അച്ഛനും മകനും തമ്മിൽ

ടിവി സീരയലിലെ 132–ാം എപ്പിസോഡ് കഴിഞ്ഞ് അവർ ടിവി ഓഫാക്കി ഭക്ഷണം വിളമ്പി, പതിവു പോലെ ആന്റപ്പൻ ചേട്ടനും മേരി ചേച്ചിയും മാത്രം. അവർക്ക് അതിൽ പരിഭവം ഇല്ല. കാരണം അതൊരു ശീലമായി. എന്നും പണി കഴിഞ്ഞു വന്ന് ആന്റപ്പൻ ചേട്ടൻ ഒന്നു പുറത്തു പോകും മീൻ വാങ്ങാനും പിന്നെ തന്റെ പതിവ് അരിഷ്ടം കുടിക്കാനും വേഗം തിരികെ എത്തുകയും ചെയ്യും ആ സമയം കൊണ്ട് മേരി ചേച്ചി തന്റെ ആട്ടിൻ കുട്ടികളെ അഴിച്ചു കൊണ്ടു വന്നു കൂട്ടിൽ ആക്കും. അവയോടു രണ്ടു കിന്നാരം ഒക്കെ പറഞ്ഞു ഉമ്മറത്ത് വന്നു ചേട്ടനെ കാത്തു നിൽക്കും. മീൻ വെട്ടുന്നതിനടിയിൽ ആന്റപ്പൻ ചേട്ടൻ ഒരു ദിനേശ് ബീഡിയും ചുണ്ടത്തു വച്ചു അന്നത്തെ ദിവസത്തെ കഥകളും പറഞ്ഞ് ഒപ്പം കൂടും ഇതിനിടയിൽ വാഴയുടെ ക്ഷീണവും വളർച്ചയും എല്ലാം നിരീക്ഷിക്കും. ഇടയ്ക്ക് സംസാരം മകനെക്കുറിച്ചാകും, കൂട്ടുകൂടാൻ പോകുന്ന മകൻ വളരെ വൈകിയേ വീട്ടിൽ എത്താറുള്ളു ചേച്ചിയുടെ പരിഭവം, അതുകൊണ്ടല്ലേ നമ്മുടെ കൊച്ചു വീടിനും അവനു പുറത്തു നിന്നും കയറാവുന്ന വാതിൽ ഉണ്ടാക്കി വച്ചത് ആന്റപ്പൻ ചേട്ടന്റെ കൗണ്ടർ ചേച്ചിക്ക് അത്രയ്ക്ക് രസിച്ചില്ല അതിനുള്ള അമർഷം കയ്യിലിരുന്ന മീനിനോട് തീർക്കുന്നത് ചെറു പുഞ്ചിരിയോടെ ചേട്ടൻ കണ്ടു അല്ലെങ്കിലും മറ്റാരേക്കാളും അപ്പന് മകനെ ആയിരുന്നു ആയിരുന്നു ഇഷ്ടം. 

60–ന്റെ ബൾബിനു ചുറ്റും പ്രാണികൾ പറന്നു കളിക്കുന്നുണ്ട് അവയെ നോക്കി ചുമരിൽ കർത്താവിന്റെ ഫോട്ടോക്കു പിറകിൽ പല്ലി പതുങ്ങി ഇരിക്കുന്നു. ബോർഡറിൽ അതിർത്തിയിൽ ഉള്ള പട്ടാളക്കാരന്റെ മുഖ ഭാവം, ഈ സീരിയലിൽ കാണുന്നതൊക്കെ വെറുതെ ആണല്ലേ ആന്റപ്പൻ ചേട്ടൻ ആത്മഗതം പറഞ്ഞു. അല്ലാതെ ഇത്ര നാളായിട്ടും കാൻസർ വന്നു കിടക്കുന്ന നായകൻ ഇതുവരെ മരിച്ചില്ല കണ്ടോ, ഓ അത് അഭിനയം അല്ലെ ശരിക്കും അത്രയൊന്നും ജീവിക്കില്ല നമ്മുടെ അപ്പുറത്തെ ജോണി ചേട്ടൻ ക്യാൻസർ ആണെന്ന് അറിഞ്ഞ് ഒരു മാസം കിടന്നില്ല മേരി ചേച്ചി പറഞ്ഞതു കേട്ടു ചേട്ടൻ ഒന്നു മൂളി. 

അന്ന് പതിവില്ലാതെ അവൻ നേരെത്തെ എത്തി കിണറ്റിൻ കരയിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടാണ് അവർ അറിഞ്ഞത്. ഈ സീരിയൽ ഒന്ന് നിർത്താമോ കയറി വന്ന മകന്റെ ദേഷ്യം അമ്മച്ചിയെ നിശ്ശബ്ദയാക്കി, ഇന്നെന്താ സൂര്യൻ പടിഞ്ഞാറ് ഉദിച്ചോ ചോദ്യം ആന്റപ്പൻ ചേട്ടന്റേതായിരുന്നു അവൻ മറപടി പറഞ്ഞില്ല. ഡ്രസ്സ്‌ മാറി വന്നു ഉമ്മറത്ത് ഇരുന്ന അവനെ ചാരായം മണക്കുന്നില്ല എന്ന സത്യം അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല, പരസ്പരം ഒരു നോട്ടത്തിലൂടെ അവർ അത് ആശയവിനിമയം നടത്തി. പുറത്തു മഴ ചാറി തുടങ്ങി ആന്റപ്പൻ ചേട്ടൻ ധൃതിയിൽ മുറ്റത്തേക്കിറങ്ങി ആടിനെ നോക്കിട്ടു വരാം, അവൻ തടയാൻ ശ്രമിച്ചു  ഞാൻ പോകാം, അപ്പന്റെ മുഖത്തെ ആശ്ചര്യം മാനിസിലാക്കി അവൻ പിന്മാറി കുടയെടുത്തു കൊടുത്തു. മനസ്സിൽ സ്വയം ശപിച്ചു വേണ്ട ഒന്നും അറിയിക്കരുത് എന്നാണ് ഡോക്ടർ പറഞ്ഞത്. മഴ കനക്കാൻ തുടങ്ങി ആന്റപ്പൻ ചേട്ടൻ ഉമ്മറത്തിരുന്നു പതിവ് പോലെ ബീഡി കത്തിച്ചു. ഒരു പുക എടുത്തപ്പോൾ തന്നെ ചുമക്കാൻ തുടങ്ങി. നാളെ വീണ്ടും പോണം എറണാകുളത്തു ഇഞ്ചക്ഷൻ ഉള്ളതല്ലേ മേരി ചേച്ചി ഓർമിപ്പിച്ചു. ഉം പോണം സാജു ഒന്നു മൂളി. 

രാവിലെ 6മണിക്ക് തന്നെ റെഡി ആയി. എന്നും ടാക്സിക്കാണ് പോകാറ് ഇത്തവണ ആന്റപ്പൻ ചേട്ടൻ സമ്മതിച്ചില്ല ഈ ചെറിയ ചുമക്കു എന്തിനാ മോനെ ടാക്സി നമുക്ക് ബസിൽ പോകാം., അവൻ നിർബന്ധം പിടിച്ചില്ല, 

ബസ് കാത്തു നിക്കുന്നതിനിടയിൽ അപ്പൻ വീണ്ടും ബീഡി കത്തിച്ചു പുകയൂതി. വണ്ടി കാത്തു നിന്ന ഓരോ നിമിഷവും അവൻ സ്വയം ശപിച്ചു. കാറിൽ പോയാൽ മതിയാരുന്നു. പണം ആരോടെങ്കിലും വാങ്ങാം എന്നാൽ അപ്പനെങ്ങാൻ സംശയം തോന്നിയാൽ വേണ്ട. ഒടുവിൽ ആരോടോ മത്സരിക്കുന്ന ബസ് പാഞ്ഞു വന്നു നിന്നു ആളു കയറുന്നതിനു മുന്നേ ഓടാൻ വേണ്ടി കണ്ടക്ടർ ബല്ലിൽ ആഞ്ഞടിക്കാൻ തുടങ്ങി ഒരു വിധത്തിൽ കയറി പറ്റി. ഭാഗ്യം സീറ്റുണ്ട് അപ്പനെ സൈഡ് സീറ്റിൽ ഇരുത്തി സൈഡിൽ നിന്നപ്പോൾ അവൻ ഓർക്കുകയായിരുന്നു പണ്ട് ആ സീറ്റിൽ ഇരിക്കാൻ അപ്പൻ എന്നെ സമ്മതിക്കില്ലായിരുന്നു എങ്ങാൻ കയ്യും, തലയും പുറത്തു ഇട്ടാലോ? ആ പേടി ഇന്ന് സാജുവിന്‌ തോന്നി, അപ്പൻ കുഞ്ഞായി മാറിയിരിക്കുന്നു.. 

ടൗണിൽ എത്തിയപ്പോളേക്കും ബസ് നിറയെ ആളുകൾ, നിൽക്കാൻ പോകും സ്ഥലമില്ലാത്ത അവസ്ഥ, ഇത് ആദ്യത്തെ കീമോ ആണ് സമയത്തിന് എത്തണം 10എണ്ണം കഴിഞ്ഞാൽ പിന്നെ ഒന്നും പേടിക്കാനില്ല ഡോക്ടറുടെ വാക്കുകൾ അവൻ വിശ്വസിച്ചു. അപ്പനേം അമ്മയേം അറിയിക്കാതെ ഇതു വരെ കൊണ്ടു പോയി ദൈവമേ ശക്തി തരണേ അവൻ ഉള്ളുരുകി പ്രാർത്ഥിച്ചു. തിക്കിലും തിരക്കിലും പെട്ട് ആളുകൾ അവനെ ബസിന്റെ മുന്നിലേക്ക്‌ തള്ളി വിട്ടു ഇടയ്ക്കിടയ്ക്ക് അവൻ അപ്പനെ തിരിഞ്ഞു നോക്കും പാവം പുറത്തെ കാഴ്ചകൾ കണ്ടു ഒന്നുമറിയാതെ ഇരിക്കുകയാണ്. ഇടയ്ക്ക് എപ്പളോ അവൻ തിരിഞ്ഞു നോക്കിയപ്പോൾ ഉള്ളൊന്നു കാളി അപ്പൻ ഇരുന്ന സീറ്റിൽ മറ്റാരോ ഇരിക്കുന്നു ദൈവമേ അവൻ വീണ്ടും നോക്കി ഇല്ല അപ്പൻ ഇല്ല തിക്കി തിരക്കി അവൻ അവിടെ എത്തി അടുത്തിരുന്ന ആളോട് തിരക്കി, പുള്ളിക്കാരൻ നേരത്തെ ഇറങ്ങിയല്ലോ എന്ന മറുപടി കേട്ടു എന്തു ചെയ്യണം എന്നറിയാതെ അവൻ ഉറക്കെ വിളിച്ചു വണ്ടി നിർത്തൂ, നിറഞ്ഞ അമർഷത്തോടെ കണ്ടക്ടർ പറയുന്നുണ്ടാരുന്നു എവിടുന്നു വരുന്നെടാ ഇവനൊക്കെ എന്ന്, ഉറുമ്പിൻ കൂട്ടിൽ അകപ്പെട്ട പുഴുവിനെ പോലെ അവൻ ഒറ്റപ്പെട്ടു ആ തിരക്ക് പിടിച്ച നഗരത്തിൽ. വണ്ടികൾ തലങ്ങും വിലങ്ങും പായുന്നു, വഴിയൊന്നും പിടിയില്ല അപ്പന്. ടൗണിൽ വരുന്നത് തന്നെ ഇപ്പോ ഹോസ്പിറ്റലിൽ വന്നപ്പോൾ ആണ്, പുറകെ വന്ന ഒരു ഓട്ടോയ്ക്കു കൈ കാട്ടി എങ്ങോട്ടാ മാഷേ എന്ന ചോദ്യത്തിന് അവന് ഉത്തരം ഇല്ലായിരുന്നു. പല വഴിക്കും തിരഞ്ഞു ഒടുവിൽ ആ ഓട്ടോക്കാരന്റെ വാക്കു കേട്ടു ഹോസ്പിറ്റൽ ലക്ഷ്യമാക്കി വണ്ടി നീങ്ങി. ഹോസ്പിറ്റൽ ഗെയ്റ്റിൽ ഇറങ്ങി ചുറ്റും നോക്കി. വിശ്വസിക്കാൻ ആയില്ല ചുവന്ന പെയിന്റ് അടിച്ച ഗെയ്റ്റിന്റെ അരികിലുള്ള മാവിൻ ചുവട്ടിൽ അമ്പരന്ന് അപ്പൻ നിൽക്കുന്നു അവൻ ഓടി ചെന്നു. അവൻ പൊട്ടിത്തെറിച്ചു അപ്പൻ എന്ത് പണിയാ കാണിച്ചത് മനുഷ്യനെ മെനക്കെടുത്താൻ ദേഷ്യവും സങ്കടവും സന്തോഷവും എല്ലാം കൂടിയ അവസ്ഥതയിൽ പറഞ്ഞു പോയതാണ്. അപ്പൻ ഒന്നും മിണ്ടിയില്ല അവൻ  വീണ്ടും ചോദിച്ചു പറ എന്തിനാ അവിടെ ഇറങ്ങിയത്. അപ്പന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി പൊട്ടി കരഞ്ഞു കൊണ്ട് അപ്പൻ അവനെ കെട്ടി പിടിച്ചു. മോനെ നിന്നെ പോലെ ആരോ ആ സ്റ്റോപ്പിൽ ഇറങ്ങിയ പോലെ തോന്നി അതാ അപ്പൻ.. അപ്പന്റെ ശബ്ദം ഇടറിയിരുന്നു,.. കുറ്റബോധത്താൽ ഒരു കുഞ്ഞിനെ പോലെ അവൻ എന്തോ പറയാൻ ശ്രമിച്ചു അപ്പാ ഞാൻ അറിയാതെ.. അപ്പൻ അവനെ ആശ്വസിപ്പിക്കാൻ  എന്തോ പറയാൻ ചുണ്ടുകൾ അനക്കി ഇല്ല അപ്പന് സംസാരിക്കാൻ ആവുന്നില്ല അപ്പന്റെ ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന സത്യം ഒരു ഞെട്ടലോടെ അവൻ അറിഞ്ഞു... 

ഹോസ്പിറ്റലിൽ കീമോ സെക്ഷനിലേക്കു പോകുമ്പോൾ അപ്പന്റെ കണ്ണുകൾ ഏതോ ബോർഡിലേക്ക് ഉടക്കി ക്യാൻസർ ട്രീറ്റ്മെന്റ് വാർഡ്. ദൈവമേ അത് വായിക്കരുതേ അവൻ പ്രാർത്ഥിച്ചു. അവൻ മുഖം തിരിച്ചു അപ്പന്റെ മുഖത്തെ ഭാവം അവനു വായിച്ചെടുക്കാം. അവർ ഒന്നും മിണ്ടിയില്ല. തിരികെ വരുമ്പോൾ അപ്പൻ ടാക്സിക്ക് കൈ കാണിച്ചു ഒന്നും മനസിലാകാത്ത പോലെ അവൻ കാറിൽ കയറി. യാത്രയിലെ ശൂന്യത അവനെ അലോസരപ്പെടുത്തി ഇടക്കെപ്പോഴോ അപ്പൻ അവന്റെ തോളിൽ കയ്യിട്ടു ബലമായി തന്നോട് ചേർത്തു പിടിച്ചു ഇത്തവണ അവനു പിടിച്ചു നിൽക്കാനായില്ല അവൻ പൊട്ടിക്കരഞ്ഞു അപ്പന്റെ മാറിൽ  മുഖമർത്തി അപ്പൻ അവനെ മാറോടണക്കി നെറുകയിൽ തലോടി, അവന്റെ കണ്ണുനീർ തുടച്ചു കൊണ്ട് എന്തോ പറയാൻ ഭാവിച്ചു വാക്കുകൾ തൊണ്ടയിൽ കുടുങ്ങി, കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് അവൻ അറിഞ്ഞു.. അവൻ ആ വാക്കുകൾ വായിച്ചെടുത്തു "പാവം അമ്മച്ചി ഇതൊന്നും അറിയണ്ട മോനെ "...

അന്നും പതിവു പോലെ ആടുന്ന കാലുകളുമായി അവൻ കിണറ്റിൻ കരയിൽ എത്തിയത് അറിയാതെ ആന്റപ്പൻ ചേട്ടനും മേരി ചേച്ചിയും ഉറക്കത്തിൽ ആയിരുന്നു... തണുത്ത ചോറിൽ മീൻ ചാറു കുഴച്ചു ടീവി റിമോട്ട് കയ്യിൽ എടുത്ത സാജു കണ്ടു സീരിയലിലെ നായകൻ ഇന്നും മരിച്ചിട്ടില്ല  സീരിയലുകൾ അപ്പനെ പോലെ അവനും ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.