കുട്ടായിപ്പന്റെ അമ്മയും അപ്പനും ആരാണന്ന് മാടപ്പാറക്കാർക്ക് ഇപ്പോഴും അറിയില്ല. കറിയാച്ചൻ ആണ് അവനെ എടുത്തു വളർത്തിയത്. കറിയാച്ചനും അറിയില്ല അവന്റെ അമ്മയെയും അപ്പനെയും .പണ്ട് കറിയാച്ചൻ കുരുമുളക് വിൽക്കാൻ കിഴക്കൻ ചെമ്പുമല വഴി പോയപ്പോൾ കിട്ടിയതാന്നാ നാട്ടുകാരോട് പറഞ്ഞിരിക്കുന്നത്. കിഴക്കൻ മലയിൽ തമ്പടിച്ചിരുന്ന നക്‌സലൈറ്റുകൾക്ക് ഉണ്ടയതാണന്ന് ചിലർ പറയും, പോലീസ് വെടിവെയ്പ്പിൽ അവന്റെ അപ്പനും അമ്മയും മരിച്ചെന്നു ചിലർ. എന്തായാലും മാലാഖ പള്ളിലെ മാലാഖ പ്രതിമയുടെ കൂദാശയുടെ തലേന്നാണ് കറിയാച്ചന് അവനെ കിട്ടിയത്. അന്നു രാത്രി നല്ല മഴയത്ത്അ ന്നാമ്മ ചേട്ടത്തിടെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു വഴിന്നു കിട്ടിതാ, വളർത്തിക്കോളാൻ.
അന്നാമ്മ ചേട്ടത്തി തിരിച്ചൊന്നും ചോദിച്ചില്ല. ആരും വളർത്തി ഇല്ലെങ്കിലും കറിയാച്ചന്റെ വീട്ടിലുംപറമ്പിലുമായി അവൻ വളർന്നു.
കറിയാച്ചൻ അയാളുടെ അപ്പച്ചന്റെ പേരാണ് അവന് ഇട്ടത് "കുട്ടായിപ്പൻ ". കറിയാച്ചന് വല്യകാര്യമാ കുട്ടായിപ്പനെ. അന്നമ്മ ചേട്ടത്തി മരിച്ചതിൽ പിന്നെ അയാൾക്ക് കൂട്ട് കുട്ടായിപ്പനാണ്. കറിയാച്ചനു കുരുമുളക് കച്ചവടം ആണ്, പിന്നെ കുറച്ച് ഇഞ്ചിയും ഏലവും, തൊഴുത്തിൽ രണ്ടു പശുക്കളും ഒരു ക്ടാവും പിന്നെ വീടിനടുത്തായി കുത്തിയ കുളത്തിൽ ചെറിയ തോതിൽ മീനിനെ വളർത്തുന്നുണ്ട്. നാട്ടിലൊക്കെ അയാളെ കുരുമുളക് കറിയാച്ചാന്ന വിളിക്കാറ്. പക്ഷേ അതിൽ അയാൾക്ക് അഭിമാനമേ ഉള്ളു. ചിലപ്പോ ദേവസിമാപ്പിളയുടെ കള്ളു ഷാപ്പിൽ ഇരുന്നു പറയും
"ചില അവന്മാരെന്നെ മുളകു കറിയാന്നാ വിളിക്കുന്നെ, അത് എനിക്കങ്ങു പിടിച്ച വിളിയാ ദേവസിച്ചാ.. ഈ അന്യനാട്ടിൽ കിടന്ന പറങ്കികൾ ഈ മുളകിന് വേണ്ടി അല്ലയോ പെമ്പളേയും പിള്ളേരെയും വിട്ടിട്ടു കടൽ കടന്ന് ഇങ്ങു വന്നത്, അതു കൊണ്ട് അല്ലയോ ഇവന്റെയൊക്കെ മോന്തയും വെളുത്തിരിക്കുന്നതു, അതു വല്ലോം ഇവന്മാർക്ക് അറിയോ.. അപ്പൊ ഈ കറുത്തിരിക്കുന്ന എന്നെ മുളക് കറിയാന്ന് വിളിച്ചാ എനിക്ക്സന്തോഷമേ ഉള്ളു "
അതും പറഞ്ഞു അയാൾ ഷാപ്പിന്ന് ഇറങ്ങി നടക്കും വീട്ടിലേക്ക് .
അതിരാവിലെ എഴുന്നേറ്റു കറിയാച്ചൻ കുരുമുളക് പറിക്കാൻ പോകും. കമുകിൽ പടർന്നു കിടക്കുന്ന കുരുമുളക് വള്ളികൾക്കിടയിൽ മുള ഏണി ചാരിവെച്ച് ഉടുത്തിരിക്കുന്ന കൈലി മുകളിൽ കഴുത്തിൽ കെട്ടിവെച്ചു, ചെറിയ മഞ്ഞു തുള്ളികളെ വകഞ്ഞുമാറ്റി കുരുമുളക് തണ്ട് പറിച്ചു അയാൾ കൈലിയിലേക്ക് അടർത്തി ഇടും. ഇതിനിടയിൽ അയാൾ നീട്ടി വിളിക്കും.
"കുട്ടായിപ്പാ.. ഡാ.. എഴുന്നേറ്റില്ലെടാ നീ.."
രണ്ടാമത്തെ ചീത്ത കേൾക്കുന്നതിനു മുൻപു തന്നെ കുട്ടായിപ്പൻ ചാടി എഴുനേൽക്കും. പത്തായത്തിനടുത്തു വെച്ചിരിക്കുന്ന ചാക്കും എടുത്ത് വിളി കേട്ട ഭാഗത്തേക്ക് ഓടും. അപ്പോഴേക്കും കറിയാച്ചൻ താഴെ വന്നിരിക്കും. കണ്ണും തിരുമ്മി ചാക്കും നിവർത്തി കുട്ടായിപ്പൻ കറിയാച്ചന്റെ മുഖത്തേക്ക് നോക്കും. അവന്റെ മുഖത്ത് നോക്കാതെ അയാൾ മുളക് ചാക്കിലേക്ക് ഇട്ടു, ഏണി എടുത്ത് അടുത്ത മരത്തിന്റെ അടുത്തേക്ക് പോകും. ഒന്നും മിണ്ടാതെ കുട്ടായിപ്പൻ പുറകെ പോകും. ചിലപ്പോൾ ഏണിയും ചാരിവെച്ചു കമുകിന്റെ തുഞ്ചത്തേക്കു കറിയാച്ചൻ കയറിപോകും. അപ്പൊ താഴെ നിന്ന് കുട്ടായിപ്പൻ ചോദിക്കും.
അച്ചായ, അവിടെ നിന്നാൽ എന്നതാ കാണുന്നെ?
അപ്പൊ അയാൾ മുകളിലേക്ക് വീണ്ടും നോക്കും.
"മാലാഖമാരെ "
അയാളുടെ കണ്ണുകൾ തിളങ്ങും
"ഒന്ന് പോ അച്ചായാ .."
കുട്ടായിപ്പൻ വിശ്വസിക്കില്ല
"ഡാ നീ സത്യവേദ പുസ്‌തകം വായിക്കുമോ "
"വായിക്കും "
"അതിൽ എന്നതാ എഴുതിയിരിക്കുന്നത്? നിന്റെ കണ്ണ് നീ സ്വർഗത്തിലേക്ക് ഉയർത്താനല്ലേ. .അപ്പൊ നിനക്ക് നിന്റെ മാലാഖയെ കാണാം. ഞാൻ ഇതിൻറെ തുഞ്ചത്തു നിന്ന് മുകളിലേക്ക് കണ്ണ് ഉയർത്തുമ്പോ എന്റെ അന്നമ്മയെ കാണാൻ പറ്റും അവളെന്നെ കൈ നീട്ടി വിളിക്കുവാടാ.. " അയാൾ പറഞ്ഞു.
കുട്ടായിപ്പന് ചിരി വന്നു.
"അച്ചായനു പ്രാന്താണ് "
"പ്രാന്ത് നിന്റെ തന്തക്കാട, കള്ള കഴവേറി, നീ പോയി മുളക് ഉണക്കാൻ നോക്കെടാ "
കറിയാച്ചൻ കുട്ടായിപ്പനോട് ദേഷ്യപ്പെടും.
കറിയാച്ചൻ തന്റെ അപ്പനു വിളിക്കുമ്പോ കുട്ടായിപ്പന് വിഷമം വരും. അവൻ ഒരിക്കൽ പോലും തന്റെ അപ്പനെയും അമ്മയെയും കുറിച്ച് അയാളോട് തിരക്കിയിട്ടില്ല. കറിയാച്ചൻ അതിനെപറ്റി ഒന്നും അവനോടു പറഞ്ഞിട്ടുമില്ല. നാട്ടുകാർക്ക് എന്തിനും കുട്ടായിപ്പനെ വേണം കുരിയോട്ടു മലയുടെ മുകളിൽ പട്ടം പറത്തിക്കാനും , ക്ഷീരസംഘത്തിൽ പാല് കൊണ്ട് കൊടുക്കാനും, പൊന്മണി ആറ്റിൽ ചൂണ്ട എറിയാനും എന്തിനു പേറ് എടുക്കാനുള്ള കുഞ്ഞു കൊച്ചമ്മേ വരെ വിളിക്കാൻ അവൻ വേണം, മാടപ്പാടക്കാർ എപ്പോഴും പറയും അവൻ ഒരു ഉപകാരിയാ, ആ വണ്ണം നിറച്ചു സ്നേഹമാണെന്നു, കറിയാച്ചനെ പോലെ തന്നെ തടിച്ചാണ് കുട്ടയിപ്പനും, അയാളുടെ പഴയ ഉടുപ്പകൾ ആണ് അവൻ ഇടുന്നത്, മരത്തിൽ കയറി ഷർട്ട്കീറുമ്പോൾ അയാൾ ഷർട്ട്ഊരി അവന് കൊടുക്കും.
അമ്മിണി പറയുന്നത് അവന് മണ്ണിന്റെ നിറമാണന്നാ. ഏത് മണ്ണാണെന്നു അവൻ ചോദിക്കുമ്പോൾ അവൾ കുരിശികട്ട കാണിച്ചു കൊടുത്തിട്ടു ചിരിച്ചുകൊണ്ട് ഓടും. കള്ളു ഷാപ്പ് നടത്തുന്ന ദേവസിച്ചന്റെ മോളാണ് അമ്മിണി. അവളുടെ ചിരി കാണാൻ അവന് വല്യ ഇഷ്ടമാ. അവന് അവളുടെ കണ്ണിൽനോക്കി ഇരിക്കാൻ തോന്നും, ആ നാട്ടിൽ കറിയാച്ചൻ കഴിഞ്ഞാൽ അവന് ഇഷ്ടം അവളെ ആണ്. അമ്മിണിയെ കാണുമ്പോൾ കുട്ടയിപ്പന് തോന്നും അവൻ സോളമൻ രാജാവാണെന്നു. ഒരുദിവസും അവൻ അവളോട് പറഞ്ഞു.
"എന്റെ പ്രേമധാമമേ, ഫാവോയുടെ കഴുത്തിൽകെട്ടിയ പെൺകുതിരയോട് ഞാൻ നിന്നെ ഉപമിക്കുന്നു.
നിന്റെ കവിൾ തടങ്ങൾ രത്നവല്ലി കൊണ്ടും നിന്റെ കഴുത്തു മുത്തു മാല കൊണ്ടും ശോഭിച്ചിരിക്കുന്നു.
വെള്ളി പതിച്ച സ്വർണാഭരണങ്ങൾ ഞാൻ നിനക്ക് ഉണ്ടാക്കി തരാം "
ആദ്യത്തെ അമ്പരപ്പിനു ശേഷും അവൾ പറഞ്ഞു കുട്ടായിപ്പന് വട്ടാണെന്ന്, അപ്പനോട് പറഞ്ഞുകൊടുക്കാൻ പോകുവാന്നു ഭീഷണിപ്പെടുത്തി അവൾ ഓടി പോയി. അതിനു ശേഷം കുട്ടായിപ്പൻ ദേവസിച്ചന്റെ കള്ളുഷാപ്പിന്റെ മുന്നിൽ കൂടിപോയിട്ടില്ല .ഷാപ്പിനു പുറകിലുള്ള മുക്കാൻതോട് നീന്തി ആണ് അവൻ വീട്ടിൽ പോകുന്നത്.
കറിയാച്ചൻ ആണ് സോളമന്റെ കഥ കുട്ടായിപ്പന് പറഞ്ഞു കൊടുക്കുന്നത്. കറിയാച്ചന് പനി പിടിച്ച ഒരു ദിവസും കുട്ടായിപ്പൻ കമുകിന്റെ മുകളിൽകയറി അതിന്റെ തുഞ്ചത്തിരുന്നു.
കറിയാച്ചൻ താഴെ നിന്ന് കുരുമുളകും കരിപ്പെട്ടിയും കൂടി ചേർത്ത് ഇട്ട കാപ്പികുടിക്കുവായിരുന്നു.
"നീ എന്നതാടാ അവിടെ നോക്കുന്നത് "
അവൻ പറഞ്ഞു
"മാലാഖയെ "
"പോടാ "
കറിയാച്ചൻ വിശ്വാസം വരാതെ അവനെ നോക്കി
"ചുമ്മാതാ അച്ചായാ അമ്മിണി മുറ്റം അടിക്കുന്നത് കാണുവായിരുന്നു, അവളെ കാണാൻ എന്നാ ശേലാ "
ചെറുതായി ചമ്മി അവൻ പറഞ്ഞു.
"ആ നല്ലതാടാ.. ദേവസിച്ചന്റെ മോൾ അല്ലയോ, നല്ലപോലെ മുളക് കറി ഉണ്ടാകുന്ന കൊച്ചാ... ആ കൊച്ചിന് നിന്നെ ഇഷ്ടമാണോടാ "
ഒരു കവിള് കാപ്പി അയാൾ കുടിച്ചിറക്കി.
"ഞാൻ ചോദിച്ചില്ല "
"എന്നാ ചോദിക്കേണ്ട. സോളമൻ പറഞ്ഞേക്കുന്നത് പ്രേമത്തിന് ഇഷ്ടമാകുവോളും അതിനെ ഇളക്കുകയും ഉണർത്തുകയും ചെയ്യരുതെന്നാ "
"ഏത് സോളമൻ അച്ചായാ.. പള്ളിലെ കുഴി വെട്ടുന്ന സോളമൻ അച്ചായൻ ആണോ "
"പഷ്ട് .. നീ സത്യ വേദപുസ്‌തകും വായിക്കുമ്പോ പുതിയ നിയമം മാത്രം വായിച്ചാ പോരാ.. വല്ലപ്പോഴും സോളമന്റെ ഉത്തമഗീതം കൂടി വായിക്കണം.. അപ്പൊ നിനക്ക് പുടി കിട്ടും "
"അത് ഇതുവരെ പള്ളിലെ അച്ഛൻ വായിച്ചുകേട്ടിട്ടില്ലല്ലോ അച്ചായാ ..."
"അതാ ഇപ്പൊ നന്നായതു.. നല്ലതൊന്നുംവായിക്കില്ലടാ ഉവ്വേ ..നീ ഇങ്ങു താഴെ ഇറങ്ങിയേ "
കുട്ടായിപ്പൻ താഴേക്ക് ഇറങ്ങി വന്നു.കറിയാച്ചന്റെ അടുത്തായി ഇരുന്നു.
എവിടെന്നോ കോടമഞ്ഞു അവരെ മൂടി .
"നീയൊരു പെണ്ണിനെ സ്നേഹിക്കുന്നത്തിൽ തെറ്റൊന്നും ഇല്ലടാ, ഒരു പ്രായമൊക്കെ ആകുമ്പും ഒരു കൂട്ടോക്കെ വേണമെന്നു തോന്നും " അയാൾ പറഞ്ഞു
"പക്ഷേ, ഞാൻ കുട്ടായിപ്പൻ അല്ലെ അച്ചായാ, അമ്മയും അച്ഛനൊന്നുമില്ലാത്ത "
അവൻ മുഖം കുനിച്ചു
"ആർക്കും ആരും ഇല്ലടാ ! നമ്മുടെ കാവൽ മാലാഖ ഒഴിച്ച് "
"കാവൽ മാലാഖയോ "
അവൻ അതിശയിച്ചു
"ടാ ഈ സ്വർഗത്തിൽ ദൈവത്തിനു ഒരുപാട് മാലാഖമാരുണ്ട്. ഈ മാലാഖമാരിൽ തെറ്റു ചെയ്യുന്ന മാലാഖമാരെ ദൈവം ഭൂമിയിലേക്ക് അയക്കും എന്നിട്ടു പറയും നീ പോയി മനുഷ്യരുടെ കാവൽമാലാഖ അകാൻ. അവന്റെ കൂടെ ഒരു ജന്മം മൊത്തം കഴിഞ്ഞു അവന്റെ സുഖത്തിലും സങ്കടത്തിലും കൂടെ നിൽക്കാൻ. എന്നിട്ടു തിരിച്ചു വന്നാ മതീന്ന്. തിരിച്ചു പോകുമ്പോ നമ്മുടെ ഒരുപ്രാർത്ഥന സാധിച്ചു തന്നിട്ടേ അവർ പോകൂ! കൈകുഞ്ഞുങ്ങള് മുകളിലേക്ക് നോക്കി ചിരികുമ്പോ കാർന്നോമ്മാര് പറയില്ലേ മാലാഖയെ നോക്കിചിരിക്കുവാന്ന് ...അതാ പറഞ്ഞത് എല്ലാമനുഷ്യർക്കും ഓരോ കാവൽ മാലാഖാമാരുണ്ട് "
"എനിക്കും ഉണ്ടോ അച്ചായാ ഈ കാവൽ മാലാഖ "
"ഉണ്ടെടാ ഉവ്വേ ..എനിക്കും നിനക്കും അമ്മിണിക്കും എല്ലാർക്കും ഉണ്ട്. എന്റെ അന്നമ്മ പറയും മാലാഖമാര് തമ്മിൽ ഇഷ്ടായാലേ മനുഷ്യര് തമ്മിൽ അടുക്കു എന്ന്.. മാലാഖമാരുടെ ഇഷ്ടം ഇല്ലാതുള്ള എല്ലാ ബന്ധങ്ങളും വല്യ ദുരന്തങ്ങളായിതീരുമെന്നെ, എന്നും അവര് തമ്മിൽ വഴക്കും വക്കാണവും ആയിരിക്കും ..എന്റെയും അന്നമ്മയുടേം മാലാഖമാര് തമ്മിൽ വല്യഇഷ്ടമായിരുന്നെടാ.. ...എപ്പൊഴോ അവർ തമ്മിപിങ്ങിയപ്പോ അവളെയും കൊണ്ട് മാലാഖ അങ്ങ് പോയി "
കറിയാച്ചന്റെ മുഖം വിങ്ങി. മഞ്ഞു കറിയാച്ചന്റെ മുഖത്തിനു ചുറ്റും ചൂഴ്ന്നു നിന്നു.
"അച്ചായാ "
അയാൾ ഓർമയിൽ നിന്ന് ഉണർന്നു
"ആ അത് പോട്ടെ ഞാൻ പറഞ്ഞത് അവൾക്കു നിന്നെ ഇഷ്ടമാകണമെങ്കിൽ നിന്റെയും അമ്മിണിയുടെയും മാലാഖമാർ തമ്മിൽ ആദ്യം ഇഷ്ടമാകണം..അതിനു എല്ലാ ആഴ്ച്ചയും പോയി മാലാഖ പള്ളിയിൽ പോയി മെഴുകുതിരികത്തിക്ക്..എല്ലാം ശരി ആക്കുമെടാ ...അന്നാമ്മ പറയാറുണ്ട് പ്രേമിക്കുന്നവരെല്ലാം സോളമന്മാരും രാജകുമാരികളും ആണെന്ന്..ഹ കുട്ടായിപ്പൻ സോളമനും അമ്മിണി രാജകുമാരിയും ഹ ഹ "
കറിയാച്ചൻ വല്യവായിൽ പൊട്ടിച്ചിരിച്ചു .
"ഹ ഹ അതിപ്പോ, കറിയ സോളമനും അന്നമ്മ രാജകുമാരിയും പോലെ അല്ലെ ഹ ഹ !"
കുട്ടായിപ്പൻ തിരിച്ചു പറഞ്ഞു.
കറിയാച്ചൻ ചിരി നിർത്തി അവനെ ഒന്നു ഗൗരവത്തിൽ നോക്കി. എന്നിട്ടു ചിരിച്ചിട്ട് പറഞ്ഞു .
"ഹ ഹ ...പോടാ! ആ പിന്നെ ഇപ്പൊ നീപോയി ബേബിച്ചന് ഒരു അഞ്ച് കിലോ മീൻകൊടുത്തിട്ടു വാ "
കറിയാച്ചൻ തോളത്തു തട്ടിയിട്ട് നടന്നു പോയി.
കുട്ടായിപ്പൻ കുറെ നേരും അവിടെ ഇരുന്നു .
ബേബിച്ചനെ കുട്ടായിപ്പന് ഇഷ്ടമല്ല..ആ നാട്ടിലെ ഒരേ ഒരു പണക്കാരൻ ആണ് ബേബിച്ചൻ. പലിശക്ക്പൈസ കൊടുത്തു കൊടുത്തു നാട്ടുകാരുടെ സ്വത്ത് മുഴുവൻ ഇപ്പോൾ ബേബിച്ചന്റെ കയ്യിലായി. സ്വത്ത് നഷ്ടമാകാത്ത വീട്ടിലെ പെണ്ണുങ്ങടെ മാനം നഷ്ടമായി. കുറച്ചുനാൾ മുൻപ് കവലയിൽ ഇരുന്നപ്പോൾ ഈ ബേബിമുതലാളി കാറിൽ വന്ന് ഗ്ലാസ് താത്തിട്ട് കുട്ടായിപ്പനെ അടുത്ത് വിളിച്ചു അൻപത് രൂപ കൊടുത്തിട്ട് ഇല അട എല്ലാർക്കും മേടിച്ചു കൊടുക്കാൻ പറഞ്ഞു. ഇല അഴിച്ചിട്ടു അടയിൽ നോക്കി പറഞ്ഞതാ എന്ത് നല്ല മനുഷ്യൻ ആണന്നു. പിന്നീട് ഒരു ദിവസും കറിയാച്ചന് പനി പിടിച്ചു തീരെ വയ്യാതെ കിടന്നപ്പോ പട്ടണത്തിലെ ഡോക്ടറെ കാണിക്കാൻ അഞ്ഞൂറുരൂപ അയാളുടെ വീട്ടിൽ പോയി ചോദിച്ചു. അപ്പൊ ബേബിമുതലാളി പറയുവാ ദാനം നല്കാൻ ഇവിടെകാശ് ഇല്ലന്ന്. ഇലഅട മേടിക്കാൻ മുതലാളി കാശ് തന്നിട്ടുണ്ട് എന്ന് പറഞ്ഞപ്പും ചിരിച്ചോണ്ട് അയാൾപറയുവാ .
"ചില നാറികൾ നാട്ടിൽ പറഞ്ഞോണ്ട് നടപ്പുണ്ട് ബേബി മുതലാളി അരിപ്പൻ ആണെന്ന്. പത്തുപേര് കാണട്ടെന്നു വിചാരിച്ചാട നിനക്കന്നു പൈസതന്നത്. പിന്നെ നിനക്ക് പൈസ തരാന്ന് വെച്ചാ ജോലിയും കൂലിയും ഇല്ലാത്ത നീ എങ്ങനെ മടക്കിതരാനാ. എങ്കിലും നീ ഒരു കാര്യം ചോദിച്ചു വന്നതല്ലേ ദാ അവിടെ പടിഞ്ഞാറേ അയ്യത്തു നല്ല പനി കൂർക്ക പടർന്നു കിടപ്പുണ്ട് നീ അതിന്റെ ഇല എടുത്തു കുറച്ചു കരിപൊട്ടിയും ചുക്കും കുറച്ചു മല്ലിയും കടെ ഇട്ടു ഒരു കാപ്പി ഉണ്ടാക്ക്കി കൊടുക്ക്..പനി എല്ലാം പമ്പ കടക്കും "
കുട്ടായിപ്പൻ ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു. അതിന് ശേഷും അവൻ അയാളുടെ വീട്ടിൽപോയിട്ടില്ല .
നാട്ടുകാരുടെ പ്രാക്ക് കാരണമാ അയാളുടെ ഒരേ ഒരു ആൺതരി നെൽസൺ തളർന്നുപോയത്. എന്തായാലും കറിയാച്ചയൻ പറഞ്ഞതല്ലേ അവൻ മീൻ എടുത്തു അയാളുടെ വീടിന്റെ പിന്നാമ്പുറത്തു കൂടെ പോയി അങ്ങേരുടെ ഭാര്യചിന്നമ്മയുടെ കയ്യിൽ കൊടുത്തിട്ടു കവലയിലെ ജോൺഅച്ചായന്റെ കടയിൽ നിന്ന് മെഴുകുതിരിയും മേടിച്ചു മാലാഖമാരുടെ പള്ളിയിലേക്ക് കുട്ടയപ്പൻനടന്നു .
നാളുകൾ കടന്നു പോയി. എല്ലാ ആഴ്ചയും കുട്ടായിപ്പൻ മാലാഖ പള്ളിയിൽ പോയി മെഴുകുതിരി കത്തിച്ചു. അവൻ കറിയാച്ചന്റെ കൂടെ ഇടവകപള്ളിയിൽ പോകുമ്പോൾ അമ്മിണിയെ കാണും. ഗായകസംഘത്തിൽ അമ്മിണി പാടുന്നത് നോക്കി നിൽകുമ്പോൾ അവൻ പള്ളി മറക്കും പട്ടക്കാരനെ മറക്കും എന്തിനു അവനെ തന്നെ മറക്കും. അവന്റെ ഉള്ളിൽ അവളോടുള്ള പ്രേമം ദിവസം പ്രതി വളർന്നുകൊണ്ടിരുന്നു
മരങ്ങളെല്ലാം തണുത്ത കാറ്റിനൊപ്പും ഇലകൾപൊഴിച്ച് ഡിസംബർ മാസത്തിന്റെ വരവ് അറിയിച്ചു. ഒരു ദിവസം കുർബാനക്ക് ശേഷം വികാരിഅച്ഛൻ കുട്ടായിപ്പനെ അടുത്തു വിളിച്ചു.
"ഡാ കുട്ടായിപ്പ നീയാണ് ഇപ്രാവശ്യത്തെ ക്രിസ്‌മസ്‌പാപ്പാ.. കഴിഞ്ഞ വർഷം ആയിരുന്ന നിരപ്പിലെ വറീതിനു തീരെ വയ്യടാ. പള്ളി കമ്മറ്റി എടുത്ത തീരുമാനമാ നിന്നെ പാപ്പാ ആക്കാന്ന് . പറ്റില്ലാന്നൊന്നും പറഞ്ഞേക്കല്ല് "
കുട്ടായിപ്പൻ ഉവ്വെന്നു പറഞ്ഞു തിരിച്ചു നടന്നു.
കറിയാച്ചൻ ഇതു കേട്ട പാടെ പറഞ്ഞു
"പഷ്ട് ,നിനക്ക് ഈ വേഷത്തെക്കാൾ നല്ലതു അതാടാ, പിന്നെ ഒരു രസം എന്താന്ന് വെച്ച ഇടവകയിലുള്ള പെണ്ണുകൾക്കു മൊത്തം നിനക്ക് ഷേക്ക്ഹാൻഡ് കൊടുക്കലോ ..ഹ ഹ "
"എല്ലാർക്കും വേണ്ട അച്ചായാ അമ്മിണിക്ക് എങ്കിലും കൊടുക്കലോ "
കറിയാച്ചൻ പതുകെ അവനു മുഖം കൊടുക്കാതെ പറഞ്ഞു
"അതൊന്നും വേണ്ടടാ ഉവ്വേ .. അതൊന്നും ശരിആകില്ല "
"അതെന്ന അച്ചായാ ഇപ്പോ ഇങ്ങനെ ഒരു പറച്ചില് "
കറിയാച്ചൻ ആണ് അവനോട് ആ വാർത്ത പറഞ്ഞത്. ബേബി മുതലാളിയുടെ തളർന്നുകിടക്കുന്ന മോനുമായി അമ്മിണിയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു. സ്ത്രീധനും അങ്ങോട്ട് കൊടുക്കും. ദേവസിച്ചന്റെ കള്ള് ഷാപ്പിനു പകരും ഒരു മുന്തിയവിദേഷ മദ്യ ഷാപ്പ്. ദേവസിച്ചാൻ അപ്പൊ തന്നെ സമ്മതം അറിയിച്ചു. ഈ ആഴ്ച നൊയമ്പ് തീരുവല്ലേ, കല്യാണും ഉടനെ കാണും.
കുട്ടായിപ്പന് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ആ വാർത്ത.
കറിയാച്ചൻ അവന്റെ തോളിൽ തട്ടി പറഞ്ഞു
"നീ വിഷമിക്കേണ്ടെടാ ഉവ്വേ ! അവൾക്കു നിന്നെ ഇഷ്ടമാണെങ്കിൽ മാലാഖമാര് നിങ്ങളെ ഒരുമിപ്പിച്ചോളും "
ഒരു ചെറിയ തണുത്ത കാറ്റ് അവനെ തഴുകി കടന്നുപോയി.
അവന് സമാധാനും ആയി . മാലാഖമാരെയും കറിയാച്ചനെയും അത്രക്ക് വിശ്വാസം ആയിരുന്നു അവന്. കരോൾ ഇറങ്ങുന്ന ദിവസം തന്നെ അവളുടെ മനസ്സറിയണം എന്ന് അവൻതീരുമാനിച്ചു.
അങ്ങനെ കരോൾ ദിവസം ആയി. അന്ന് അഞ്ചുമണിക്കു മുൻപു തന്നെ വീട്ടിലെയും നാട്ടിലെയും ജോലികൾ എല്ലാം തീർത്തു മാലാഖ പള്ളിയിൽപോയി മെഴുകുതിരിയും കത്തിച്ചു അവൻ ഇടവകപള്ളിയിൽ എത്തി. ക്രിസ്‌മസ്‌പാപ്പയുടെ ചുവന്നകുപ്പായം കപ്യാര് കുഞ്ഞച്ചൻ എടുത്തുകൊടുത്തു. വർഷങ്ങളായി കഴുകാതെ വെച്ചിരുന്ന മുഷിഞ്ഞ മണം ആയിരുന്നു പപ്പയുടെ മുഖുംമൂടിക്ക്. ചെറിയ ഒരു തലയിണ വെച്ച് വല്യ ഒരു കുമ്പയും ഉണ്ടാക്കി. കയ്യിൽ പിടിക്കാൻ ബലൂൺ കെട്ടിയ ഒരു വടിയും കപ്യാര് ഉണ്ടാക്കി കൊടുത്തു .
ഡ്രമ്മും ക്ലാർനെറ്റും നക്ഷത്ര വിളക്കുകളും ഗായകസംഘത്തോടൊപ്പം അണിനിരന്നു കൂടെ പള്ളിയിലെ പ്രമാണിമാരും കരോളിന് കൂടി.
ഗായകസംഘം പാട്ട് പാടി തുടങ്ങി.
"ശാന്ത രാത്രി തിരു രാത്രി, പുൽകുടിലിൽ പൂത്തൊരുരാത്രി
വിണ്ണിലെ താരക ദൂതർ ഇറങ്ങിയ മണ്ണിൻ സമാധാനരാത്രി
ഉണ്ണി പിറന്നു..ഉണ്ണി പിറന്നു...ഉണ്ണി പിറന്നു..
ഉണ്ണി യേശു പിറന്നു...ഉണ്ണി പിറന്നു...ഉണ്ണി യേശുപിറന്നു"
കുട്ടായിപ്പന് ചുറ്റും നടക്കുന്നത് ഒരു സ്വപ്‍നം പോലെതോന്നി. ക്രിസ്‌മസ്‌പാപ്പയുടെ മുഖം മൂടിക്കുള്ളിൽ ഭയങ്കര ഇരുട്ടായിരുന്നു. കണ്ണിന്റെ സ്ഥാനത്തുള്ള ചെറിയ രണ്ടു ദ്വാരത്തിലൂടെ അവൻ ചുറ്റും നോക്കി. എല്ലാവരും തനിക്കു ചുറ്റും നിന്ന് പാടുന്നു. വീട്ടുക്കാർതന്നെ നോക്കി ചിരിക്കുന്നു. കുട്ടികൾക്ക് തന്നെകാണിച്ചു കൊടുക്കുന്നു .ഇതുവരെ മിണ്ടാത്ത ഇടവക പ്രമാണിമാർ തനിക്കു കൈതരുന്നു, തോളത്തു തട്ടി കെട്ടി പിടിക്കുന്നു. വീടുകളിൽനിന്ന് തരുന്ന നേർച്ച പലഹാരങ്ങൾ അവനെ വീടിനുള്ളിലേക്ക് വിളിച്ചു ഇടവക വികാരിക്കും മറ്റും ഒപ്പം പങ്കിട്ടു തരുന്നു. ഇത്രയും നാൾ നാട്ടുകാർക്ക് മുഴുവൻ സഹായം ചെയ്തിട്ടും ഇതുവരെ ആരും അവനു വീട്ടിൽ വിളിച്ചിരുത്തി കുറച്ചു ആഹാരം കൊടുത്തിട്ടില്ല എന്തിന് നീ വല്ലോം കഴിച്ചോന്നുപോലും ചോദിച്ചിട്ടില്ല. ഇപ്പോൾ ഇതാ എല്ലാവരും തനിക്ക് ചുറ്റും. കുട്ടായിപ്പൻ ആകാശത്തേക്ക് വടി ഉയർത്തി, താരകങ്ങൾ അവനെ നോക്കി കൺചിമ്മി, ഈശോ കുഞ്ഞു അവനെ നോക്കി ചിരിച്ചു, കുട്ടായിപ്പൻ പാട്ടിന്റെ താളത്തിനൊത്തു ചുവടുവെയ്ക്കാൻ തുടങ്ങി.
കരോൾ കറിയാച്ചന്റെ വീട്ടിൽ എത്തി .ലേശം മിനുങ്ങിനിന്ന കറിയാച്ചനെ നോക്കി വികാരി അച്ഛൻ പറഞ്ഞു.
"നീ ഇന്നും പൂസാണോ കറിയാച്ച "
"സങ്കടം ആണച്ചോ ഇപ്പൊ, സുഭാഷിതും 31: 7 പറഞ്ഞിട്ടില്ലയോ കഠിന ദുഃഖത്തിൽഅകപ്പെട്ടിരിക്കുന്നവർക്കു വീഞ്ഞ് കൊടുക്കുക, അവർ കുടിച്ചു ദാരിദ്രവും ദുഃഖവും വിസ്മരിക്കട്ടെ "
എന്നിട്ടു കുട്ടയപ്പനെ നോക്കി കണ്ണ് ഇറുക്കി.
"നീ നന്നാവില്ലെടാ കറിയാച്ചോ " മനസ്സിൽ പറഞ്ഞുകൊണ്ട് വികാരിയച്ചൻ അടുത്ത വീട് ലക്ഷമാക്കിനടന്നു.
കറിയാച്ചന്റെ പറമ്പിലൂടെ റബർ തോട്ടം കടന്നാൽ ദേവസിച്ചന്റെ വീടായി. കുട്ടായിപ്പന്റെ മനസ്സിൽ ആയിരം പെരുമ്പറകൾ ഒരുമിച്ചു കൊട്ടി .ഇന്ന് തന്റെ ഇഷ്ടം എന്തായാലും അമ്മിണിയോട് തുറന്നുപറയണം. മാലാഖമാരെ നിങ്ങള് തുണ .
കരോൾ അമ്മിണിയുടെ വീട്ടിലേക്കുകയറി. ദേവസിച്ചനും ഭാര്യയും ഇളയ മകനുംപുറത്തേക്ക് ഇറങ്ങി വന്നു. കുട്ടായിപ്പൻ അമ്മിണിയെ അവിടെയെല്ലാം നോക്കി .അവളെ എങ്ങും കാണുന്നില്ല. ഗായകസംഘം പാടിതുടങ്ങി. കുട്ടായിപ്പന്റെ കണ്ണുകൾ അവളെ തിരഞ്ഞു കൊണ്ടിരുന്നു. പാട്ട് നിർത്തി അവർ ബേബി മുതലാളിയുടെ വീട്ടിലേക്കു നടന്നു. അവിടെയാണ് കരോളിന് അവസാനം. അവിടെ എല്ലാവർക്കും വിരുന്ന് ഒരുക്കിയിട്ടുണ്ട്. എല്ലാവരും ധൃതിയിൽ അങ്ങോട്ട് നടന്നു. ദേവസിച്ചാനും കുടുംബവും ബേബിമുതലാളിയുടെ ക്ഷണും സ്വീകരിച്ചു അയാളുടെ വീട്ടിലേക്കു നടന്നു .
കുറച്ചു ദൂരം പോയിട്ട് കുട്ടായിപ്പൻ ആരുംകാണാതെ തിരിച്ചു നടന്നു. തണുത്ത വൃഷിചികകാറ്റ് വീശുന്നുണ്ടായിരുന്നു പക്ഷേ കുട്ടായിപ്പന്റെ മനസും ശരീരവും ചൂടായിരുന്നു. അമ്മിണിയുടെ വീട്ടിലേക്കു അവൻ തിരിച്ചു നടന്നു. അവളുടെ വീടിന്റെ മുന്നിൽ ഒരു കടലാസ്സ് നക്ഷത്രം തൂക്കി ഇട്ടിരുന്നു. അതിൽ കത്തിച്ചു വെച്ചിരുന്ന മെഴുകുതിരി നല്ല വെളിച്ചതോടെ കത്തികൊണ്ടിരുന്നു .കുട്ടായിപ്പൻ അവളുടെ മുറിയുടെ ജനലരികിലേക്ക് നടന്നു. അവൻ അതിൽ പതുക്കെകൊട്ടി
"അമ്മിണി ഞാനാ കുട്ടായിപ്പൻ "
അവൾ ജനൽ പതുക്കെ തുറന്നു. പുറത്തെ പുൽക്കൂട്ടിൽ വെച്ച ലൈറ്റുകളുടെ വെട്ടത്തിൽഅവൾ കൂടുതൽ സുന്ദരി ആയതായി അവനുതോന്നി.
"നീയെന്താ കരോൾ കാണാൻ വരാഞ്ഞത് "
അവൻ പരിഭവിച്ചു.
"ഞാൻ കണ്ടായിരുന്നു, കല്യാണം ഉറപ്പിച്ചതു കൊണ്ട് വെളിയിൽ ഇറങ്ങേണ്ടന്ന ബേബിച്ചൻ പറഞ്ഞത് !"
"നീ കല്യാണത്തിന് സമ്മതിച്ചോ "
അവൾ ഒന്നും മിണ്ടില്ല.
"നീ സമ്മതിച്ചില്ലെങ്കിൽ ഞാൻ ഒരു കൂട്ടംചോദിച്ചോട്ടെ "
"ങ്ങും "
അവൾ മൂളി.
ദൂരെ നിന്ന് ക്ലാർനെറ്റിന്റെ നേർത്ത സംഗീതം ഒഴുകിയെത്തി. അവൾ അവന്റെ കണ്ണിലേക്ക്നോക്കി. അവൻ അവളുടെ കണ്ണിലേക്കു നോക്കിപറഞ്ഞു .
"ഇതാ ശിശിരം പോയി മറയുന്നു. മഴ മാറി കഴിഞ്ഞു ,
ഭൂമിയിൽ പുഷ്പങ്ങൾ വിരിഞ്ഞു തുടങ്ങി,
അത്തിമരം കായിച്ചു തുടങ്ങി, മുന്തിരി വള്ളികൾ പൂത്തുലഞ്ഞു സുഗന്ധം പരത്തുന്നു ....
എൻന്റെ ഓമനേ..എന്റെ സുന്ദരി എഴുന്നേൽക്കുക ഇറങ്ങി വരിക..."
അവൾ ചിരിച്ചു.അവൻ പതുക്കെ പറഞ്ഞു
"ഭ്രാന്തല്ല..സോളമന്റെ ഉത്തമ ഗീതത്തിൽ നിന്നാ.."
അവന്റെ കണ്ണുകൾ പ്രേമത്താൽ തിളങ്ങി. അവന്റെ കണ്ണിൽ നോക്കാതെ അവൾ തിരിഞ്ഞു നിന്ന്പറഞ്ഞു.
"എന്റെ ആത്മനാഥൻ എന്റേതാണ്, ഞാൻ അവന്റേതും, അവൻ തന്റെ ആട്ടിൻ പറ്റത്തെ ലില്ലികൾക്കിടയിൽ മേയിക്കുന്നു, വെയിലാറി നിഴലുകൾ നീളും മുൻപേ എന്റെ പ്രിയനേവരിക.. എന്നെ കൂട്ടികോണ്ട് പോക "
നിലാവ് കൂടുതൽ തെളിഞ്ഞു അവന്റെ മുഖത്തിന്റെ പ്രകാശും കൂട്ടി.
"ശരിക്കും ഞാൻ വിശ്വസിച്ചോട്ടെ "
"ങ്ങും "
"ഞാൻ വരും ഈ കരോൾ കഴിഞ്ഞിട്ട്, ഈ കുപ്പായം അഴിച്ചു വെച്ചിട്ട് നിന്റെ അടുത്ത് ഓടി വരും, ഈ ചെമ്പുമല കയറി എങ്ങോട്ടെങ്കിലും പോകാം നമുക്ക്. വരില്ലേ എന്റെ കൂടെ "
"ങ്ങും..എത്രയും നേരത്തെ "
അവൾ ജനലിന്റെ അഴിയിൽ മുറുക്കെ പിടിച്ചു.
അവന് ആ വിരലുകളിൽ ഒന്ന് തൊടാൻ തോന്നി. നഷ്ടപ്പെടാൻ വയ്യാത്ത പ്രേമം, അവൻ അവളുടെ വിരലുകളിൽ മുറുക്കി പിടിച്ചു .
"ഞാൻ വരാം ഉടനെ" അവൻ അവളെ ഒന്നും കൂടിനോക്കിയിട്ടു തിരിച്ചു നടന്നു.
പോകുന്ന വഴി അമ്മിണിയുടെ വീട്ടിലേക്കു അവൻ തിരിഞ്ഞു നോക്കി. മുറ്റത്തെ പേര മരത്തിന്റെ കൊമ്പിൽ രണ്ടു മാലാഖമാർ ഇരുന്ന് സംസാരിക്കുന്നതായി അവൻ കണ്ടു. അവൻ സന്തോഷത്തോടെ ചുമന്ന കുപ്പായത്തിൽ കരോളിനെ ലക്ഷ്യമാക്കി ഓടി. പക്ഷേ അവൻ പേരമരത്തിൽ ഇരിക്കുന്ന മാലാഖമാരെ കണ്ടുള്ളു അതിനു താഴെ നിന്ന ബേബിമുതലാളിയെ അവൻകണ്ടില്ല.
അവൻ തിരിച്ചു വന്നപ്പോഴേക്കും പാട്ടു തീർന്നിരുന്നു. വികാരിയച്ചൻ അവനെ ഒന്ന് ഗൗരവത്തിൽനോക്കി. പതുക്കെ അവൻ കൂട്ടത്തിൽചേർന്നു. തുടർന്ന് ക്രിസ്മസ് സന്ദേശും നൽകി കരോൾ അവസാനിച്ചതായി അച്ഛൻ പ്രഖ്യാപി. കുട്ടായിപ്പൻ അവിടെ ഇരുന്ന് കുപ്പായവും മുഖം മൂടിയും അഴിച്ചുവച്ചു. ബേബിചാൻ വന്നു എല്ലാരേയും വിരുന്നിനുക്ഷണിച്ചു. വികാരിയച്ചനും മറ്റു പ്രമാണിമാരും അകത്തെ മുറിയിൽ ഇരുന്നു കഴിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങി. കുട്ടായിപ്പൻ പതുക്കെ എഴുനേറ്റു അകത്തേക്ക് ചെന്ന് അവരുടെ കൂടെ ഇരുന്നു. അവിടെ ഇരുന്ന എല്ലാവരും അവനെ സൂക്ഷിച്ചു നോക്കി. കുട്ടായിപ്പൻ ഇതൊന്നും ശ്രദ്ധിച്ചില്ല .പാപ്പയുടെ കുപ്പായം അഴിച്ചു വെച്ച കുട്ടായിപ്പൻ ആണ് ഇപ്പോൾ അവിടെ ഇരിക്കുന്നതെന്നു അവൻ ഓർത്തില്ല. അവൻ ആവിപറക്കുന്ന ഒരു ചീനി പുഴുക്കെടുത്തു അവിടെവെച്ചിരുന്ന മുളക് ചമ്മന്തിയിൽ മുക്കി വായിലേക്ക്വെച്ചു.
"ടപ്പേ "
ബേബിമുതലാളി കുട്ടായിപ്പന്റെ ചെകുട്ടത്ത് ആഞ്ഞടിച്ചു.
"പന്ന നായിന്റെ മോനെ, എന്റെ വീടിനകത്തു കയറാൻ നിന്റെ അടുത്ത് ആര് പറഞ്ഞെടാ ,നീമുക്കി നക്കിയതിന്റെ ബാക്കി വേണോ ഞങ്ങൾകഴിക്കാൻ "
ബേബിച്ചൻ കുട്ടായിപ്പനെ തള്ളി വെളിയിലേക്കിട്ടു.
താഴെ കിടന്ന കുട്ടായിപ്പനെ ബേബിച്ചൻ ആഞ്ഞു ചവുട്ടി .
"തന്തയും തള്ളയും ആരെന്നു പോലും അറിയാത്ത ഊരുതെണ്ടി നിനക്കെങ്ങനെ ധൈര്യം വന്നടാ ഇതിനൊക്കെ "
വീണ്ടും ബേബിച്ചൻ അവനെ ചവുട്ടാനൊരുങ്ങി.
പെട്ടെന്ന് എവിടെ നിന്നോ കറിയാച്ചൻ അവിടെവന്നു കയറി.
"മതി ബേബി നിർത്തെടാ,അവൻ അറിയാതെ "
"അറിയാതെ അവനെല്ലാം അറിയാം.. ഒന്നും അറിയില്ലെന്ന് പറഞ്ഞു നാട്ടുകളാരെ കളിപ്പിക്കാം ഈ ബേബിയെ പറ്റിക്കാൻ നോക്കേണ്ട. വിളിച്ചോണ്ട്പോടാ ഇവനെ "
ബേബി ആക്രോശിച്ചു .
കറിയാച്ചൻ അവനെ പിടിച്ചെഴുന്നേൽപിച്ചു വെളിയിലേക്കു നടന്നു.
"പോട്ടെടാ ഉവ്വേ, കുപ്പായം ഇട്ടാൽ നിന്നെ അവര് കാണുന്നത് ക്രിസ്മസ് പാപ്പാ ആയിട്ട..അപ്പൊ അവർ കൂടെ ആടും പാടും ഒരു പാത്രത്തിന് കഴിക്കും...കുപ്പായം അഴിച്ചാ പിന്നെ നീ വെറും കുട്ടായിപ്പനാ ..തന്തയും തള്ളയും ഇല്ലാത്ത ചോദിയ്ക്കാൻ ആരും ഇല്ലാത്ത ഒരു ഊരു തെണ്ടി. അത് നീ മറക്കാൻപാടില്ലെടാ "
അവൻ അയാളെ കരഞ്ഞു കൊണ്ട് കെട്ടി പിടിച്ചു.
"ആരെന്തു പറഞ്ഞാലും ഞാനുണ്ടെഡാ നിനക്ക് "
അയാൾ അവനെ ചേർത്തു പിടിച്ചു.
കുട്ടായിപ്പന്റെ മുഖത്തു നിന്നും ചുണ്ടിൽ നിന്നുംചോര ഒഴുകുണ്ടായിരുന്നു .അപ്പോഴും അവൻഅഴിച്ചു വെച്ച പാപ്പയുടെ മുഖം മൂടി ചിരിച്ചുകൊണ്ടിരുന്നു .
അവർ തോട്ടത്തിലൂടെ വീട്ടിലേക്കു നടന്നു. കുട്ടായിപ്പൻ കറിയാച്ചന്റെ കൈ തട്ടി മാറ്റി.
"ഞാൻ പോകുവാ അച്ചായാ അമ്മിണിയെ കൊണ്ട് "
"എവിടേക്ക്, അവള് വരുമോ നിന്റെ കൂടെ "
"വരും ..പോണം ഞങ്ങൾക്ക് ! ഇ പൊന്മണി ആറ്കടന്നാൽ പിന്നെ കിഴക്കൻ ചെമ്പുമല അല്ലെ.. എന്നെ അവിടെ നിന്നല്ലേ അച്ചായന് കിട്ടിയത്, വന്നിടത്തോട്ടു തന്നെ പോകും "
"ങ്ങും,നല്ലതാടാ ..നീ പൊയ്‌ക്കോ ..പോയിട്ടു നീതിരിച്ചു വരണം, എപ്പോ വന്നാലും കയറി കിടക്കാൻ അച്ചായന്റെ വീട് ഉണ്ട് നിനക്ക്, അത് നീ മറക്കേണ്ട "
അയാൾ അവന്റെ തോളിൽ പിടിച്ചു മുഖത്തേക്ക് നോക്കി.
"പോയിട്ട് വാ "
അയാൾ കണ്ണ് തുടച്ചു കൊണ്ട് തിരിഞ്ഞു നോക്കാതെ നടന്നകന്നു .
കുട്ടായിപ്പൻ അമ്മിണിയുടെ വീടിനടുത്തെത്തി. മരത്തിൽ തൂകി ഇട്ടിരുന്ന നക്ഷത്രം വെളിച്ചം കെട്ട് പോയിരുന്നു .പേരമരത്തിനു മുകളിൽ അവൻ കണ്ട മാലാഖമാരെ അവൻ അവിടെ കണ്ടില്ല. അവൻ അവളുടെമുറിയിൽ ജനലിൽ തട്ടി.
"അമ്മിണി ഞാനാ കുട്ടായിപ്പൻ "
അകത്തു നിശബ്ധത
"അമ്മിണി ജനൽ തുറക്ക് ..ഞാനാ "
"അമ്മിണി " അവൻ്റെ ശബ്ധത്തിന് കനം കൂടി .
"ങ്ങും "
അവൾ മൂളി
"നീ ഇറങ്ങി വാ ..നമുക്ക് എങ്ങോട്ടെങ്കിലും പോകാം "
അവൾ മറുപടി പറഞ്ഞില്ല .
"അമ്മിണി നീ വരില്ലേ എന്റെ കൂടെ "
അവൻ കരച്ചിലിന്റെ വക്കോളമെത്തി
"ഇല്ല ,ന്യായ പ്രമാണം ലഘๆച്ചു എന്റെ അമ്മയേയും അപ്പനെയും പിണക്കിയിട്ടു ഞാൻ വരില്ല "
"നീ ഒന്ന് ജനൽ തുറക്ക് ഞാൻ ഒന്ന് പറഞ്ഞോട്ടെ "
"ഇല്ല ! കുട്ടായിപ്പൻ ഇനി ഇവിടെ നിൽക്കണ്ട ! വേറെഒരാളുടെ ഭാര്യ അകാൻ പോകുന്ന പെണ്ണാ ഞാൻ !എനിക്ക് നിന്നെ ഇനി കാണേണ്ട !എങ്ങോട്ടെങ്കിലും ഓടി പൊയ്ക്കോ "
അവൻ വിശ്വസിക്കാൻ ആകാതെ അവിടെ നിന്നു.അവന്റെ കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നു. കുട്ടായിപ്പൻ പിന്നെ ഒന്നും മിണ്ടാതെ തലകുനിച്ചു തിരിച്ചു നടന്നു.
അകത്ത് അമ്മിണിയുടെ അടുത്ത് നിന്നു ദേവസിച്ചാൻ, കരഞ്ഞു കലങ്ങിയ അവളുടെകണ്ണിൽ നോക്കി ചിരിച്ചു.
ഒരു വലിയ മേഘം വന്നു നിലാവിനെ മൂടി. അവന്റെ മുഖത്തെ പ്രകാശം കെട്ടു പോയി.
പെട്ടെന്ന് കുട്ടായിപ്പന്റെ മുന്നിൽ ഒരാൾ വന്നു നിന്നു.
മുന്നിൽ ബേബിമുതലാളിയും രണ്ടു പേരും.
"ഡാ നീ അവള് പറഞ്ഞത് കേട്ടല്ലോ അല്ലെ..അവസാനമായി നിന്നോട് പറയുവാ ഇന്ന് നീ ഇവിടം വിട്ട് പോയ്ക്കോണം .ഇനി നീ ഇവിടെനിന്നാൽ നിന്നെയും കൊല്ലും നിന്റെ കറിയാച്ചനെയും കൊല്ലും. അവൾക്ക് പോലുംവേണ്ടാത്ത നീ എന്തിനാടാ ജീവിച്ചിരിക്കണത്..പോയി ചാകട "
കുട്ടായിപ്പൻ അയാളുടെ മുഖത്തേക്ക് രൂക്ഷമായിനോക്കി.കൂടെനിന്ന രണ്ടു പേർ അവന്റെ അടുത്തേക്ക് വന്നു
കുട്ടായിപ്പൻ അയാളെ തള്ളിമാറ്റി മുന്നിലേക്ക് നടന്നു
"ഡാ ഇതും കൂടി കേട്ടിട്ട് പോയി ചാക് ! നിന്റെ പെണ്ണ്ഉണ്ടല്ലോ , എന്റെ മോൻ കെട്ടാൻ പോകുന്ന അമ്മിണി ..അവളെ ഓർത്തു നീ വിഷമിക്കേണ്ട ..അവളെ ഞാൻ നോക്കിക്കോളാം.. പണ്ടേ ഉള്ള ഒരാഗ്രഹം ആണെടാ "
ആയിരം വണ്ടുകൾ കുട്ടായിപ്പന്റെ ചെവിയിലൂടെ കയറി ഇറങ്ങി പോയി. കുട്ടായിപ്പന് നിയന്ത്രിക്കാൻ ആയില്ല .അവൻ ഓടി വന്നു അയാളെ ചവുട്ടി. അയാൾ നിലത്തു വീണു..അയാളുടെ മുകളിലേക്ക് അവൻ മറിഞ്ഞു വീണു കഴുത്തിൽ മുറുക്കി. ബേബിചാന്റെ സഹായികൾ അവനെപിടിച്ചു ഉയർത്തി.
അവരുടെ കൈയിൽ കിടന്നു അവൻ കുതറി ഉറക്കെ വിളിച്ചു പറഞ്ഞു.
"നടക്കില്ലെടാ നിൻ്റെ ആഗ്രഹം ,എനിക്ക് നിന്നെഒന്നും ചെയ്യാൻ പറ്റില്ല..പക്ഷെ എന്റെ കാവൽമാലാഖ നിന്നോട് പ്രതികാരം ചെയ്യും.. ഞാൻ സ്വതന്ത്രമാക്കാൻ പോകുവാ എന്റെ മാലാഖയെ..എന്റെ പ്രാർത്ഥന എന്റെ മാലാഖ സാധിച്ചു തരും "
അവൻ അവരുടെ കൈ തട്ടി മാറ്റി കിഴക്കൻ ചെമ്പുമലയുടെ നെറുകയിലേക്ക് ഭ്രാന്തനെ പോലെ ഓടി കയറി ഇരുട്ടിൽ മറഞ്ഞു.
കുട്ടായിപ്പൻ പോയതിനു അര മണിക്കൂറിനു ശേഷംഅവിടെ വല്യ ഒരു മഴ പെയ്തു .വല്യ മിന്നലും ഇടിമുഴക്കത്തോട് കൂടി അങ്ങനെ ഒരു മഴ അതിനുമുൻപ് ആ മാടപ്പാറയിൽ പെയ്തിട്ടില്ല. ഒരുമണിക്കൂർ കൊണ്ട് പൊന്മണിയാറ് കരകവിഞ്ഞൊഴുകി. വെള്ളം ഒഴുകി മാലാഖപ്പള്ളി വരെഎത്തി. മാലാഖ പള്ളിയിലെ മാലാഖയുടെ പ്രതിമവെള്ളത്തിൽ ഒലിച്ചു പോയി. വെളുപ്പനെ മാടപ്പാറയിൽ ഉരുൾ പൊട്ടി. ബേബി മുതലാളിയുടെ വീട് ഇരിന്നിടത്തു കുറച്ചു കല്ലും കട്ടയും മാത്രംശേഷിച്ചു. നേരം പുലർന്നപ്പോൾ ബേബിമുതലാളിയുടെ വീട് നിന്നിടത്തു നിന്ന് കുറച്ചു മാറി അയാളുടെ മകൻ നെൽസനെ മാത്രം ജീവനോടെ നാട്ടുകാർ കണ്ടെത്തി.
ആ രാത്രിക്കു ശേഷും കുട്ടായിപ്പനെ ആരും ആ നാട്ടിൽ കണ്ടിട്ടില്ല. നാട്ടുകാരിൽ ചിലർ പറഞ്ഞു അവൻ ചെമ്പു മലയിൽ പോയി അവന്റെ അപ്പനെയും അമ്മയെയും പോലെ നക്‌സലൈറ്റു ആയെന്നു. മറ്റു ചിലർ പറഞ്ഞു അവൻ മാലാഖപള്ളിയിലെ മാലാഖ ആയിരുന്നു എന്ന് അതാണ് അവന്റെ കൂടെ അവൻ ജനിച്ചപ്പോൾ കൂദാശചെയ്ത മാലാഖ പ്രതിമയും കാണാതായതെന്നു.
ഇതൊന്നും വിശ്വസിക്കാത്ത ഒരാളെ ഉള്ളായിരുന്നു അവിടെ, കറിയാച്ചൻ. അയാൾ ഇപ്പോഴും കമുകിന്റെ തുഞ്ചത്ത് ഇരുന്നു വിളിക്കും
"കുട്ടായിപ്പാ ..ഡാ.. എഴുനേറ്റില്ലെടാ നീ.."
ഒരു ദിവസം അയാൾ കമുകിന്റെ തുഞ്ചത്ത് ഇരുന്നു മുകളിയ്ക്കു നോക്കി.സ്വർഗം തുറന്നു...വെളിച്ചംഅയാളുടെ മുഖത്തേക്ക് വീണു . വെള്ളി മേഘകെട്ടുകൾക്കിടയിൽ മാലാഖമാർ താഴേക്ക് വരുന്നതായി അയാൾ കണ്ടു . കറിയാച്ചന്റെ മനസിൽ ഒരു വെളിപാട് മുഴങ്ങി കേട്ടു.
"അനന്തരം സ്വർഗത്തിൽ ഒരു വാതിൽ തുറന്ന് ഇരിക്കുന്നത് ഞാൻ കണ്ടു.കാഹള നാദം പോലെ എന്നോട് സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം:എന്നോട് ഇവിടെ കയറി വരിക ,മേലാൽ സംഭവിപ്പാനുള്ളത് ഞാൻ നിനക്ക് കാണിച്ചു തരാം എന്ന് കൽപ്പിച്ചു "
അയാൾ തന്റെ രണ്ടു കൈകളും സ്വർഗത്തിലേക്ക് ഉയർത്തി. മൂടൽ മഞ്ഞിനിടയിലൂടെ താഴേക്ക് പറക്കുന്നതനിടയിൽ , സ്വർഗത്തിൽ അയാൾക്കുനേരെ കൈ നീട്ടി നിൽക്കുന്ന രണ്ട് മാലാഖമാരെ അയാൾ കണ്ടു "അത് അന്നമ്മയും കുട്ടായിപ്പനും ആയിരുന്നു ."
കറിയാച്ചന്റെ മാലാഖമാർ