ഡിസംബറിലെ ഓർമകൾ

Representative Image

ഓർമകൾ എന്നെ ആ ഡിസംബറിലെ തണുപ്പൻ ദിനങ്ങളിലേക്കു നയിച്ചു. മഞ്ഞു നിറഞ്ഞ രാത്രികൾക്കു ഇരുളിന്റെ കടുപ്പം കൂടുതലായിരുന്നു. നത്തിന്റെ മൂളലിൽ രാത്രി ഒന്നു കൂടി ഭയാനകമായി തോന്നി. പെട്ടെന്ന്  യാദൃച്ഛികമായി അലമാരയുടെ മുകളിൽ വച്ചിരുന്ന പാത്രങ്ങൾ വലിയ ഒച്ചയോടെ താഴേക്ക് പതിച്ചു. ശബ്ദം കേട്ട് എല്ലാവരും ആ മുറിയിലേക്ക് ഓടി. അപ്പോൾ പുറത്തു ആരോ വിളിക്കുന്ന പോലെ തോന്നി. പിന്നെ കേട്ടത് അച്ഛന്റെ നിലവിളിയായിരുന്നു. എനിക്കു മനസ്സിലായി എന്റെ പ്രിയപ്പെട്ട മുത്തശ്ശി ഞങ്ങളെയെല്ലാം വിട്ടുപോയിരിക്കുന്നു എന്ന്. പക്ഷേ എന്റെ മനസ്സിന് അതേറ്റു വാങ്ങാനുള്ള ശക്‌തിയില്ലായിരുന്നു. വ്രണിതമായ മനസ്സുമായി ഇരുളിനെ കൂട്ടു പിടിച്ചു ഞങ്ങൾ അവിടെയെത്തി. 

ഇറയത്തു സുന്ദരിയാക്കി വെള്ള പുതപ്പിച്ചു കിടത്തിയിരിക്കുന്ന എന്റെ മുത്തശ്ശിയോട് ഒന്നെണീറ്റിരിക്കാൻ പറയണമെന്നുണ്ടായിരുന്നു. മുത്തശ്ശി വളരെ ശാന്തമായി ഉറങ്ങുന്ന പോലെ തോന്നി. വിളക്കിന്റെ പ്രകാശത്തിൽ ആ മുഖം ഒന്നുകൂടി പ്രസരിച്ചു കണ്ടു.

ബന്ധുക്കളും, അയൽക്കാരും ചുറ്റും കൂടി നിന്നിരുന്നു. രാത്രിയിലെപ്പോഴോ ഞാൻ കരഞ്ഞു തളർന്നു  ഉറങ്ങിപ്പോയി. വെളുപ്പിന് കുറച്ചകലെയുള്ള മക്കളും കുടുംബവും എത്തിച്ചേർന്നു. ചെറിയച്ഛനും ചെറിയമ്മയും  മുത്തശ്ശിയുടെ കാലുകളിൽ കെട്ടിപ്പിടിച്ചു നിലവിളിച്ചു. അതു കണ്ടു നിന്ന എല്ലാവരെയും ദുഃഖത്തിലാഴ്ത്തി. അപ്പോഴും കാൽക്കലും തലക്കലും തേങ്ങാവിളക്കു നിശ്ശബ്ദമായി കത്തിയിരിപ്പുണ്ടായിരുന്നു. ചന്ദനത്തിരിയുടെ ഗന്ധത്തിനു മരണത്തിന്റെ മണവും. 

ഊഞ്ഞാൽ ആടി കളിച്ച ചാമ്പ വരിക്കയിലെ ആ ചാഞ്ഞ കൊമ്പ് മുത്തശ്ശിക്കായി മുറിഞ്ഞു വീണതും, അന്ത്യകർമ്മങ്ങൾക്കായി കുഴിമാടത്തിനു വേണ്ടി പതിച്ച മൺവെട്ടിയുടെ ശബ്ദവും കേട്ടാണ് ഞാൻ മയക്കത്തിൽ നിന്നുണർന്നത്. ഇനി മുതൽ എനിക്കെന്റെ മുത്തശ്ശി ഇല്ലെന്നോർത്തു മനസ്സ് പിടഞ്ഞു. അന്നു വരെ അറിയാത്ത മരണത്തിന്റെ മണം എന്റെ ശരീരത്തെ തളർത്തി. പിന്നെ മുത്തശ്ശിയെ മുറ്റത്തേക്കും അതുകഴിഞ്ഞു കർമ്മങ്ങൾക്കായി തെക്കോട്ടും.....

ശാന്തമായി അന്ത്യ യാത്രക്ക് തയാറായി കഴിഞ്ഞിരുന്നു. എനിക്ക് മുത്തശ്ശിയോടിനി സ്വകാര്യങ്ങൾ പറയാൻ കഴിയില്ല. ഞങ്ങൾ രണ്ടാളും മാത്രമുള്ള എത്രയോ സന്ധ്യകളും കഥകളും, എല്ലാം നഷ്ടസ്വപ്നമായി. തെക്കിനിയിലെ പടിയിൽ ചാരിനിന്നു നോക്കെത്താദൂരത്തേക്ക് ആരെയൊക്കെയോ കാത്തുനിന്നിരുന്ന, തൈലത്തിന്റെ വാസനയുള്ള, മെലിഞ്ഞുണങ്ങിയ മുത്തശ്ശിയെ എനിക്കിനി കാണാൻ കഴിയില്ല. എന്റെ വിവാഹത്തിന് വെറും ആറു മാസങ്ങൾ ബാക്കി നിൽക്കെ എന്നെ അനുഗ്രഹിച്ചു പറഞ്ഞയക്കാനും ഇനി മുത്തശ്ശിയുണ്ടാവില്ല. ഞാൻ ഓരോന്നും ഓർത്തോർത്തു കരഞ്ഞു കൊണ്ടേയിരുന്നു.

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. മുത്തശ്ശിയുടെ മുറിക്കുള്ളിൽ കയറിയാൽ ഞാൻ അറിയാതെ കരഞ്ഞു പോകും. ഒരു കുഞ്ഞൻ വെറ്റില ചെല്ലം, വെറ്റില പാക്ക് ഇവ ഇടിക്കുന്ന കുഞ്ഞു കുഴിയുള്ള ഇടികല്ല്, ആർഭാടമൊന്നുമില്ലാത്ത കട്ടിൽ, ഒരു മുള വടി, അതെപ്പോഴോ ശബരിമലയിൽ പോയപ്പോൾ വാങ്ങിയതായിരുന്നു. പിന്നെ മുറിയുടെ ഒരു മൂലയ്ക്കായി ഒരു തടിപെട്ടി. എനിക്കറിവായതു മുതൽ അതവിടെയുണ്ടായിരുന്നു. മുണ്ടുകളും, കാശും ഒക്കെ അതിലുണ്ടായിരിക്കും, അത് തുറന്നു ഞാൻ കണ്ടിട്ടില്ലായിരുന്നു. പക്ഷേ, എന്നെക്കൊണ്ട് വളരെ വർഷങ്ങൾക്കു മുൻപ് മുത്തശ്ശി എഴുതിച്ച അമ്പലങ്ങളുടെ ലിസ്റ്റും, അവിടത്തെ നേർച്ച കുറിപ്പുകളും അതിനകത്താണെന്നെനിക്കറിയാമായിരുന്നു. 

അങ്ങനെയിരിക്കെ  മൂന്നാമത്തെയോ, നാലാമത്തെയോ ദിവസം വല്യച്ഛൻ മുത്തശ്ശിയുടെ മുറിയിൽ കയറി ആ തടിപ്പെട്ടി തുറക്കാൻ ശ്രമിച്ചു. പക്ഷേ അത് തുറന്നു വന്നില്ല. "എന്തിനാ അത് തുറക്കുന്നത്, കുറച്ചു ദിവസങ്ങൾ കഴിയട്ടെ" എന്നൊക്കെ ആരോ പറയുന്നുണ്ടായിരുന്നു. മുൻശുണ്ഠിക്കാരനായിരുന്ന വല്യച്ഛൻ അത് തുറക്കാൻ തന്നെ തീരുമാനിച്ചു. പക്ഷേ തുറക്കുന്നില്ല. അതിന്റെ താക്കോൽ ആർക്കും അറിയില്ല. സാധാരണ മുത്തശ്ശിയുടെ തൂവാല തുമ്പിലോ അല്ലെങ്കിൽ മുണ്ടിന്റെ തുമ്പിലോ ഒക്കെയായിരുന്നു താക്കോൽ കെട്ടിയിടാറുണ്ടായിരുന്നത്. പെട്ടി ചവിട്ടി പൊളിക്കാം എന്ന മട്ടിലായിരുന്നു വല്യച്ഛൻ. അതു കണ്ടു നിന്ന ചെറിയച്ഛൻ ദേഷ്യത്തിൽ പെട്ടി പൊക്കി നിലത്തടിക്കാൻ ഉയർത്തിയപ്പോൾ അതിശയമെന്നെ പറയേണ്ടൂ പെട്ടി തുറന്നിരിക്കുന്നു. കണ്ടു നിന്ന എല്ലാപേരും കരഞ്ഞു. ചെറിയച്ഛൻ പെട്ടി സാവധാനം താഴേക്ക് വച്ചു പൊട്ടിക്കരഞ്ഞു. വല്യച്ഛൻ പെട്ടി തുറന്നു. സെറ്റു മുണ്ടുകൾ, കൈലികൾ, പേപ്പറിൽ ഞാനെഴുതിയ നേർച്ച കുറിപ്പുകൾ, മണിയോഡർ സ്ലിപ്പുകൾ, കാശ്, തുട്ടുകൾ, മണത്തിനുവേണ്ടി ഇട്ടുവച്ചിരുന്ന  ഉണങ്ങിയ കൊളുന്തു തുണ്ടുകൾ, ഉണങ്ങിയ ഇലകൾ എന്നിവയുണ്ടായിരുന്നു. ആ രംഗം എല്ലാവരെയും കണ്ണീരിലാഴ്ത്തി. എന്തായാലും സ്വന്തം അന്ത്യകർമ്മങ്ങൾക്കായി കാശു ശേഖരിച്ചു വച്ച മുത്തശ്ശിയെ ഓർത്തു ഹൃദയം പിടഞ്ഞു. 

ആ പെട്ടി എങ്ങനെ തുറന്നുവെന്നും എനിക്കറിയില്ല. പക്ഷേ വളരെയധികം ദൈവവിശ്വാസിയായിരുന്ന മുത്തശ്ശിക്ക് ഒരു ദൈവീകമായ പരിവേഷമുണ്ടായിരുന്നു. ദീർഘദർശിയായ മുത്തശ്ശി പറയുന്നത് പലപ്പോഴും ശരിയാകാറുണ്ടായിരുന്നു. എനിക്കതിൽ വിശ്വാസവുമുണ്ടായിരുന്നു. 

എന്നും ഞാനോർക്കാറുണ്ട്, മുത്തശ്ശിയോടപ്പൊമുള്ള ആ പഴയ കാലം. സ്കൂൾ വിട്ടോടിയെത്തുമ്പോൾ എന്നെയും കാത്തുനിൽക്കുന്ന എന്റെ മുത്തശ്ശി, എന്റെ ജന്മദിനങ്ങൾ ഓർത്തുവെക്കുന്ന ഒരേയൊരാൾ, എനിക്കുവേണ്ടി  അരിപ്പായസ്സവുമുണ്ടാക്കി കാത്തിരിക്കുന്ന മുത്തശ്ശി, കറയൻ മാവിലെയും തേന്മാവിലെയും കശുവണ്ടികൾ പറക്കാനും വരിക്ക മാവിലെയും, ശങ്കരൻ മാവിലെയും മധുരമുള്ള മാങ്ങ പെറുക്കാനും നഗ്നപാദരായി ഞങ്ങൾ ഒരുമിച്ചോടി നടന്നതും തൊട്ടാവാടികൾ ഞങ്ങളെ നോക്കി കണ്ണുചിമ്മിയതും, ഒപ്പം നൊമ്പരത്തോടെ മുള്ളുകൾ തുളച്ചു കയറിയതും, കാലുകളിലെ ആ മുള്ളുകളും തഴമ്പുകളും എല്ലാം ഓർമകളുടെ അവശിഷ്ടങ്ങളായി. കാലം വളരെ വേഗത്തിലോടികൊണ്ടേയിരുന്നു. 

പക്ഷേ എന്റെ ഓർമകളിൽ തുണയായി എന്നും എനിക്ക് എന്റെ മുത്തശ്ശിയുടെ സാമീപ്യം മണത്തറിയാൻ കഴിയുന്നുണ്ട്. എന്റെ ദുഖങ്ങളിൽ  എന്നെ ആശ്വസിപ്പിക്കാനും, എന്റെ സുഖങ്ങൾക്ക് നിറമേകാനും എന്നിലേക്ക്‌ എന്റെ സ്വപ്നങ്ങളിൽ പലപ്പോഴും ഓടിയണയാറുണ്ട് എന്റെ മുത്തശ്ശി. പലപ്പോഴും പണ്ടത്തെ മാവിൻചുവട്ടിലെ ഞങ്ങളുടെ കൂട്ടുകൂടലും എല്ലാം അതേപോലെ തന്നെ ചിറകുവിരിച്ചു ഒരു പക്ഷിയെ പോലെ എന്റെ സ്വപനങ്ങളിൽ എത്താറുണ്ട്.