മൊഹബത്ത് കലർത്തിയ സുലൈമാനി കുടിച്ചത് അന്നാണ്, അഞ്ജലി മേനോൻ പറഞ്ഞ പോലെ അതിനു വല്ലാത്തൊരു സ്വാദായിരുന്നു. വെളുത്തു തുടുത്ത വരണ്ട മുഖത്തിൽ പൂച്ചക്കണ്ണുകൾ. എപ്പോഴും വിഷാദം ആയിരുന്നു മുഖത്ത്, നെറ്റിയിൽ വീണു കിടക്കുന്ന തട്ടത്തിലെ മിനുങ്ങുന്ന തോരണങ്ങൾ ആ മുഖത്തിനു മാറ്റ് കൂട്ടുന്നുണ്ട്, ചായ നൽകി മുഖം പോലും തരാതെ അവൾ പോയി... എന്തൊക്കെയോ ഒരു ആകർഷണം തോന്നുന്നു.
ആമി, അങ്ങനെയാണ് എല്ലാവരും വിളിക്കുന്നത് മധുരപതിനേഴിന്റെ ആ ഹിമാലയൻ താഴ്‌വാരം രണ്ടു ദിവസമായി എന്നെ അവിടെ പിടിച്ചു നിർത്തുന്ന പോലെ. ഹിമാലയത്തിലേയ്ക്കൊരു ഇരുചക്ര യാത്ര.. മഞ്ഞുവീഴ്ച താൽകാലികമായി തടഞ്ഞപ്പോൾ മനസിലെ മൂകതയ്ക്കൊരു ചൂടുപകരാൻ കയറിയതാണ് രണ്ടു ദിവസം മുൻപ്.. ധാബ എന്നൊന്നും പറയാൻ പറ്റില്ല ചായയും ലഘുഭക്ഷണങ്ങളും.
നീലസൽവാറും ഇളം റോസ് തട്ടവും അതായിരുന്നു അന്നവളുടെ വേഷം ആരെയും ശ്രദ്ധിക്കാതെ പാത്രങ്ങൾ കഴുകുന്ന തിരക്കിലാണവൾ. ഒരു ഭാവവും ഇല്ലാത്ത മുഖം. ഒരു വിരസത. ഇടയ്ക്കിടയ്ക്കു കണ്ണുകളിലേക്കു വീഴുന്ന തട്ടം എടുത്തു മാറ്റുന്നതൊഴിച്ചാൽ യന്ത്രികമാണ് ചലനങ്ങളെല്ലാം. അന്ന് അതു മാത്രമാണ് അവൾ ചെയ്തു കണ്ടത്. അച്ഛനും അമ്മയും ഏകദേശം അതുപോലെ തന്നെ ജീവിതത്തോട് ഒരു ഭ്രമവും അവരിൽ കാണുന്നില്ല പാചകം ചെയ്യുന്നതും നൽകുന്നതും എല്ലാം ഒരു വിരസമായ ശാരീരിക ചലനങ്ങളിലൂടെ.
ചിറകുകൾക്ക് ഊർജം പകർന്ന് എന്നെ മലബാറിൽ നിന്നിവിടെ എത്തിച്ചത് സ്വപ്നങ്ങളാണ്... ഇവർക്കില്ലാത്തതും അതായിരിക്കാം കാരണം സ്വപ്നം കണുന്നവർ ഇങ്ങനെയല്ല... സ്വപ്നം... അതൊരു ജിന്നാണ് നിങ്ങളെയും എന്നെയും ഊർജം പകർന്നു ജീവിതത്തോട് ഗുസ്തിപിടിക്കാൻ പ്രേരിപ്പിക്കുന്ന ജിന്ന്.
രണ്ടു ദിവസങ്ങൾക്കപ്പുറം ഇന്നാണ് ആദ്യമായി അവൾ പാചകപുരയിലെ അഴുക്കുപിടിച്ച ആ മൂലയിൽ നിന്നു പുറത്തു വന്നു കണ്ടത്. എല്ലാവർക്കും ആവശ്യപ്രകാരം ഭക്ഷണം നൽകുന്നതിനിടയിൽ എനിക്കും കിട്ടി മൊഹബത് ചാലിച്ചെടുത്ത ആ സുലൈമാനി.
ഇപ്പോൾ അവളുടെ മുഖത്തൊരു പ്രകാശം കാണുന്നുണ്ട്. എനിക്ക് തോന്നുന്നതാണോ? മഞ്ഞുവീണ മൂടൽ മാഞ്ഞു തെളിഞ്ഞ താഴ്‌വാരം പോലെ അവൾ കൂടുതൽ സുന്ദരിയാവുന്ന പോലെ... തെളിയുന്ന പച്ചപ്പും, നനഞ്ഞ പനിനീർപ്പൂക്കളും, കുളിരും തണുപ്പിലെ ഇളം വെയിലും. ഉള്ളിൽ പ്രണയവും...
പക്ഷേ, എനിക്കു വിടപറയേണ്ട സമയമായിരിക്കുന്നു തെളിഞ്ഞ വീഥി സന്ദേശമായി വന്നിരിക്കുന്നു... മനസ്സ് എവിടെയോ ഉടക്കുന്നുണ്ട് എങ്കിലും പോകാതെ വയ്യ. ഇറങ്ങി. ബാഗ്ഗുകൾ തയ്യാറാക്കുന്നതിനിടയിൽ അവളെ ശ്രദ്ധിക്കാതിരുന്നില്ല... തിരക്കിലാണ്... എങ്കിലും ഇടയ്ക്കൊരു നോട്ടം പ്രതീക്ഷിക്കുന്നുണ്ട്...
ലക്ഷ്യം വികാരത്തിനും മേലെ ലഹരിയായി എന്നെ നയിക്കുന്നുണ്ട്. അതു മതി.
വണ്ടി സ്റ്റാർട്ട് ചെയ്ത് ഒന്നു തിരിഞ്ഞു നോക്കി... കണ്ണിനൊരു കുളിർമ തന്ന് അവൾ അടുത്തു വരുന്നു... തോന്നലല്ല, കയ്യിലൊരു പൊതിയുമായി തട്ടം പിടിച്ചൊതുക്കി... അതെ എന്റെ അടുത്തേയ്ക്കു തന്നെയാണ്...
സ്വപ്നമല്ല, സത്യം. മുന്നിൽ വന്നു നിന്ന് കണ്ണുകളിലേയ്ക്ക് നോക്കുന്നതു വിശ്വസിക്കാൻ കഴിയുന്നില്ല. ശ്വാസം എടുക്കാൻ കഴിയുന്നില്ല.
കണ്ണുകളിലെ പ്രണയം എന്നെ വരിഞ്ഞു മുറുക്കുന്നുണ്ട്....
അനുവാദം ചോദിക്കാതെ തുറന്ന എന്റെ ജാക്കറ്റിനുള്ളിൽ ആ പൊതി നിക്ഷേപിച്ച് കണ്ണുകളിലേക്കു നോക്കി ഒരു ചിരിയും സമ്മാനിച്ച് അവൾ തിരിഞ്ഞു നടന്നു. യഥാർത്ഥത്തിൽ അതൊരു ചിരിയായിരുന്നില്ല ആയിരം പൂർണചന്ദ്രൻമാർ ഉദിച്ച രാവിൽ നക്ഷത്രങ്ങളുടെ ഒരു ഉത്സവമായിരുന്നു.
പൊതിയിലെന്തോ ചൂട് ഭക്ഷണമാണെന്നു തോന്നുന്നു അത് അരിച്ചിറങ്ങുന്നുണ്ട് ശരീരമാകെ വെറും ചൂടിനപ്പുറം ഉള്ളിനെ കുളിരണിയിപ്പിക്കുന്നുണ്ട്. വെറും ചൂടിനു തരാനാകാത്ത ഒരാനന്ദം. പ്രണയം അത് അവളെ ഉണർത്തിയിരിക്കുന്നു. ചിരിക്കാൻ പഠിപ്പിച്ചിരിക്കുന്നു സ്വപ്നത്തിന്റെ നാമ്പ് എവിടെയോ മുളച്ചു തുടങ്ങിയിരിക്കുന്നു.
പ്രണയം പ്രതീക്ഷയാണ് യാത്ര ലഹരിയും ഒന്നിനുമേൽ ഒന്ന് ആധിപത്യം സ്ഥാപിക്കാതെ സ്വപ്നത്തിനു ഊർജം പകരാൻ എന്റെ ആവേശവും ആ ഇളം ചൂടും... വിശ്രമമില്ല. മഞ്ഞിൻ പുതപ്പുപുതച്ച ആ സ്വപ്നത്തെ എനിക്ക് കീഴടക്കണം. ചിറകുമുളച്ച രഥമേ എന്നെ ലക്ഷ്യത്തിലേക്ക് നയിച്ചാലും. ആ സ്വപ്നസാഫല്യത്തിനുമപ്പുറം എനിക്ക് ചിലരുടെ ചിറകുകളാകണം... അവരെ സ്വപ്നങ്ങളിലേക്ക് നയിക്കാൻ, വരും കാലത്തിന്റെ സുലൈമാനികളുടെ മാധുര്യം വർധിപ്പിക്കാൻ... എന്റെ ഇന്ധനം ഉള്ളിൽ നിന്നെരിഞ്ഞു തുടങ്ങിയിട്ടുണ്ട്... സ്വപ്നം... പ്രതീക്ഷ... ലക്ഷ്യം... പ്രണയം