്കാനെന്ന പേരിൽ താൻ ഈ വീട്ടിൽ സ്വയം തനിച്ചായി. ഏകാന്തതയിൽ കെട്ടിയോന്റെ ഓർമകൾ അവർക്കു കൂട്ടിരുന്നു. പണ്ട് ഇടയ്ക്ക് ശബ്ദിച്ചിരുന്ന ലാൻഡ് ഫോൺ കുറെ നാളുകളായി പണിമുടക്കിലാണ്. മക്കൾ വിളിച്ചാൽ തന്നെ അതിനടുത്തേക്ക് നിരങ്ങി എത്തുമ്പോഴേക്കും ഫോൺ നിശബ്ദമാവും, അങ്ങനെ അവരും വിളി നിർത്തിയതാവും.

തീരെ വയ്യാതായിട്ട് ഒരാഴ്ചയായിരിക്കുന്നു. അയലത്തു നിന്ന് ആരെങ്കിലും കൊണ്ടു വരുന്നതെന്തെങ്കിലും കഴിച്ചെന്ന് വരുത്തി സദാ കട്ടിലിൽ തന്നെ കിടക്കും. മഴ പെയ്ത് വെളളം കയറിയപ്പോ എല്ലാവരും നാലുപാടും പോയി രക്ഷപെട്ടു. ഈ കട്ടിലും താനും ഇവിടെ അശേഷിച്ചത് ആരും ഓർത്തു കാണില്ല. നിലവിളിച്ചാൽ പോലും ആരും ഒന്നും കേൾക്കില്ല അത്രയ്ക്ക് മഴയാണ്.

ശക്തമായി വീശിയ കാറ്റിൽ വീണ്ടും ഓടുകൾ ഇളകിപ്പറന്നു, ചുക്കിചുളിഞ്ഞ ശരീരത്തിലേയ്ക്ക് മഴത്തുള്ളികൾ വീഴുകയും അതിൽ കണ്ണീരുപ്പ് കലരുകയും ചെയ്തു. കാറ്റിൽ ചിത്രം ചെറുതായൊന്നു ചലിച്ചു. അതിലൂടെ അവർ വീണ്ടും ഭൂതകാലത്തിലേക്ക് പോയി. രണ്ടാൺമക്കളിൽ മൂത്തവനാണ് ആദ്യം വിദേശത്തേയ്ക്ക് പോയത് അവൻ പച്ചപിടിച്ച ശേഷം രണ്ടാമനും പോയി. രണ്ടുപേരും നേഴ്സിനെ തന്നെ വിവാഹം ചെയ്ത് ഭാവി സുരക്ഷിതമാക്കി. മടങ്ങി വന്നപ്പോഴെല്ലാം രണ്ടാമൻ തന്നെ കൊണ്ടു പോകാൻ തിടുക്കം കാട്ടി, അവനായിരുന്നു തന്നെ കൂടുതൽ സ്നേഹിച്ചിരുന്നത്. പക്ഷേ അപ്പോഴെല്ലാം മരുമകളുടെ മുഖം ചുവന്നു നിന്നിരുന്നു. മക്കളല്ലേ അവർ സുഖമായിരിക്കട്ടെ എന്നു കരുതിയാണ് കെട്ടിയോന്റെ കല്ലറയിലെ ഇല്ലാത്ത തിരി താൻ തെളിച്ചുതുടങ്ങിയത്. എന്നാൽ ആരോഗ്യം ക്ഷയിച്ച് പെരുമഴയിൽ കിടന്ന് ജീവനോടെ പുഴുവരിക്കപ്പെടാനാണോ തന്റെ വിധിയെന്ന് അവർ വേദനയോടെ ഓർത്തു. മരണത്തിനു പോലും തന്നെ വേണ്ടാതെ പോയല്ലോ എന്നു ചിന്തിച്ചു കൊണ്ട് അവർ കിടക്കയ്ക്കടിയിൽ നിന്നും ഒരു ചിത്രം പുറത്തെടുത്തു, മരത്തോലണിഞ്ഞ നീലകണ്ഠൻ, മൂന്നാം കണ്ണിലേക്ക് അവർ അൽപം കരുണയോടെ നോക്കി, ഭാവഭേദമില്ലാതെ ഭഗവാൻ പുഞ്ചിരിച്ചുകൊണ്ടേയിരിക്കുന്നു, കഴുത്തിൽ ചുറ്റിവരിഞ്ഞ നാഗം നിഴലേറ്റ് നീലിച്ചതുപോലെ അവർക്കു തോന്നി.

ദിവസങ്ങളായി ഒരേ കിടപ്പല്ലേ, പുറം പൊട്ടിത്തുടങ്ങിയിരിക്കുന്നു. ഇനി ഇതിൽ നിന്ന് എഴുന്നേൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. പുറത്ത് തെങ്ങിൻ തലപ്പുകൾ കാറ്റിനു മുന്നിൽ തല ചായ്ച്ചു കൊടുക്കുന്നു. ഇരുട്ടിന്റെ മറവിലൂടെ എന്തോ ഒന്ന് ഇഴഞ്ഞു നീങ്ങുന്നതുപോല ഒരു തോന്നൽ. വെള്ളപ്പൊക്കത്തിൽ അഭയം തിരയുന്ന ഇഴജന്തുക്കളെക്കുറിച്ച് ഓർത്തു പണ്ടു താൻ ഭയപ്പെട്ടിരുന്നു. കട്ടിലിന്റെ കാലിലൂടെ ഇഴഞ്ഞ് അത് മുകളിലേയ്ക്ക് കയറുകയാണ്. പാതിശരീരം കട്ടിൽ തടിയിൽ ചുറ്റി പത്തിവിരിച്ച് നാഗം ഉയർന്നു നിന്നു, അവർ പാമ്പിനെ സൂക്ഷിച്ച് നോക്കി നീല നിഴൽ പതിഞ്ഞ മുൻപ് കണ്ടതുപോലൊരുനാഗം, അത് ഫണം വിരിക്കുകയും നീരുവന്ന് വീർത്ത കാലിലേക്ക് പല്ലുകളമർത്തുകയും ചെയ്തു, മഴ ശക്തമാകുകയാണ് ആരോ നൽകിയ തീർത്ഥം പോലെ മഴത്തുളളികൾ അവരുടെ വരണ്ട ചുണ്ടിലേക്ക് വീണുകൊണ്ടിരുന്നു, പിന്നെ ശരീരം നിശ്ചലമായി, പെട്ടെന്ന് ഒരു കാറ്റുവീശുകയും ഭിത്തിയിൽ തറച്ച ചിത്രം ഇളകി നിലത്തേയ്ക്ക് വീഴുകയും ചെയ്തു.