രാവിലെ ഏതാണ്ട് ഒമ്പത് മണി കഴിഞ്ഞിട്ടുണ്ടാകും! എന്റെ മൊബൈൽ ഫോൺ റിങ് ചെയ്യുന്നു, അനിയത്തിയാണ്. ഞാൻ ഫോണെടുത്തു, അപ്പോൾ അങ്ങേ തലക്കൽ നിന്നും - 'വേഗം വീട്ടിലേക്ക് വാ! ബാപ്പാക്ക് തീരെ സുഖമില്ല!' ഫോൺ സംസാരത്തിന്റെ പശ്ചാതലത്തിൽ ആരെല്ലാമോ കരയുന്ന ശബ്ദം അവ്യക്തമായി കേൾക്കാം.

രാവിലെ ഏതാണ്ട് ഒമ്പത് മണി കഴിഞ്ഞിട്ടുണ്ടാകും! എന്റെ മൊബൈൽ ഫോൺ റിങ് ചെയ്യുന്നു, അനിയത്തിയാണ്. ഞാൻ ഫോണെടുത്തു, അപ്പോൾ അങ്ങേ തലക്കൽ നിന്നും - 'വേഗം വീട്ടിലേക്ക് വാ! ബാപ്പാക്ക് തീരെ സുഖമില്ല!' ഫോൺ സംസാരത്തിന്റെ പശ്ചാതലത്തിൽ ആരെല്ലാമോ കരയുന്ന ശബ്ദം അവ്യക്തമായി കേൾക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവിലെ ഏതാണ്ട് ഒമ്പത് മണി കഴിഞ്ഞിട്ടുണ്ടാകും! എന്റെ മൊബൈൽ ഫോൺ റിങ് ചെയ്യുന്നു, അനിയത്തിയാണ്. ഞാൻ ഫോണെടുത്തു, അപ്പോൾ അങ്ങേ തലക്കൽ നിന്നും - 'വേഗം വീട്ടിലേക്ക് വാ! ബാപ്പാക്ക് തീരെ സുഖമില്ല!' ഫോൺ സംസാരത്തിന്റെ പശ്ചാതലത്തിൽ ആരെല്ലാമോ കരയുന്ന ശബ്ദം അവ്യക്തമായി കേൾക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാപ്പ കണിശതയുടേയും കാർക്കശ്യത്തിന്റേയും പരുക്കൻ രൂപമാണെന്ന ആഖ്യാനമെഴുതി വെച്ചത് വൈക്കം മുഹമ്മദ് ബഷീർ ആണ്. ബാല്യ കൗമാര കാലത്തിൽ നാം നോക്കിക്കാണുന്ന ബാപ്പയുടെ രൂപം അതാവാം. എന്നാൽ ബുദ്ധിയും വിവേകവും പക്വതയും എത്തുമ്പോൾ നമ്മുടെ ഉൾക്കാഴ്ച്ചയിൽ തെളിയുന്ന ബാപ്പ അങ്ങനെയാവാൻ സാധ്യതയില്ല. ഒരു പിടി നനുത്ത ഓർമ്മകളുടെ സ്നേഹത്തിന്റെ കണ്ണീരോർമ്മയും പര്യായങ്ങളില്ലാത്ത ഹീറോയുമായിരിക്കും മിക്കവർക്കും ബാപ്പ.

തൂമഞ്ഞ് പെയ്യുന്ന ഡിസംബറും ചാന്ദ്ര കലണ്ടറിലെ വിശുദ്ധ റബീഅ് മാസവും ഒരുമിച്ചെത്തിയ 2016 ലെ അപൂർവ ദിനങ്ങൾ! സൗര ചാന്ദ്ര കലണ്ടറുകളിലെ വ്യത്യസ്ത കോളങ്ങളിലെ തിയതികൾ ഒരുമിച്ച് നീങ്ങിയ മാസമായിരുന്നു അത്! റബീഇന്റെ ഭാഷാർഥം വസന്തമെന്നാണ്. പ്രഭാത മഞ്ഞിൻ കുളിരും വസന്ത സൗഗന്ധികവും ഒരേ സമയമെത്തുന്ന അപൂർവ സംഗമം! വിശ്വമാനവികതയുടെ പ്രവാചകൻ റസൂലും സ്നേഹൈക്യ മാനവികതയുടെ പ്രതീകം ജീസസും പിറവി കൊണ്ട തിരുനാളുകൾ ഒരുമിച്ച് വിരുന്നിനെത്തിയ ദിനങ്ങളായിരുന്നു അത്! അങ്ങനെയൊരു മാസത്തിലെ അവസാന പകലിൽ പടച്ചോന്റെ വിളിക്ക് ഉത്തരമേകി ബാപ്പ ദൈവ സന്നിധിയിലേക്ക് യാത്രയായി! പെട്ടെന്നുള്ള മരണമായിരുന്നു അത്, പറയാൻ ബാക്കി വെച്ച വാക്കുകളും ചെയ്ത് തീർക്കാൻ അടയാളപ്പെടുത്തിയ കർമ്മ പുസ്തകവും എന്നെന്നേക്കുമായി അടച്ചു വെക്കുന്നതാണ് മരണത്തിന്റെ ബാക്കി പത്രം! പെട്ടെന്നുള്ള മരണങ്ങളെല്ലാം പറിച്ചെടുക്കലിന്റെ നോവാണ് ഹൃദയത്തിൽ ബാക്കി വെക്കുന്നത്! ബാപ്പയുടെ മരണത്തോടെ ആത്മാവിൽ നിന്നും ശരീരത്തിൽ നിന്നും പറിച്ച് മാറ്റി ഖബറടക്കപ്പെടുന്ന വേരുകൾ ചോര ഊറുന്ന നീറ്റലിന്റെ മുറിപ്പാടുകളാണ് മനസ്സിൽ ബാക്കി വെക്കുന്നത്! 

ADVERTISEMENT

വന്ദ്യ പിതാവ് കൃത്യമായ സമയ നിഷ്ട പുലർത്തിയിരുന്ന ജീവിതക്രമമാണ് പിന്തുടർന്നിരുന്നത്. പുലർച്ചയ്ക്ക് മുമ്പേ ഉണർന്ന് ഇലാഹിന്റെ സന്നിധിയിലേക്ക് പ്രാർഥനകളുടെ കസവ് നൂലുകൾ സമർപ്പിച്ച് കർമ്മങ്ങളുടെ തുടർച്ചയ്ക്ക് തുടക്കം കുറിക്കും. ജീവിതത്തിന്റെ അവസാന ദിവസത്തിലും അങ്ങനെത്തന്നെയായിരുന്നു. പ്രവൃത്തി ദിനമായത് കൊണ്ട് പതിവ് പോലെ കോളജിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. തലേ ദിവസം വായിച്ച പത്രത്തിലെ എഡിറ്റോറിയൽ പേജിലെ ലേഖനത്തിന് ഒരു വിമർശനക്കുറിപ്പ് എഴുതിയത് പോസ്റ്റലയക്കാനായി ബാഗിൽ കരുതിയിരുന്നു. കുട്ടികൾക്ക് കൊടുക്കാനുള്ള നോട്സും വ്യത്യസ്ത അസൈൻമെന്റ് ടോപിക്സും രാത്രിയിലെ എടുത്ത് വെച്ചിട്ടുണ്ടായിരുന്നു. അന്ന് പ്രാതൽ കഴിച്ചത് ബാപ്പയോടൊപ്പമിരുന്നാണ്.

അവ്യക്തതയുടെ ഫോൺ ബെൽ

കോളജ് സ്റ്റോപ്പിന് അടുത്ത് എത്താറായപ്പോൾ ബസ്സിറങ്ങാനായി ഞാൻ എഴുന്നേറ്റു. രാവിലെ ഏതാണ്ട് ഒമ്പത് മണി കഴിഞ്ഞിട്ടുണ്ടാകും! എന്റെ മൊബൈൽ ഫോൺ റിങ് ചെയ്യുന്നു, അനിയത്തിയാണ്. ഞാൻ ഫോണെടുത്തു, അപ്പോൾ അങ്ങേ തലക്കൽ നിന്നും - 'വേഗം വീട്ടിലേക്ക് വാ! ബാപ്പാക്ക് തീരെ സുഖമില്ല!' ഫോൺ സംസാരത്തിന്റെ പശ്ചാതലത്തിൽ ആരെല്ലാമോ കരയുന്ന ശബ്ദം അവ്യക്തമായി കേൾക്കാം. കാര്യങ്ങൾ ഒട്ടും ശുഭകരമല്ല എന്ന് മനസ്സിലായി. എങ്കിലും ബാപ്പ മരിച്ചിട്ടുണ്ടാകില്ല എന്ന് തന്നെ വിശ്വസിച്ചു. സ്റ്റോപ്പിലെത്തിയപ്പോൾ ബസ്സിറങ്ങി, പ്രിൻസിപ്പലിനെ വിളിച്ചു. കാര്യങ്ങൾ സംസാരിച്ചു, തിരിച്ചു പോകുന്നു എന്ന് പറഞ്ഞു. സമചിത്തതയോടെ വിഷയം കൈകാര്യം ചെയ്യേണ്ട സമയമാണ് മുന്നിൽ വന്നിരിക്കുന്നത് എന്ന് ദേഹത്തോടും ദേഹിയോടും പറഞ്ഞു. അപ്പോഴും ഉള്ളിൽ ചോദ്യങ്ങൾ സ്വയം ഉറവ പൊട്ടിക്കൊണ്ടിരുന്നു - ബാപ്പ മരിച്ചിട്ടുണ്ടാകുമോ? അതോ പെട്ടെന്ന് അസുഖം കീഴടക്കിയോ? ഇരുപത്തഞ്ച് വർഷത്തിലേറെയായി ബാപ്പ ഹൃദ്രോഗിയാണ്. അതിനിടയിൽ ചെറുതും വലുതുമായ ഹൃദയ ശസ്ത്രക്രിയകളും ബൈപ്പാസ് സർജറിയുമൊക്കെ കഴിഞ്ഞതാണ്. മരണം സംഭവിച്ചിട്ടില്ല ഹൃദയാഘാത വേദന വന്നതായിരിക്കും എന്ന് തന്നെ വിശ്വസിക്കാനാണ് മനസ്സ് തയാറായത്. ഏതായാലും അഖിലേശ്വരനോടുള്ള പ്രാർഥനകൾ മാത്രം മനസ്സിന് ശാന്തി നൽകി! ചികിത്സിച്ച എല്ലാ ഡോക്ടർമാർക്കും ഏറ്റവും ഇഷ്ടപ്പെട്ട പേഷ്യന്റ്സിൽ ഒരാളായിരുന്നു ബാപ്പ. കാരണം ഡോക്ടറുടെ ഓരോ നിർദേശങ്ങളും അപ്പടി അനുസരിക്കുന്ന കർക്കശമായ അച്ചടക്കം സ്വീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു ബാപ്പയുടേത്. 

ബസ്സിലിരിക്കേ അടുത്ത സുഹൃത്തുക്കൾ എന്നെ ഫോൺ ചെയ്തു; എവിടെ എത്തി എന്ന് അന്വേഷിച്ചു. അവർ അവിടെ തന്നെ എന്നോട് ഇറങ്ങാൻ പറഞ്ഞു, അവർ വണ്ടിയുമായി എത്തി എന്നെ കൂട്ടിക്കൊണ്ട് പോയി. നീ വരുമ്പോൾ ഉപ്പാക്ക് എന്തെങ്കിലും പ്രത്യേകിച്ച് അസുഖം ഏറെ ഉണ്ടായിരുന്നോ എന്ന് അവർ ചോദിച്ചു. ഇല്ലായിരുന്നു എന്ന് മാത്രം ഞാൻ മറുപടിയും പറഞ്ഞു. കൂടുതൽ എന്തെങ്കിലും ചോദിക്കാനോ സംസാരിക്കാനോ അവർക്കോ എനിക്കോ കഴിയുമായിരുന്നില്ല! പക്ഷേ എന്താണ് സംഭവിച്ചത് എന്നറിയാൻ അത്യാകാംക്ഷ ഉണ്ടായിരുന്നു! വീട്ടിലേക്കുള്ള യാത്രക്കിടെ എന്റെ ഒരു പഴയ സഹപ്രവർത്തകൻ എന്നെ ഫോൺ ചെയ്ത് ചോദിച്ചു - മാഷേ നിങ്ങളുടെ ഉപ്പ മരിച്ചു എന്ന് പറഞ്ഞു കേൾക്കുന്നു അത് ശരിയാണോ?! ഞാൻ പറഞ്ഞു - സാറെ ഞാൻ വീട്ടിലെത്തിയിട്ടില്ല കാര്യങ്ങളൊന്നുമറിയില്ല! സത്യം പറഞ്ഞാൽ അയാളോടെനിക്ക് കടുത്ത ദേഷ്യമാണ് തോന്നിയത്! നിഷ്കളങ്കത കൊണ്ടും ആലോചന ഇല്ലായ്മ കൊണ്ടും ആർക്കും വന്നു പെടാവുന്ന ഒരു അബദ്ധം മാത്രമാണ് അയാൾക്ക് സംഭവിച്ചത്, പക്ഷേ അങ്ങനെ ഉണ്ടായിക്കൂട എന്നാണ് ആ അനുഭവം എന്നെ പഠിപ്പിച്ചത്. 

ADVERTISEMENT

ഞാൻ വീട്ടിലെത്തുമ്പോൾ റോട്ടിൽ നിന്നെ കണ്ട കാഴ്ച്ചകൾ അനിശ്ചിതത്വത്തിന്റെ ആകാംക്ഷ വർധിപ്പിക്കുന്നവ ആയിരുന്നു. അറിയുന്നവരും അറിയാത്തവരുമായ ഒരുപാട് ആളുകളുണ്ട് വീട്ട് മുറ്റത്ത്. പുറത്തെ വായന മുറിയിലെ ലൈബ്രറി ഷെൽഫ് മുറി അടുക്കാൻ വേണ്ടി ആരോ പൂമുഖത്തേക്ക് തള്ളിക്കൊണ്ട് വന്ന് പുസ്തകങ്ങളെ തുണി കൊണ്ട് പുതപ്പിച്ചിട്ടുണ്ട്! എല്ലാത്തിലും അസ്വാഭാവികത. ആരും ഒന്നും ചോദിക്കുന്നില്ല പറയുന്നില്ല. ഞാൻ അകത്ത് കയറിയപ്പോൾ ഉറപ്പായി ബാപ്പ എന്നെന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞുവെന്ന്! വെള്ള പുതച്ച് കിടക്കുന്ന ബാപ്പയുടെ മയ്യിത്ത്, ബാപ്പയുടെ ഏറ്റവും പ്രിയപ്പെട്ട പേരക്കുട്ടി റുമൈസ് കുഞ്ഞു ഒമ്പതാം ക്ലാസുകാരൻ അതിനടുത്തിരുന്ന് വരുന്നവർക്ക് മയ്യിത്തിന്റെ മുഖം കാണിച്ച് കൊടുക്കുന്നു! അത് കണ്ടപ്പോൾ മനസ്സ് പിടഞ്ഞു! ഞങ്ങൾ മക്കളേക്കാൾ ബാപ്പയ്ക്ക് ഏറെ അടുപ്പം പേരക്കുട്ടികളോടാണ്. അവർക്ക് ബാപ്പയോടും അങ്ങനെത്തന്നെ. 

അവരോടൊപ്പം ക്രിക്കറ്റ് കളിക്കുകയും വാർത്തയും കളിയും കാണുകയുമെല്ലാം ചെയ്യാറുണ്ടായിരുന്നു. ഞങ്ങൾ എല്ലാ മക്കളേയും ഒരു കൈ അകലത്തിൽ മാത്രം നിർത്താൻ ബാപ്പ പ്രത്യേകം ശ്രദ്ധിച്ചു. അത് കൊണ്ട് തന്നെ ഞങ്ങൾ ഏഴ് മക്കളും സ്കൂളിലും മദ്രസയിലും അതീവ അച്ചടക്കം പുലർത്തി. വല്ല അലമ്പിലും പെട്ടാൽ ബാപ്പ അറിയുമോ എന്നായി ഭയം! അക്കാരണത്താൽ അന്ന് എതിർ പക്ഷത്തുള്ള സഹപാഠികളോട് കിട്ടിയ തല്ല് തിരിച്ച് കൊടുക്കാൻ കഴിഞ്ഞില്ല! അല്ല അങ്ങനെ ഒരു ചിന്തപോലും മനസ്സിൽ ഉയർന്നില്ല! എന്നാൽ രണ്ടാമത്തെ ഇക്കാക്ക അതിനൊരു അപവാദമായിരുന്നു. അവൻ ദുനിയാവിൽ ഒരാളെയും പേടിച്ചില്ല! സമ്പൂർണ്ണ നിർഭയത്വത്തിലുള്ള ജീവിതം. അവൻ പലപ്പോഴും ബാപ്പയോട് തല്ല് ചോദിച്ച് വാങ്ങുകയായിരുന്നു. അന്ന് എന്റെ കൺകണ്ട ഹീറോ അവനായിരുന്നു! എന്റെ മാത്രമല്ല, അയൽപക്കക്കാരായ എന്റെ സമപ്രായക്കാരുടേയും ഹീറോ ബാസിക്കയായിരുന്നു! ഞങ്ങളുടെ ഗ്രാമീണ മൈതാനങ്ങളിലെ സെവൻസ് ഫുട്ബോൾ താരമായിരുന്നു കക്ഷി. പന്ത് കളിയെ അത്ര സ്നേഹിക്കുന്ന ഒരു മനുഷ്യനെ ഞാൻ വേറെ നേരിട്ട് കണ്ടിട്ടില്ല! ഓനെ അന്ന് ബാപ്പയും പേടിച്ചിരിക്കണം! അത്രയും വലിയ വികൃതികളായിരുന്നു അവൻ ഒപ്പിച്ചിരുന്നത്!

വായനക്കാരൻ 

എല്ലാ ദിവസവും പത്രവായനക്കും ആനുകാലിക വായനക്കുമായി രണ്ടും മൂന്നും മണിക്കൂറുകൾ ബാപ്പ ചിലവഴിച്ചിരുന്നു. ആത്മീയ വായനയുടെ ഭാഗമായി വിശുദ്ധ ഖുർആനും അറബി-മലയാളത്തിലുള്ള ആത്മീയ കാവ്യങ്ങളും എല്ലാ ദിവസവും പാരായണം ചെയ്തു. ഏറ്റവും ചുരുങ്ങിയത് അഞ്ച് പത്രങ്ങളെങ്കിലും അദ്ദേഹം നിത്യവും വായിക്കാറുണ്ടായിരുന്നു! ബാപ്പ മരിച്ചതിന്റെ പിറ്റെ ദിവസം പത്രത്തിലെ ചരമക്കോളത്തിൽ ഒരു വാർത്തയായി ബാപ്പയുടെ ജീവിതം അവസാനിച്ചതും ഒരു വാർത്തയായിരുന്നു! മരണത്തിന്റെ ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അന്നും രണ്ട് മലയാള പത്രങ്ങൾ വായിച്ചതിന് ശേഷമാണ് ബാപ്പ പതിവ് പോലെ പ്രാതൽ കഴിക്കാൻ ഇരുന്നത്! ബാപ്പയ്ക്ക് കൃത്യമായ ഒരു രാഷ്ട്രീയ നിലപാടും പാർട്ടിയുമുണ്ട്. ആഴ്ച്ചയിൽ ഒരിക്കൽ കുൽദീപ് നയ്യാരുടെ കോളം പ്രസിദ്ധീകരിച്ചിരുന്ന ഒരു മലയാള പത്രമുണ്ടായിരുന്നു, എം.ജെ അക്ബർ ഉൾപ്പെടെയുള്ള ചില ദേശീയ എഴുത്തുകാരുടെ കോളങ്ങളും ആ പത്രം പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. ആ കോളങ്ങൾ കൃത്യമായി വായിക്കാൻ വേണ്ടി ആ പത്രം ഞാൻ വീട്ടിൽ വരുത്താൻ തുടങ്ങി. അതുവരെ ബാപ്പയുടെ ഇഷ്ടപത്രമായിരുന്നു വീട്ടിൽ വരുത്തിയിരുന്നത്, അത് നിർത്തിയാണ് ഞാൻ കോളം വായിക്കാൻ ഈ പത്രം വരുത്തിയത്. അങ്ങനെ ഒരു ദിവസം ഞാൻ വരുത്തിയ ആ പത്രത്തെ ബാപ്പ രൂക്ഷമായി വിമർശിക്കുന്നത് കേട്ടു. ആവശ്യമുള്ളതിനും ഇല്ലാത്തതിനും ബാപ്പയുടെ പാർട്ടിയെ വസ്തുതാപരമല്ലാതെ വിമർശിക്കുന്നു എന്നതായിരുന്നു അതിന്റെ കാരണമെന്നാണ് സംസാരത്തിൽ നിന്നും മനസ്സിലായി. ഞാൻ കോളം വായന വായനശാലയിലേക്ക് മാറ്റി, പഴയ പോലെ ബാപ്പയുടെ പത്രം വീട്ടിൽ വരുത്താൻ തുടങ്ങി. 

ADVERTISEMENT

അങ്ങനെ ഒരു ദിവസം ഉമ്മ പറഞ്ഞു - 'ആ പത്രം മാറ്റേണ്ടിയിരുന്നില്ല. അതായിരുന്ന സമയത്ത് പ്രാതൽ കഴിക്കാനും മറ്റും വിളിച്ചാൽ കൃത്യസമയത്ത് ഡൈനിംഗ് ടേബിളിൽ വരുമായിരുന്നു. ഇപ്പോൾ പാർട്ടി പത്രമായതിന് ശേഷം ഏത് നേരവും അത് വായിച്ച് കൊണ്ടിരിക്കുന്ന പണിയാണ്. രാവിലത്തെ വായന ഒന്നാം പേജിൽ നിന്നും പന്ത്രണ്ടാം പേജിലേക്കും സായാഹ്ന വായന പന്ത്രണ്ടാം പേജിൽ നിന്നും ഒന്നാം പേജിലേക്കുമാണ്' എന്നായിരുന്നു ഉമ്മയുടെ വിമർശനം. സത്യത്തിൽ വൈകുന്നേര വായന എഡിറ്റോറിയൽ പേജിലെ ലേഖനങ്ങൾ ഉൾപ്പെടുന്ന ലേഖനങ്ങൾ ഉൾക്കൊള്ളുന്നവയായിരുന്നു. അതിനെയാണ് ഉമ്മയുടെ ഭാഷയിലെ അടുക്കള സാഹിത്യമുപയോഗിച്ച് വിമർശിക്കുന്നത്. ബാപ്പയുടെ ഔദ്യോഗിക വിദ്യാഭ്യാസം പഴയ നാലാം ക്ലാസ് വരെ മാത്രമായിരുന്നു. ജീവിതാവസാനം വരെ വായന വിടാതെ പിന്തുടർന്നിരുന്നു എന്നതിനാൽ എല്ലാ കാര്യങ്ങളിലും ഒരു ആഗോള വീക്ഷണം നിലനിർത്താൻ സാധിച്ചിരുന്നു. 

ഇക്കാക്കയുടെ സോക്കർ ഭ്രാന്ത്!

പട്ടിണി കൊണ്ട് അരവയറ് ഭക്ഷണം പോലും രണ്ട് നേരം കഴിക്കാനില്ലാത്ത കാലത്ത് അവൻ വാങ്ങണം എന്ന് വിചാരിച്ച പന്ത് വാങ്ങാൻ കൂലിപ്പണി ചെയ്തും ഗ്രൗണ്ടിലെ കളിക്കാനെത്തുന്ന കുട്ടികളിൽ നിന്നും പിരിവെടുത്തും ബാപ്പയെ ഓടക്കുഴൽ വെച്ചും അവൻ പണം കണ്ടെത്തി ഫുട്ബോൾ വാങ്ങി! പുതിയ അഞ്ചാം നമ്പർ ഫുട്ബോൾ വാങ്ങിയാൽ അവൻ പന്തിന്റെ കൂടെ ഒരു കോഴിമുട്ടയുമായി ഗ്രൗണ്ടിൽ പോകും. അവിടെയെത്തി ബോൾ ഗ്രൗണ്ടിൽ വെച്ചതിന് ശേഷം കോഴിമുട്ട അവനും കൂട്ടുകാരും ബോളിന് മീതെ ഉടച്ച് ഒഴിക്കും. എന്നിട്ട് കൈകൊണ്ട് നന്നായി തിരുമ്മി അത് ബോളിൽ പിടിപ്പിക്കും! ബോളിന് ദീർഘായുസ്സും ആഫിയത്തും ലഭിക്കാനായിട്ടാണ് ഇങ്ങനെ ചെയ്യുന്നതത്രേ! അവൻ എട്ടിലോ പത്തിലോ പഠിക്കുമ്പോഴാണ് കൊച്ചിയിൽ സന്തോഷ് ട്രോഫി മത്സരം നടക്കുന്നത്. കേരളം ഫൈനലിൽ എത്തിയപ്പോൾ കളി കാണാൻ അവനും തീവണ്ടി കയറി പോയി. കേരളം കപ്പടിക്കാൻ സലാത്തും സലാമും ദുആയുമായി അവനും ഗാലറിയിൽ ഇരിപ്പുറപ്പിച്ചു. മഹാരാഷ്ട്രയെ 2 - 0 ത്തിന് തോൽപ്പിച്ച് കേരളം ഫൈനലിൽ കപ്പടിച്ചു! വീട്ടിൽ കളി കാണാനാണെന്ന് പറയാതെ കൊച്ചിയിലേക്ക് മുങ്ങിയതാണ്. പിറ്റേന്ന് കേരളം കപ്പടിച്ച ആവേശത്തിൽ ഇക്കാക്ക വീട്ടിൽ വന്നു. പൂമുഖത്ത് ബാപ്പ ഇരിക്കുന്ന കസേര ഒഴിഞ്ഞിരിക്കുന്നു. വീട്ടിൽ ബാപ്പ ഇല്ല എന്ന് ഉറപ്പായി. തലേ ദിവസം ഇന്ത്യൻ ഫുട്ബോളർ സി.വി പാപ്പച്ചനെ അവൻ നേരിൽകാണുകയും ഹസ്തദാനം ചെയ്യാനും അവന് ഭാഗ്യമുണ്ടായി. അതിന്റെ ആവേശത്തിൽ അവൻ ഓടി വന്ന് വലിയ ഇക്കാക്കയോട് പറഞ്ഞു - 'കുഞ്ഞിക്കാ കുഞ്ഞിക്കാ ഞാൻ പാപ്പച്ചന് കൈയ്യൊടുത്തു!!' അപ്പോൾ അവനോട് ബാപ്പ ചോദിച്ചു - 'ഓൻ ആരാടാ അള്ളാന്റെ റസൂലോ?' വീട്ടിൽ അറിയിക്കാതെയും അനുമതി വാങ്ങാതെയും കളി കാണാൻ പോയതിലുള്ള ഈർഷ്യതയിലാണ് ബാപ്പ.

ബാക്കി വെച്ച് പോയത്

അങ്ങനെ വില്ലത്തരം കാണിച്ച ഞങ്ങൾ മക്കളെ നിയന്ത്രണത്തിന്റെ ലക്ഷ്മണ രേഖയാൽ വഴി തെറ്റാതെ മുന്നോട്ട് നടത്താൻ കഴിഞ്ഞത് ഇന്ന് ആലോചിക്കുമ്പോൾ അത്യത്ഭുതമായി തോന്നുന്നു. ക്യാൻസർ പിടിപെട്ട് അകാലത്തിൽ മൺമറഞ്ഞ സഹധർമ്മിണിയുടെ ജീവിതത്തിന്റെ ബാക്കി പത്രമായി ബാപ്പയെ ഏൽപ്പിച്ചു പോയ നാല് കുരുന്നു മക്കളെ തിന്മയുടെ ഒഴുക്കിൽ പെടാതെ നൻമയുടെ കര ചേർന്നൊഴുകാൻ പടച്ചോന്റെ മുമ്പിൽ എത്രയോ രാവും പകലും പ്രാർഥനാനിർഭരമായി ബാപ്പ ഇരുന്നിട്ടുണ്ടായിരിക്കണം. ഉമ്മയും മൂത്താപ്പയും ആ പ്രതിസന്ധികാലത്ത് ബാപ്പയെ നിർലോഭമായും നിഷ്കളങ്കമായും സഹായിച്ച മനുഷ്യരാണ്. സ്വന്തം അല്ലലും അലട്ടലും പടച്ചോന്റെ മുമ്പിലല്ലാതെ വേറെ ഒരാളെയും അറിയിക്കരുത്, ഏത് കഠിന നോവിലും അഭിമാനത്തിന് പോറലേൽക്കുന്ന ഒരു കാര്യത്തിനും തയാറാകരുത്, ഏത് കഠിന സാഹചര്യത്തിലും പടച്ചോനെ മറക്കാതെ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാൻ തയാറാകണം. ബാപ്പ ജീവിതത്തിൽ ബാക്കി വെച്ചു പോയ ജീവിത മൂല്യങ്ങളിൽ ചിലതിനെ അങ്ങനെ സംഗ്രഹിക്കാം. 

സൗകര്യ സംവിധാനങ്ങളും സമ്പത്തും ഐശ്വര്യവും വർധിച്ച ഈ കാലത്ത് ഓരോ പ്രതിസന്ധികൾ വന്ന് വരിയുമ്പോൾ ബാപ്പയെ ഓർത്തുപോകും. അമ്പത് വർഷത്തോളം ഹൃദ്രോഗത്താലും ദാരിദ്ര്യത്താലും ജീവിത പ്രതിസന്ധികളാലും ഏറ്റുമുട്ടേണ്ടി വന്നിട്ടും ഒരു തരിമ്പും പിൻമാറാതെ തന്റെ മക്കൾക്കും പിൻമുറക്കാർക്കു വേണ്ടി ജീവിച്ചു തീർത്ത മനുഷ്യനെകുറിച്ച് ഓർക്കുമ്പോൾ കഴിഞ്ഞുപോയ നന്മയുടെ വസന്തകാലം തിരിച്ചു വന്ന് പ്രതിസന്ധിയിൽ നിന്നും കരകയറാൻ സഹായിക്കുന്നതിന്റെ അനുഭൂതി ദൈവിക സുകൃതമനുഭവിക്കുന്നവർക്കെ ഗ്രഹിക്കാനാകൂ. നൂറ്റാണ്ടിലേറെ പഴക്കമുള്ള മഞ്ഞപ്പെറ്റ ജുമാമസ്ജിന്റെ ഖബർസ്ഥാൻ വിതാനത്തിൽ മീസാൻ കല്ലിന്റെ ചാരത്ത് നിൽക്കുന്ന മൈലാഞ്ചിച്ചെടിക്ക് കീഴെ നിത്യശയനത്തിലായ ബാപ്പയെ കുറിച്ചുള്ള ഓർമ്മകളാണ് ഓരോ റബീഅ് മാസവും ഞങ്ങളിലേക്ക് കൊണ്ടുവരുന്നത്. 

സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വ സല്ലം... 

English Summary:

Malayalam Memoir ' Bappayormayude Nilavelicham ' Written by Shukoor Ugrapuram