'ഹോ….ഈ നശിച്ച മഴ' എന്ന് മനസ്സിൽ പ്രാകികൊണ്ടായിരുന്നു ഞാൻ ഫ്ലൈറ്റിൽ നിന്നിറങ്ങിയത്. പുറത്തു മഴ തിമിർത്തു പെയ്യുന്നുപെയ്തുകൊണ്ടിരിന്നു. മഴ കാണാനും കൊള്ളാനും എന്നും ഹരം കൊണ്ടിരുന്ന എനിക്ക് ഇന്നിപ്പോ ഒരാളൽ, 'എങ്ങനാ വീട്ടിൽ എത്തുക?'. നേരം രാത്രി പന്ത്രണ്ടര ആയിരിക്കുന്നു. മഴ കാരണം ഫ്ലൈറ്റ് മൂന്ന് മണിക്കൂർ ലേറ്റ് ആയി. ഇച്ഛാച്ഛനാണേൽ ഫോൺ വിളിച്ചിട്ടെടുക്കുന്നെ ഇല്ല. ലാൻഡ് ഫോണിലു വിളിച്ചിട്ടും തഥൈവ. ആകെ ഒരു ടെൻഷൻ, എന്താ ചെയ്യണ്ടേ?. ഇച്ചാച്ചൻ വന്നിട്ടുണ്ടാവോ?. ഫോൺ എടുത്ത് ലാൻഡ് ഫോണിലേക്കു ഒന്ന് കൂടി ട്രൈ ചെയ്തു. റിങ് ചെയ്യുന്നുണ്ട്. 'ഹലോ', അമ്മച്ചിയാണ്. 'അമ്മച്ചി ഞാനാ ലിനി'.
'നീ എവിടെയാ ലിനി? ഫോൺ വിളിച്ചാലും എടുക്കില്ല, നീ എവിടെപ്പോയി കിടക്കുവാ ഈ പാതിരാത്രില്?'.
'അമ്മേ, ഫ്ലൈറ്റ് മുന്ന് മണിക്കൂർ ലേറ്റ് ആയിരുന്നു. ഞാൻ ഇപ്പൊ ലാൻഡ് ചെയ്തതെ ഉള്ളു. ഇച്ചാച്ചൻ വന്നിട്ടുണ്ടോ എയർപോർട്ടിലേക്ക്?'.
‘അച്ചായൻ വന്നിരുന്നു, അപ്പാപ്പന് പെട്ടെന്നൊരു നെഞ്ചു വേദന, മെഡിക്കൽ ട്രസ്റ്റിൽ അഡ്മിറ്റ് ആയി. അവിടടുത്തല്ലേ, ഫോൺ വന്നപ്പോ അങ്ങോട്ട് പോയി. നിന്നോടൊരു ക്യാബ് വിളിച്ചു ഹോസ്പിറ്റലിലേക്കു ചെല്ലാൻ പറഞ്ഞു'.
'ശരി അമ്മച്ചി, ഞാൻ വക്കുവാ, ക്യാബ് കിട്ടുവോന്നു നോക്കട്ടെ'.
രാത്രി വൈകി നേരം തെറ്റിയ ഫ്ലൈറ്റ് ആയതു കൊണ്ടാവാം, പിക്കപ്പ് ഏരിയ വേഗം ആളൊഴിയാൻ തുടങ്ങി. വിരലിൽ എണ്ണാവുന്നവർ മാത്രം ഫോണിൽ എൻഗേജ്‌ഡ് ആയി നിൽക്കുന്നു. വലതു വശത്തു ഒരു ചെറുപ്പക്കാരൻ എന്നെത്തന്നെ ശ്രദ്ധിക്കുന്നുണ്ടോ .
'ആ..എന്തോ ആവട്ടെ, ക്യാബ് കിട്ടുവോ എന്ന് നോക്കാം.'
അടുത്ത ക്യാബ് ഒന്നും ഇല്ലാഞ്ഞിട്ടാണോ, അജ്ഞാതന്റെ പാളിനോട്ടങ്ങളാലാണോ മനസ്സിൽ പതിയെ അസ്വസ്ഥതയുടെ, ഭയത്തിന്റെ വിത്തു മുളച്ചു തുടങ്ങി. കുറച്ചു മാറി നിന്ന്, അജ്ഞാതന്റെ നോട്ടത്തിൽ നിന്ന് രക്ഷപ്പെടാനെന്നവണ്ണം, വീണ്ടും ക്യാബിനായി ട്രൈ ചെയ്തു കൊണ്ടിരുന്നു ഞാൻ. 'സമയത്തിന്റേതാവും' ഒറ്റ ക്യാബില്ല, ഒച്ചയെടുത്തു പിന്നാലെ കൂടാറുള്ള ടാക്സിക്കാരും ഇല്ല. മനസ്സിൽ ഇനി എന്ത് എന്ന ചോദ്യത്തിനൊപ്പം ഭയം നന്നായി വളർന്നു കൊണ്ടിരുന്നു.
അപ്പോഴാ മുന്നിൽ കുറച്ചു മാറി കിടക്കുന്ന KSRTC ബസ് കണ്ടത്. കുടയെടുത്ത് നിവർത്തി മുന്നോട്ടു നടന്നു. മഴ തെല്ലൊന്നു കുറഞ്ഞിരിക്കുന്നു. ബസ്സിനടുത്തെതെത്തിയപ്പോ മുന്നിൽ കുടയുടെ മറവിൽ നിന്നൊരു ശബ്ദം,
'ചേട്ടാ, ബസ് എപ്പോഴാ എടുക്ക?'
'ഒരു പത്തു മിനിറ്റ് ആവും'.
'അങ്കമാലീന്ന് തൃശ്ശൂർക് ബസ് കിട്ടോ ഈ നേരത്ത്?.'
'ഇണ്ടാവും, രാത്രി സർവീസ് ഉള്ളതല്ലേ ഇപ്പൊ.'
അത് കേട്ട ഉടനെ അയാൾ ബസ്സിലേക്ക് കയറി. അതയാളായിരുന്നു, എന്നെ പാളി നോക്കിക്കൊണ്ടിരുന്ന ആ ചെറുപ്പക്കാരൻ. ബസ്സിൽ കയറി കുട ചുരുക്കാൻ തിരിയുമ്പോൾ അയാളും എന്നെ ശ്രദ്ധിച്ചിരുന്നു അതെ കള്ളനോട്ടത്തിലൂടെ.
'ചേട്ടാ വൈറ്റിലക്കു ബസ് ഉണ്ടാവോ ഇപ്പൊ?'.
കുറച്ചു ദയനീയമായിത്തന്നെ ആണ് ഞാൻ കണ്ടക്റ്ററോട് ചോദിച്ചത്.
'ഇല്ല മോളെ, ഇതിപ്പോ ഇവുടുന്നു ലാസ്റ്റ് ബസ്സാ, അത്താണി ഇറങ്ങി നിന്നാ മതി കിട്ടും, രാത്രീല് ബസ് കുറവായിരിക്കും.'
കുറച്ചൊരു സംശയത്തിൽ കണ്ടക്ടർ മറുപടി പറഞ്ഞു.
എന്തോ കേറുന്നതാ ബുദ്ധി എന്ന് തോന്നി. കയറി, ഡോറിനു ഓപ്പോസിറ്റ് കണ്ട സീറ്റിലെ ഇരിപ്പുറപ്പിച്ചു. രാത്രി ആയതിനേക്കാൾ, ഞാൻ ഒരാളേ പെണ്ണായി ബസ്സിൽ ഉള്ളു എന്നതിനേക്കാൾ അയാളുടെ പ്രെസെൻസ് എന്നിൽ ഭയം ഉണ്ടാക്കിയിരുന്നു എന്ന് തോന്നുന്നു. ടിക്കറ്റ് എടുക്കാൻ തിരഞ്ഞപ്പോൾ ഞാൻ അറിയ്യാതെ അയാളെ ഒന്ന് നോക്കി. കണ്ടാൽ ഒരു മാന്യന്റെ ലുക്ക് എല്ലാം ഉണ്ടേലും ഇപ്പോഴും തുടരുന്ന ആ പാളി നോട്ടം ഒരു വില്ലന്റെ പരിവേഷം ചാർത്തി കൊടുത്തിരുന്നു മനസ്സിൽ.
'അത്താണി ആവുമ്പൊ പറയണേ ചേട്ടാ' എന്നും പറഞ്ഞു ഞാൻ ടിക്കറ്റും ബാക്കിയും വാങ്ങി തിരിഞ്ഞിരുന്നു.
മഴയത്ത് ഷട്ടറുകൾ എല്ലാം താഴ്ത്തിയിട്ടിരുന്നു. കാറ്റോട്ടം ഇല്ലാത്ത ഈറൻ അന്തരീക്ഷം, വല്ലാതെ പുകച്ചിൽ എടുക്കുന്നത് പോലെ.
എങ്ങിനെയും ഒന്നെത്തിയാൽ മതിയായിരിന്നു.
അപ്പാപ്പന് എങ്ങനെ ഉണ്ടോ ആവോ?
'അയ്യോ, അത്താണി കഴിഞ്ഞു ചേട്ടാ'
തിരിഞ്ഞു നോക്കുമ്പോൾ അയാൾ.
അത് കേട്ടപ്പോ പല തരത്തിലാണ് എന്റെ ഉള്ളിൽ ഇടിമിന്നൽ പാളിയത്, അയാൾ എന്നെ തന്നെ ശ്രദ്ധിക്കുന്നു എന്ന തോന്നലിന്റെ, ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞു പോയി എന്ന തോന്നലിന്റെ, രാത്രി തനിച്ചാണ് എന്ന തോന്നലിന്റെ...
കണ്ടക്ടർ മണി അടിച്ചു, വണ്ടി നിർത്തി.
'സോറി മോളെ, ഒരു നൂറു നൂറ്റമ്പതു മീറ്റർ പിന്നോട്ട് നടന്നാ മതി, ബസ് സ്റ്റോപ്പ് ആയി.
ഞാൻ എടുപിടിന്നു എന്റെ ബാക്ക്പാക്കും എടുത്ത് പുറത്തേക്കിറങ്ങി, കുട നിവർത്തി മുന്നോട്ടു നടന്നു.
'ആളിറങ്ങാനുണ്ട്'
പിന്നിൽ നിന്ന് ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ, അയാൾ ബസ്സിൽ നിന്ന് ചാടി ഇറങ്ങുന്നു.
'മാതാവേ, രക്ഷിക്കണേ’,
മുന്നിൽ ഇരുട്ട്, വിജനമായ റോഡ്, പിന്നിൽ എന്തിനോ വേണ്ടി എന്നെ പിന്തുടരുന്ന അയാൾ. സകല ദൈവങ്ങളെയും വിളിച്ചു, കൊന്തയിലെ കുരിശു രൂപത്തിൽ മുറുക്കി പിടിച്ചു, ധൈര്യം സംഭരിച്ചു ഞാൻ മുന്നോട്ടു നടന്നു.
ചാറ്റൽ മഴയിലും, പിന്തുടരുന്ന അയാളുടെ കാലടി ശബ്ദം എന്റെ ഹൃദയമിടിപ്പുകൾക്കുമൊപ്പം ഞാൻ അറിയുന്നുണ്ടായിരുന്നു. നടത്തത്തിന്റെ വേഗം കൂട്ടി. പെട്ടെന്നായിരുന്നു പിന്നിൽ നിന്നൊരു ബൈക്ക് വന്ന് എനിക്കൊപ്പം നിർത്തിയത്. പകപ്പോടെ ഞാൻ നോക്കുമ്പോഴേക്കും ബൈക്ക്കാരൻ പറയുന്നുണ്ടായിരുന്നു,
'വേഗം കേറി ഇരി, ആരേലും കാണും മുൻപേ.....'
'ചുമ്മാ ജാഡ കാണിക്കാതെ കൊച്ചെ, കാശ് എല്ലാം പിന്നെ പറയാം...നീ കേർ…'.
എന്റെ മുഖത്തെ പകപ്പ്, ഭയമായും ദേഷ്യമായും മാറുന്നതു കണ്ടിട്ടാവണം, അയാൾ ഒരു ഇളിഭ്യൻ ചിരി പാസാക്കി,
'അപ്പൊ അല്ല അല്ലെ..? ഞാൻ വിചാരിച്ചു.....
എന്നാലും വേണോങ്കി ഒരു ടൈംപാസിനാവാട്ടോ....'
അക്ക്സിലേറ്റർ മൂപ്പിച് ഒന്ന് കുടി നോക്കി അയാൾ ബൈക്കിനു വേഗം കൂട്ടി കടന്ന് പോയി.
എന്റെ നെടുവീർപ് പാതി പിന്നിടുമ്പോഴേക്കും പിന്നിൽ അയാൾ ഉണ്ടെന്ന തിരിച്ചറിവ് എന്റെ ശ്വാസത്തിനും കാലുകൾക്കും വേഗം കൂട്ടി.
മുന്നിൽ ബസ് സ്റ്റോപ്പ് എന്ന ബോർഡ്, ഷെൽട്ടറിനുള്ളിൽ നായ്ക്കൾ ചുരുണ്ടു കുടി കിടക്കുന്നു. ബസ് സ്‌റ്റോപ്പിൽ റോഡിനോട് ചേർന്ന് ഞാൻ നില്പുറപ്പിച്ചു. അയാൾ ഇപ്പൊ എന്നിൽ നിന്നൊരു പത്തു മീറ്റർ കാണും, നിഗുഢതയുടെ മൂടുപടവും പേറി നില്പുറപ്പിച്ചിരിക്കുന്നു.
പോയി നല്ല ചീത്ത പറഞ്ഞാലോ?
എന്താ പിൻതുടരുന്നത് എന്ന് ചോദിച്ചാലോ?
തനിക്കൊന്നും അമ്മേം പെങ്ങമ്മാരും ഒന്നും ഇല്ലേ എന്ന് ചോദിച്ചാലോ?
വേണ്ട. പതിയെ ഫോൺ എടുത്തു അച്ചാച്ചനെ ഡയല് ചെയ്തു. ലൈൻ പോവുന്നില്ല.
മാതാവേ, ഒരു ഞെട്ടലോടെ ഞാനറിഞ്ഞു പതിയെ പതിയെ അയാൾക്കും എനിക്കും ഇടയിൽ ദൂരം കുറഞ്ഞു വരുന്നു എന്നത്.
മനസ് പ്രതികരിക്കാൻ തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോഴാണ് എതിർ വശത്തു നിന്ന് ഒരു സൈക്കിൾ അടുത്ത് വരുന്നത് ശ്രദ്ധിച്ചത്. രണ്ടു മധ്യവയസ്കർ.
'അനിയാ, സെറ്റപ്പ് ആണല്ലേ? ഞങ്ങളൊക്കെ ഈ നാട്ടിൽ തന്നെ ഉണ്ടേ...'
സൈക്കിൾ ചവിട്ടിയിരുന്ന ആളുടേതായിരുന്നു ശബ്ദം. എനിക്ക് തോന്നിയ അറപ്പ് എന്ന വികാരത്തിനിടയിലും എന്നെ പിന്തുടർന്ന് വന്ന ആൾ ആ ചോദ്യത്തിന് മുന്നിൽ ചുളുന്നത് ഞാൻ കണ്ടിരുന്നു.
‘വേണ്ടടാ, വാ പോവാം, ചോദിച്ചാ പെങ്ങളാവും, മകളാവും, ചിലപ്പോ അമ്മമ്മ വരെ ആകും’. പിന്നിലിരിക്കുന്നവന്റെ താളത്തിനൊപ്പിച്ച വാക്കുകൾക്കൊപ്പം സൈക്കിൾ മുന്നോട്ടു പോയി. മഴ മുഴുവനായും മാറിയത് ഞാൻ അപ്പോഴാണറിഞ്ഞത്.
എന്നാലും കുട, അത് അങ്ങനെ തന്നെ പിടിച്ചു, അതിന്റെ മറ ഒരു സംരക്ഷണം പോലെ.
'മോളെ ദാ ബസ്സു വരുന്നുണ്ട്, തിരുവനന്തപുരം ബസ്സ്, വൈറ്റിലയിൽ നിർത്തും'
ഒരു ഞെട്ടലോടെ ഞാൻ അയാളെ തിരിഞ്ഞു നോക്കി ദുരെ നിന്ന് വരുന്ന ബസ്സിലേക്കും.
'ദാ, ഇതെന്റെ നമ്പറാ, എന്തേലും ഉണ്ടേൽ ഇതിൽ വിളിച്ചാ മതി, വീട്ടി ചെന്ന് അച്ഛന്റെ നമ്പറീന്ന് ഒന്ന് വിളിച്ചേരെ'.
കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന കടലാസ്സ് നീട്ടി അയാൾ പറഞ്ഞു.
അപ്പോഴേക്കും ബസ്സ് മുന്നിൽ വന്നു നിന്ന് കഴിഞ്ഞിരുന്നു. കടലാസ്സ് വാങ്ങി ബസ്സിൽ കയറവെ അയാളോട് ചോദിച്ചു,
'അപ്പൊ ചേട്ടൻ.....?'
'എനിക്ക് തൃശൂര്കാ പോവണ്ടേ, ബസ്സെന്തേലും കിട്ടും, സാരമില്ല'.
ബസ്സിൽ കയറി ഇരുന്ന് ബാക്കിവച്ച നെടുവീർപ്പുമിട്ട് അയാളെ വീണ്ടും നോക്കി. അതെ പാളി നോട്ടവും ആയി അയാൾ അവിടെത്തന്നെ ഉണ്ടായിരുന്നു. ബസ് മുന്നോട്ടെടുത്തു, പതിയെ സീറ്റിലേക്ക് ചാഞ്ഞു ഒന്ന് കണ്ണ് മുടിയപ്പോ ഇന്നലെ ഏതോ എഴുത്തുകാരി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലെ വാചകം ഓര്മ വന്നു.
'ചോര കുടിക്കുന്ന, സമൂഹ മാധ്യമങ്ങളിൽ ഓരിയിടുന്ന കുറുക്കന്മാർ ഒരുപാട് എൻറെ നാട്ടിൽ ഉണ്ടെങ്കിലും, സ്ത്രീകളെക്കാൾ പുരുഷന്മാർ ഫെമിനിസ്റ്റുകൾ ആയിട്ടുള്ള നാടാണ് എന്റേത്.