പെരുമഴയോടെന്നും എനിക്കു പ്രണയമായിരുന്നു
വഴിതെറ്റിയ പുഴ വന്ന്
വഴിയെല്ലാം നിറയുമ്പോ
റോഡിലെ കുളമെല്ലാം തോടായി മാറുമ്പോ,
പെരുമഴയോടെന്നും പ്രണയമായിരുന്നു.
ഇടവഴിയോരത്ത്
ഇഴത്തോർത്തിൻ മൂലകൾ
ചേർത്തു പിടിച്ചിട്ട്
കുറുവയും കൂരിയും ചെറുമീനുമായൊക്കെ
തായം കളിക്കുവാൻ കൂട്ടുകാർ കൂടുന്നു
കുത്തൊഴുക്കേറി ചിറകൾ നിലപൊത്തുമ്പോ,
അവിടേക്ക് ചാടീട്ടും നീന്തീട്ടും
കുട്ട്യോൾടെ മുന്നിൽ ആളാകാൻ പറ്റുന്നു
കിഴക്കൻ മലവെള്ളത്തിനൊപ്പമെത്തുന്ന
തേങ്ങയും പലകയും പൊട്ടും പൊടിയും
നീന്തിപ്പിടിച്ച് കൊണ്ടുപോയിക്കൊടുത്തെന്റമ്മക്ക്
മുന്നിലും ആളാകാൻ പറ്റുന്നു
പെരുമഴയോടെന്നും ഒരുപാട് പ്രണയമായിരുന്നു.
പള്ളി, പള്ളിക്കൂടം പിന്നെ
കള്ളുഷാപ്പിലും വരെ
വള്ളം തുഴഞ്ഞിട്ട് പോകുവാൻ പറ്റുന്നു
വലിയ വാർപ്പ് പാത്രങ്ങളിൽ,
കൂട്ടിക്കെട്ടിയ വാഴത്തടകളിൽ,
ഊതി വീർപ്പിച്ച ടയർ ട്യൂബിൻ മുകളിലും
കവലയിൽ ചുറ്റിക്കറങ്ങുവാനാകുന്നു
ഓണം, വിഷു, ദീപാവലി പോലെ
വർഷാവർഷം മുടങ്ങാതെയെത്തുന്നു
പെരുമഴയോടെന്നും പ്രണയമായിരുന്നു.
പിന്നെയീ ഊഷരനാട്ടിലാരാന്റെ
മരുപ്പച്ച കെട്ടിയുയർത്തുവാൻ,
എന്റെ മജ്ജയും മാംസവും രക്തവും
വിയർപ്പായി,
വിദേശനാണ്യമായി
കൈമാറ്റം ചെയ്ത നാളുകളിൽ,
വർഷത്തിൽ എപ്പോഴോ ചാറുന്ന,
പൊടിമണ്ണ് സമമായ നാലഞ്ചു തുള്ളികൾ,
എന്റെ മനസ്സിലൊരായിരം വട്ടം
മയിലാട്ടം തീർക്കുമ്പോൾ
തിരിച്ചറിഞ്ഞു ഞാൻ
പെരുമഴയോടെന്നും എനിക്കു പ്രണയമാണെന്ന്.
മോഹിച്ചു, യാചിച്ചു കിട്ടിയ
ഇടവേളകളിൽ
ഓടിയെത്തുന്ന നേരത്തൊക്കെയും
ചാരത്തെത്താതെ ഒളിച്ചുനിന്നു നീ
എങ്കിലും നല്ലനാളെയിൽ കണ്ടുമുട്ടുവാൻ
കാത്തിരുന്നു ഞാൻ, പിന്നെയോ,
സ്വപ്നങ്ങൾക്കൊക്കെയും
വിലയിട്ടു വാങ്ങിയ
ഒരു തുണ്ടു ഭൂമിയിൽ കൂടുകൂട്ടി ഞാൻ
തോരാതെ മഴ പെയ്യും നാളൊന്നിൽ തിരികെ വരാം,
പിന്നെ ഗതകാല സ്മൃതികൾക്ക്–
ഉയിർവെക്കുമെന്നൊക്കെ കണക്ക് കൂട്ടി ഞാൻ
കാരണം, പെരുമഴയോടെന്നും പ്രണയമായിരുന്നു
എന്നേക്കുമായി തിരികെയെത്തുവാൻ
കൊതിച്ചു നിൽക്കവേയറിഞ്ഞു ഞാൻ
ഇന്നെന്റെ കൂട് നിന്നിടം ശൂന്യമെന്ന്,
മല തുരന്നു വന്ന പ്രളയമെൻ
സ്വപ്നവും പ്രണയവും പറിച്ചെടുത്തെന്ന്,
ഒരുപാടു സ്നേഹിച്ച കുറ്റമേ ചെയ്തുള്ളു,
എങ്കിലും തച്ചുടച്ചില്ലേ എൻ സർവസ്വം.
ഒരിക്കലെങ്കിലും നീ പറയുക,
എന്റെ പ്രണയമേ,
സത്യത്തിൽ ഞാൻ നിനക്കാരായിരുന്നു?