നക്ഷത്രകണ്ണുള്ള മാലാഖ

Representative Image

ആവര്‍ത്തിച്ചു കൊണ്ടുള്ള മൊബൈല്‍ ഫോണിന്റെ കിളിനാദം. രണ്ടുമൂന്നു പ്രാവശ്യം കേട്ടതിനു ശേഷമാണ് അയാള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റത്, കയ്യെത്തുന്ന ദൂരത്തല്ലല്ലോ, ഉറങ്ങാന്‍ കിടന്നപ്പോള്‍ ഈ പണ്ടാരം വച്ചതെന്ന് മനസ്സില്‍ പ്​രാകുകയും ചെയ്തു. ആരാണാവോ ഈ നട്ട പാതിരക്കു മനുഷ്യന്റെ ഉറക്കം കളയാനായിട്ട് വിളിക്കുന്നത്? അഴിഞ്ഞു കിടന്ന ഉടുമുണ്ട് വാരിച്ചുറ്റി മറുകയ്യില്‍ ഫോണ്‍ എടുക്കാന്‍ ഭാവിച്ചപ്പോള്‍ പുതച്ചിരുന്ന കമ്പളി നിലത്തു വീണു കിടന്നത് അറിയാതെ കാല്‍ വഴുതി വീഴാന്‍ ഭാവിച്ചു, ആരുടെയോ ഭാഗ്യത്തിന് തെന്നി വീഴും മുന്നേ അടുത്തുണ്ടായിരുന്ന മേശയില്‍ പിടുത്തം കിട്ടി, അപ്പോഴേക്കും കോള്‍ കട്ട്‌ ആവുകയും ചെയ്തു. പരിചയമില്ലാത്ത നമ്പര്‍ ആയതിനാല്‍ തിരിച്ചു വിളിക്കണമോ, വേണ്ടയോ എന്നു ശങ്കിച്ച്, ഉറക്കച്ചടവും, തെന്നി വീഴാന്‍ പോയതിന്റെ വിഷമവും, എല്ലാം കൊണ്ട് കലികേറിയ നേരത്താണ് വീണ്ടും ഫോണ്‍ റിംഗ് ചെയ്തത്. ഇത്തവണ കൂടുതല്‍ നേരം, കാത്തു നില്‍ക്കാതെ ഫോണ്‍ എടുത്തു.

ഹലോ, ആരാണ് വിളിക്കുന്നത്‌? അയാള്‍ ചോദിച്ചു.

രാജേട്ടനല്ലേ.? 

അതെല്ലോ. താങ്കള്‍ ആരാണ്?

രാജേട്ടാ ഞാന്‍ റഷീദാണ്.

ഏതു റഷീദ്.? ഉറക്കം നഷ്ടപെട്ടതിന്റെ ഈര്‍ഷ്യ മുഖത്തും വാക്കുകളിലും വ്യക്തമായിരുന്നു. തെറ്റായ നമ്പര്‍ ആണെന്നു പറഞ്ഞു കാള്‍ കട്ട്‌ ചെയ്യാന്‍ ഭാവിച്ചപോള്‍ മറുഭാഗത്തെ വാക്കുകള്‍ക്കു ജീവന്‍ വച്ചു.. അല്ല അപ്പൊ താങ്കള്‍ രാജന്‍ എന്നു വിളിക്കുന്ന രാജേന്ദ്രന്‍ അല്ലെ?

തെല്ലിട കൊണ്ടു തന്നെ, തികട്ടി വന്ന ഈര്‍ഷ്യയുടെ അളവ് കുറഞ്ഞതു കൊണ്ട് സ്വരത്തില്‍ അൽപം മയപ്പെടുത്തി മറുപടി പറഞ്ഞു.

അല്ലല്ലോ സുഹൃത്തേ.. ഞാന്‍ രാജശേഖരന്‍.. അടുപ്പക്കാര്‍ രാജാന്നാ വിളിക്ക്യാ..

ഓക്കേ, എന്തായാലും ഒരു രാജേട്ടന്‍ തന്നെയല്ലേ, എന്റെ അയല്‍വാസി ഒരു രാജേട്ടനെ വിളിച്ചതായിരുന്നു, ഇനിയൊരു പക്ഷേ നമ്പര്‍ മാറിപ്പോയതാണോ? യാദൃശ്ചികമെങ്കിലും, ഈ മണലാരണ്യത്തില്‍ നമുക്ക് ഉറ്റവരെന്നു പറയാന്‍ വേറാരുമില്ലല്ലോ, റഷീദ് വിടാനുള്ള ഭാവമില്ല. റഷീദ് നടക്കുകയാണെന്ന് തോന്നുന്നു. ഇടയ്ക്കിടെ വണ്ടികള്‍ ചീറി പോകുന്നത്തിന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്.

അയാള്‍ പറഞ്ഞു ഏതായാലും റഷീദിന്റെ നമ്പര്‍ ഞാന്‍ നോട്ട് ചെയ്തു വയ്ക്കുന്നുണ്ട്. രാത്രിവൈകും വരെ സൈറ്റ് വിസിറ്റും മറ്റുമായി ധാരാളം തിരക്കുണ്ടായിരിന്നു. നമുക്ക് വിശദമായി നാളെ സംസാരിച്ചാല്‍ പോരായോ?

മതി, രാജേട്ടാ സുഖനിദ്ര നേരുന്നു. ശുഭരാത്രി. ഓക്കേ ബൈ രാജേട്ടാ..

എഴുന്നേറ്റു നിന്ന് എസിയുടെ റിമോട്ട് എടുത്തു ഊഷ്മാവ് നില കൂട്ടിവച്ചു സുഖ നിദ്രയ്ക്ക് അതാണു നല്ലത്. കട്ടിലിനടുത്തുള്ള സൈഡ് ടേബിളിലേയ്ക്ക് മൊബൈല്‍ ഫോണ്‍ ഒതുക്കി വച്ചിട്ട് കിടക്കാന്‍ നേരം അയാള്‍ മൊബൈല്‍ സ്ക്രീനിൽ നോക്കി, സമയം അറിയാന്‍.. ഹോ ശുഭരാത്രി പോലും. സുപ്രഭാതത്തിനുള്ള സമയമായി അപ്പോഴാ.. എങ്കിലും കണ്ണുകള്‍ക്ക് നിദ്രാകടാക്ഷം കിട്ടിയതിനാല്‍ വേഗം തന്നെ ഉറക്കത്തിലേക്കു വഴുതി വീണതയാള്‍ അറിഞ്ഞില്ല..

പിറ്റേ ദിവസം. വെള്ളിയാഴ്ച, എല്ലാ പ്രവാസികളുടെയും സ്വപ്ന ദിനം. പ്രഭാത ശയന സുഖകാംക്ഷികള്‍..

അലങ്കാര കര്‍ട്ടന്‍ തെന്നിമാറി കിടന്നതിനാല്‍ ജനാലയുടെ ഗ്ലാസ്സ് ഡോറിന്റെ സുതാര്യതയിലൂടെ അനുസരണകേടുള്ള തന്റെ കിരണങ്ങള്‍ സൂര്യ ഭഗവാന്‍ അയാളുടെ കണ്ണുകളിലേക്കു കടത്തിവിട്ടപ്പോഴാണ് രാജന്‍ പള്ളിയുറക്കം വിട്ടെഴുന്നേറ്റത്... സമയം പത്തുമണിയായിക്കാണും..

''എന്തായിതു രാജാ പോത്തിനെ പോലെ കിടന്നുറങ്ങാതെ അന്‍റെ കെട്ട്യോളെ ഒന്ന് വിളിക്ക് പഹയാ.. ഓള് തൊള്ള തൊറന്നു കാറുന്നുണ്ടെന്ന് നിന്റെയാ കുന്ത്രാണ്ടത്തൂന്ന്.." 

നാട്ടുകാരനും സഹമുറിയനുമായ അന്ത്രുക്ക പറഞ്ഞപ്പോഴാണ് രാജന്‍ മൊബൈല്‍ നോക്കിയത്.! ലേഖയുടെ നാലോളം മിസ്ഡ് കോളുകള്‍...

നൈറ്റ് ഷിഫ്റ്റ്‌ ജോലി കഴിഞ്ഞു വന്ന അന്ത്രൂക്കാനു മൊബൈല്‍ റിങ്ങിംഗ് കാരണം ഉറക്കം നഷ്ടമായതിന്റെ ദേഷ്യ പ്രകടനമായിരുന്നെന്നു ചുരുക്കം..

അയ്യോ, ലേഖക്ക് ഇന്ന് ഒരു ഇന്റര്‍വ്യൂ ഉണ്ടെന്നു പറഞ്ഞിരുന്നല്ലോ, ഞാനതു മറന്നല്ലോ ദൈവേ.. ഇനിയിപ്പോള്‍ അവളുടെ മുഖം കടന്നല്‍ കുത്തിയതു പോലെ ഉണ്ടാകും. എന്നാലും വേണ്ടില്ല വിളിക്കുകതന്നെ, റിംഗ് അടിച്ചു കൊണ്ടിരിക്കെ, കെട്ട്യോളുടെ ദേഷ്യം മാറ്റാനുള്ള മാര്‍ഗ്ഗം ആലോചിക്കുകയായിരുന്നു..

''ഹലോ''

രാജേട്ടന്താ ഇനീം എണീറ്റിനില്ലേ?

അവളുടെ സൗണ്ട് കേട്ടിട്ട് കടന്നല്‍ കുത്തിയില്ലെന്നു തോന്നുന്നു.. അവളുടെ നിറവും ഓന്തിന്‍റെ നിറവും ഒരു പോലെ ആണ്.. എപ്പോഴാണ് കാറും കോളും കയറി വരികെന്നു അറിയില്ലല്ലോ! എങ്കിലും ശുദ്ധ പാവം പൊട്ടിയാണ്..

രാജാട്ടാ ഇന്റെര്‍വ്യൂ നാളേക്ക് മാറ്റി വച്ചു, ഇന്നു ജില്ലാ ഹര്‍ത്താല്‍ കാരണം. ഇടയ്ക്കിടെ വെട്ടും കുത്തും നടക്കുന്നുണ്ടല്ലോ അതിന്റെ ഭാഗമാണെന്നു തോന്നുന്നു

''പിന്നെ നിങ്ങളൊരു കാര്യം അറിഞ്ഞിനോ? നമ്മുടെ കുന്നും പുറത്തെ ഖദീസുമ്മാന്‍റെ മോനില്ലേ ഓന്‍ ഖത്തറില്‍ വണ്ടിയടിച്ചു മരിച്ചെന്നു കേട്ടു, നിങ്ങടെ അടുത്താണെന്നും പറയുന്നത് കേട്ടു, ഇന്നു ടിവിയിലെല്ലാം കാണിച്ചിനു പോലും'' 

ഏതു നമ്മുടെ മീന്‍കാരന്‍ ബീരാനിക്കാന്റെ മോനോ? ഓന്‍ ചെറുപ്പത്തില്‍ നാട് വിട്ടുപോയതല്ലേ.? രാജന്‍ ചോദിച്ചു 

''ആ അതന്നെ.''

ഞാനാ ചെക്കനെ നാലഞ്ചു വയസ്സുള്ളപ്പോഴോ മറ്റോ കണ്ടതാണ്.. പേരു പോലും അറിയില്ല. ബീരാനിക്ക മരിച്ചപ്പോള്‍ കദീസുമ്മാനെയും കുട്ട്യോളെയും, ഓരുരെ അങ്ങളാര്‍ വന്നു കൂട്ടി പോയതാണ്.. പിന്നെ ഈ ചെക്കന്‍ വലുതായപ്പോഴാണ്‌ വീണ്ടും അവിടെ വന്നതെന്ന് കേട്ടിരുന്നു..

ഇനീപ്പം ഖദീസുമ്മാന്റെ കാര്യം കഷ്ടം തന്നെ. മാത്രല്ല. പയ്യന്റെ കെട്ട്യോള്‍ക്ക്‌ ''മാസഭേദമാണെന്ന്'' പറയുന്നത് കേട്ടിരുന്നു, എന്റെ ദൈവേ അയിറ്റിങ്ങളെ ആരു ഇനി നോക്കും? നീ തന്നെ തുണ ദൈവേ.. ലേഖയുടെ സങ്കടപറച്ചില്‍ എന്നിലേക്കും പടര്‍ന്നു. ഇന്നലെ രാത്രി ആരോടോ ഫോണ്‍ വിളിച്ചു കൊണ്ട് അവന്‍ താമസിക്കുന്ന വില്ലയുടെ പുറത്തു നില്‍കുമ്പോള്‍ ഏതോ ഒരു വണ്ടി നിയന്ത്രണം തെറ്റി വന്നു അവനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നത്രേ..

എന്തായിരുന്നു അവന്റെ പേര്? രാജന്‍ ചോദിച്ചു..

റഷീദ്! ങേ? ഒരു മിന്നല്‍ പിണര്‍ മനസ്സിലൂടെ കടന്നു പോയോ?

എന്താ പേരെന്നാ പറഞ്ഞെ? രാജന്‍ വീണ്ടും ചോദിച്ചു..

റഷീദ് എന്നു പറഞ്ഞില്ലേ?

ലേഖേ, ഇന്നലെ രാത്രി ഒരു റഷീദ് എന്നെ വിളിച്ചിരുന്നു.. ഞാന്‍ നല്ല ഉറക്കത്തില്‍ ആയിരുന്നു. നാളെ സംസാരിക്കാമെന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ഇനിയിപ്പോ അതോ മറ്റോ ആണോ ദൈവമേ? ലേഖെ, ഞാന്‍ പിന്നെ വിളിക്കാട്ടോ എന്നു പറഞ്ഞു രാജന്‍ ഫോണ്‍ കട്ട് ചെയ്തു..

ഇന്നലെ വന്ന ഇന്‍കമിംഗ് കോള്‍ ലിസ്റ്റ് എടുത്തു റഷീദ് വിളിച്ച നമ്പരിലേക്ക് വിളിച്ചു.. കോള്‍ പോകുന്നുണ്ട്, ആരും എടുക്കുന്നില്ല..

മനസ്സില്‍ സംശയത്തിന് ആക്കം കൂടി.. വീണ്ടും വിളിച്ചപ്പോള്‍ അറബിയില്‍ മറുപടി വന്നു,

''മീന്‍ മൈ?''

ആരാണ്? അന മിന്‍ ഷുര്‍ത്താ (ഞാന്‍ പോലീസ് ആണ്)

ഇന്ത അവുസ് മീന്‍ ? താങ്കള്‍ക്ക് ആരെയാണ് വേണ്ടത് ?

അന തസ്സ്ല്‍ റക്കം വാഹദ് നെഫര്‍ ഇസ്മു റഷീദ്,(ഞാന്‍ റഷീദ് എന്ന് പേരുള്ള വ്യക്തിയുടെ നമ്പറിലേക്ക് വിളിച്ചതാണ്)

തയ്യിബ്, (ഓക്കെ)

ഏഷ ഇസ്മാക് ഇന്ത..(എന്താ പേര്)

അന രാജശേഖരന്‍..

മാഷി.. ഹി ഈസ് യുവര്‍ റിലേറ്റീവ് ?

നോ സര്‍ ഒണ്‍ലി എ നെയ്ബര്‍ (എന്റെ അയല്‍ക്കാരന്‍ മാത്രമാണ് )

മാഫി മുഷ്കില്‍.. (സാരമില്ല)

ഹുവ ഫീ മൌത്ത് ഹംസ് ബില്ലേല്‍.. (ഇന്നലെ രാത്രി അവന്‍ മരിച്ചു വണ്ടി ഇടിക്കുകയായിരുന്നു)

താല്‍ ഇന്ത മക്തബ് (പോലീസ് സ്റ്റേഷന്‍ വരെ വരണം)

അറബി നാട്ടിലെ പോലീസ് സ്റ്റേഷന്‍ നമ്മുടെ നാട്ടിലേക്കാളും സുതാര്യമാണ്.. എങ്കിലും ഒരു ധൈര്യത്തിന് അന്ത്രുക്കാനെയും കൂട്ടിയാണ് പോലീസ് സ്റ്റേഷനില്‍ പോയത്. അവിടെ ചെന്നു സംസാരിച്ചപ്പോള്‍ അവര്‍ ഒരു മുറിയിലേക്ക് ഞങ്ങളെ കൂട്ടി കൊണ്ടു പോയി. അവര്‍ നക്ഷത്ര കണ്ണുകളുള്ള ഒരു വെള്ള മാലാഖ രൂപത്തിലുള്ള പാവ കുട്ടിയെ കാണിച്ചു തന്നു. അവര്‍ പറഞ്ഞു വണ്ടി വന്നിടിച്ചു തെറുപ്പിച്ചപ്പോഴും പാവകുട്ടിയെ കൈവിട്ടിരുന്നില്ലെന്നു, അതു പറയുമ്പോള്‍ അറബി പോലീസിന്റെ കണ്ണുകളും നിറയുന്നതു കണ്ടു.

വിറയ്ക്കുന്ന കയ്കളോടെ റഷീദിന്റെ ആ കുഞ്ഞു മാലാഖയെ കയ്യിലെടുത്തു.. ഇതിനായിരുന്നോ റഷീദേ നീ എന്നെ വിളിച്ചിരുന്നത്‌? രാജന്‍ പരിസരം മറന്നു തേങ്ങിയേങ്ങി കരഞ്ഞു..

ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി റഷീദിന്റെ ചലനമറ്റ ദേഹത്തോടൊപ്പം നക്ഷത്ര കണ്ണുള്ള പാവക്കുട്ടിയുമായി ഖത്തര്‍ എയര്‍വെയ്സ് വിമാനം കോഴിക്കോട് എത്തിയപ്പോള്‍ വന്‍ ജനാവലി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ബോഡി ബന്ധുക്കളെ എൽപ്പിക്കുമ്പോഴും വലുതായതിനു ശേഷം കണ്ടിട്ടില്ലാത്ത റഷീദിനെ കാണണമെന്നു തോന്നിയില്ല.. അവരുടെ വീടിന്റെ അകത്തളത്തില്‍ തളര്‍ന്നു കിടക്കുന്ന ഖദീസുമ്മാന്റെ കരങ്ങളില്‍ ആ വെളുത്ത കണ്ണുകളുള്ള പാവകുട്ടിയെ എൽപിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ഉമ്മയുടെ മാറിലേക്ക്‌ മോഹാലസപ്പെട്ടു വീണ പെണ്‍കുട്ടിയെ ഒരിക്കലെ ഞാന്‍ നോക്കിയുള്ളൂ.... കൂടുതല്‍ നേരം അവിടെ നിൽക്കാനുള്ള കരുത്തുണ്ടായിരുന്നില്ല.. ലേഖയുടെ കൈ പിടിച്ചു വീട്ടിലേക്കു നടന്നു.

***   ***   ***

ഈയിടെ ആയി ലേഖയെ ഫോണ്‍ വിളിക്കുമ്പോള്‍ ഒരു കുഞ്ഞിളം കിളിയുടെ ശബ്ദം കേൾക്കാറുണ്ട്.. ലേഖ പറയാറുണ്ട്‌.. ഈ മാലാഖ കുട്ടിക്ക് വെളുത്ത നക്ഷത്ര കണ്ണുകളാണെന്ന്. ഒരിക്കല്‍ ആ മാലാഖ കുഞ്ഞിനോട് ഞാന്‍ പേര് ചോദിച്ചു.. നക്ഷത്ര കുഞ്ഞു മൊഴിഞ്ഞു

''നൂറാ റഷീദാ''

അപ്പോള്‍ നൂറായിരം നക്ഷത്ര കൂട്ടങ്ങള്‍ക്കിടയില്‍ ഒന്നിന് കൂടുതല്‍ തിളക്കമുള്ളതായി അയാള്‍ക്ക്‌ തോന്നി..