കാറിൽ നിന്ന് ഇറങ്ങുവാൻ നേരമായി. വഴിയിനിയും ബാക്കിയുണ്ട്. പക്ഷേ ഇപ്പോഴല്ല. തനിയെ, അതിരാവിലെ... ആ വളവു കൂടി കഴിഞ്ഞാൽ ഇറങ്ങേണ്ട സ്ഥലമായി...
മൗനമാണ് വിട പറയാൻ നല്ല ഭാഷ എന്നല്ലേ... വാചാലമായ മൗനം. കണ്ണുകളീറൻ അണിയുന്നുണ്ട്, ഇരുട്ടിൻ മറവിൽ...
പെട്ടെന്നയാൾ കാർ നടപ്പാതയുടെ ഓരത്തേയ്ക്ക് ഒതുക്കി നിർത്തി. അവൾ ആകാംക്ഷയോടെ ആ കണ്ണുകളിലേക്ക് നോക്കി. ഒട്ടും ദുഖമില്ല. പ്രത്യാശ മാത്രം. തന്നിൽ നിന്ന് നേരെ വിപരീതം.
അൽപം മുന്നോട്ടാഞ്ഞ് അയാളവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. “ഇനി കാണും വരേയ്ക്ക്”... ഒപ്പമൊരു താക്കീതും, “വികാരത്തെ അടക്കുക.”
ഇങ്ങനേയും ഒരു യാത്രാമൊഴി. അപ്രതീക്ഷിതമായ ഈ നിമിഷം, കരുതി വയ്ക്കണോ? അതോ യാത്രയിൽ ഒരു മേഘക്കീറിന് ദാനം നൽകണോ? തിരിഞ്ഞൊന്ന് നോക്കാതെ ചിന്തയിൽ മുഴുകി അവൾ മുറിയിലേക്ക് നടന്നു. യാത്രയ്ക്കൊരുങ്ങാൻ...
പ്രണയമാണെന്ന് ഒരിക്കലും ഇരുമനസ്സുകളും സമ്മതിച്ചിട്ടില്ല. ഒറ്റയ്ക്കുള്ള യാത്രകളിൽ ഇരുവരും, ഒപ്പം കൂടാറുണ്ട്. യാത്രകളുടെ രാത്രികളിൽ ആലസ്യമാർന്ന മിഴികളുടെ ഉറക്കം തടുത്തു നിർത്തി ആവോളം വാതോരാതെ സംസാരിക്കാറുമുണ്ട്. ദൂരമെത്രയേറെ ആണെങ്കിലും മനമെത്ര ചാരെയെന്ന് അഹങ്കരിക്കാറുമുണ്ട്.
മുരടനാണ് എന്ന് അറിഞ്ഞിരുന്നു, പരുപരുത്ത മുഖം മാത്രമല്ല, മനസ്സുമുള്ളവൻ. അവളുടെ മുഖം ഉരുമി മുറിയ്ക്കുന്നതിനൊപ്പം മനസ്സും മുറിക്കുവാൻ കെൽപ്പുള്ളവൻ.
ഹൃദയത്തിൽ സൂക്ഷിക്കുന്നു, അറയൊന്നിൽ ഭദ്രമെന്ന്, അയാൾ പറഞ്ഞപ്പോൾ, കടുത്ത ഒരു ചുംബനമേകി അവളെ അതിൽ ഒളിപ്പിക്കുമെന്ന് കരുതിയില്ല.
ഒരു അവധിക്കാലത്താണ് തികച്ചും അപ്രതീക്ഷിതമായ ആ കണ്ടുമുട്ടൽ. പരുപരുത്ത കൈകൾ അവളുടെ പതുപതുത്ത കരം ഗ്രഹിച്ചതും അവൾ കൈകൾ പുറകോട്ടു വലിച്ചു. ഇരുട്ടിലായിരുന്നു ആ യാത്രയും. അതിനാൽ മുഖത്തെ വിഭ്രാന്തി അവൾ മറച്ചു.
പിന്നീട്, കണ്ടുമുട്ടിയപ്പോൾ ആൾത്തിരക്കില്ലാത്തൊരു കോണിൽ തടഞ്ഞു വച്ച് പറഞ്ഞു. അയാൾ അത്തരക്കാരനല്ല. ഹൃദയത്തിലെടുത്തു വച്ചത് യാഥാർഥ്യമാക്കാൻ, കൈപ്പിടിയിലൊതുക്കുവാൻ ശ്രമിച്ചതാണെന്ന്.
ഹൃദയം മുഴുവനായും വിട്ടുകൊടുക്കാതിരുന്നത് നന്നായിയെന്നു തോന്നുന്നു. അൽപം പോറൽ മാത്രമേയിപ്പോൾ ഏറ്റിട്ടുള്ളൂ. സ്പന്ദനം മന്ദഗതിയിലായെങ്കിലും മിടിക്കുന്നുണ്ടിപ്പോഴും.
ഇനിയൊരു കാഴ്ചയ്ക്കു കാത്തുനിൽക്കാതെ, ഒരു പിൻവിളിക്കു കാതോർക്കാതെ, കിനിഞ്ഞ ചോരപ്പൊടിപ്പുകൾ അതീവശ്രദ്ധയോടെ തുടച്ചു മാറ്റി, വലിച്ചടുപ്പിക്കുന്ന കാന്തശക്തിയെ പിന്നിലേക്ക് അകറ്റി, പുതിയ ഉൾക്കാഴ്ചയുമായ് ഇപ്പോൾ മുന്നോട്ടേക്ക്...
ശേഷം ചിന്ത്യം ...