ദേവശിൽപി

Representative Image

ഇടവപാതി മഴയിൽ മുങ്ങി കുളിച്ചു കരുമാനം കുന്ന് ദേശം. വയലുകളും തോടുകളും നിറഞ്ഞൊഴുകി നാടെങ്ങുമുള്ള കുടിലുകൾ പാതിയും വെള്ളത്തിലാഴ്ന്നു. കിഴക്കേമലയിൽനിന്നുള്ള മലവെള്ളവും കൊണ്ട് കരുവാലി പുഴ ആരവത്തോടെ അറബിക്കടലിലേക്കൊഴുകുന്നു. പുഴ മുറിച്ചു കടക്കാൻ തോണിക്കാരൻ അച്യുതേട്ടൻ നന്നേ പാടുപെട്ടു.

സാധാരണ കുത്തൊഴുക്കിൽ തോണിയിറക്കാറില്ല പക്ഷേ, ഇതിപ്പോൾ വന്നിരിക്കുന്നത് ആനന്ദപുരത്തെ അധികാരിയും കാര്യക്കാരുമാണ് അവർക്കു പോകേണ്ടത് പുഴക്കക്കരെയുള്ള തച്ചൻകുന്നിലേക്കും. അവിടെയാണ് പ്രഗത്ഭരായ ശിൽപികളും തച്ചന്മാരും താമസിക്കുന്നത്. ദേശമായ ദേശത്തൊക്കെയുള്ള അമ്പലങ്ങളിൽ ഏതെങ്കിലുമൊരു കോണിൽ തച്ചൻകുന്നു മക്കളുടെ കൈപാട് പതിഞ്ഞിട്ടുണ്ടാകും വിശ്വ പ്രഗത്ഭനായ പെരുന്തച്ചന്റെ കുലത്തിൽ പെട്ടവരാണെന്നു കേട്ടു കേൾവിയുണ്ട് സത്യം ആർക്കുമറിയില്ല. കാര്യസ്ഥൻ ശങ്കുണ്ണിയുടെ പരിഭ്രമം കണ്ടു തോണിക്കാരൻ പറഞ്ഞു ആരും പേടിക്കണ്ട നിങ്ങൾ തോണിപ്പടിയിൽ മുറുകെ പിടിച്ചിരിക്കൂ ഈ തോണി മറിയുകയോ മുങ്ങുകയോ ഇല്ല. ഇതു തച്ചൻകുന്നിലെ കൃഷ്ണ ആശാരി ഒറ്റത്തടി ആഞ്ഞിലിയിൽ തീർത്തതാണ്. അതാണ് തച്ചൻ കുന്നു മക്കളുടെ കേമം. ഗൗരവം വിടാതെ അധികാരി പറഞ്ഞു, കേട്ടിട്ടുണ്ട് തച്ചൻകുന്നു മക്കളുടെ പുരാണങ്ങൾ.

പിന്നെ മറുകരയെത്തുന്നതു വരെ ആരും സംസാരിച്ചില്ല അച്യുതൻ തോണി കരയിലേക്ക് വലിച്ചടുപ്പിച്ചു അധികാരിയെ തൊഴുതുനിന്നു കാര്യസ്ഥൻ അച്യുതന് പണം നൽകി എന്നിട്ടു ശിങ്കിടികളൊരുമിച്ചു തച്ചൻകുന്നു ലക്ഷ്യമാക്കി നടന്നു.

മഞ്ഞമന്ദാരം അതിർവേലികെട്ടിയ പടിപ്പുരകടന്നവർ കുടിലിനു മുന്നിലെത്തി. കുടിലിനു തെക്കു വശത്തായുള്ള പണിപ്പുരയിൽനിന്നും തകൃതിയായി പണി നടക്കുന്നതിന്റെ ശബ്ദ കോലാഹലങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. കാര്യസ്ഥൻ ശങ്കുണ്ണി അൽപം ഉച്ചത്തിൽ ചോദിച്ചു "ആരുമില്ലേ ഇവിടേയ് " ആരാ എന്ന പതിഞ്ഞ ശബ്ദത്തോടൊപ്പം ഒരു പ്രായം ചെന്ന സ്‌ത്രീ പുറത്തേക്കു വന്നു. അധികാരിയുടെ ആഢ്യത്തം കണ്ടിട്ടാവണം ഭവ്യതയോടെ തൊഴുതു ചോദ്യഭാവത്തിൽ അദ്ദേഹത്തെ നോക്കി നിന്നു. ഞാൻ രാഘവപിള്ള  അൽപം ദൂരത്തു നിന്നാണ് ആനന്ദപുരം എന്നാണ് ദേശപ്പേര്. ഞാൻ അവിടത്തെ അധികാരിയും. 

ഇത്രയും കേട്ടപ്പോൾ തന്നെ സ്ത്രീ ബഹുമാന പൂർവം അവിടെ ഏതാനും മിനിക്കുപണികൾക്കായി മാറ്റിയിട്ടിരുന്ന സപ്രമഞ്ച കട്ടിൽ ചൂണ്ടി ഇങ്ങോട്ടിരിക്കു അങ്ങുന്നേ എന്നു പറഞ്ഞു. അധികാരി ആശ്ചര്യത്തോടെ കരിവീട്ടിയിൽ തീർത്ത സപ്രമഞ്ചക്കട്ടിൽ ആകെയൊന്നു വീക്ഷിച്ച ശേഷം അതിൽ ഇരുന്നു. കട്ടിലിന്റെ തലപ്പാടിയിൽ ആരെയും മോഹിപ്പിക്കും വിധം അംഗലാവണ്യത്തോടുകൂടിയ "കന്യകാ ശയനം "കൊത്തി വച്ചിരിക്കുന്നു മനോഹരമെന്നു മനസ്സിൽ പറഞ്ഞു. അങ്ങുന്നേ വന്ന കാര്യമങ്ങു പറയൂ കാര്യസ്ഥന്റെ വാക്കുകളാണ് അധികാരിയെ ചിന്തയിൽ നിന്നുണർത്തിയത് അദ്ദേഹം പരിസരഗൗരവം വീണ്ടെടുത്തുകൊണ്ടു തുടർന്നു. കേളു ആശാരിയുടെ വീടല്ലേ ഇത്‌. അതെ എന്ന് തലയാട്ടികൊണ്ടു ആ സ്ത്രീ പറഞ്ഞു അദ്ദേഹം ഇപ്പോൾ കിടപ്പിലാണ്. 

അപ്പോൾ പണിപ്പുരയുടെ വാതിൽ തുറന്ന് ഒരു ചെറുപ്പക്കാരൻ പുറത്തേക്കു വന്നു ആരാ എന്നു ചോദിച്ചു. കേളു ആശാരിയെ കാണാൻ  എന്ന് പറഞ്ഞുതീരും മുൻപേ ചെറുപ്പക്കാരൻ പറഞ്ഞു അച്ഛൻ കിടപ്പിലാണ് ഞാൻ ആശാരിയുടെ മകൻ കൃഷ്ണൻ. പണിയുടെ കാര്യം വല്ലതുമാണെങ്കിൽ എന്നോട് പറയാം. അധികാരി കൃഷ്ണനെ ഒന്നു നോക്കി എന്നിട്ട്, തുടർന്നു എന്റെ ദേശത്തു ഒരു ഭഗവതിയമ്പലം  പണിയണം നാട്ടിലുള്ള അമ്പലങ്ങളിലൊക്കെ കാണുന്ന തച്ചൻകുന്നു മക്കളുടെ കരവിരുത് എന്റെ നാട്ടിലും ഉണ്ടാവട്ടേ എന്ന് ഞാൻ ആഗ്രഹിക്കുന്നു. 

ഇതു കേട്ട കൃഷ്ണൻ അൽപം പുച്ഛത്തോടെ ചോദിച്ചു അമ്പലം പണിയുന്നത് നിങ്ങളുടെ ദേശത്തിന്റെ ക്ഷേമത്തിനോ അതോ തച്ചൻകുന്നു മക്കളുടെ പെരുമയ്‌ക്കോ? ഇതുകേട്ട അധികാരി ഒന്നു പരുങ്ങി ജാള്യത മറച്ചുകൊണ്ട് കാര്യസ്ഥന്റെ കയ്യിൽ നിന്നും തന്ത്രി കുറിച്ച് കൊടുത്ത കുറിപ്പടിയും രൂപരേഖയും വാങ്ങി കൃഷ്ണന് കൊടുത്തു. കൃഷ്ണൻ അതു വാങ്ങി നിവർത്തി പിടിച്ചു കൊണ്ട് പറഞ്ഞു അമ്പലം സ്ഥാനപ്രകാരം മൂന്നു വേണം. മൂന്നു പ്രതിഷ്‌ഠയും അല്ലെങ്കിൽ തൊഴുതു തിരിയുമ്പോൾ അഗ്നികോണിലാകും ദൃഷ്‌ടി പതിയുക തന്ത്രി സ്ഥാനം കണ്ടപ്പോൾ സൂചിപ്പിച്ചില്ലേ ഇതൊക്കെ? 

ഇതു കേട്ട് പിള്ള പറഞ്ഞു ഉവ്വ്, അതല്ലേ ഈ മലവെള്ളപ്പാച്ചിലിൽ ഞാൻ തന്നെ നേരിട്ടു വന്നത്. വടക്കുംപുറത്തെ ശ്രീധരൻ തന്ത്രിയാണ് ഞങ്ങളെ ഇങ്ങോട്ടയച്ചത്. ഉപേക്ഷ കാണിക്കരുത് അമ്പലം പണി ദേശക്കാരുടെ ഒരു ആഗ്രഹമാണ്. നിങ്ങൾ വന്ന് അതു പൂർത്തിയാക്കി തരണം. അച്ഛൻ ഇല്ലെങ്കിൽ മകൻ എങ്കിലും വന്നാൽ മതി. 

ക്ഷമിക്കണം ഇവിടെ പണിപുരയിൽ പിടിപ്പതു പണിയുണ്ട്. വടക്കു ദേശത്തെ അഴകിയകോവിൽ തമ്പുരാട്ടിയുടെ അറ പുതുക്കിപ്പണിയുന്നു പിന്നെ ഒന്നുരണ്ട് ചെറിയ അമ്പലങ്ങളും കോലോം വക മൂന്ന് വീടുകളും പണിനടക്കുന്നു. പണിക്കാർ നാലുപാടും ഓടി നടന്നു രാവും പകലുമില്ലാതെ പണിയെടുക്കുന്നു. ഇതിന്റെ ഇടക്ക് ഇതും കൂടി ഏറ്റാൽ പറഞ്ഞ സമയത്തൊന്നും പ്രതിഷ്‌ഠ നടക്കില്ല തമ്പുരാൻ തഞ്ചാവൂരോ തെങ്കാശ്ശിയിലോ പോയി ആളുകളെ നോക്കൂ. എന്നോട് അലോഹ്യമൊന്നും തോന്നരുത് ഇത്രയും പറഞ്ഞു പണിപ്പുരയിലേക്കു കയറാൻ തുടങ്ങിയ കൃഷ്ണനെ തടഞ്ഞു കൊണ്ട് അമ്മ പറഞ്ഞു. ആവശ്യവുമായി തച്ചൻകുന്നു കയറിയവരെ നിരാശയോടെ മടക്കി അയയ്ക്കരുത് അത് നമ്മുടെ കുലത്തിൽ പതിവില്ലാ, മാത്രവുമല്ല ശ്രീധരൻ തന്ത്രിയും നിന്റെയച്ഛനും ചങ്ങാതിമാരാണ്. ദൈവ നിയോഗം നടപ്പാക്കാൻ കുലത്തൊഴിൽ ചെയ്യുന്ന നീ ബാധ്യസ്ഥനാണ്‌. രൂപരേഖയും സ്ഥാനാക്കുറിയും സ്വീകരിച്ചു പണി തുടങ്ങുവാനുള്ള ഏർപ്പാടുകൾ ചെയ്യണം. ഈ കിടക്കുന്ന കട്ടിലോ അകത്തു നീ കൊത്തുന്ന താമരയിതളുകളോ വ്യാളി മുഖമോ പുഴയിൽ മുങ്ങാത്ത വഞ്ചിയോ ഒന്നുമല്ല ഒരു തച്ചന്റെ കഴിവുകൾ പൂർണതയിലെത്തണമെങ്കിൽ ശിലകളിൽ നിന്റെ കരവിരുത് കൊണ്ട് നീ രൂപങ്ങളെ ആവാഹിച്ചു വരുത്തണം. ശില്‍പ തന്ത്രം വരപ്രസാദമാണ് അത് എല്ലാ തച്ചൻമാർക്കും ലഭിക്കണമെന്നില്ല, നിനക്കതുണ്ട് അച്ഛൻ പഠിപ്പിച്ച ശാസ്ത്രങ്ങളൊക്കെ നീ ഉപയോഗപെടുത്തണം എന്നു പറഞ്ഞുകൊണ്ടവർ അധികാരിയോടായി പറഞ്ഞു. തമ്പുരാനെ, അവൻ വരും സ്ഥാനക്കുറിയും രേഖയും അവനെയേൽപ്പിച്ചു സന്തോഷത്തോടെ മടങ്ങുക. അധികാരി കൃഷ്ണനെ പണക്കിഴിയും രേഖയും ഏൽപ്പിച്ചു അവൻ ഭവ്യതയോടെ എറ്റു വാങ്ങ .

ആനന്ദപുരം ദേശക്കടവിൽ അധികാരിയും നാട്ടുകാരും തച്ചനെ സ്വീകരിക്കുവാൻ തയാറായി കഴിഞ്ഞു. കൃഷ്‌ണനും സംഘവും സഞ്ചരിച്ച വഞ്ചി കടവിലേയ്ക്കടുത്തപ്പോൾ തന്നെ ചെണ്ടമേളങ്ങൾ മുഴക്കിയും പടക്കം പൊട്ടിച്ചും കരഘോഷം മുഴക്കിയും നാട്ടുകാർ സ്വീകരിച്ചു. 

കൃഷ്ണൻ ഭവ്യതയോടെ അധികാരിയെ വണങ്ങി. കടവ് കഴിഞ്ഞ് അൽപം മുന്നിലേക്കു നടന്നപ്പോൾ തന്നെ തന്ത്രിയെയും കൂട്ടരെയും കണ്ടു കൃഷ്ണൻ തന്ത്രിയുടെ കാൽ തൊട്ടു വന്ദിച്ചു.

ക്ഷമിക്കണം പണിപ്പുരയുടെയും വിശ്രമപുരയുടെയും പണി കുറച്ചു കൂടി തീരാനുണ്ട്. അതു വരെ നിങ്ങൾക്ക് പത്തായപ്പുരയുടെ തെക്കുവശത്തായുള്ള മുറികളിൽ താമസിക്കാം നിങ്ങൾക്കെല്ലാ സഹായത്തിനും ശങ്കുണ്ണിയെ ഏർപ്പാടാക്കിട്ടുണ്ട്. ഇത്രയും പറഞ്ഞു കൊണ്ട് പോകാനൊരുങ്ങിയ തമ്പുരാനോട് കൃഷ്‌ണൻ പറഞ്ഞു എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. സ്ഥാനക്കുറിയും രൂപരേഖയും ഇവിടുത്തെ സ്ഥലവും തമ്മിൽ ചില മാറ്റങ്ങൾ ഉള്ളതു പോലെ തോന്നുന്നു അതെകുറിച്ച് തന്ത്രിയോട് ചില കാര്യങ്ങൾ നേരിട്ടറിയിക്കാനുണ്ട്. ഒരു സ്ഥലത്തു തന്നെ മൂന്നു ക്ഷേത്രങ്ങൾ ഒരുമിച്ചു പതിവില്ല അതാണെങ്കിലോ ചെലവും കൂടുതൽ. ഇതു കേട്ട് തമ്പുരാൻ ചിന്താമൂകനായി നിന്നു. എന്നിട്ടു പറഞ്ഞു തന്ത്രിയോടാലോചിച്ചു വേണ്ടവിധം മാറ്റങ്ങൾ വരുത്താം. പക്ഷേ, അമ്പലം ഈ ദേശത്തിന്റെ പ്രതീകമാകണം അന്യദേശത്തു വരെയെത്തണം ഈ ക്ഷേത്രപ്പെരുമ അതിനുള്ള മാർഗം കൂടി ആശാരി ആലോചിക്കൂ. ഈ ദേശക്കാരുമറിയട്ടെ തച്ചൻകുന്നു മക്കളുടെ പെരുമ. ഇത്രയും പറഞ്ഞിട്ട് തമ്പുരാൻ നടന്നകന്നു. 

കൃഷ്ണൻ രൂപരേഖയും നിവർത്തി പിടിച്ചു കോലായിതറയിലിരുന്നു. കാൽപ്പെരുമാറ്റം കേട്ടാണ് കൃഷ്ണൻ രൂപരേഖയിൽ നിന്നും   കണ്ണെടുത്തത് ശ്രീധരൻ തന്ത്രിയെ കണ്ടപ്പോൾ അവൻ എഴുന്നേറ്റു തൊഴുതു. "തമ്പുരാൻ പറഞ്ഞു സ്ഥാനക്കുറിയിൽ ഒരു മാറ്റം, അതിനെക്കുറിച്ചറിയാനാണ് ഞാൻ വന്നത്". മനസ്സിലുള്ളത് പറയു ശാസ്ത്രം അനുവദിക്കുമെങ്കിൽ പരിഗണിക്കാം. തന്റെ അച്ഛനും ഞാനും ഇങ്ങനെയൊക്കെ തന്നെയാണ് നാടായ നാടൊക്കെ പെരുമയുള്ള അമ്പലങ്ങൾ പണിതത്‌. തന്ത്രിയുടെ വാക്കുകൾ അവനു പുതിയ അനുഭവമായിരുന്നു ആശാരിയെ മാനിക്കുന്ന നമ്പൂതിരിയോ എന്ന് മനസ്സിലോർത്തു കൊണ്ട് സന്തോഷത്തോടെ തന്ത്രിയുടെ മുഖത്തേയ്ക്കു നോക്കി. ആ മനസ്സ് വായിച്ചതു പോലെ തന്ത്രി പറഞ്ഞു മോനെ ശാസ്ത്രത്തിനു മുന്നിൽ ജാതിയും മതവുമൊന്നുമില്ല എന്ത് മാറ്റമാണെങ്കിലും ധൈര്യമായി പറയൂ. കൃഷ്ണൻ ഭയത്തോടെ പറഞ്ഞു ഒരേ സ്ഥാനത്തു മൂന്നു ക്ഷേത്രത്തിനുപകരം മൂന്നു പ്രതിഷ്‌ഠ. ത്രിവേണി സംഗമം പോലെ അഗ്നികോണിനെ മറയ്ക്കാൻ അടുത്തു തന്നെ ഒരു സരസ്വതി മണ്ഡപവും പണിതാൽ നന്നാവും എന്നു തോന്നുന്നു. തന്ത്രി അൽപനേരം മൗനിയായിരുന്നു. എന്നിട്ടു പറഞ്ഞു മണ്ഡപം നല്ലതു തന്നെ പക്ഷേ മണ്ഡപത്തിലെ കൽവിളക്കിന്റെ സ്ഥാനം മാറരുത് കാറ്റുകൊണ്ടു തിരി അണഞ്ഞു പോകാതിരിക്കാൻ എന്തെങ്കിലും വിദ്യ ഉണ്ടോ തന്റെ കയ്യിൽ. ഉണ്ട് എന്നു കൃഷ്ണൻ പറഞ്ഞു മണ്ഡപത്തിനു തൂണുകൾ എട്ടു മാറ്റി പത്ത് ആക്കണം. അഷ്ടത്തിൽ നിന്നും ദശകത്തിലേക്കു മാറ്റി ചിന്തിക്കണം. കൽത്തൂണിൽ നല്ല രൂപങ്ങൾ പതിയണം. ഒന്നാമത്തെ തൂണു മുതൽ പത്താമത്തെ തൂണു വരെ എല്ലാ തൂണുകളിലും നൃത്ത രൂപങ്ങൾ വിരിയണം. ശ്രമകരമാണ് എങ്കിലും ശ്രമിക്കാം. അങ്ങയുടെ അനുഗ്രഹം കൂടെയുണ്ടായാൽ മതി ഞാനും തമ്പുരാനും ഈ ദേശക്കാരും എന്തിനും തന്റെ കൂടെ തന്നെയുണ്ടാകും. നാളെ കഴിഞ്ഞു രാഹുകാലത്തിനു മുന്നേ ശിലാസ്ഥാപനം നടത്തണം അതു വരെ വിശ്രമം. ഇത്രയും പറഞ്ഞു തന്ത്രി നടന്നകന്നു. 

പ്രത്യേകം തയാറാക്കിയ കുരുത്തോലപ്പന്തലിൽ നിലവിളക്കെരിഞ്ഞിരുന്നു അതിന്റെ ചുവട്ടിലായി തുളസിയിലയും പൂക്കളും ചിതറിക്കിടക്കുന്നു. ചന്ദനം പൂശിയ കല്ലിന്റെ മുകളിൽ കർപ്പൂരമെരിഞ്ഞു. അവിടമാകെ സുഗന്ധം പരന്നു. ഭൂമിപൂജയും വായു പൂജയും കഴിഞ്ഞ് തന്ത്രി കൃഷ്ണനെ വിളിച്ചു ശിലാസ്ഥാപനത്തിനു തമ്പുരാന്റെ അനുവാദം ചോദിക്കാൻ പറഞ്ഞു. കൃഷ്ണൻ കല്ലെടുത്ത് അധികാരിയുടെ കയ്യിൽകൊടുത്തു. എല്ലാവരുടെയും അനുഗ്രഹത്തോടെ അധികാരി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തി. ആനന്ദപുരം ദേശത്ത് ഉത്സവ അന്തരീക്ഷമായിരുന്നു. ചെണ്ടമേളങ്ങൾ മുഴങ്ങി, ആരവങ്ങളുയർന്നു. വൈകുന്നേരമായപ്പോഴേക്കും പണിക്കാവശ്യമായ തടികളും കല്ലുകളും മന്ദാകിനിപ്പുഴ കടന്നിക്കരെയെത്തി.

കൃഷ്ണൻ രാവിലെ തന്നെ പണിപ്പുരയിലെത്തി ഗുരുകാരണവന്മാരെ മനസ്സിൽ ധ്യാനിച്ച് പണിപ്പുരയിൽ വിളക്കു തെളിയിച്ചു. പണിയായുധങ്ങളെല്ലാം പൂജിച്ചു പണിക്കാർക്ക് നൽകി. എന്നിട്ട് അളവുകോലുമെടുത്തു പുറത്തേക്കു പോയി പണിക്കാർ തറക്കല്ലു പാകുന്ന പ്രാരംഭഘട്ടത്തിലേക്കു കടന്നു. കൃഷ്ണൻ ഓരോ കല്ലും അതിന്റെ ഘടനയ്ക്കും കാഠിന്യത്തിനുമനുസരിച്ചു വിവിധ ആവശ്യങ്ങൾക്കായി തരം തിരിച്ചു കൊണ്ടിരുന്നു. തമ്പുരാന്റെ വാല്യക്കാരും കാര്യസ്ഥനും സദാസമയവും കൃഷ്ണനെ ചുറ്റിത്തിരിഞ്ഞു നിന്നു വൈകുന്നേരമായപ്പോഴേക്കും തമ്പുരാനും തന്ത്രിയും പണിയുടെ പുരോഗതി നോക്കാൻ ഒരുമിച്ചെത്തി. തന്ത്രി സ്നേഹത്തോടെ പറഞ്ഞു പണിക്കാർ കൂടുതലായി വേണമെങ്കിൽ വരുത്തണം. പിന്നെ മറ്റെന്തെങ്കിലും സൗകര്യങ്ങൾ വേണമെങ്കിൽ പറയാൻ മടിക്കരുത് ഇവിടെ കൊണ്ടുവന്ന കല്ലിനോ മരത്തിനോ എന്തെങ്കിലും പാകപ്പിഴയുണ്ടെങ്കിൽ മാറ്റാനുള്ള ഏർപ്പാടുകൾ ചെയ്തോളു. എല്ലാം കേട്ടുനിന്ന 

കൃഷ്ണൻ ഭവ്യതയോടെ പറഞ്ഞു വരും ദിവസങ്ങളിൽ പണിക്കാർ കൂടുതൽ വരും മറ്റൊന്ന്, പ്രധാന പ്രതിഷ്‌ഠയ്ക്കുള്ള കല്ല് വേറെ തന്നെ കൊണ്ടു വരണം. ഇതു കേട്ട് നിന്ന അധികാരി പറഞ്ഞു പാകമുള്ള കല്ല് കൃഷ്ണൻ തന്നെ ഏർപ്പാടാക്കു. ഏതു ദേശത്തുണ്ടെങ്കിലും നമുക്ക് ഇവിട വരുത്തിക്കാം. പക്ഷേ വിഗ്രഹം തേജസ്സുറ്റതാവണം തൊഴുതാൽ മനസ്സിൽ നിന്നു മായാതെ നിൽക്കണം. ഇതു കേട്ട കൃഷ്ണൻ പറഞ്ഞു വിഗ്രഹത്തിന്റെ മുഖം മാത്രം പോരാ സരസ്വതി മണ്ഡപത്തിലെ തൂണുകളിലെ ശിൽപങ്ങളുടെ മുഖവും അടിയന് ഒരു വെല്ലുവിളിയാണ്. 

ഒരു മുഖവും മനസ്സിൽ തെളിയുന്നില്ല ഈ ദേശത്തു നൃത്തം പഠിച്ച സ്ത്രീകളാരെങ്കിലുമുണ്ടെങ്കിൽ സഹായത്തിനു ലഭിക്കും വിധം ഏർപ്പാട്  ചെയ്തുതരണം തമ്പുരാൻ, 

ഇതു കേട്ട കാര്യസ്ഥൻ ഇടയിൽ കയറി പറഞ്ഞു തമ്പുരാന്റെ മോൾ കുഞ്ഞുലക്ഷ്മി തമ്പുരാട്ടി നല്ല നർത്തകിയാണ് തൽക്കാലം തമ്പുരാട്ടിയുടെ സഹായം തേടാം. ഞാൻ അവളോട് ഇതേക്കുറിച്ചു സംസാരിക്കാം എന്നു പറഞ്ഞ് തമ്പുരാൻ പുറത്തേക്കു പോയി. കൃഷ്ണന്റെ മനസ് അപ്പോഴും അവ്യക്തമായ സ്ത്രീരൂപം തേടിയലയുകയായിരുന്നു. അത്താഴം കഴിഞ്ഞവർ പുഴക്കരയിലേക്കു നടന്നു. നിലാവെളിച്ചത്തിൽ പുഴയുടെ ചുഴിയിളക്കങ്ങൾക്കും കുളിർക്കാറ്റിനും അവന്റെ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവൻ പുഴക്കരയിലൂടെ അലസമായി നടന്നു പെട്ടെന്ന് പുഴയിൽ നിന്നും ഒരു ആൾ രൂപം മുങ്ങിപൊങ്ങി വരുന്നു. അവ്യക്തമായ രൂപം കരയിലേക്ക് കയറി ആകാശത്തു കാർമേഘം മാറിയപ്പോഴാണ് ചന്ദ്രവെളിച്ചത്തിൽ വ്യക്തമായി കണ്ടത് ഒരു സ്ത്രീ രൂപമാണ് മുടിയഴിച്ചിട്ടു ഈറൻ ഒറ്റമുണ്ടു ചുറ്റിയ ഒരു സ്ത്രീ രൂപം കൃഷ്ണൻ ഭയന്നു വിറച്ചു കൽപടവിൽ മറഞ്ഞു നിന്നു. അവൻ എളിയിൽ തിരുകിയ വീതുളി കയ്യിലെടുത്തു. യക്ഷിയോ മനുഷ്യനോ വേർതിരിച്ചറിയാൻ പറ്റുന്നില്ല. അവളുടെ കാൽപാടുകൾ അവൻ പിന്തുടർന്ന് പണ്ടെപ്പോഴോ കേട്ട് മറന്ന പാദസ്വരത്തിന്റെ ശബ്ദം ഓർത്തെടുക്കുവാൻ ശ്രമിച്ചു. അതെ ഇവിടെ വന്ന ദിവസം ആൽത്തറയിൽ വച്ച് തന്ത്രിയെ കാണുന്നതിനു മുൻപ്, ശിലാസ്ഥാപനത്തിന്റെ അന്ന്, ആൾക്കൂട്ടത്തിൽ വച്ച് തമ്പുരാന്റെ ആളുകൾ അവളെ തല്ലിയോടിച്ചപ്പോൾ ഈ പാദസ്വരത്തിന്റെ കൂട്ടമണിക്കിലുക്കം കേട്ടതോർക്കുന്നു. കൂട്ടത്തിൽ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു. ഭ്രാന്തയാണവൾ വേശ്യയാണവൾ എന്നൊക്കെ. ആരായാലും നല്ല ലക്ഷണമുള്ളവൾ ഏതൊരു പുരുഷനെയും മോഹിപ്പിക്കുന്ന അംഗലാവണ്യമുള്ളവൾ. ഇവൾ എങ്ങനെ ഭ്രാന്തിയായി? എന്തിനാണ് പ്രാകൃതവേഷം ധരിച്ചു നടക്കുന്നത്. ഉത്തരമില്ലാത്ത ചോദ്യങ്ങൾ അവനെ അലട്ടി.

പ്രഭാത ഭക്ഷണം കഴിക്കുമ്പോഴാണ് രാത്രി കേട്ട പാദസ്വരമണിക്കിലുക്കം കൃഷ്‌ണൻ വീണ്ടും കേൾക്കുന്നത്. കൂട്ടത്തിലുള്ള ആരോ അവൾക്കു നേരെ ഒരു കല്ലെടുത്തെറിഞ്ഞു. അവൾ ഭയത്തോടെ പിന്നോട്ട് മാറി രണ്ടാമതും കല്ലെറിയാനൊരുങ്ങിയപ്പോൾ കൃഷ്ണൻ തടഞ്ഞു. എന്നിട്ട് അവളോട് ചോദിച്ചു നീയാരാണ് എന്താണ് നിനക്കു വേണ്ടത് "പെണ്ണിനുള്ളതെല്ലാം എനിക്കുണ്ട് ആണിന് ആവശ്യമുള്ളതെല്ലാം എടുക്കാം" പകരം വിശപ്പടക്കാൻ ഇത്തിരി എന്തെങ്കിലും തരുമോ? ഞാൻ ഒരു ഭ്രാന്തിയാണ്. ആനന്ദപുരത്തെ ഏറ്റവും ആനന്ദമുള്ളവൾ ഇതു കേട്ട കൃഷ്ണൻ സഹായിയോടായി പറഞ്ഞു. അവൾക്ക് ആവശ്യമുള്ള ഭക്ഷണം കൊടുക്കൂ. സഹായി ഭക്ഷണമെടുത്ത് അവൾക്കു നീട്ടി അവൾ അത് മേടിച്ചു ആർത്തിയോടെ തിന്നുകൊണ്ടിരിക്കെ ശങ്കുണ്ണിയും കൂട്ടരും അവിടെയെത്തി. അയാൾ അവൾക്കു നേരെ അലറി. എടീ പിഴച്ചവളെ പോ, ദൂരെ പോ.. എന്നിട്ടു കൂടെയുണ്ടായിരുന്നവരോടായി പറഞ്ഞു തല്ലിയോടിക്ക്‌ ഈ പിശാചിനെ. ഈ പുണ്യ ഭൂമിയിൽ അവളുടെ നിഴലുപോലും പതിയരുത് നാടുമുടിക്കാനായി ഉണ്ടായ പിഴച്ച സന്തതി. അതു  കേട്ടപ്പോൾ തന്നെ അവൾ ശേഷിച്ച ഭക്ഷണം അവിടെ ഉപേക്ഷിച്ച് എങ്ങോട്ടോ ഓടി മറഞ്ഞു. കൃഷ്ണൻ എന്താണ് സംഭവിച്ചത് എന്നു മനസിലാക്കാൻ കുറച്ചു സമയമെടുത്തു.

കൃഷ്ണൻ ചോദ്യ ഭാവത്തിൽ കാര്യസ്ഥനെ നോക്കി. അത് മനസ്സിലായിട്ടെന്നോണം കാര്യസ്ഥൻ പറഞ്ഞു. അവൾ ആ കുന്നിനപ്പുറത്താണ്. ദേവയാനി എന്നാണവളുടെ പേര്. ഇവിടെ കുറച്ചു മാറി ഒരു കാവുണ്ട് അവിടുത്തെ പൂജാരിയായിരുന്നു അവളുടെ അച്ഛൻ. തമ്പുരാന് ഒരു മോൻ ഉണ്ടായിരുന്നു. ദേവയാനിയും ചെറിയ തമ്പുരാനും തമ്മിൽ അടുപ്പത്തിലായിരുന്നു. അവർ കണ്ടു മുട്ടിയിരുന്നത് ആ കാവിൽ  വച്ചായിരുന്നു. അവരുടെ അടുപ്പം നാട്ടിലും വീട്ടിലും ഒരുപാട് കോലാഹലങ്ങൾ ഉണ്ടാക്കി. ഒരുദിവസം ആ കാവിൽ വച്ച് തമ്പുരാന്റെ മോൻ മരണപ്പെട്ടു. ഇവളുടേയും ഇവളുടെ അച്ഛന്റെയും ദുർമന്ത്രവാദമാണ് മരണത്തിനു കാരണമെന്നു പറഞ്ഞു തമ്പുരാനും കൂട്ടരും ഇവരെ ഉപദ്രവിച്ചു. അവൾ നാഗയക്ഷിയാണ് സർപ്പകന്യകയാണെന്നൊക്കെ ദേശക്കാരൊക്കെ പറയുവാനും തുടങ്ങി. പക്ഷേ ഈ ദേശത്തെ പകൽ മാന്യന്മാർ രാത്രിയിൽ അവളുടെ കുടിലിലെത്തി. അച്ഛന്റെ മരണം വരെ അവൾ പിടിച്ചു നിന്നു പിന്നീട് കാര്യങ്ങൾ വഷളായി ആളുകൾ അവളെ പിച്ചി ചീന്താൻ തുടങ്ങി. അതുകൊണ്ട് അവൾ ഭ്രന്തിയായി സ്വയം മാറിയതാവാം. ആരും സഹായിക്കാനില്ലാതെ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ശരീരം കാഴ്ച വെക്കേണ്ട അവസ്ഥയിലായി അവൾ. ഇതെല്ലാം കേട്ടിട്ട് കൃഷ്ണൻ ഒരു ശിലകണക്കെ ഭക്ഷണത്തിന്റെ മുന്നിലിരുന്നു. ഇങ്ങനെയും ജീവിതങ്ങളോ? ഇത്രയും ദയയില്ലാത്ത ദേശക്കാരോ? അവന്റെ ഉള്ളിൽ അമർഷം നുരഞ്ഞു പൊന്തി. അവൻ മുന്നിൽ വച്ച ഭക്ഷണ പത്രം തട്ടിത്തെറിപ്പിച്ചു പുറത്തേയ് ക്കുപോയി. അന്ന് അവനു പണിയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അവന്റെ മനസ്സ് ആ ഭ്രാന്തിയിലായിരുന്നു. എത്ര പെട്ടെന്നാണ് ഒരാളുടെ ജീവിതം മാറിമറിയുന്നത്. അവൻ അസ്വസ്ഥമായി പണിസ്ഥലത്തു വെറുതെ ചുറ്റിത്തിരിഞ്ഞു മറ്റു പണിക്കാരോടൊക്കെ കാരണമില്ലാതെ ദേഷ്യപ്പെട്ടു സമയം കഴിച്ചു കൂട്ടി.

നേരമിരുട്ടാൻ അവൻ കാത്തിരുന്നു. ഇന്നലെ രാത്രി കേട്ട പാദസ്വരത്തിന്റെ കിലുക്കം കാതോർത്തിരുന്നു. രാത്രിയായപ്പോഴേക്കും അവൻ അത്താഴം കഴിഞ്ഞു പുഴക്കരയിലേക്കു നടന്നു. നിലാ വെളിച്ചത്തിൽ പുഴയുടെ ഓളപ്പരപ്പുകളിൽ കണ്ണും നട്ടിരുന്നു. അവളുടെ പദനിസ്വനം നുകരാൻ അവന്റെ കർണ്ണങ്ങൾക്കായില്ല. അവൻ നിരാശയോടെ കാവിനടുത്തുള്ള ആൽത്തറയിലേക്ക് നടന്നു. ഇടവഴിയിലൂടെ രണ്ടു പേര് തിടുക്കത്തിൽ നടന്നു വരുന്നതു കണ്ട് അവൻ ആൽതറയുടെ താഴെ മറഞ്ഞുനിന്നു. "അവൾ ഇന്ന് രക്ഷപെട്ടു നാളെയെങ്കിലും അവളെ പിടികൂടണം" ഒരാൾ രണ്ടാമനോട് പറഞ്ഞു കൊണ്ട് പുഴക്കരയിലേക്കു പോയി. കൃഷ്ണൻ ഒരു ബീഡി കത്തിച്ച് ആഞ്ഞുവലിച്ച് ആൽത്തറയിലേക്കമർന്നിരുന്നു. പെട്ടെന്ന് ആലിന്റെ കൊമ്പിൽ നിന്നും എന്തോ ഒന്ന് ശക്തിയായി താഴേക്ക് പതിച്ച ശബ്‌ദം കേട്ട് അവൻ ഞെട്ടി തിരിഞ്ഞു നോക്കി. അപ്പോഴേക്കും പാദസ്വരം കിലുക്കിക്കൊണ്ടവൾ ഓടി മറഞ്ഞു. കൃഷ്‌ണൻ അവളെ പിന്തുടർന്ന് അവളുടെ പാദസ്വരകിലുക്കത്തിന്റെ ഉറവിടം തേടി. അയാൾകാട്ടു വഴിയിലൂടെ കാവിലേക്കു നടന്നു. പെട്ടെന്നെപ്പോഴോ പാദസ്വര കിലുക്കം നിശ്ചലമായി കാവിനു ചുറ്റും ഇരുൾ മൂടിക്കെട്ടി കൊണ്ടു നിലാവ് കാർമേഘകൂട്ടത്തിലൊളിച്ചു. കട വവ്വാലുകളുടെ ചിറകടിയൊച്ചയും ചീവീടുകളുടെ അസഹ്യമായ ശബ്ദവും കുന്നിറങ്ങിവന്ന തണുത്തകാറ്റിനൊപ്പം കാവിനുള്ളിൽ ചുറ്റിത്തിരിഞ്ഞു. തണുത്തകാറ്റിലും കൃഷ്ണനെ നന്നായി വിയർക്കുന്നുണ്ടായിരുന്നു. ഇടുപ്പിൽ തിരുകിയ വീതുളി അവിടെ തന്നെയുണ്ടെന്ന് ഇടയ്ക്ക് ഉറപ്പു വരുത്തി. പൂത്തുലഞ്ഞുനിൽക്കുന്ന ചെമ്പകമരത്തിന്റെ പിന്നിൽ നിന്നും പെട്ടെന്നവൾ പ്രത്യക്ഷപെട്ടു എന്നിട്ട് അവനെ നോക്കി അട്ടഹാസചിരിമുഴക്കി. ധൈര്യം വീണ്ടെടുത്തുകൊണ്ടാവൻ ചോദിച്ചു. നീയാരാണ്? എന്തിനാണ് നീ എന്നെ ഭയപ്പെടുത്താൻ ശ്രമിക്കുന്നത്. അവൾ ഒന്നും പറയാതെ വീണ്ടും ചിരിച്ചു കൊണ്ടിരുന്നു. കാലിൽ തീ പൊള്ളലേറ്റ പോലെ കൃഷ്ണനു തോന്നി. പെട്ടെന്നവൾ ചിരി നിറുത്തി. ഭയത്തോടെ പറഞ്ഞു അയ്യോ ആശാരിയെ സർപ്പം തീണ്ടിയിരിക്കുന്നു. കൃഷ്ണന് ബോധം മറയുന്നതു പോലെ തോന്നി. അവൻ അവിടത്തന്നെ തളർന്നിരുന്നു. അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് ഇടത്തെ കന്നുകാലിനു മുകളിലായി രണ്ടു പല്ലിന്റെ പാടുകൾ ചോരപൊടിഞ്ഞു നിൽക്കുന്നു. അവൾ തിടുക്കപ്പെട്ട് അവനരികിലെത്തി എന്നിട്ടു എവിടെ നിന്നൊക്കെയോ കുറെ പച്ചിലകൾ പറിച്ചു കയ്യിലിട്ടു ഞരടി അവന്റെ കാലിൽ വച്ച് കെട്ടി. എന്നിട്ടവൾ പറഞ്ഞു വേഗം പോകൂ. എന്നിട്ടു ദാഹം തീരുവോളം വെള്ളം കുടിക്കൂ. അവനു തലചുറ്റുന്നതു പോലെ തോന്നി.

രാവിലെ ആൽത്തറയിൽ തനിക്കു ചുറ്റും അത്ഭുതത്തോടെ തന്നെ നോക്കി നിൽക്കുന്ന ദേശക്കാരെയും പണിക്കാരെയുമാണ് കൃഷ്ണൻ കണികണ്ടുണർന്നത്‌. ഇന്നലെ എന്താണ് സംഭവിച്ചത് എന്ന് ഓർത്തെടുക്കാൻ അവനു നന്നേ പ്രയാസപ്പെടേണ്ടി വന്നു. തളർന്നവശനായി ആൽ തറയിലെത്തിയതേ ഓർമയുള്ളു. വിവരമറിഞ്ഞു തമ്പുരാനും തന്ത്രിയും സ്ഥലത്തെത്തി തന്ത്രി കൃഷ്ണനെ കണ്ടപ്പോൾ തന്നെ വൈദ്യനെ വിളിക്കാൻ ഏർപ്പാടാക്കി. വൈദ്യർ വന്നു കൃഷ്ണന്റെ കൈനാഡി പരിശോധിച്ചു. പിന്നെ കണ്ണുകളും കാലിലെ മുറിപ്പാടും നോക്കി ചിരിച്ചു കൊണ്ട് വൈദ്യർ പറഞ്ഞു. പെരുന്തച്ചന്റെ നീർകുളത്തിൽ പെട്ടവരല്ലേ, ശിലയിൽ നിന്നും നാകരാജാവിനെയും നാകങ്ങളേയും ആവാഹിച്ചു വരുത്തുന്നവരാണല്ലോ നിങ്ങൾ. അതാവും ആശാരി രക്ഷപ്പെട്ടത്‌ സാധാരണ കരിമൂർഖൻ തീണ്ടിയാൽ ഒരു നാഴിക തികയില്ല. മുറിവിൽ രാത്രി അവൾ പുരട്ടിയ പച്ചമരുന്ന് മണത്തു കൊണ്ട് വൈദ്യര് ചോദിച്ചു. തച്ചൻകുന്നു മക്കൾക്ക് ശിൽപവിദ്യ മാത്രമല്ല വൈദ്യവും നല്ല ജ്ഞാനമാണല്ലേ? കൃഷ്ണൻ ഒന്നും മിണ്ടാതെ വൈദ്യരെ തന്നെ നോക്കി നിന്നു. തന്ത്രി പരിഭ്രമത്തോടെ വൈദ്യരോട് ചോദിച്ചു എന്തെങ്കിലും പന്തികേടുണ്ടോ? പ്രശ്നമില്ല. രണ്ടു ദിവസം വിശ്രമം വേണമെന്ന് പറഞ്ഞു വൈദ്യർ മടങ്ങി.

ദിവസങ്ങൾ പലതു കടന്നു പോയി അമ്പലം പണിയും സരസ്വതി മണ്ഡപത്തിന്റെ പണിയും തകൃതിയായി പുരോഗമിച്ചു കൊണ്ടിരുന്നു. ചുറ്റു മതിലുകളും ഗോപുരവും പൂർത്തിയായി. പണിയുടെ പുരോഗതി വിലയിരുത്താൻ ഇടയ്ക്ക് തമ്പുരാനും കാര്യക്കാരും വന്നു പോയിരുന്നു. പക്ഷേ, ദേവി പ്രതിഷ്‌ഠയുടെ രൂപവും ഭാവവും അവനു മനസ്സിൽ ആവാഹിക്കാൻ കഴിഞ്ഞില്ല. വ്യാളി മുഖങ്ങൾ, ദേവരൂപങ്ങൾ, ദാരു ശിൽപങ്ങൾ, ക്ഷേത്രപാലകർ, മേൽപ്പടിയിലെ ചിത്രപ്പണികൾ ഇവയെല്ലാം ആരെയും അമ്പരപ്പിക്കും വിധം ഭംഗിയായി പൂർത്തിയായിക്കൊണ്ടിരിക്കുന്നു. എല്ലാ കല്ലിലും ഭിത്തിയിലും കൃഷ്ണൻ കരി കൊണ്ട് ഭംഗിയായി വരച്ചു മറ്റു പണിക്കാർക്ക് കൊത്താൻ നൽകിയിട്ടുണ്ട്. പക്ഷേ, അപ്പോഴും അവന്റെ മനസ്സിലെ ദേവി മുഖം മറനീക്കി പുറത്തു വന്നില്ല. അവൻ അക്ഷമനായി ചുറ്റിത്തിരിഞ്ഞു.   

കാര്യസ്ഥൻ വന്നു പറഞ്ഞു ആശാരിയുടെ മനയിലേക്കു ചെല്ലാൻ കുഞ്ഞു ലക്ഷ്മി തമ്പുരാട്ടി കൽപിച്ചിരിക്കുന്നു. തമ്പുരാന്റ മോളാണ് കുഞ്ഞു ലക്ഷ്മി ആശാരി കണ്ടിട്ടില്ലല്ലോ? തമ്പുരാട്ടി നൃത്തത്തിൽ നിപുണയാണ്. നാദമണ്ഡപത്തിലെ തൂണിൽ തമ്പുരാട്ടിയുടെ ലാസ്യ ഭാവങ്ങൾ വിരിയണം. പിന്നെ ദേവീ പ്രതിഷ്‌ഠയുടെ മുഖവും കൊച്ചു തമ്പുരാട്ടിയുടെ തന്നെ മതീന്നാ എല്ലാവരുടെയും അഭിപ്രായം. കൃഷ്ണൻ ഒന്നും മിണ്ടാതെ കാര്യസ്ഥന്റെ കൂടെ മനയിലേക്കു പോയി. മനയുടെ അകത്തളത്തിൽ ഊഞ്ഞാലിൽ തമ്പുരാട്ടിയിരുന്നു ഏതോ   ഗ്രന്ഥം വായിക്കുകയായിരുന്നു. ഭവ്യതയോടെ കാര്യസ്ഥൻ പറഞ്ഞു. തമ്പുരാട്ടി, ആശാരി വന്നിട്ടുണ്ട്. വരാൻ പറയട്ടെ. അവൾ തലയാട്ടി. 

കൃഷ്ണൻ ഭവ്യതയോടെ തൊഴുതു. എന്നിട്ടു ചോദിച്ചു തമ്പുരാട്ടി എന്തിനാണ് വരാൻ പറഞ്ഞത്? 

ശങ്കുണ്ണി എല്ലാം പറഞ്ഞില്ലേ? കൂടുതൽ ചോദ്യങ്ങളൊന്നും വേണ്ട, ഞാൻ പറയുന്നതു പോലെ ചെയ്താൽ മതി. ഞാൻ കുറച്ചു രൂപഭാവങ്ങൾ കാണിച്ചു തരും. നൃത്തകലയിലുള്ളതാണ് അതിന്റെ അർഥഭാവങ്ങൾ ആശാരിക്ക് മനസ്സിലാവണമെന്നില്ല. എന്തായാലും ഒന്ന് മനസ്സിൽ ഓർത്തുവയ്ക്കുക. അല്ലങ്കിൽ എവിടെയെങ്കിലും ഒന്നു രേഖപ്പെടുത്തുക. എന്നിട്ട് അതു പോലെ ആ തൂണുകളിൽ പകർത്തു. മുഖഭാവങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇതു കേട്ട കൃഷ്ണന്റെ ഭാവം മാറി അവൻ അൽപം നീരസത്തോടെ പറഞ്ഞു. തമ്പുരാട്ടി ഒന്ന് മനസ്സിലാക്കൂ, നാട്യശാസ്ത്രമറിയാത്ത ശിൽപികളില്ല. നൃത്തത്തിന്റെ ലാസ്യ ഭംഗിയില്ലാത്ത ശിൽപങ്ങളുമില്ല. ഒരു ശരാശരി സ്ത്രീ ശിൽപത്തിന്റെ രൂപം എങ്ങനെയെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്. അതെന്തായാലും തമ്പുരാട്ടിയുടെ രൂപവുമായി ഒത്തു പോവില്ല. തമ്പുരാട്ടിയുടെ മുഖത്തെ അഹങ്കാരഭാവം പിന്നെ മാങ്ങാഭരണിപോലത്തെ ആകാര വടിവുകൾ അതൊന്നും എനിക്ക് ശിലകളിൽ പകർത്താനാവില്ല. തമ്പുരാട്ടി ക്ഷമിക്കണം ഇത്രയും പറഞ്ഞുകൊണ്ടവൻ അവിടെനിന്നിറങ്ങി പണിപ്പുരയിലേക്കു നടന്നു.

തമ്പുരാട്ടിയോടു അങ്ങിനെയൊക്കെ പറഞ്ഞെങ്കിലും അവന്റെ മനസ്സ് ലക്ഷണമൊത്ത ശിൽപങ്ങൾ തേടിയലയുകയായിരുന്നു. അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് എല്ലാ കല്ലിലും ശിൽപങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്. അത് കണ്ടെടുക്കുന്നവനാണു ശിൽപി. കൃഷ്ണൻ അത്താഴം കഴിഞ്ഞു പണിപ്പുരയിൽനിന്നും പതിയെ പുറത്തേക്കിറങ്ങി പൗർണമി കഴിഞ്ഞതുകൊണ്ടു ചന്ദ്രൻ അർദ്ധ ഗോളാകൃതിയിൽ വെളിച്ചം വിതറിനിൽക്കുന്നു. അവന്റെ മനസ്സ് വീണ്ടും ദേവയാനിയിലേക്കു കടന്നു. അവൾ ആരാണ് ദേശക്കാർ പറയുന്നതു പോലെ ഭ്രാന്തിയോ നാഗ യക്ഷിയോ ഒന്നുമല്ല അവൾ. ദുഷ്ടയായിരുന്നെങ്കിൽ എന്തിനാണവൾ തന്നെ രക്ഷിച്ചത്.`അവൾ അന്നു രാത്രി വച്ചുകെട്ടിയ പച്ചമരുന്ന് കൊണ്ടല്ലേ തന്റെ ജീവൻ ഇപ്പോഴും ഉള്ളത്. എന്തിനാണ് ഈ ദേശക്കാർ അവളെ ഉപദ്രവിക്കുന്നത്. നിസ്സഹായായ ഒരു സ്ത്രീക്കു വേണ്ട പരിഗണന പോലും ഈ ദേശക്കാർ അവൾക്കു നൽകുന്നില്ല. ഒരുപാടു ചോദ്യങ്ങൾ സ്വയം ചോദിച്ചു കൊണ്ട് അവൻ പുഴക്കരയിലേക്കു നടന്നു.

അപ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്. മന്ദാകിനി പുഴയുടെ ഓളപ്പരപ്പുകളിൽ അവൾ മുങ്ങിപ്പൊങ്ങി ഒരു ദേവകന്യകയുടെ സൗന്ദര്യത്തോടെ, ഈറൻ ഒറ്റമുണ്ട് അവളുടെ ദേഹത്ത് നനഞ്ഞൊട്ടികിടന്നിരുന്നു. ചലനമുള്ള ഒരു വെണ്ണക്കൽ വിഗ്രഹം പോലെ അവനു തോന്നി അത്രയ്ക്കു ആകാരഭംഗി. ശിൽപശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ അളവുകളും സമം. അവൻ അവളുടെ ആകാരഭംഗി പണിപ്പുരയിൽ പാതി വരച്ചിട്ട ശിലയുമായി മനസ്സിൽ ഒത്തു നോക്കി.

അവൾ കൽപടവിലേക്കു കയറിനിന്നു. ഈറൻ മാറുന്നതിനു മുൻപായി ഭയത്തോടെ ചുറ്റും നോക്കി. അവളെ സഹായിക്കനെന്നോണം ഇരുട്ടു പരത്തിക്കൊണ്ട് നിലാവ് കാർമേഘക്കൂട്ടത്തിലൊളിച്ചു.

വസ്ത്രം മാറുന്നതിനിടയിൽ അവളെ ആരൊക്കെയോ കടന്നു പിടിച്ചു. അവളുടെ ഉച്ചത്തിലുള്ള കരച്ചിലാണ് കൃഷ്ണനു പരിസരബോധം നൽകിയത്. അവൻ ആദ്യം കൽപടവിന്റെ ചോട്ടിലൊളിച്ചു. ആളുകൾ മൂന്നു പേരുണ്ട്. മൂന്നു പേരും മല്ലൻന്മാർ തന്നെ. അവർ അവളെ വലിച്ചിഴച്ചു കൊണ്ടുപോകുന്നു. പ്രതിരോധത്തിന്റെ ശക്തി അവളിൽ കുറഞ്ഞു വരുന്നതായി അവനു മനസ്സിലായി. തന്റെ ജീവൻ രക്ഷിച്ചവൾ. അവളെ രക്ഷിക്കണം. ഒരു ഉൾവിളി പോലെ കൃഷ്ണൻ അവർക്കു നടുവിലേക്ക് ചാടിവീണു. ഇടുപ്പിൽ തിരുകിയ വീതുളി കയ്യിലെടുത്തു. പലവട്ടം വീശി ആരുടെയൊക്കെയോ കരച്ചിൽ കാറ്റിനൊപ്പം മാന്ദാകിനി പുഴകടന്നു പോയി. മൂന്നു പേരും ചിതറിയോടി. മൽപിടുത്തത്തിൽ വിവസ്ത്രയായ അവളുടെ ദേഹത്തേയ്ക്ക് മേൽമുണ്ട് ഊരിയെറിഞ്ഞു, രക്തം പുരണ്ട വീതുളിയുമായി അവളുടെ കൈക്കു പിടിച്ചു കൊണ്ട് പണിപ്പുര ലക്ഷ്യമാക്കി നടന്നു. ദേവയാനിയുടെ മുഖത്തെ ഭയപ്പാട് അപ്പോഴും വിട്ടുമാറിയിട്ടില്ലായിരുന്നു അവൾ പണിപ്പുര പടിവാതിലിൽ മടിച്ചു നിന്നു. അവളുടെ ഭയം കണ്ടിട്ടെന്നോണം കൃഷ്ണൻ ഒന്ന് പുഞ്ചിരിച്ചു എന്നിട്ടവളേ അകത്തേയ്ക്ക് ക്ഷണിച്ചു. പണിപുരക്കകത്തു കരിന്തിരി കത്താൻ തുടങ്ങിയ കൽവിളക്കിലേയ്ക്കവൻ എണ്ണപകർന്നു. കൂടുതൽ വെളിച്ചം പണിപ്പുരയിൽ നിറഞ്ഞു. കത്തിജ്വലിക്കുന്ന തീനാളങ്ങൾക്കു പിന്നിൽ സ്വർണ്ണ തേജസോടെ തിളങ്ങി നിന്ന അവളെ കൃഷ്ണൻ അത്ഭുതത്തോടെ നോക്കിനിന്നു.

"ആശാരി" സ്വരം താഴ്ത്തിയുള്ള അവളുടെ വിളിയാണ് അവനെ ചിന്തകളിൽ നിന്നുണർത്തിയത്. അവൾ ഭയത്തോടെ,ചോദിച്ചു എന്തിനാണ് എനിക്കു വേണ്ടി അവരോടു മല്ലിട്ടത്‌. ഇനി നാളെ എന്തൊക്കെ സംഭവിക്കും എന്നാർക്കറിയാം. പോയവർ നാളെ ആളെ കൂട്ടി തിരിച്ചു വരും. ഒരു കുന്നിക്കുരുവിന്റെ വിലപോലുമില്ലാത്ത എനിക്കു വേണ്ടി ആശാരി എന്തിനാ അവരുടെ ശത്രുവാകുന്നത്. അല്ലെങ്കിൽ തന്നെ ഈ ദേശത്ത് ആശാരിക്ക് ശത്രുക്കളുണ്ട്. തമ്പുരാന്റെ മോളുണ്ടല്ലോ അവളെ സൂക്ഷിക്കണം. 

അതൊന്നും ശ്രദ്ധിക്കാതെ കൃഷ്ണൻ ചോദിച്ചു കഴിക്കാനെന്നതെങ്കിലുമെടുക്കട്ടെ. കുറച്ചു കഞ്ഞി ബാക്കിയുണ്ട്. മറുപടിക്കു കാത്തു നിൽക്കാതെ കൃഷ്ണൻ അവൾക്കു കഞ്ഞി വിളമ്പി അവൾ അതു മുഴുവനും ആർത്തിയോടെ കുടിച്ചു. ചെയ്തു തന്ന സഹായത്തിനു പകരമായി എന്റെ ശരീരം മാത്രമേയുള്ളു അങ്ങേയ്ക്കു തരുവാൻ എന്നു പറഞ്ഞ് അവൾ അവനു മുന്നിൽ നിന്നു. അരുത് എന്നു പറഞ്ഞുകൊണ്ടവൻ അവളെ തടഞ്ഞു. നീ എനിക്ക് അതിഥിയാണ്. നിനക്ക് ഇവിടെ താമസിക്കാം. ആരെയും ഭയക്കാതെ. പ്രതിഷ്‌ഠയുടെ അഞ്ചാം നാൾ ഞങ്ങൾ ഈ ദേശം വിടും. മന്ദാകിനി പുഴയ്ക്ക് അക്കരെ ഒരു ലോകമുണ്ട്. വിശാല ഹൃദയമുള്ള കുറെ നല്ല മനുഷ്യരുടെ ലോകം. സന്തോഷത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുന്ന ഒരുപാട് വർണ്ണക്കാഴ്ചകളുണ്ട്, സൂര്യസ്തമയങ്ങളെ ഒരേ ബിന്ദുവിൽ കേന്ദ്രികരിക്കുന്ന തച്ചൻകുന്നുണ്ട്. മഞ്ഞമന്ദാരം അതിർവേലികെട്ടിയ ഒരു കുടിലുണ്ട്. അമ്മയുണ്ട് അച്ഛനും കൂടെ പിറപ്പുകളുമെല്ലാമുണ്ട്. ഇതൊക്കെ ഇന്നു മുതൽ നിനക്കും സ്വന്തമാണ് ഇത്രയും കേട്ടപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് ചുവന്നുതുടുത്തു. എന്നിട്ടവൾ പറഞ്ഞു വെറുതെയാണെങ്കിലും കേൾക്കുവാൻ നല്ല രസമുണ്ട്. ആശാരിക്ക് എന്നെ കുറിച്ചൊന്നുമറിയില്ല. ഞാൻ ശപിക്കപ്പെട്ടവളാണ്. ദേശക്കാരുടെ അപശകുനമാണ്. മനുഷ്യരുടെ ചോരകുടിക്കുന്ന യക്ഷിയാണ്. മാനമില്ലാത്തവളാണ്. ഇതു കേട്ട് കൃഷ്ണൻ ചോദിച്ചു. തമ്പുരാന്റെ മോൻ മരിച്ചത് നീ കാരണമൊന്നുമല്ലല്ലോ, സർപ്പം തീണ്ടിയതല്ലേ? അതിനു നീയെന്തു പിഴച്ചു? എല്ലാവരും നിന്നെയെന്തിനാ ദ്രോഹിക്കുന്നത്? 

അതുകേട്ട് അവളുടെ മുഖം കോപംകൊണ്ടു ജ്വലിച്ചു. അവളിലെ രൗദ്രഭാവം കൃഷ്ണനെ ഭയപ്പെടുത്തി. അവൻ മരിക്കേണ്ടവൻ തന്നെയാണ് എന്നെ അവൻ ചതിക്കുകയായിരുന്നു. ഞാൻ എല്ലാം അറിഞ്ഞപ്പോഴേയ്ക്കും വൈകിപ്പോയി. അന്നവർ കാവിൽ വന്നത് അവന്റെ ചങ്ങാതിമാർക്ക് എന്നെ പറഞ്ഞ് ഉറപ്പിച്ചു വച്ചിട്ടാണ്. ചതി മനസ്സിലാക്കിയ ഞാൻ കാവിനുള്ളിലുള്ള സർപ്പത്തറയിലേക്കോടി എന്നും തിരിവെച്ചു ഉപാസിക്കുന്ന നാഗമൂർത്തികൾ എന്നെ കൈവിട്ടില്ല എന്നെ ഉപദ്രവിക്കാൻ വന്നവരെയൊക്കെ നാഗത്താന്മാർ വകവരുത്തി. അന്നു തുടങ്ങിയതാണ് ഞാൻ കാവിൽ അഭയം തേടാൻ. പക്ഷേ, ആ കാവിനു പുറത്തു ഞാൻ ആക്രമിക്കപ്പെട്ടു. ഈ ദേശത്തിന്റെ ഇരുട്ടുവക്കിൽ ഞാൻ പിച്ചിചീന്തപ്പെട്ടു. പകൽവെട്ടത്തിൽ ആളുകൾ എന്നെ കല്ലെറിഞ്ഞോടിക്കുവാൻ തുടങ്ങി. എല്ലാം അച്ഛൻ തമ്പുരാന്റെ കുബുദ്ധി ആയിരുന്നു. അയാൾ മകനെ കൊന്നതിലുള്ള പ്രതികാരം വീട്ടുന്നത് ഇങ്ങനെയൊക്കെയാണ്. പുറത്തു ദേശക്കാർ പാടി നടക്കുന്നതുപോലെ ഞാൻ ഭ്രാന്തിയോ നാഗയക്ഷിയോ ഒന്നുമല്ല. എല്ലാ പെണ്ണുങ്ങളെയും പോലെ വികാരവും വിചാരവുമുള്ള ഒരു വെറുമൊരു സ്ത്രീ ആണ്. അത് ഇരുട്ടിലെന്നെ തേടിവരുന്ന ഇവിടുത്തെ പകൽ മാന്യൻമാർക്കറിയാം. അവർ തന്ന അടയാളമാണ് ഈ ദേഹത്തു കാണുന്ന മുറിപാടുകളൊക്കെ. അവളുടെ കരിനീല മിഴികളിൽനിന്നടർന്നു വീണ നീർമണികളെ അവൻ തുടച്ചുമാറ്റി എന്നിട്ട് അവളുടെ നെറുകയിലൊരു ചുംബനം നൽകി. അവന്റെ രോമാവൃതമായ നെഞ്ചിലേക്കവളെ ചേർത്തു നിറുത്തി. നെഞ്ചിലെ ചൂടുപറ്റിയവൾ നിർവൃതിയോടെ നിന്നു. അവന്റെ കരങ്ങൾ അവളെ വരിഞ്ഞു മുറുക്കി. പെട്ടെന്നവൾ അവനിൽ നിന്നും കുതറിമാറി. എന്നിട്ടവൾ കുസൃതി നിറഞ്ഞ പരിഭവത്തോടെ പറഞ്ഞു. അപ്പോൾ ആശാരി ചെക്കനും ഇരുട്ടത്തൊരു പെണ്ണിനെ കിട്ടിയാൽ കരവലയത്തിലൊതുക്കും അല്ലെ? ഞാനും ഒരു മനുഷ്യനാണ്. കല്ലിനെ കൊത്തിമിനുക്കി ശിൽപമുണ്ടാക്കുന്നവന്റെ ഹൃദയവും കല്ലുകൊണ്ടുള്ളതല്ല പെണ്ണെ. അതു കേട്ടവൾ ചിരിച്ചു. ആ ചിരിയിൽ മുഖത്തെവിടയോ മറഞ്ഞിരുന്ന നുണക്കുഴികൾ ദൃശ്യമായി.

ഇനി മുതൽ നിനക്ക് ഈ പണിപ്പുരയിൽ കഴിയാം. ആരും ഇങ്ങോട്ടു വരില്ല. രാത്രി വേണമെങ്കിൽ പുറത്തു പോകാം. കുറച്ചു ദിവസം കൂടി എല്ലാം രഹസ്യമായിരിക്കട്ടെ, ഇന്നേയ്ക്ക് അഞ്ചാം നാൾ നമ്മൾ ആനന്തപുരം വിടും. അവൻ അവൾക്കു കിടക്കുവാനുള്ള ഒരുക്കങ്ങൾ ചെയ്തു കൊടുത്തു. മാറിയുടുക്കുവാൻ ഒരു മുണ്ടും. എന്നിട്ടു പറഞ്ഞു, ഇന്നു മുതൽ നീ സമാധാനമായി ഉറങ്ങുക. നാളെ ഞാൻ അങ്ങാടിയിൽ പോകുന്നുണ്ട് ആവശ്യമുള്ളതു പറഞ്ഞാൽ വാങ്ങികൊണ്ടുവരാം. എന്നു പറഞ്ഞവൻ പണിപ്പുരയുടെ വാതിൽ ചേർത്തടച്ചു. കല്ലിൽ ഇരുമ്പുകൊണ്ടു താളപിടിക്കുന്ന ശബ്ദം കേട്ടാണവൾ കണ്ണു തുറന്നത്. അവൾ പെട്ടെന്ന് ചാടിയെഴുന്നേറ്റു. കൃഷ്ണൻ കൊത്തികൊണ്ടിരുന്ന കല്ലിൽ നിന്നു കണ്ണെടുക്കാതെ തന്നെ പറഞ്ഞു. ദേവയാനി കുറച്ചു നേരം കൂടി കിടന്നോളു എന്തായാലും പുറത്തേയ്ക്കിറങ്ങുവാൻ നിർവാഹമില്ല. പുറത്തു കാര്യസ്ഥരും കാര്യക്കാരുമൊക്കെയുണ്ട്. അവന്റെ വാക്കുകൾ അവൾക്കു സമാധാനമാണെങ്കിലും അവളിലെ ഭയം അപ്പോഴും വിട്ടു മാറിയിട്ടില്ലായിരുന്നു ഞാൻ അങ്ങാടിയിൽ പോയി വരുന്നതുവരെ ഇവിടെയിരിക്കൂ, എന്നു പറഞ്ഞ് അവൻ പുറത്തേയ്ക്കു പോയി. എന്നിട്ട് സഹായികളോടായി പറഞ്ഞു. കലശം കഴിയുന്നതുവരെ ആരും പണിപ്പുരയിൽ കയറരുത്. ആരു വന്നാലും കയറ്റുകയും ചെയ്യരുത്. കാര്യസ്ഥനോടും തമ്പുരാനോടും പ്രത്യേകം പറയണം ശിൽപരചന തുടങ്ങിയെന്ന്. ശിൽപം പൂർത്തിയാകുന്നതു വരെ ആർക്കും പ്രവേശനമില്ലെന്ന്.

വൈകുന്നേരമായപ്പോൾ കൃഷ്ണൻ മടങ്ങിയെത്തി. അവൻ പണിപുരത്തുറന്ന് അകത്തു കയറി. ദേവയാനി കിടന്നിരുന്ന തഴപ്പായ അലസമായി ചുരുണ്ടുകിടക്കുന്നു. അവൻ പണിപ്പുരയക്കു ചുറ്റും ഒന്നു കണ്ണോടിച്ചു. പക്ഷേ, അവളെ കണ്ടെത്താനായില്ല അവന്റെയുള്ളിൽ ഒരായിരം ഭയചിന്തകൾ മിന്നിമറഞ്ഞു. രാത്രി കണ്ട മല്ലന്മാർ മറ്റോ വീണ്ടും വന്നോ അതോ കാര്യസ്‌ഥാനോ പണിക്കാരോ അവളെ കണ്ടുപിടിച്ചോ എന്നൊക്കെയവൻ ചിന്തിച്ചിരുന്നപ്പോൾ, പെട്ടെന്ന് പിന്നിൽ നിന്നും ഒരു പ്രത്യേക ശബ്ദത്തോടെ അവൾ ചാടി വീണു. പെട്ടെന്നുള്ള ശബ്‌ദത്തിൽ കൃഷ്ണൻ ഞെട്ടിത്തരിച്ചു നിന്നു. അവന്റെ അമ്പരപ്പും ഭയം കലർന്ന മുഖഭാവവും കണ്ടപ്പോൾ അവൾ കുലുങ്ങിച്ചിരിക്കുവാൻ തുടങ്ങി. ആശാരി ചെക്കൻ ശരിക്കും പേടിച്ചിരിക്കുന്നു എന്നുപറഞ്ഞവൾ വീണ്ടും ചിരിച്ചു. അവളുടെ പെരുമാറ്റം അവനിലും ചിരിപടർത്തി. അങ്ങാടിയിൽ നിന്നും മേടിച്ച കുപ്പിവളകളും ചമയങ്ങളും അവൾക്കു നൽകികൊണ്ടവൻ പറഞ്ഞു ഇനിയെന്തെങ്കിലും വേണമെങ്കിൽ പറയാൻ മടിക്കരുത്. 

അത്താഴം കഴിഞ്ഞു പണിപ്പുരയിലേയ്ക്കു കടന്ന കൃഷ്ണൻ അമ്പരന്നു. കൽവിളക്കിനു പിന്നിലായി ദേവി വിഗ്രഹം പോലെ തേജസ്സാർന്ന രൂപം. അവൾക്ക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ? അവൾ ഒരു ദേവതയെ പോലെ അണിഞ്ഞൊരുങ്ങി നിന്നു. അതെ, ഇത്രയും നാൾ താൻ തേടിക്കൊണ്ടിരുന്ന രൂപം കൽവിളക്കിന്റെ നാളങ്ങളിൽ തെളിഞ്ഞു നിൽക്കുന്നു. സരസ്വതി മണ്ഡപത്തിലെ ഒന്നു മുതൽ പത്തു വരെയുള്ള തൂണുകളിൽ നൃത്തരൂപങ്ങളെ ദേവയാനിയിലൂടെ ശിലകളിലേക്ക് ആവാഹിക്കുവാൻ അവൻ തയാറെടുത്തു. 

അവന്റെ നോട്ടം കണ്ടിട്ടെന്നോണം അവൾ ചോദിച്ചു, ആശാരി എന്നെ അകക്കണ്ണുകൊണ്ടു അളക്കുകയാണല്ലോ അതുകേട്ടു ജാള്യതയോടെ അവൻ പറഞ്ഞു ലക്ഷണമൊത്ത ഒരു പെണ്ണിനെ കണ്ടാൽ ശരീരശാസ്ത്രമറിയാവുന്ന ഏതൊരു തച്ചനും അളന്നു മുറിച്ചു നോക്കും. 

അതു കേട്ടവൾ ചോദിച്ചു അപ്പോൾ തച്ചനും സമ്മതിച്ചു ഞാൻ ലക്ഷണമൊത്തവൾ തന്നെയെന്ന്. സംശയമെന്താ എന്നു ചോദിച്ചുകൊണ്ടവൻ അവളെ ചേർത്തു നിർത്തി. എന്നിട്ട് അവളുടെ കഴുത്തിലൂടെ താഴോട്ട് അവന്റെ പരുക്കൻകൈ വിരലുകളോടിച്ചുകൊണ്ടു പറഞ്ഞു ശംഖ് പോലത്തെ കഴുത്തും, താമരമൊട്ടു പോലെ ഉയർന്ന മാറിടവും, ഇരുകൈചുറ്റുപാടൊതുക്കത്തിലുള്ള അരക്കെട്ടും, കവടിമണി പോലത്തെ പൊക്കിൾ ചുഴിയുമെല്ലാം ഞാൻ അന്നു രാത്രി പുഴക്കരയിൽ കണ്ടപ്പോൾ തന്നെ മനപാഠമാക്കിയിരുന്നു. ഇപ്പോൾ അതിനൊക്കെ കുറച്ചു കൂടി വ്യക്തത വന്നു എന്നു മാത്രം. ഇതു കേട്ടപ്പോഴേക്കും അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തിരുന്നു. പെട്ടെന്നവൾ അവനിൽ നിന്നും കുതറിമാറി. ഓരോ ശിൽപവും പൂർത്തിയാകുമ്പോഴേക്കും ദേവയാനിയും കൃഷ്ണനും കൂടുതൽ അടുക്കുകയായിരുന്നു. കൃഷ്‌ണന്റെ ഓരോ സ്പർശനവും അവളെ വികാരതരളിതയാക്കി. അവൾ കഴിഞ്ഞു പോയകാലങ്ങൾ ഒക്കെ മറന്നു തുടങ്ങിയിരിക്കുന്നു. സങ്കടക്കടലിൽ മുങ്ങിപ്പോയ അവളുടെ നുണക്കുഴികളൊക്കെ ചുവന്നു തുടുത്തു തെളിഞ്ഞു നിന്നു. ഇനി വെറും 12 ദിവസങ്ങൾ മാത്രം ഈ നശിച്ച നാട് വിട്ടു പോകാൻ. തനിക്കു നഷ്ടങ്ങൾ മാത്രം തന്ന നാടും നാട്ടുകാരേം എല്ലാം വിട്ടെറിഞ്ഞു പ്രതീക്ഷയോടെ മറ്റൊരു ദേശത്തേക്കു കൃഷ്ണന്റെ വാക്കുകളാൽ കേട്ടറിഞ്ഞ നന്മയുടെ നല്ല ദേശത്തേക്കുപോകുവാൻ അവൾ കാത്തിരുന്നു. കൃഷ്ണൻ ശിൽപങ്ങളുടെ പണിയെല്ലാം തീർത്തു. അവൻ പ്രതിഷ്ഠ വിഗ്രഹത്തിന്റെ അവസാന മിനുക്കു പണിയിൽമുഴുകി. ദിവസങ്ങൾ നിമിഷങ്ങളായി കടന്നു പോയി. പ്രതിഷ്ഠാദിനം അടുത്തു. വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനു മുൻപ് സരസ്വതി മണ്ഡപത്തിലെ തൂണുകളും അതിലെ ശിൽപരൂപങ്ങളും യഥാവിധി സ്ഥാപിച്ചു. പത്തു ശിൽപങ്ങൾ ഏതോ പുരാണ കഥയെ അനുസ്മരിപ്പിക്കും വിധം മണ്ഡപത്തെ സുന്ദരമാക്കി. പൂർത്തിയായ പ്രതിഷ്ഠാവിഗ്രഹം പുറത്തെടുത്തു വയ്ക്കാൻ തന്ത്രി കൃഷ്ണനോട് കൽപിച്ചു.

കൃഷ്ണനും സഹായികളും പ്രതിഷ്ഠ പണിപ്പുരയുടെ പുറത്തേയ്ക്കെടുത്തു ശ്രീ കോവിൽ നടയുടെ പടിവാതിൽക്കൽ പ്രതിഷ്ഠിച്ചു. ഇതു കണ്ട തന്ത്രി പറഞ്ഞു ശുദ്ധികലശം കഴിഞ്ഞ് കോവിലിനു അകത്തേയ്ക്ക് പ്രതിഷ്ഠിക്കും. നടവാതിലിൽ വരേയുള്ളു ആശാരിയുടെ കരവിരുത്. അതു കഴിഞ്ഞാൽ ശാസ്ത്രവിധി പ്രകാരം ഈ രൂപം ചൈതന്യമുള്ള ദേവിയായി മാറും. കൃഷ്‌ണന്റെ ശിൽപം കാണാൻ ആളുകൾ വന്നു തുടങ്ങിയിരുന്നു. എല്ലാവരും അവനെ വാനോളം പുകഴ്ത്തി. മണ്ഡപത്തിന്റെ തൂണിൽ വിരിഞ്ഞ പത്തു ശിൽപങ്ങളായിരുന്നു എല്ലാവരുടെയും മുഖ്യ ആകർഷണം. ഒരേ മുഖം. പത്തു ഭാവങ്ങൾ. ആരിലും മോഹം ജനിപ്പിക്കുന്ന സ്ത്രീ സൗന്ദര്യം. എല്ലാവരും ശിൽപത്തെയും ദേവി വിഗ്രഹത്തെയും കണ്ണെടുക്കാതെ നോക്കി നിന്നു. സന്ധ്യയായപ്പോഴേക്കും ദൂരെ ദേശത്തെവിടെയോ പോയ തമ്പുരാനും കാര്യസ്ഥനും പരിവാരങ്ങളും മടങ്ങിയെത്തി. യാത്രയുടെ ക്ഷീണം വകവയ്ക്കാതെ തമ്പുരാനും ശിൽപം കാണാൻ അവിടെയെത്തി. തമ്പുരാൻ അത്ഭുതത്തോടെ ശില്‍പങ്ങളൊക്കെ നോക്കി നിന്നു. കണ്ണിമവെട്ടാതെ കാര്യസ്ഥനും. 

പ്രതിഷ്ഠാവിഗ്രഹം നോക്കി നിന്ന കാര്യസ്ഥൻ ശിൽപത്തിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു, ഇത് അവളാണ് ദേവയാനി. അവളുടെ മുഖമാണ്. എന്നിട്ടയാൾ ശിങ്കിടികളോടായി പറഞ്ഞു. വിടരുതവറ്റകളെ പണിപ്പുരയ്ക്കകത്തുണ്ട്. കൊല്ലണം രണ്ടിനേം. തമ്പുരാനെയും ദേശക്കാരേം അപമാനിക്കാനാണ് അവൻ ശിൽപത്തിന് അവളുടെ രൂപം കൊടുത്ത്. ഒരു വേശ്യയുടെ രൂപത്തെ തൊഴുതു വണങ്ങേണ്ട ആവശ്യം ആനന്ദപുരക്കാർക്കില്ല. ഊരു വിലക്കിയവളെ പൂജിക്കുകയെന്നാൽ അതിൽപരം മാനക്കേട് ഈ ദേശക്കാർക്കില്ല. പണിപ്പുരയുടെ വാതിൽ തകർത്ത് അകത്തു കടന്ന മല്ലൻമാരെ കൃഷ്ണൻ അടിച്ചു വീഴ്ത്തി. എന്നിട്ട് അവളെയും കൊണ്ട് പുഴക്കടവിലേയ്ക്കോടി. വഞ്ചിയിൽ കയറി തുഴ കയ്യിലെടുത്തു. വേഗത്തിൽ തുഴഞ്ഞു. പുഴക്കടവിൽ നിന്നും കുറെ തീ പന്തങ്ങൾ അവരുടെ വഞ്ചി ലക്ഷ്യമാക്കി അടുത്തു കൊണ്ടിരുന്നു. അവൻ വേഗത്തിൽ തുഴകളെറിയൻ തുടങ്ങിയിരുന്നു. പക്ഷേ, വഞ്ചിയെ വലയം ചെയ്തുകൊണ്ട് തീപന്തങ്ങൾ അടുത്തടുത്തു വന്നുകൊണ്ടിരുന്നു. മന്ദാകിനി പുഴയുടെ നടുവിൽ ആടിയുലയുന്ന വഞ്ചിയിൽ അവളെ ചേർത്തു പിടിച്ചുകൊണ്ടവൻ നിന്നു. തോൽവി ഉറപ്പായിട്ടും ജയിക്കാനുറച്ച ഒരു യോദ്ധാവിനെ പോലെ തീ പന്തങ്ങൾ വഞ്ചിയോടടുത്തപ്പോഴേക്കും അവൻ ഉച്ചത്തിൽ അലറിവിളിച്ചു. "ദേവിയേ കാത്തോളണേ" എന്നിട്ടവൻ ഇടുപ്പിൽ തിരുകിയ വീതുളി കയ്യിലെടുത്തു. അവളെ ചേർത്തു പിടിച്ച് അവളുടെ പിൻകഴുത്തിൽ ഒരു ചുംബനം നൽകികൊണ്ട് വീതുളി അവളുടെ കഴുത്തിലേയ്ക്കാഴ്ത്തി. അവൾ ഒന്നു പിടയുകപോലും ചെയ്യാതെ പുഞ്ചിരിച്ച മുഖവുമായി മന്ദാകിനിപ്പുഴയെ ചുവപ്പിച്ചുകൊണ്ട് ഓളപ്പരപ്പിലേയ്ക്കാഴ്ന്നു. രക്തത്തിൽ കുളിച്ചു നിന്ന് വീതുളി സ്വന്തം കഴുത്തിനു നേരെ വീശി. ശിരസ്സ് ഉടലിൽ നിന്നു പാതി വേർപെട്ട ശിരസ്സുമായി അവനും പുഴയിലേയ്ക്ക് മറിഞ്ഞു. അപ്പോൾ ശ്രീകോവിലിനു മുന്നിലായി കലശത്തിനായി പ്രതിഷ്ഠിച്ച ദേവി വിഗ്രഹത്തിന്റെ കഴുത്തിൽ നിന്നും രക്തം വാർന്നൊലിച്ചുകോവിലിന്റെ നടുമുറ്റമാകെ ചുവന്നിരുന്നു. ഒരു ശുദ്ധി കലശത്തിനും കഴുകിക്കളയാൻ സാധിക്കാത്ത വിധം ഒരു പാപക്കറ പോലെ...