‘പുതിയ പുതിയ സുന്ദരികളുമൊത്ത് അന്ന് ജീവിതം ആഘോഷിച്ചു, ഇന്ന് ഒരിറ്റു വെള്ളം തരാൻ പോലും ആരുമില്ല’
ഗ്രീന്‍ റൂമില്‍ വെച്ച് കയ്യില്‍ കടന്നു പിടിച്ചു ചുംബിക്കാന്‍ ശ്രമിച്ച തന്‍റെ മുഖത്തവള്‍ കൈ നീട്ടിയടിച്ചപ്പോള്‍ ആ അടി കൊണ്ടത് തന്നെ കണ്ടാല്‍, തന്‍റെ പേര് കേട്ടാല്‍ എഴുന്നേറ്റു നില്‍ക്കുന്ന ആളുകളെ മാത്രം കണ്ടു ശീലിച്ച തന്‍റെ അഹന്തയുടെ മുഖത്തായിരുന്നു.
ഗ്രീന്‍ റൂമില്‍ വെച്ച് കയ്യില്‍ കടന്നു പിടിച്ചു ചുംബിക്കാന്‍ ശ്രമിച്ച തന്‍റെ മുഖത്തവള്‍ കൈ നീട്ടിയടിച്ചപ്പോള്‍ ആ അടി കൊണ്ടത് തന്നെ കണ്ടാല്‍, തന്‍റെ പേര് കേട്ടാല്‍ എഴുന്നേറ്റു നില്‍ക്കുന്ന ആളുകളെ മാത്രം കണ്ടു ശീലിച്ച തന്‍റെ അഹന്തയുടെ മുഖത്തായിരുന്നു.
ഗ്രീന്‍ റൂമില്‍ വെച്ച് കയ്യില്‍ കടന്നു പിടിച്ചു ചുംബിക്കാന്‍ ശ്രമിച്ച തന്‍റെ മുഖത്തവള്‍ കൈ നീട്ടിയടിച്ചപ്പോള്‍ ആ അടി കൊണ്ടത് തന്നെ കണ്ടാല്‍, തന്‍റെ പേര് കേട്ടാല്‍ എഴുന്നേറ്റു നില്‍ക്കുന്ന ആളുകളെ മാത്രം കണ്ടു ശീലിച്ച തന്‍റെ അഹന്തയുടെ മുഖത്തായിരുന്നു.
കനവിരമ്പങ്ങള്‍ (കഥ)
കട്ടിലില്‍ കിടന്നു കൊണ്ട് തന്നെ ജാലകവിരി മെല്ലെ നീക്കാന്‍ ശ്രമിച്ചു. കയ്യിലെ വിറ കാരണമാവാം ആദ്യ തവണ വിരിയുടെ തുമ്പ് കയ്യില്‍ നിന്ന് വരാലിനെ പോലെ വഴുതി നീങ്ങി. രണ്ടാം ശ്രമത്തില്‍ ഒന്നുകൂടി ആയാസപ്പെട്ടതിനാലാവണം വിരി പതിയെ വിരലുകള്‍ക്ക് വഴങ്ങി വലിഞ്ഞു മാറി. അഴുക്ക് പുരണ്ട ജനാലച്ചില്ലിന്‍
മറയിലൂടെ ആകാശത്തിന്‍റെ ഒരു കുഞ്ഞു കീറു വെളിവായി. മാനം കറുത്തിരിക്കുന്നു. ചുറ്റും കനക്കുന്ന മഴമേഘങ്ങള്‍ ഇരുളിന്‍റെ ഒരു കരിമ്പടമായി ആകെ മൂടുന്നുവോ?
അല്പം തല പൊക്കി നോക്കാനായെങ്കില്‍!
പുറത്തെ മഴക്കാറിന്‍റെ പുഴുക്കത്തെക്കാള്‍ ഉള്ളിലെ വേവാണ് കൂടുതലെന്ന് തോന്നുന്നു. വിയര്‍പ്പിന്‍റെ പശിമയില്‍ ഉരുകി ഒലിക്കുന്നത് സ്വന്തം സ്വത്തം തന്നെ. ചുറ്റും ചൂഴ്ന്നു നിൽക്കുന്ന വന്യമായ നിശബ്ദത ഊഷരമാക്കുന്ന രാപകലുകളില്‍ ഇന്നലകളുടെ ഓർമകള്‍ അമ്ലം പോലെ വീണു പൊള്ളുന്നു. വല്ലാതെ നീറുന്നുണ്ട്. ഈ നിശബ്ദത അസഹനീയമാണ്. ആരവങ്ങളുടെ നടുവില്‍ വിജയിയായി ജീവിച്ചവർക്ക് പ്രത്യേകിച്ചും. ‘പിന്നിട്ട വഴികളിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്താപം ഉണ്ടാകാതെയിരിക്കുക’ വളരെ വലിയൊരു കാര്യമാണെന്ന് ഇന്ന് തിരിച്ചറിയുന്നു.
വല്ലപ്പോഴും വന്നു നോക്കുന്ന മുന്നയാണ് ഈ നിശബ്ദതയില്‍ ആകെ പ്രതീക്ഷിക്കാനുള്ള ശബ്ദവും സാന്നിധ്യവും കാരുണ്യവും. മനഃപൂര്‍വമല്ലെങ്കിലും എന്നോ ചെയ്ത ഒരിത്തിരി പുണ്യത്തിന്‍റെ ഒരിലക്കീറു പോലെ.
ഒന്നു തനിയെ എഴുന്നേറ്റിരിക്കാനായെങ്കില്‍.
അഴുക്ക് പുരണ്ട, പൊടി മണമുള്ള തലയിണയിലേയ്ക്ക്ചായുമ്പോള്‍, ഉള്ളിലെ പിടച്ചിലില്‍ കണ്ണുകള്‍ അറിയാതെ കൂമ്പി പോകുന്നു.
എങ്ങുനിന്നോ മുഖത്ത് ഒരീച്ച പറന്നുവന്നിരുന്നു. ആകെ മുഷിഞ്ഞിരുണ്ട ഈ കുടുസ്സുമുറിയില്‍ ഇതാ തന്നെ അന്വേഷിച്ച് ഒരീച്ച! തളര്‍ച്ച ബാധിക്കാത്ത ഇടത്തു കൈ ഉയര്‍ത്തി മെല്ലെ ആട്ടി നീക്കാന്‍ നോക്കി. കൈ താഴ്ത്തുമ്പോഴെല്ലാം വര്‍ദ്ധിത വീര്യത്തോടെ അത് മുഖത്തേയ്ക്കു തിരികെയെത്തി.
തന്നെ തേടിയെത്തിയ അതിഥിയെ അതിന്‍റെ ഇഷ്ടത്തിന് മേയാന്‍ വിട്ട് ചിലന്തിവല പുതച്ച ദ്രവിച്ചു തുടങ്ങിയ മച്ചിലെ മങ്ങിയ കാഴ്ചകളിലേക്ക് നോക്കി കിടക്കുമ്പോള്‍ മനസ്സില്‍ ഭൂതകാലത്തിന്‍റെ താളുകള്‍ മറിഞ്ഞു.
പതിയെ പതിയെ സ്വയം കുഴിച്ച കുഴിയുടെ ആഴം തെളിഞ്ഞു വന്നപ്പോള്‍, പലപ്പോഴും ഉള്ളിലുള്ള അഹങ്കാരത്തിന്‍റെ അണകള്‍ തകര്‍ത്തു വാവിട്ടു കരയണമെന്നാശിച്ചിട്ടുണ്ട്. തിരുത്താനാവാത്ത തെറ്റുകളുടെ ഘോഷയാത്ര നയിച്ച ജീവിതത്തില്‍ കണ്ടതെല്ലാം മായ കാഴ്ചകള്‍ മാത്രമെന്നു തിരിച്ചറിയാന്‍ വൈകി. അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്‍റെ അമൃത് നുകർന്ന് ഒരു ശലഭമായി പാറിനടന്ന നാളുകളുടെ ഓര്‍മകള്‍ സൂചി മുനകളായി കനവില്‍ തറഞ്ഞു കയറുന്നു.
മുകളിലതാ മുഴുത്ത ഒരു ചിലന്തി, വല നെയ്ത് ഇരയെ കാത്തിരിയ്ക്കുന്നു. ഒരു തരത്തില്‍ സ്വയം ആ ചിലന്തിയെപ്പോലെ ആയിരുന്നെന്നു തോന്നിപ്പോകുന്നു. പണത്തിന്‍റെ, അധികാരത്തിന്‍റെ വലകള്‍ നെയ്ത് ഇര പിടിച്ചിരുന്ന തന്‍റെ മനസ്സില്‍ ഒരിക്കല്‍ പോലും ദയ എന്ന വികാരം തോന്നിയിട്ടില്ലെന്ന് വേദനയോടെ തിരിച്ചറിയുന്നു.
റേസ് കോഴ്‌സുകളിലും ബാറുകളിലും ഗസ്റ്റ് ഹൗസുകളിലും ഹോട്ടല്‍ മുറികളിലും പുതിയ പുതിയ സുന്ദരികളുമൊത്തു ലഹരിയുടെയും രതിയുടെയും ആഴമളന്ന് ജീവിതമാസ്വദിക്കുമ്പോള്‍ ലോകത്തിന്‍റെ നെറുകയിലാണെന്ന് വിശ്വസിച്ചിരുന്നു. പണം കൊണ്ട് സ്വന്തമാക്കാനാവാത്തതായി ഒന്നുമില്ലെന്ന് വിശ്വസിച്ചിരുന്ന കാലം. ലോകം തന്‍റെ കാല്‍ച്ചുവട്ടിലാണെന്നു കരുതിയ നാളുകള്‍. എന്തൊരു മൂഢമായ വിശ്വാസമായിരുന്നു അത്.
അമ്മയുടെ മരണശേഷം, മാസത്തിലൊരിക്കലോ മറ്റോ, തിളങ്ങുന്ന ചായം പുരട്ടിയ കവിളുകളും തവിട്ടു നിറത്തിലെ തലമുടിയും കണ്ണുകളില്‍ കാമവും ചുണ്ടുകളില്‍ നിഗൂഢമായചിരിയും ഒളിപ്പിച്ച പരിചയമില്ലാത്ത സ്ത്രീകളുടെ ഇടുപ്പില്‍ കൈ ചുറ്റി ഇടറുന്ന ചുവടുകളോടെ വീട്ടിലെത്തുന്ന അച്ഛനെ കണ്ടു വളര്‍ന്ന തനിക്ക് അതിലൊരു അസ്വാഭാവികത തോന്നിയിരുന്നില്ലെന്നതാണ് സത്യം. എന്നുമെന്നും മുഖങ്ങള്‍ മാറി മാറി വന്നെങ്കിലും എല്ലാത്തിലെയും ഭാവം ഒന്നു തന്നെയായിരുന്നു. കൗമാരം വിട്ട ആദ്യനാളുകളിൽത്തന്നെ താനും ഉടലഹങ്കാരത്തിന്‍റെ ചലിക്കുന്ന വിഗ്രഹമായി മാറിയിരുന്നല്ലോ!
ഇരകളില്‍ പലരും സ്വന്തം ഇഷ്ടത്തോടെ തന്‍റെ വലയിലേയ്ക്കു വന്നവരായിരുന്നു. പണത്തിന്‍റെ, പ്രശസ്തിയുടെ, അധികാരത്തിന്‍റെ, ലഹരിയുടെ, പൗരുഷത്തിന്‍റെ വശ്യതയില്‍ മയങ്ങി ഈയാംപാറ്റകളെപ്പോലെ തന്നിലേയ്ക്ക് വന്നു ചേര്‍ന്നവര്‍. മടിച്ച് നിന്നവര്‍ക്കൊരിക്കലും തന്‍റെ മടിശീലയുടെ പ്രലോഭനങ്ങളെ മറികടക്കാന്‍ കഴിഞ്ഞില്ല. അതിനു കഴിഞ്ഞവര്‍ക്കൊരിക്കലും തന്‍റെ അധികാരങ്ങളുടെ ഭീഷണിയെ അതിജീവിക്കുവാനും. അങ്ങനെയല്ലാത്ത ആദ്യത്തെ ആള്‍ ഇന്ദിരയായിരുന്നു.
ഇന്ദിര!
ഒരു പന്തയക്കുതിരയെ വാങ്ങുന്ന ലാഘവത്തില്‍ താന്‍ സ്വന്തമാക്കിയവള്‍. ആദ്യമായി തന്‍റെ മുഖത്തിനു നേരെ കൈ ഉയര്‍ത്തിയവള്‍. എന്നായിരുന്നു ആദ്യമായി കണ്ടത്? ഒരിക്കലും മറക്കാനാവാത്ത ഒരു ഉത്തരത്തിന്‍റെ ചോദ്യം സ്വയം ചോദിച്ചു നോക്കി.
ബോംബെയിലെ ഷണ്‍മുഖാനന്ദ ഹാള്‍!. അതിസുന്ദരിയായ ഒരു നര്‍ത്തകിയുടെ പരിപാടി നഷ്ട്ടപ്പെടുത്താനാവില്ലെന്ന ഉറ്റ സുഹൃത്തിന്‍റെ വാശിക്കു വഴങ്ങിയാണ് തീരെ താല്പര്യമില്ലെങ്കിലും ആ പരിപാടി കാണാന്‍ തീരുമാനിച്ചതു പോലും.
നിറഞ്ഞ സദസ്സിനു മുന്നില്‍ ഇന്ദിര അവതരിപ്പിച്ച കുച്ചിപ്പുടിയേക്കാള്‍ അവളുടെ ഉടലഴകുകളാണ് അന്ന് തന്നെ ഭ്രമിപ്പിച്ചത്. ചുവന്ന ഉടയാടകളില്‍ മൂടിയ അവളുടെ സൗന്ദര്യം ഇന്നോളം താന്‍ കണ്ടതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. ഇറുക്കമേറിയ വസ്ത്രങ്ങളണിഞ്ഞുതന്നോടൊട്ടി നടന്ന താരുണ്യങ്ങളില്‍ നിന്നെല്ലാം വിഭിന്നം.
ഗ്രീന്‍ റൂമില്‍ വെച്ച് കയ്യില്‍ കടന്നു പിടിച്ചു ചുംബിക്കാന്‍ ശ്രമിച്ച തന്‍റെ മുഖത്തവള്‍ കൈ നീട്ടിയടിച്ചപ്പോള്‍ ആ അടി കൊണ്ടത് തന്നെ കണ്ടാല്‍, തന്‍റെ പേര് കേട്ടാല്‍ എഴുന്നേറ്റു നില്‍ക്കുന്ന ആളുകളെ മാത്രം കണ്ടു ശീലിച്ച തന്‍റെ അഹന്തയുടെ മുഖത്തായിരുന്നു. മുറിവേറ്റ മനസ്സില്‍ വാശി നിറഞ്ഞു.
അതുവരെ വിവാഹത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതിരുന്ന താന്‍ അതിനു മുതിര്‍ന്നത് ഇന്ദിരയ്ക്കായി നെയ്ത വലയായിരുന്നുവല്ലോ. അതിനെ അതിജീവിക്കാന്‍ അവിവാഹിതരായ നാലു പെണ്‍മക്കളുടെ ആ സാധു പിതാവിന് സാധിക്കുമായിരുന്നില്ല.
ലോണാവാലയിലെ പ്രശസ്തമായൊരു ഹോട്ടലില്‍ ആയിരുന്നു വിവാഹവും മധുവിധുവും. എത്രയോ തവണ മറ്റു പലരുമൊത്ത് താന്‍ നിറഞ്ഞാടിയ, പച്ച പുതച്ച താഴ്‌വരയിലേയ്ക്ക് ജാലകങ്ങള്‍ തുറക്കുന്ന തന്‍റെ പ്രിയപ്പെട്ട 301 ആം നമ്പര്‍ സ്വീറ്റില്‍. മറ്റുള്ളവരെപ്പോലെ കൂട്ടത്തില്‍ ഒരുവള്‍ മാത്രമായിരുന്നല്ലോ തന്‍റെ മനസ്സില്‍ എന്നും അവളുടെ സ്ഥാനം.
പിച്ചിപ്പൂക്കള്‍ ചൂടി, തന്നെ കാത്തിരുന്ന അവളുടെ അരികിലേയ്ക്ക് അന്ന് കടന്നു ചെല്ലുമ്പോള്‍ താന്‍ ഒരു തുള്ളി പോലും മദ്യപിച്ചിരുന്നില്ല. മനസ്സു മുഴുവന്‍ പകയുടെ ലഹരി നിറഞ്ഞു നിന്നിരുന്നു. പൂര്‍ണ്ണ ബോധ്യത്തില്‍ വേണമായിരുന്നു തനിയ്ക്കവളെ.
ഇന്ന് മറക്കാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങള്‍.
ഇന്ദിരയുടെ കണ്ണുകളിലെ ഭയത്തിന്‍റെ ഓരോ ചലനങ്ങളും താന്‍ ആസ്വദിച്ചിരുന്നു.
അടഞ്ഞ ജനല്‍പ്പാളികള്‍ക്കപ്പുറത്ത് രാത്രിയുടെ യാമങ്ങള്‍ കനക്കുമ്പോള്‍ ഷണ്‍മുഖാനന്ദ ഹാളില്‍ വെച്ച് തന്‍റെ മനസ്സില്‍ തീ പടര്‍ത്തിയ ഇന്ദിരയുടെ മേനിയില്‍ താന്‍ ഒരു വേട്ടപ്പട്ടിയെ പോലെ കുതിച്ചു പായുകയായിരുന്നു. അരുതെന്നുള്ള അവളുടെ പ്രതിരോധങ്ങള്‍ കടല്‍ ഭിത്തിയില്‍ തട്ടി മടങ്ങുന്ന തിരമാലകള്‍ പോലെ നേര്‍ത്തതായിരുന്നു. അസഹ്യമായ വേദനകളിലുള്ള അവളുടെ പുളച്ചില്‍ തന്‍റെ പകയുടെ സാക്ഷാത്ക്കാരമായിരുന്നു.
ഇടയ്ക്കെപ്പോഴോ അവള്‍ എന്തോ പറയാന്‍ ശ്രമിച്ചിരുന്നുവെന്ന് തോന്നുന്നു. പറഞ്ഞിരുന്നുവെങ്കില്‍ കൂടി അത് തന്‍റെ ഹുങ്കാര ശബ്ദത്തിന്‍റെ മുഴക്കത്തില്‍ മുങ്ങിപ്പോയേനെ.
പിന്നീടത് തളര്‍ന്ന നിശ്വാസങ്ങളായും നേര്‍ത്ത തേങ്ങലുകളായും ശുഷ്ക്കിച്ചു പോയി.
എ സി യുടെ ശീതിമയിലും ഉള്ളിലെ വൈരത്തിന്‍റെ ചൂടില്‍ താന്‍ വിയര്‍ത്തു കുളിച്ചു.
ചുറ്റും പരക്കുന്ന ബെഡ് ലാമ്പിന്‍റെ നേരിയ വെളിച്ചത്തില്‍ വാടിയ പിച്ചിപ്പൂക്കള്‍ക്കിടയില്‍ വാടിത്തളര്‍ന്നു കിടന്ന അവളെ ഒറ്റയ്ക്കാക്കി തൊട്ടടുത്ത മുറിയില്‍ മദ്യപിച്ചികൊണ്ടിരുന്ന സുഹൃത്തുക്കളുടെ അടുത്തെത്തുമ്പോള്‍ എല്ലാം നേടിയവന്‍ എന്നു സ്വയം മതി മറന്നിരുന്നു. ‘ഭാഗ്യവാന്‍’ എന്ന അവരുടെ പുകഴ്ത്തലുകള്‍ ആസ്വദിച്ച് അന്ന് മതി വരുവോളം മദ്യപിച്ചു; ബോധം മറയുന്നതു വരെ.
പിന്നീടുള്ള പിച്ചിപ്പൂ മണമുള്ള രാവുകളില്‍ താന്‍ അവളില്‍ പകയുടെ താണ്ഡവമാടി മതിമറന്നുറങ്ങി. മൂന്നോ നാലോ കിലോമീറ്റര്‍ ദൂരത്തുള്ള അവളുടെ വീട്ടിലേക്ക് പോകാന്‍ ഒരിക്കല്‍ പോലും താന്‍ അവളെ അനുവദിച്ചിരുന്നില്ല. കൂട്ടിലടയ്ക്കപ്പെട്ട കിളിയെപ്പോലെയുള്ള അവളുടെ അവസ്ഥയില്‍ തന്‍റെ മനസ്സ് അതിഗൂഢമായൊരു ആനന്ദം അനുഭവിച്ചിരുന്നു. താനവളോട് ഒരിക്കല്‍ പോലും സംസാരിച്ചിരുന്നില്ല! അവളൊരിക്കല്‍ പോലും തന്നെ പ്രതിരോധിച്ചുമില്ല.
പകയുടെ മുനയൊടിയുകയും അവളിലുള്ള താല്‍പര്യം നഷ്ടപ്പെടുകയും ചെയ്ത നാളുകളിലെന്നോ ആണ് താന്‍ അവളെ ഡ്രൈവര്‍ ബഹാദൂറിന്‍റെ കൂടെ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചു പറഞ്ഞയച്ചത്. കുത്തഴിഞ്ഞ തന്‍റെ ജീവിതത്തിന്‍റെ സൗകര്യങ്ങൾക്കായി.
തിരിച്ചു പോകുമ്പോള്‍ അവള്‍ തിരിഞ്ഞു നോക്കിയിരുന്നില്ല എന്നോര്‍ക്കുന്നു. ഒരുതരത്തില്‍ ഒരു രക്ഷപ്പെടല്‍ അവളും ആഗ്രഹിച്ചിരുന്നിരിക്കണം. പിന്നീടൊരിക്കലും താന്‍ അവളെ ഓര്‍ക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലല്ലോ.
ഉപയോഗിച്ചു വലിച്ചെറിഞ്ഞ ഒരു ചായക്കപ്പിന്‍റെ വില പോലും അന്ന് അവള്‍ക്ക് നല്‍കിയിരുന്നില്ല. അരാജകത്വത്തിന്‍റെ കൊടുമുടികള്‍ കയറുമ്പോള്‍ പിന്നിട്ട താഴ്വരകളിലേയ്ക്ക് തിരിഞ്ഞു നോക്കാന്‍ മറന്നുപോയി എന്നതാണ് സത്യം.
അനന്തമായതെന്നു താന്‍ കരുതിയ സമ്പാദ്യമെല്ലാം നഷ്ട്ടപ്പെട്ട് ഒന്നുമില്ലാത്തവനായി നിലയില്ലാത്ത കൊക്കയിലേയ്ക്ക് പതിക്കുമ്പോള്‍ ഒടുവില്‍ തിരിച്ചറിഞ്ഞു... സൗഹൃദത്തിന്‍റെ മുഖംമൂടി അണിഞ്ഞു കൂടെ നടന്നിരുന്ന ചിലന്തികള്‍ വിരിച്ചിരുന്ന വലയിലെ ഇരയായിരുന്നു താനുമെന്ന്...
ഇരയാവുന്ന വേദന ആദ്യമായി അറിഞ്ഞ നാളുകള്‍. എല്ലാം നഷ്ടപ്പെട്ട തന്നെ കണ്ടെത്തി കൂടെ കൂട്ടിയത് മുന്നയാണ്. ബഹാദൂറിന്‍റെ മകന്‍. തന്‍റെ ഒരു വാക്കിന്‍റെ ശുപാര്‍ശയില്‍ എന്നോ കിട്ടിയ ജോലിയുടെ നന്ദി! ഇല്ലായ്മകളുടെ ഇടയിലും തനിക്കായി മുന്ന ഒരുക്കിയ ഇടുങ്ങിയ മുറിയില്‍ ഒതുങ്ങിക്കൂടിയ നാളുകള്‍.
വിളിക്കാതെ വന്ന അതിഥിയായെത്തിയ പക്ഷാഘാതം തളര്‍ത്തിയ ആദ്യ നാളുകളിലെന്നോ ഉള്ളിലുണര്‍ന്ന വെളിച്ചത്തില്‍ ഇന്ദിരയെ കാണണം എന്നാശിച്ചിരുന്നു. പക്ഷേ, വിളിച്ചറിയിക്കാനുള്ള അവകാശം പോലുമൊരു ആഡംബരമാണെന്ന തിരിച്ചറിവു വന്നതു കൊണ്ടാവണം മടിച്ചത്. ഭയമായിരുന്നുവോ? അതോ ഉള്ളിലുറച്ചു പോയ ആണഹങ്കാരത്തിന്‍റെ കനലുകള്‍ പൂര്‍ണമായി അണയാതിരുന്നത് കൊണ്ടോ?
ഈച്ച മുഖത്തു നിന്നു പറന്നു പോയിരിക്കുന്നു. ദേഹമാകെ തളരുന്നതു പോലെ. ആകെ വിറയ്ക്കുന്നുവോ? നാവ് കുഴയുന്നുണ്ട്.
ഈ ജീവിതത്തില്‍ ഇനി ഒന്നു കൂടിയേ ചെയ്യാന്‍ ബാക്കിയുള്ളൂ. ഇന്ദിരയെ ഒന്നു കാണണം. ചെയ്തു പോയ തെറ്റുകള്‍ ഏറ്റു പറഞ്ഞു മാപ്പ് പറയണം. കയ്യില്‍ മുഖമമര്‍ത്തി പൊട്ടിക്കരയണം. നഷ്ടങ്ങളുടെ ഭൂതകാലത്തിന് ചിതയൊരുക്കണം. തര്‍പ്പണമൂട്ടണം. ഇനിയുമൊരു ജന്‍മമുണ്ടെങ്കില്‍ അതിലേയ്ക്കീ ജന്‍മത്തെ പാപങ്ങളുടെ മാറാപ്പ് കൊണ്ടുപോകാതെ ഉപേക്ഷിച്ചു പോകണം. കുറ്റബോധത്തിന്‍റെ ഭാരം താങ്ങാനാവാതെ എന്‍റെ കൺപോളകൾ കൂമ്പിയടയുന്നു...
അതിനിനി ഈ ജന്മത്ത് കഴിയുമെന്ന് തോന്നുന്നില്ല.
ശിശിരത്തില്‍ ഇലകള്‍ കൊഴിയുന്ന മരം പോലെ ദിനങ്ങള്‍ അടര്‍ന്നു വീഴുമ്പോള്‍ പ്രതീക്ഷയുടെ നേര്‍ത്ത കിരണങ്ങള്‍ പോലും മങ്ങുന്നു. കണ്ണില്‍ പൊടിക്കുന്ന ഹൃദയത്തിന്‍റെ ഉറവയില്‍ പാപങ്ങളുടെ കറകള്‍ കഴുകിക്കളയാനായെങ്കില്‍!
മച്ചില്‍ നേരിയ അനക്കമുണ്ട്. മുകളിലെ ചിലന്തി വലയില്‍ പെട്ട് ഒരു പ്രാണി പിടയുന്നുണ്ട്. അല്പനേരം മുന്‍പു തന്‍റെ മുഖത്തു വന്നിരുന്ന ഈച്ചയാണതെന്ന് വേദനയോടെ തിരിച്ചറിയുന്നു. ചിലന്തിയുടെ വിശപ്പിനും ഈച്ചയുടെ പ്രാണന്‍റെ നിലവിളിയ്ക്കുമിടയില്‍ മനസ്സ് ചാഞ്ചാടുന്നു.
ഇപ്പോള്‍ ഞാന്‍ ആരുടെ വലയിലെ പ്രാണിയാണ്?
ബോധം പതിയെ മറയുന്നതു പോലെ...
വിജാഗിരികളുടെ നിലവിളികള്‍ കേള്‍ക്കുന്നുണ്ടോ?
കതകുകള്‍ തുറന്നടയുന്നുവോ?
മുന്നാ...
വേറെ ആരെയും പ്രതീക്ഷിക്കാനില്ല!
ആരോ നടന്നടുക്കുന്ന ശബ്ദം. അടുത്തു വരുന്ന പാദ പതനങ്ങള്‍ക്ക് മറ്റൊരു താളം... പതിഞ്ഞ വേഗം.
ചുറ്റും പിച്ചിപ്പൂവിന്‍റെ ഗന്ധം വന്നു മൂടുന്നുവോ?
കാഴ്ച പതിയെ മങ്ങുന്നു...
തൊണ്ട വരളുന്നതു പോലെ...
മുന്നാ...
പുറത്ത് മഴ മേഘങ്ങള്‍ ഭൂമിയുടെ വിളി കേട്ട് നിറഞ്ഞു പെയ്യുന്നു.
ഒരിറക്കു ദാഹജലം ആരോ ചുണ്ടില്‍ ഇറ്റിച്ചുവോ?
Content Summary: Kanavirambangal, Malayalam short story