അമ്മമാരുടെ ഹൃദയത്തിൽ പൂക്കുന്ന പൂന്തോട്ടങ്ങൾ
മാവിനെ ചുറ്റി സുഗന്ധത്തിന്റെ ഉറവിടം ഞാൻ തേടി. തെരുവുവിളക്കിൽ തിളങ്ങി അതീവവെണ്മയോടെ ചിതറി തൂങ്ങി നിൽക്കുന്ന പൂക്കൾ മുഖത്ത് സ്പർശിച്ചു. സുഗന്ധം ആനന്ദമായ പുലർകാലം. മാവിന്റെ കൊമ്പിലാണ് ഓർക്കിഡ് ഇനത്തിലുള്ള ഈ ചെടിയെ ഞാത്തിയിട്ടിരിക്കുന്നത്.
മാവിനെ ചുറ്റി സുഗന്ധത്തിന്റെ ഉറവിടം ഞാൻ തേടി. തെരുവുവിളക്കിൽ തിളങ്ങി അതീവവെണ്മയോടെ ചിതറി തൂങ്ങി നിൽക്കുന്ന പൂക്കൾ മുഖത്ത് സ്പർശിച്ചു. സുഗന്ധം ആനന്ദമായ പുലർകാലം. മാവിന്റെ കൊമ്പിലാണ് ഓർക്കിഡ് ഇനത്തിലുള്ള ഈ ചെടിയെ ഞാത്തിയിട്ടിരിക്കുന്നത്.
മാവിനെ ചുറ്റി സുഗന്ധത്തിന്റെ ഉറവിടം ഞാൻ തേടി. തെരുവുവിളക്കിൽ തിളങ്ങി അതീവവെണ്മയോടെ ചിതറി തൂങ്ങി നിൽക്കുന്ന പൂക്കൾ മുഖത്ത് സ്പർശിച്ചു. സുഗന്ധം ആനന്ദമായ പുലർകാലം. മാവിന്റെ കൊമ്പിലാണ് ഓർക്കിഡ് ഇനത്തിലുള്ള ഈ ചെടിയെ ഞാത്തിയിട്ടിരിക്കുന്നത്.
പൂക്കളോട് ഞാൻ ചോദിച്ചു. ''നിന്റെ ദേശമേത്'' മറുപടി ഒരു ചോദ്യമായിരുന്നു. "നിനക്ക് എന്റെ മണം ഇഷ്ടമായല്ലേ?" "അതെ'' "നിറമോ" "ഏതുമാകട്ടെ, കലർപ്പില്ലാത്ത വെണ്മ മനസ്സിന്റെ നിറമാണ്'' "എന്റെ ജാതി'' ''എനിക്ക് നീ പൂവായാൽ മതി" ''പക്ഷെ എന്റെ പേരും ദേശവും നിനക്കറിയില്ലല്ലോ" ''ഇല്ല" "ഞാൻ കാലങ്ങളായി നിന്റെ കൺവെട്ടത്തുണ്ട്. ഇത്രയുംകാലം നീ തിരക്കിയില്ല." "ഇല്ല" "എന്റെ സുഗന്ധമാണ് നിനക്കിഷ്ടമായത്, എന്നെയല്ല. പക്ഷെ എന്നിലാണ് ഉറവ, അത് ഞാൻ തന്നെയാണ്'' ''ഇഷ്ടമാകുമ്പോഴല്ലേ തേടലുകൾ ആരംഭിക്കുന്നത്.'' "സ്വരക്ഷക്കും മുൻകരുതലിനും ഇല്ലാതാക്കുന്നതിനുമായി ശത്രുക്കളേയും തേടുന്നവരുണ്ട്" "തർക്കം വേണ്ട. നിന്നെയറിയാൻ നിന്നിലെ വാസന വേണ്ടിവന്നു'' "ഇന്നു നീ എന്നെ അറിഞ്ഞത് നന്നായി. നാളെ ഞാൻ ഉണ്ടാവില്ല. ആയുസ്സിന്റെ കണക്കിൽ എനിക്ക് ഒരു ദിവസം മാത്രമേയുള്ളു"
പുഷ്പം വിരിയുന്നത് അതിന്റെ സന്തോഷത്തിന് വേണ്ടിയാണെന്ന് പറഞ്ഞത് ഓസ്കാർ വൈൽഡാണ്. ജൈവികവാസനയിൽ പിറവിയുടെ നോവെത്തുമ്പോൾ ആരെയും പ്രതീക്ഷിച്ചല്ല പൂക്കൾ വിരിയുന്നതെങ്കിലും അതിന്റെ സൗന്ദര്യവും പരിമളവും മനുഷ്യേന്ദ്രിയങ്ങളെ സ്പർശിക്കുന്നു. ചില മനുഷ്യർ കർമ്മം കൊണ്ടും വസന്തമാകാറുണ്ട്. ഈ മണം എവിടുന്നാണ്. ഇങ്ങനെയൊരു സുഗന്ധം ഞാൻ അനുഭവിച്ചിട്ടില്ല. അതും നേരം വെളുക്കുന്നതിന് മുന്നേ. പകലാണെങ്കിൽ ആരെങ്കിലും മണം ചിതറിപ്പിക്കുന്നതാണെന്ന് ചിന്തിക്കാം. അതിനും സാധ്യതയില്ല. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഓരോ നടത്തത്തിലും ഒരിടത്ത് എത്തുമ്പോൾ മാത്രം ഭ്രമിപ്പിക്കുന്ന സുഗന്ധം. എന്നും അതിരാവിലെ അഞ്ചു മണിക്ക് എണീറ്റ് മുറ്റത്ത് നടക്കുന്നത് പതിവാണ്. അമ്പതുമീറ്ററോളം നീളമുള്ള മുറ്റം, തെക്കെ അതിരിൽ കായ്ച്ചു നിൽക്കുന്ന പ്ലാവും വടക്കെ അതിരിലെ വെള്ളച്ചാമ്പയുമാണ് ഒരു നടത്തത്തിന്റെ ദൂരം.
ആദ്യമൊക്കെ അലാറം വേണമായിരുന്നു അഞ്ചു മണിക്ക് ഉണരാൻ. ദിവസവും അലാറം ആവർത്തിക്കപ്പെട്ടപ്പോൾ ബാഹ്യമായ ഇടപെടൽ ഇല്ലാതെ ഉണരുന്നതിന് ആന്തരികചോദന സഹായകമായി. അന്നേരം മുറിയിൽ നിന്ന് ഇരുട്ട് ഇറങ്ങിപോയിട്ടുണ്ടാവില്ല. ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയാലും ഇരുട്ട്. നേരം വെളുക്കുവാനായി കാത്തിരിക്കുന്ന തെരുവു വിളക്കുകൾ. രാത്രികളിൽ ഉറക്കമില്ലായ്മ വിധിക്കപ്പെട്ടത് തെരുവു വിളക്കുകൾക്കും കാവൽക്കാർക്കും മാത്രമാണെന്ന് തോന്നിയിട്ടുണ്ട്. ഇരുട്ടും ഉറക്കവും പ്രകൃതിയുടെ സുന്ദരമായ നിർമ്മിതിയാണ്.
ദീർഘചതുരത്തിലുള്ള മുറ്റത്തിന്റെ വശങ്ങളിൽ ചെടികൾ നിരത്തിവളർത്തിയിട്ടുണ്ട്. ഇലച്ചെടികളും പൂച്ചെടികളും ഓർക്കിഡും ഒരുപോലെ അമ്മയ്ക്കിഷ്ടമാണ്. അവരെ നിരീക്ഷിച്ച് പരിപാലിക്കുന്നത് അമ്മയാണ്. എളുപ്പത്തിൽ കായ്ക്കുന്ന വിയറ്റ്നാം ഏർലി പ്ലാവും മാവും പറഞ്ഞവാക്ക് പാലിച്ച് പൂത്തും കായ്ച്ചും തുടങ്ങി. ഓർക്കിഡ് ഈ മരങ്ങളിലാണ് തൂക്കിയിട്ടിരിക്കുന്നത്. തുടരുന്ന നടത്തത്തിനിടക്ക് സുഗന്ധം ചുരത്തുന്ന ഇടത്തിൽ ഞാൻ നിന്നു. അവിടെ പിടിച്ചുനിർത്തി എന്നുപറയുന്നതാവും ശരി. തെരുവുവിളക്കിന്റെ വെട്ടം അവിടെ കൂടുതലായി കിട്ടുന്നുണ്ട്. വിദേശത്തു നിന്ന് അവധിക്ക് നാട്ടിൽ എത്തിയ സുഹൃത്ത് സമ്മാനിച്ച കളർമീ സ്പ്രേയുടെ അതേ ഗന്ധം. മാവിനെ ചുറ്റി സുഗന്ധത്തിന്റെ ഉറവിടം ഞാൻ തേടി. തെരുവുവിളക്കിൽ തിളങ്ങി അതീവവെണ്മയോടെ ചിതറി തൂങ്ങി നിൽക്കുന്ന പൂക്കൾ മുഖത്ത് സ്പർശിച്ചു. സുഗന്ധം ആനന്ദമായ പുലർകാലം. മാവിന്റെ കൊമ്പിലാണ് ഓർക്കിഡ് ഇനത്തിലുള്ള ഈ ചെടിയെ ഞാത്തിയിട്ടിരിക്കുന്നത്.
"ഹൊ എന്തൊരു വാസനയാണ് " അത്രയ്ക്ക് സുഖകരമായ വാസന വരുമ്പോഴെ നമ്മൾ ഇങ്ങനെ പറയാറുള്ളു. "ഒരു പൂവിനെന്തു സുഗന്ധം നിൻ മേനി ഒരു പൂന്തോട്ടം".. 'അഞ്ജാതതീരങ്ങൾ' എന്ന സിനിമയിലെ ഈ ഗാനശകലങ്ങൾ ചുണ്ടുകളിൽ പിടഞ്ഞു. ശ്രീകുമാരൻ തമ്പി സാർ എഴുതിയ ഈ വരികൾ പുലർകാലസുന്ദരസന്ദർഭത്തിന് യോജിക്കുന്നതായി. ദ്വാരങ്ങളുള്ള മൺചട്ടിയിലാണ് ഓർക്കിഡിന്റെ വേരുകൾ കെട്ടിപ്പിടിച്ചിരിക്കുന്നത്. നേരം നന്നായി വെളുത്താലേ ആരാണീ സുഗന്ധവാഹകനെന്ന് വിശദമായി പരിശോധിക്കാൻ കഴിയൂ. ആറുമണിയായി, കിളികളും ചിത്രശലഭങ്ങളും ഉണർന്നു. ഉറക്കമെണീറ്റ് കുറച്ചുനേരം നടക്കാനായി അമ്മ ഇറങ്ങിവന്നു. ഞാനപ്പോഴും ഓർക്കിഡിന് അടുത്തുതന്നെ പൂക്കളെ പ്രണയിച്ചുനിന്നു. ഓർക്കിഡിന് അടുത്തുനിൽക്കുന്ന എന്നെ അമ്മ കണ്ടു. കാൽമുട്ടിനുള്ള വേദന കാരണം അമ്മ നടക്കുന്നത് പതുക്കെയും സൂക്ഷിച്ചുമാണ്. എന്റെയടുത്തേക്ക് അമ്മ വന്നു.
"ആഹാ പൂത്തോ'' ഞാൻ തലയാട്ടി. "ഒരു ദിവസമേ നിൽക്കു. പൂവിന് നല്ല മണമാണ്'' ''അതെ, മണം കാരണമാണ് ഞാൻ നോക്കിയത്'' ''മഴ പെയ്തു തുടങ്ങിയാൽ പൂക്കും'' അമ്മ പറഞ്ഞു. ''എല്ലാ മഴക്കാലത്തും പൂക്കുമോ?'' ഞാൻ ചോദിച്ചു. "അങ്ങനെ ശ്രദ്ധിച്ചിട്ടില്ല. എന്നാലും മഴയോടൊപ്പമാണ് പൂക്കുന്നത്." "അമ്മയ്ക്ക് ഇതിന്റെ പേരറിയുമോ'' ''ഓർക്കിഡിന്റെ ഇനമാ. വടക്കേലേ മണി തന്നതാ'' ഈ കാലത്തും മതിൽ കടന്ന് തുടരുന്ന പങ്കുവെക്കലുകൾക്ക് തേൻമധുരമാണ്. ചെമ്പകപ്പൂവിന്റെ തേൻകുടത്തിലേക്ക് ഇറങ്ങിക്കയറിയ മഞ്ഞക്കുരുവിയുടെ കണ്ണുകൾ പുഞ്ചിരിച്ചു. ''പേരോ'' "അറിയില്ല. പൂവിന് കിളിയുടെ ഷെയ്പ്പാണ്, നോക്കിയെ" അമ്മ ഒരു പൂക്കൊമ്പ് പിടിച്ച് മണത്തു. ശരിയാണ്. മൊട്ടായിരിക്കുമ്പോൾ ചിറക് മടക്കിവച്ചിരിക്കുന്ന കിളി, പൂർണ്ണമായി വിരിഞ്ഞാൽ ചിറക് വിടർത്തിയ കിളി. ''പൂവ് കൊഴിഞ്ഞാലും ഒടിച്ചുകളയരുത്. വീണ്ടും പൂക്കുന്നത് അതിൽ തന്നെയാ'' ''ഒരു ദിവസമെ പൂക്കൾ നിൽക്കുകയുള്ളോ?'' "അതെ, രണ്ടാമത്തെ ദിവസം വാടിത്തുടങ്ങി, അടുത്ത ദിവസത്തേക്ക് കൊഴിയും''
തേൻ ഊറ്റാനോ സുഗന്ധത്തിൽ നീരാടാനോ ആയി ചിത്രശലഭങ്ങൾ പൂവുകളിലേക്ക് പറന്നടുത്തു. ഞങ്ങൾ അവിടെ നിൽക്കുന്നത് കൊണ്ടാവാം അവ തിരികെ പറന്നു. ''ഇത്രയും സുഗന്ധമുള്ളത്, കുറച്ചുദിവസം നിന്നിരുന്നേൽ... അല്ല ഓർക്കിഡൊക്കെ ഒത്തിരി ദിവസം നിൽക്കുമല്ലോ" ''ഇതുമാത്രമെ ഇങ്ങനെയുള്ളു. പിന്നെ വെള്ളം കിട്ടിയില്ലേലും ചെടി വാടത്തില്ല'' "ഇവൻ ആൾ സ്പെഷ്യൽ ആണല്ലോ അമ്മേ.. ഇത് നടുന്നതിന് എന്തെങ്കിലും പ്രത്യേകം ശ്രദ്ധിക്കണോ"
"മരത്തിലും മൺചട്ടിയിലും വളരും. കുറച്ച് തൊണ്ട് മുറിച്ചതും ഓടും വെച്ചിട്ട് വേര് കിളിർത്ത മുട്ടുഭാഗം മുറിച്ചു വെച്ചാൽ മതി. വെയിലാണങ്കിൽ ഇടയ്ക്ക് വെള്ളം അല്‍പാൽപം കൊടുക്കണം'' ''മരത്തിലോ?" "നാലഞ്ച് തൊണ്ട് ഇഴക്കയർവെച്ച് കെട്ടിവെച്ച് അതിലേക്ക് തണ്ട് മുറിച്ചു വെച്ചാൽ മതി. ദാ ആ മരത്തിൽ നോക്ക്'' ''പേരൂടെ തപ്പിയെടുക്കാം, നോക്കട്ടെ" ഞാൻ പറഞ്ഞു. "പേര് പറയണേ'' എന്നുപറഞ്ഞ് അമ്മ നടക്കാൻ തുടങ്ങി. അമ്മയ്ക്ക് അത്രയെ അറിയൂ. അമ്മ ചെടികളെ ഇത്രയും ശ്രദ്ധിക്കുന്നതിൽ അതിശയവും അഭിമാനവും തോന്നാതിരുന്നില്ല. 'ഇതുപോലെ അമ്മമാരുടെ ഹൃദയത്തിൽ പൂക്കുന്ന പൂന്തോട്ടങ്ങൾ ഓരോ വീടുകളിലുമുണ്ട്'.
അമ്മയുടെ മുന്നിൽ എത്രയോ പ്രാവശ്യം അനന്യമായ സൗരഭ്യത്തോടെ പൂക്കുകയും കൊഴിയുകയും ചെയ്തിട്ടുണ്ട് ഈ ഓർക്കിഡ്. ഒരു സസ്യഗവേഷകന്റെ മാനസികാവസ്ഥയിലേക്ക് ഞാൻ പതുക്കെ മാറി. ഉള്ളിലേക്കെടുക്കുന്ന ഓരോ ശ്വാസത്തിലും സുഗന്ധം ലയിച്ചിരുന്നു. മൺചട്ടിയിൽ തൊട്ടിരിക്കുന്ന മൂടുഭാഗത്തെ മൂന്നോളം കാണ്ഡങ്ങൾ വീർത്തതാണ്. തുടർന്ന് സാധാരണ തണ്ടുപോലെ നീണ്ടുപോയിരിക്കുന്നു. തണ്ടിന്റെ ഓരോ പർവ്വങ്ങളിലും രണ്ട് ഇലകൾ വീതം. ചെറിയതും ദീർഘവൃത്തത്തിലുള്ളതുമായ കടുംപച്ചയായ ഇലകൾ. തണ്ടുകളിൽ വരിഞ്ഞു കീറിയ പാടുകൾ പോലെ തൊലിപ്പുറം. പർവ്വങ്ങളിൽ ഇലകൾക്കടിയിൽ നിന്ന് വേരുകൾ വളർന്നിറങ്ങിയിട്ടുണ്ട്. നൂൽച്ചരട് പോലെയുള്ള വേരുകൾ തണ്ടിൽ തന്നെ പറ്റിപ്പിടിച്ച് നീളത്തിൽ പടരുന്നു. തണ്ടിന്റെ ഒരു ഭാഗത്ത് വെച്ച് ഇലകൾ കിളിർക്കുന്നത് നിൽക്കുന്നു. തുടർന്നുള്ള തണ്ട് നീണ്ട് വളർന്ന്, ഇലകൾ ഇല്ലാതെ കനം കുറയുന്നു.. അവിടെയാണ് സുന്ദരികളായ വെളുത്ത പക്ഷിപൂക്കൾ വിരിഞ്ഞിരിക്കുന്നത്.
പൂവിലേക്ക് എന്റെ നിരീക്ഷണം എത്തി. പൂവിന് ആറ് ഇതളുകൾ ഉണ്ട്. താഴേക്ക് നിൽക്കുന്ന നാക്ക് പോലെയുള്ള ഇതളിൽ മഞ്ഞനിറം പടർന്നിട്ടുണ്ട്. പൂവിന്റെ ഉള്ളിലേക്ക് നോക്കുമ്പോൾ നാക്ക് നീട്ടി വായ പിളർന്നിരുന്നതുപോലെ. എല്ലാം ശരിയാണ്. ഇത്രയൊക്കെ ആയില്ലേ, പേര് കൂടി അറിഞ്ഞാലെ തൃപ്തിയാകൂ. ഗൂഗിൾ ലെൻസിനെ ആശ്രയിക്കുകയെ നിവൃത്തിയുള്ളു. 'അറിയാത്തതിനെ അറിയാനുള്ള ഭൂതക്കണ്ണാടി'. നടക്കാൻ ഇറങ്ങുമ്പോൾ മൊബൈൽ എടുക്കാറില്ല. വീട്ടിൽ കയറി മൊബൈൽ എടുത്ത് ഓർക്കിഡിന് അടുത്തുവന്നു. പൂവിലേക്ക് ഗൂഗിൾലെൻസ് പിടിച്ച് ക്ലിക്ക് ചെയ്തു. സമയമൊട്ടും എടുക്കാതെ പൂവിന്റെ ചിത്രവും ചേർത്ത് അടിക്കുറുപ്പ് എത്തി. അവിടെ വിരൽ തൊട്ടപ്പോൾ വീക്കിപീഡിയയുടെ വിവരണങ്ങളിലേക്ക് അന്വേഷണം എത്തി. 'ഡെൻഡ്രോബിയം ക്രുമെനാറ്റം' അഥവാ 'പീജിയൻ ഓർക്കിഡ്' എന്ന് തുടങ്ങുന്ന ദീർഘമായ വിവരണം. 'വൺഡേ ഓർക്കിഡെന്നും' വിളിപ്പേരുണ്ട്. വിക്കിപീഡിയയിലെ വിവരങ്ങൾ അതേപോലെ ആവർത്തിക്കുന്നത് അനുചിതമല്ലല്ലോ. പേര് തിരഞ്ഞുപിടിച്ചതിനാൽ അതിലൂടെ അതിനെ പൂർണ്ണമായും അറിയാൻ കഴിയും.
അമ്മ പറഞ്ഞതുതന്നെയാണ് ബേസിക് ആയിട്ടുള്ള വിവരങ്ങൾ. വെളുത്ത നിറമുള്ള പ്രാവിനെ പ്രതിനിധാനം ചെയ്യുന്നതിനാലാണ് 'പിജിയൻ ഓർക്കിഡ്' എന്ന മനോഹരമായ വിളിപ്പേരുണ്ടായിരിക്കുന്നത്. ഒറ്റദിവസം മാത്രം ആയുസ്സുള്ളതിനാൽ വൺഡേ ഓർക്കിഡ് എന്നും വിളിക്കുന്നു. താഴ്ന്ന പ്രദേശങ്ങളിലെ മഴക്കാടുകളിലെ തുറന്ന സ്ഥലങ്ങളുമായി 'പ്രാവ് ഓർക്കിഡുകൾ' പൊരുത്തപ്പെട്ട് വളരുന്നു. ആൻഡമാൻ ദ്വീപുകൾ, ക്രിസ്മസ് ദ്വീപ്, ഇന്ത്യ, ഇന്തോചൈന, ഇന്തോനേഷ്യ, ന്യൂഗിനിയ, മലേഷ്യ, മൊളൂക്കാസ്, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, ശ്രീലങ്ക, സുമാത്ര തുടങ്ങി പലരാജ്യങ്ങളിലെ മഴക്കാടുകളിലും ഇത് യഥേഷ്ടം വളരുന്നു. ഇവയെ വളർത്തിയെടുക്കുന്നതിന് യാതൊരുവിധമായ പ്രയാസങ്ങളുമില്ല. ഒരു ചെടിക്കുമുകളില്‍ വളരുന്നുവെങ്കിലും പരാന്നഭോജിയല്ലാത്ത സസ്യമാണ് പിജിയൻ ഓർക്കിഡ്. ഇത്തരം സസ്യങ്ങളെ 'എപ്പിഫൈറ്റിക് പ്ലാന്റ്സ്' എന്നാണ് പറയപ്പെടുന്നത്... ഗൂഗിളിന് നന്ദി.
ഇവിടെ ഈ പൂന്തോട്ടത്തിൽ വിദൂരമായ ഏതോ മഴക്കാടുകളിൽ നിന്ന് നീ എങ്ങനെയെത്തി? എത്ര കാതങ്ങൾ സഞ്ചരിച്ചിട്ടുണ്ടാകും? എത്രപേരുടെ കൈകൾ മാറിയിട്ടുണ്ടാകും? നിന്റെ തണ്ടുകളിൽ എത്ര മുറിവുകൾ ഉണ്ടായിട്ടുണ്ടാകും? കാലാവസ്ഥയും ദേശവും മാറുമ്പോൾ ജനിതകമായ ഘടനയിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാകില്ലേ? ചോദ്യങ്ങൾ തീരുന്നില്ല. ഓർക്കിഡിന് ഈ പരിമളം കിട്ടുന്നത് എവിടുന്നാണ്.? ഒരു ദിവസം മാത്രം ആയുസ്സ് നിശ്ചയിച്ചതെന്തിന്? ഉത്തരങ്ങൾക്ക് കാത്തിരിക്കാം. ദേശാടനപ്പക്ഷികളെ പോലെ ഒരു യാത്ര.. മഴയുള്ള ഏതോ കാട്ടിൽ നിന്ന് കടലും കരയും നാടും നഗരവും കടന്ന്.. പൂന്തോട്ടങ്ങളെ സുന്ദരമാക്കുന്നതിന് നീ എത്തി. ഒരു ചോദ്യം കൂടി അവശേഷിക്കുന്നു. ഇനി എന്ന് നീ പൂക്കും.?