തടവുപുള്ളികൾ

നീതിദേവത കറുത്ത തുണി കൊണ്ടു കണ്ണ് കെട്ടിയിരിക്കുന്നു. എന്തിന്, നന്മ കാണാതിരിക്കാനോ? അതോ തിന്മ കാണാതിരിക്കാനോ?

അറിയില്ല. ഏതായാലും എനിക്കു നീതി കിട്ടിയില്ല തന്നെ, അതു ശരിയാണോ ഒരു തരത്തിൽ പറഞ്ഞാൽ നീതി കിട്ടിയില്ലേ?

കുറ്റം ചെയ്യിച്ചവർക്കല്ലെ കൂടുതൽ ശിക്ഷ വേണ്ടത്.. എന്നാൽ എന്നെ കൊണ്ട് തെറ്റ് ചെയ്യിച്ചിട്ടു അവർ പുറത്തു സ്വതന്ത്രമായി വിഹരിക്കുന്നു.

എന്നിട്ട് ഞങ്ങളെ അവർ ഇരുട്ടറയിൽ അടച്ചിരിക്കുന്നു.

രാവേത് പകൽ ഏത്, ഒന്നും അറിയുന്നില്ല. ഒറ്റ ആശ്വാസം എന്റെ അമ്മ കൂടെ ഉള്ളതാണ്....

പത്തു മുപ്പതു കൊല്ലങ്ങൾക്കു മുൻപാണ് ഞങ്ങൾ – ഞാനും അമ്മയും, ഈ തറവാട്ടിൽ എത്തിയത്. അടുക്കളയ്ക്കപ്പുറത്തെ ചായ്‌പിൽ ആണ് ഞങ്ങടെ ജോലിയും കിടപ്പും ഒക്കെ. അമ്മയുടെ കൂടെ വരുമ്പോൾ അറിയില്ലായിരുന്നു എന്താണ് എന്റെ ജോലി എന്ന്.

പറമ്പത്തെ പണിയും കഴിഞ്ഞു വീട്ട് കാരണവർ മുറ്റത്തു കയറുന്നതിനു മുന്നേ നീട്ടി ഒരു വിളിയാണ്.."ദച്ചുമീ കഞ്ഞി എടുത്തു വെക്ക് "എന്ന്..

മിക്കവാറും കറി ഒന്നും ആയിട്ടുണ്ടാവില്ല..

പിന്നെ ഒരു വെപ്രാളമാണ്. കാരണവരുടെ ചീത്തവിളിക്കുള്ള പ്രതികാരം എന്റെ അമ്മയുടെ പുറത്താ കാണിക്കുക.. കറി ആവാത്തതിന് എന്റെ അമ്മയാണോ കുറ്റക്കാരി. അമ്മക്കാണെങ്കിൽ അവിടെ അടുക്കളയിൽ സ്ഥാനവുമില്ല. എന്നിട്ടും...

ദച്ചുമിഅമ്മ പറഞ്ഞാൽ എനിക്ക് അനുസരിച്ചു മാത്രേ ശീലമുള്ളൂ. മുതിർന്നവർ പറയുന്നത് അനുസരിക്കാൻ അമ്മ പഠിപ്പിച്ചതാ.

അങ്ങനെ കാരണവരോടുള്ള ദേഷ്യം തീർക്കാൻ എന്നെ കൊണ്ട് എത്ര തവണ എന്റെ അമ്മയെ കുത്തി ചതപ്പിച്ചിട്ടുണ്ട്. പലപ്പോഴും അവർക്കു മുഴുത്ത വട്ടാണെന്നു എനിക്കു തോന്നിയിട്ടുണ്ട്

ഓരോ ഇടിക്കും എന്റെ നെഞ്ച് പൊട്ടുമായിരുന്നു, പക്ഷേ അത് ധച്ചുമി അമ്മക്ക് ഒരു ഹരമായിരുന്നു. ദിവസേന രണ്ടോ മൂന്നോ തവണ ഇതാവർത്തിച്ചിരുന്നു. 

എത്ര ഇടിച്ചാലും കുത്തിയാലും എന്റെ അമ്മ എന്നെ മുഖം കറുത്ത് ഒന്ന് നോക്കിയിട്ടു പോലുമില്ല. അമ്മക്കറിയാം ഇത് ദച്ചുമി അമ്മയുടെ വേലയാണെന്ന്. എന്നിട്ടും എന്നെ അമ്മ നെഞ്ചോടു ചേർത്തിട്ടേ ഉള്ളൂ..

അമ്മയുടെ മാറിൽ ചേർന്നു കിടന്നു പൊട്ടിക്കരഞ്ഞു മാപ്പപേക്ഷിക്കാത്ത ദിനങ്ങൾ ഇല്ല.  

ഇപ്പൊ ഈ ഇരുട്ടറയിൽ വന്നതിൽ പിന്നെ കുറെ സമാധാനമുണ്ട്. അമ്മയോട് ചെയ്ത തെറ്റുകളെല്ലാം ഏറ്റു പറഞ്ഞ് അമ്മയുടെ മാറിൽ ചേർന്നു കിടക്കുമ്പോൾ... അമ്മ ഞാൻ ചെയ്ത ദ്രോഹങ്ങളൊക്കെ പൊറുത്ത് എന്നെ ചേർത്തു പിടിക്കുമ്പോൾ... ഞാൻ എല്ലാം മറക്കുന്നു..

ഞങ്ങളെ ഇരുട്ടറയിൽ അടച്ച ദച്ചുമി അമ്മയോടും ഇപ്പൊ സ്നേഹം തോന്നുന്നു... അതിലേറെ ഇവിടെ കരണ്ടിന്റെ അരവ് യന്ത്രം വാങ്ങി കൊടുത്ത ദച്ചുമി അമ്മയുടെ മോനോടും ഇഷ്ടം തോന്നുന്നു. കരണ്ടിന്റെ അരവു യന്ത്രം വന്നതു കൊണ്ടല്ലേ എനിക്കും അമ്മയ്ക്കും വിശ്രമം കിട്ടിയത്.