ഡ്യൂട്ടിക്കിടയില് വിചിത്ര സ്വപ്നം, അന്വേഷിച്ച് പോയപ്പോൾ പുറത്തു വന്നത് കൊലപാതക കഥ
പെട്ടിയുടെ തുറന്നു വെച്ച അടപ്പിനുള്ളിലായി അയാൾ സ്വപ്നത്തിൽ കണ്ട വാചകങ്ങൾ മൂർച്ചയുള്ള എന്തോ കൊണ്ട് ഭംഗിയായി എഴുതിയിരിക്കുന്നു. അയാൾ സ്വപ്നത്തിലും മാത്തൻ മുതലാളിയുടെ വീട്ടിൽ കണ്ട ഡയറിയിലും കാണാത്ത ഒരു വരികൂടി പെട്ടിയുടെ അടപ്പിനുള്ളിൽ എഴുതിയിരുന്നു. സാവിത്രീ... നീ വരണം...
പെട്ടിയുടെ തുറന്നു വെച്ച അടപ്പിനുള്ളിലായി അയാൾ സ്വപ്നത്തിൽ കണ്ട വാചകങ്ങൾ മൂർച്ചയുള്ള എന്തോ കൊണ്ട് ഭംഗിയായി എഴുതിയിരിക്കുന്നു. അയാൾ സ്വപ്നത്തിലും മാത്തൻ മുതലാളിയുടെ വീട്ടിൽ കണ്ട ഡയറിയിലും കാണാത്ത ഒരു വരികൂടി പെട്ടിയുടെ അടപ്പിനുള്ളിൽ എഴുതിയിരുന്നു. സാവിത്രീ... നീ വരണം...
പെട്ടിയുടെ തുറന്നു വെച്ച അടപ്പിനുള്ളിലായി അയാൾ സ്വപ്നത്തിൽ കണ്ട വാചകങ്ങൾ മൂർച്ചയുള്ള എന്തോ കൊണ്ട് ഭംഗിയായി എഴുതിയിരിക്കുന്നു. അയാൾ സ്വപ്നത്തിലും മാത്തൻ മുതലാളിയുടെ വീട്ടിൽ കണ്ട ഡയറിയിലും കാണാത്ത ഒരു വരികൂടി പെട്ടിയുടെ അടപ്പിനുള്ളിൽ എഴുതിയിരുന്നു. സാവിത്രീ... നീ വരണം...
“ഞാൻ മരിക്കുമ്പോൾ വെളുത്ത പൂക്കൾ നിറഞ്ഞ ബൊക്കെയുമായി നീ തനിച്ചുവരണം. അതിൽ നിന്റെ പേരെഴുതി എന്റെ നെഞ്ചിൽ ചേർത്തുവെക്കണം. ചൂടുനഷ്ടപ്പെട്ട എന്റെ ശരീരത്തിലപ്പോൾ ബാക്കിയുള്ളത് നീ എനിക്കുതന്ന ചുംബനങ്ങളുടെ കാണാത്ത പാടുകൾ മാത്രമായിരിക്കും...”
മാത്തൻ ജെ ഫിലിപ്പ്, കുറിമണ്ണക്കൽ, കുമ്പനാട്, പത്തനംതിട്ട.
ഡ്യൂട്ടിക്കിടയിലുള്ള ഉറുമ്പുറക്കം ആ സ്വപ്നത്തോടെ അവസാനിച്ചു. അയാൾ ബസിനുപിന്നിലെ നീളൻ സീറ്റിൽ നിന്നും തപ്പിപ്പിടഞ്ഞ് എഴുന്നേറ്റ് മേൽവിലാസം ബസ് ടിക്കറ്റിൽ കുറിച്ചെടുത്തു. ടി.പി എണ്ണൂറ്റിപ്പത്ത് അതായിരുന്നു അയാൾ സ്ഥിരമായി ഡ്യൂട്ടി ചെയ്തിരുന്ന വണ്ടിയുടെ ഔദ്യോഗികനമ്പർ. വണ്ടി വാങ്ങിയിട്ട് ഇരുപത്തഞ്ചു വർഷവും ആറുമാസവും കഴിഞ്ഞിരിക്കുന്നു. ഇത്രയും കൃത്യമായി പറയാൻ കാരണം കഴിഞ്ഞദിവസമാണ് എല്ലാ വണ്ടികളുടെയും പഴക്കം നിർണ്ണയിക്കാനുള്ള കണക്കെടുത്തത്. അപ്പോഴാണ് കോട്ടയം കെ എസ് ആർ ടി സി ഡിപ്പോയിലെ മുത്തൻ താനാണെന്ന് ടി.പി എണ്ണൂറ്റിപ്പത്ത് അറിയുന്നത്. അന്നുരാത്രി തന്നെ ഭാസ്ക്കരേട്ടൻ ‘അഞ്ച് അൻപത് പരിപ്പ്’ കഴുകാനുള്ള ഏർപ്പാടുണ്ടാക്കി. രാവിലെ ചന്ദനത്തിരികത്തിച്ചു ഡാഷ്ബോർഡിൽ ഉറപ്പിച്ചു. ‘അഞ്ച് അൻപത് പരിപ്പ്’ അങ്ങനെയായിരുന്നു കോട്ടയം ഡിപ്പോയിൽ ടി.പി എണ്ണൂറ്റിപ്പത്ത് അറിയപ്പെട്ടിരുന്നത്. രാവിലെ 5.50 ന് പരിപ്പ് എന്ന സ്ഥലത്തേക്ക് പുറപ്പെടുന്ന ആദ്യ വണ്ടിയായതാണ് അപരനാമത്തിന് കാരണം. കോട്ടയം ഡിപ്പോയിലെ എല്ലാ ജീവനക്കാർക്കും ‘അഞ്ച് അൻപത് പരിപ്പ്’ വളരെ സുപരിചിതമായിരുന്നു; കാരണം കോട്ടയം ഡിപ്പോയിൽ ഒറ്റ ഡോർ മാത്രമുള്ള വണ്ടി ഇതു മാത്രമായിരുന്നു.
റ്റാറ്റാ കമ്പനിയുടെ ഇത്രയും പഴക്കമുള്ള വണ്ടി ലോകത്തെവിടെയും കാണില്ലെന്ന് വണ്ടിയിൽ ശക്തിയിൽ അടിച്ചുകൊണ്ട് ആശാനെന്ന് വിളിക്കുന്ന സീനിയർ മെക്കാനിക്ക് ഭാസ്ക്കരേട്ടൻ പറയാറുണ്ട്. ആ അടിയുടെ ശക്തിയിൽ വണ്ടിയുടെ ഏതെങ്കിലും ഭാഗത്ത്നിന്നും തുരുമ്പിന്റെ പാളി ഒട്ടും മടിക്കാതെ അടർന്ന് വീഴും. ഷെഡ്യൂൾ തുടങ്ങിയ കാലം തൊട്ട് ടി.പി എണ്ണൂറ്റിപ്പത്തിന്റെ സ്ഥിരം ഡ്രൈവറാണ് മാത്യു ചേട്ടൻ. പെൻഷനാകാൻ ഇനി ആറു മാസം കൂടിയെ ബാക്കിയുള്ളു. പെൻഷൻ കാശ് കിട്ടിയാലും ഇല്ലെങ്കിലും പെൻഷനാകാതെ പറ്റില്ലല്ലോ. രണ്ടു മാസം മുൻപ് ഒരു സെക്കന്റ് ഹാന്റ് ടിപ്പർ സംഘടിപ്പിച്ചിട്ടുണ്ട് കക്ഷി. അതിന്റെ സന്തോഷത്തിലാണ് ഡ്യൂട്ടി കഴിഞ്ഞ് സമാധാനമായി മാത്യു വെള്ളമടിക്കാറുള്ളത്. എല്ലാക്കാലത്തും ഇതേപോലെയുള്ള പലതരം സമാധാനങ്ങൾക്ക് അടിമയായിരുന്നു അയാൾ. അച്ഛൻ അപകടത്തിൽ മരണപ്പെട്ടത് കൊണ്ട് കെ.എസ്.ആർ.ടി.സിയിൽ ജോലികിട്ടിയതായിരുന്നു ആദ്യത്തെ സമാധാനം. കല്യാണം കഴിഞ്ഞത്, കുട്ടികളുണ്ടായത്, വീടുവച്ചത് അങ്ങനെ ജീവിതത്തിന്റെ ഓരോ വഴിത്തിരിവിലും ഓരോ സമാധാനങ്ങൾ മാത്യു മദ്യപിക്കാൻ കണ്ടെത്തിയിരുന്നു. അവസാനത്തേത് ടിപ്പറിന്റെ സമാധാനമെന്നു മാത്രം. ചുരുക്കിപ്പറഞ്ഞാൽ സമാധാനം കിട്ടാനായി ഒരിക്കലും അയാൾ മദ്യപിച്ചിരുന്നില്ല.
ആ വിചിത്ര സ്വപ്നം കണ്ട ദിവസം ഡ്യൂട്ടി കഴിഞ്ഞ് ബാക്കിവന്ന ചില്ലറയും കിലുക്കി സ്റ്റെപ്പിറങ്ങുമ്പോളാണ് ടിക്കറ്റിൽ ഉച്ചക്ക് കുറിച്ച അഡ്രസ്സിന്റെ കാര്യം ഓർത്തത്. മാത്തൻ ജെ ഫിലിപ്പ്. ഇങ്ങൊനൊരാളുണ്ടാവുമോ? അയാൾ സ്വയം ചോദിച്ചു.“നിങ്ങളുറങ്ങുന്നില്ലേ?” ഭാര്യ കൈപ്പത്തി അയാളുടെ നെഞ്ചിൽ പതുക്കെ ചേർത്തു വെച്ചു ചോദിച്ചു. തന്റെ പകൽ സ്വപ്നം രാത്രി അയാൾ ഭാര്യയോട് പറഞ്ഞു. “ഒരു രജിസ്ട്രേഡ് കത്തിട്ടാൽപോരെ വിലാസമുണ്ടോന്നറിയാല്ലോ” അവൾ അങ്ങനെയാണ്, എത്ര സിംപിളായാണ് പ്രശ്നം തീർത്തത്. സ്നേഹപൂർവ്വം തോളിൽ മുറുക്കിപ്പിടിച്ചത് ക്ഷീണം കാരണം അവൾ അറിഞ്ഞിട്ടുണ്ടാവില്ല. പിറ്റേന്ന് താമസിച്ചാണ് എഴുന്നേറ്റത്. ഡൈനിങ് ടേബിളിൽ കാപ്പിയും ഗോതമ്പ് ദോശയും ചമ്മന്തിയും ഇരിപ്പുണ്ട്. തണുത്ത കാപ്പിയുമെടുത്ത് പത്രമെടുത്ത് നിവർത്തി. ‘പുതിയ വാഹനനയം കെ.എസ്.ആർ.ടി.സി എതിർപ്പ് കേന്ദ്രസർക്കാരിനെ അറിയിക്കും.’ പതിനഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വണ്ടികൾ പൊളിക്കാൻ തീരുമാനിച്ചിരിക്കുന്നു. പൊളിക്കുന്ന കൂട്ടത്തിൽ അയാളുടെ ഷെഡ്യൂൾ വണ്ടി ടി.പി എണ്ണൂറ്റിപ്പത്ത് ബസ്സും ഉണ്ടാവും. പോട്ടെ പണ്ടാരം അതിന്റെ കീറിയ പാട്ടഡോറിൽത്തട്ടി മിക്കവാറും ഷർട്ടിന്റെ നൂല് വലിയും. പത്രം മടക്കി കസേരയിലിട്ട് തണുത്ത കാപ്പി വലിച്ചുകുടിച്ച് തോർത്തും തോളിലിട്ട് കുളിക്കാനായി പുറത്തേക്കിറങ്ങി.
റേഷൻ വാങ്ങണം. വരുന്ന മാസവും ശമ്പളം താമസിച്ചേക്കും, റേഷൻ കടയിൽ നല്ല തിരക്കാണ്. ഒരു സ്ത്രീയുടെ ഇടുപ്പിൽ മന:പൂർവ്വം റേഷൻ കാർഡ് വെച്ചു കുത്തിയപ്പേൾ ഇക്കിളികൊണ്ട് അവരൽപ്പം മാറിത്തന്ന വിടവിലൂടെ മേശപ്പുറത്തേക്ക് കാർഡ് വലിച്ചെറിഞ്ഞു. റേഷൻ കാർഡ് മേശപ്പുറത്ത് വീണിട്ട് കടക്കാരന്റെ ആനവയറിൽ തട്ടി കറങ്ങി നിലത്തു വീണു. ഷോക്കടിച്ചു ചത്ത കാക്കയെപ്പോലെ നിലത്ത് ചിറക് വിരിച്ചു കിടക്കുന്ന കാർഡിൽ റേഷൻ കടക്കാരൻ രൂക്ഷമായി നോക്കി. താഴെ വീണ റേഷൻ കാർഡിന് ചിറകുമുളക്കാൻ ഇനിയും ഏറെ സമയമെടുക്കും. ആൾക്കൂട്ടത്തിൽനിന്നും നൂണ്ടിറങ്ങി അടുത്ത കടയിൽനിന്നും ഒരുകവറും പേപ്പറും വാങ്ങി പോസ്റ്റോഫീസിനടുത്തേക്ക് നടന്നു. ആദ്യം അഡ്രസ്സ് എഴുതി ഇനി പേപ്പറിൽ എന്താണെഴുതുക? ‘നേരിട്ട് കാണാൻ ആഗ്രഹമുണ്ട്’. അത്രയും എഴുതി പേപ്പർ മടക്കി കവറിലിട്ട് വർഷങ്ങളുടെ പശപ്പാരമ്പര്യം വശങ്ങളിലൂടെ ഒലിച്ചിറങ്ങി കട്ട പിടിച്ചിരിക്കുന്ന പശക്കുപ്പിയിൽ നിന്നും പൊങ്ങല്യക്കൈയ്യുടെ ചെരുപ്പ് പോലിരിക്കുന്ന ഭാഗം കൊണ്ട് കവറിൽ പശതേച്ച് ഒട്ടിച്ചു. സ്വപ്നം കണ്ട അഡ്രസ്സിലേക്ക് ഒരു രജിസ്ട്രേഡ് ലെറ്റർ. അക്നോളഡ്ജ്മെന്റ് കാർഡ് പൂരിപ്പിക്കുമ്പോൾ അയാളുടെ ഉള്ളിൽ ചിരിപൊട്ടി.
പിറ്റേന്ന് ഡ്യൂട്ടിക്ക് ശേഷം നടന്ന ചർച്ചയിലാണ് നാട്ടുകാരുടെ നടുവൊടിക്കുന്ന വണ്ടികളോടുള്ള ഡ്രൈവർമാരുടെ ഇമോഷണൽ അറ്റാച്ച്മെന്റിനെപ്പറ്റി വ്യക്തമായി മനസ്സിലായത്. അക്കൂട്ടത്തിൽ അയാളുടെ ഷെഡ്യൂൾ വണ്ടിയായിരുന്ന ‘അഞ്ച് അൻപത് പരിപ്പ്’ നെപ്പറ്റിയായിരുന്നു വലിയ ചർച്ച നടന്നത്. ‘അഞ്ച് അൻപത് പരിപ്പ്’ പോയാലെന്താ പെൻഷനാകുന്നേനു മുൻപ് ഷെഡ്യൂൾ റൂട്ടിൽ നല്ലൊരു വണ്ടി കിട്ടും’ മാത്യു ചേട്ടന് വെള്ളമടിച്ചു സമാധാനിക്കാനൊരു കാരണം കൂടികിട്ടി എല്ലാത്തിനും പോസിറ്റീവായ ഒരു സൈഡ് മാത്യു ചേട്ടൻ കണ്ടു പിടിക്കും; പക്ഷേ മാത്യു ചേട്ടന്റെ മുഖത്തെ ചില ചുളിവുകൾക്കിടയിൽ ടി.പി എണ്ണൂറ്റിപ്പത്ത് പൊളിക്കുന്നതിന്റെ നിരാശ വ്യക്തമായി കാണാമായിരുന്നു. ഒൻപത് മണിക്ക് പരിപ്പിൽ നിന്ന് വണ്ടിനിറച്ച് ആളുണ്ടാവും. പിന്നെ പത്തുമണിക്ക് കോട്ടയത്തുനിന്നും ആലപ്പുഴക്ക് യാത്ര കഴിഞ്ഞാൽ വീണ്ടും നാലു തവണ പരിപ്പിന് പോയി വരണം 7.30 ആകുമ്പോൾ ഡ്യൂട്ടി കഴിയും. ആദ്യകാലത്ത് ആലപ്പുഴക്ക് പോകുന്നതിനുപകരം തിരുവല്ലക്ക് പോയിരുന്നു. എം സി റോഡിലെ തിരക്കുകാരണം ആലപ്പുഴക്ക് യാത്രമാറ്റുകയായിരുന്നു.
ആലപ്പുഴക്കുള്ള യാത്രക്കിടയിലാണ് ഭാര്യയുടെ ഫോൺ വന്നത്. രജിസ്ട്രേഡ് ലെറ്ററിന്റെ അക്നോളഡ്ജ്മെന്റ് കാർഡ് തിരികെ വന്നിട്ടുണ്ട്. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് കണക്ക് തീർത്തപ്പോൾ ബാഗിൽ ഏകദേശം മുന്നൂറ് രൂപയുടെ കുറവുണ്ടായിരുന്നു.. മനസ്സ് ശരിയല്ലെങ്കിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. അയാളെ അന്വേഷിച്ച് പോകണോ? അത്താഴം കഴിക്കുന്നതിനിടെ ഭാര്യയോട് ഒരഭിപ്രായം ചോദിച്ചതാണ്. ഒരു സ്വപ്നവും; അഡ്രസ്സും, നിങ്ങളിതിന്റെ പുറകെ പോകാനാണാ തീരുമാനിച്ചേക്കുന്നെ?. വല്ലപ്പൊഴുമാ ഒരുമിച്ചൊരോഫ് കിട്ടുന്നെ എന്നാണേലും നാളെപ്പോകാൻ പറ്റില്ല. നാളെ ചോറൂണിന് ഒരുമിച്ച് പോയേ പറ്റു. നാളെ അവളുടെ കൂട്ടുകാരിയുടെ രണ്ടാമത്തെ കുട്ടിയുടെ ചോറൂണാണ്. വിവാഹത്തിന് ശേഷം എട്ടു വർഷമായിട്ടും മക്കളില്ലാത്ത സങ്കടം അവൾ ഇങ്ങനൊക്കെയാണ് തീർക്കുന്നത്. എന്തായാലും അഡ്രസ്സ് തേടിപ്പോകൽ പിന്നീടൊരിക്കലാകാം. ഇനി ഇക്കാര്യം ഭാര്യയോട് സംസാരിക്കില്ലെന്നും അയാൾ തീരുമാനിച്ചു. ജീവിതം കുറെ മാസങ്ങൾക്ക് കൂടി വഴി മാറി. അയാൾ വീണ്ടും അതേ മേൽവിലാസം സ്വപ്നം കണ്ടു. പിറ്റേന്ന് തന്നെ തിരുവല്ലക്ക് പോകാൻ അയാൾ തീരുമാനിച്ചു.
കുമ്പനാട് പോസ്റ്റോഫീസിൽ എത്തിയപ്പോൾ പോസ്റ്റ്മാൻ കത്തുമെടുത്ത് സ്ഥലംവിട്ടിരിന്നു. കുറെ നേരം കാത്തിരുന്നു മടുത്തപ്പോൾ അയാൾ പോസ്റ്റോഫീസിന്റെ പരിസരത്തേക്കിറങ്ങി. അടുത്തുള്ള ഓട്ടോസ്റ്റാന്റിലെത്തി കുറിമണ്ണക്കലെ വീട് ചോദിച്ചപ്പോൾ ആ വീട്ടുപേരിൽ കുറേ വീട്ടുകാർ ഉണ്ടെന്നായിരുന്നു മറുപടി. അക്കൂട്ടത്തിൽ പത്തറുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഓട്ടോക്കാരൻ ഇങ്ങനൊരാൾ ഉണ്ടായിരുന്നെന്നും അയാൾ മരിച്ചിട്ട് ഏകദേശം പത്തു വർഷമായെന്നും പറഞ്ഞു. അയാൾ പറഞ്ഞത് ശരിയാണെങ്കിൽ താനയച്ച കത്ത് വാങ്ങിയതാരാണ്? പോസ്റ്റ്മാൻ തിരികെ എത്തിയപ്പോൾ ഉച്ചക്ക് രണ്ട് മണിയായി. അയാളോട് കൃത്യമായി വഴി ചോദിച്ചു മനസിലാക്കി. ഏകദേശം രണ്ടര കിലോമീറ്റർ ദൂരമുണ്ട്. അയാൾ ഓട്ടോ സ്റ്റാന്റിലേക്ക് നടന്നു. നേരത്തേ സംസാരിച്ച പ്രായമുള്ള ഓട്ടോക്കാരൻ ഊഴം കാത്ത് മുന്നിൽ തന്നെ കിടപ്പുണ്ടായിരുന്നു. പോസ്റ്റുമാൻ പറഞ്ഞു തന്ന വഴിയിലൂടെ അവർ യാത്ര തുടങ്ങി, ചുറ്റും റബ്ബർ മരങ്ങൾ മാത്രം. ഏകദേശം വീട് അടുക്കാറായപ്പോൾ ഓട്ടോക്കാരൻ സംസാരിച്ചു തുടങ്ങി. “ഇത് ഞാൻ ഉദ്ദേശിച്ച ആൾ തന്നെയാ സാറെ, മാത്തൻ മുതലാളിയുടെ പള്ളിപ്പേരാരിക്കും അഡ്രസിലുള്ളത്.” “അങ്ങേരുടെ ഭാര്യ നേരത്തെ മരിച്ചാരുന്നു; ചവിട്ടി കൊന്നതാണെന്നാ നാട്ടുകാരു പറയുന്നെ”. “ഇങ്ങേര് മരിച്ചിട്ട് വർഷം പത്തുപന്ത്രണ്ടായി”. “മരിച്ചയാളെങ്ങനാടോ ഒപ്പിട്ട് കത്തുവാങ്ങുന്നെ?” “സാറിനെ ആരെങ്കിലും പറ്റിച്ചതാരിക്കും” അയാൾ ഓട്ടോക്കാരന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. പോസ്റ്റ്മാൻ പറഞ്ഞപോലെ തന്നെ വീട് റബ്ബർ തോട്ടത്തിന്റെ നടുക്കായിരുന്നു. പക്ഷെ ഇത്രയും വൃത്തിയും ഭംഗിയുമുള്ള പൂന്തോട്ടം പോലെ മനോഹരമായ റബ്ബർത്തോട്ടം അയാൾ ആദ്യം കാണുകയായിരുന്നു. മരത്തിന്റെ ചുവടൊക്കെ പുല്ലു പറിച്ച് വൃത്തിയാക്കിയിട്ടിരിക്കുന്നു. ഒരു മരത്തിനു പോലും കാഴ്ചയിൽ എടുത്തു നിൽക്കത്തക്ക വണ്ണക്കൂടുതലില്ല. ചരടു പിടിച്ച പോലെ മരങ്ങൾ തമ്മിൽ കൃത്യമായ അകലം. അയാൾ പാതി തുറന്നിട്ടിരിക്കുന്ന കൂറ്റൻ ഉരുക്കു ഗേറ്റ് കടന്ന് വീട്ടിലേക്ക് നടന്നു. ഗേറ്റിന്റെ മുന്നിലെ തിളങ്ങുന്ന നെയിം ബോർഡിൽ ‘ജയിംസ് ഫിലിപ്പ് കുറി മണ്ണിക്കൽ’ എന്നെഴുതിയിട്ടുണ്ടായിരുന്നു.
ക്രീം കളറിൽ ഉരുളൻ കല്ലുകൾ നിരത്തിയിരിക്കുന്ന മുറ്റം. വെള്ള പെയിന്റടിച്ച കാർപോർച്ചിലേക്ക് പടർന്നു കയറിയിരിക്കുന്ന വെള്ളയും പിങ്കും നിറത്തിലുള്ള ബോഗൺ വില്ല പൂത്തുലഞ്ഞ് നിൽക്കുന്നു. പോർച്ചിനുള്ളിൽ എൺപതുകളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ടാറ്റാ മഹേന്ദ്രയുടെ നീലനിറമുള്ള ജീപ്പ് ഇരുട്ടിൽ നിന്നും പുറത്തേക്ക് തല നീട്ടി നിൽക്കുന്നു. എല്ലാം കൃത്യമായി വച്ചിരിക്കുന്നത് ഇത്രമാത്രം ഭംഗി കൂട്ടുമെന്ന സത്യം അയാൾ നേരിട്ടനുഭവിക്കുന്നത് ഇതാദ്യമായായിരുന്നു. നീളൻ വരാന്തയുളള പഴയ വീട്ടിൽ കസേരകൾ പോലും ഇട്ടിരിക്കുന്നത് കൃത്യമായ അകലത്തിലായിരുന്നു. കോളിങ്ങ് ബെല്ലെവിടെയാണെന്ന് തിരയുന്നതിനിടയിൽ വരാന്തയിലേക്ക് തുറക്കുന്ന വലത്തുവശത്തെ മുറിയുടെ വാതിൽ തുറന്ന് അഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന ആൺകുട്ടി മുറ്റത്തേക്ക് ഓടിയിറങ്ങി. കൈയ്യിൽ ചോറും പാത്രവും പിടിച്ച് ഏകദേശം മുപ്പത് വയസിനടുത്ത് പ്രായമുള്ള സ്ത്രീയും പുറകെ ഇറങ്ങിവന്നു. ഓടി വന്ന ആൺകുട്ടി ഒരു നിമിഷം അയാളുടെ മുഖത്തേക്ക് നോക്കിയിട്ട് കാർപോർച്ചിനുള്ളിലേക്കോടി. അവൾ കാർപോർച്ചിലേക്ക് നടക്കുന്നതിനിടയിൽ അപരിചിതന്റെ സാന്നിധ്യം അകത്താരെയോ വിളിച്ചറിയിച്ചു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം സുമുഖനായ ഒരു ചെറുപ്പക്കാരൻ വാതിൽ തുറന്ന് ഇറങ്ങി വന്നു.
“വീട് നോക്കാൻ വന്നയാളാണോ?” “അല്ല” ഞാനൊരെഴുത്തയച്ചിരുന്നു. “ഓ അത് നിങ്ങളാണോ? എങ്ങനാ നിങ്ങള് തമ്മിൽ പരിചയം”? പുഞ്ചിരിച്ചുകൊണ്ടയാൾ ചോദിച്ചു. തന്റെ സ്വപ്നത്തെപ്പറ്റിയും മേൽവിലാസത്തെപ്പറ്റിയും വിശദീകരിച്ചുകൊണ്ടിരുന്ന സമയത്തെപ്പോഴോ മടിയിൽ കയറിയിരുന്ന അഞ്ചു വയസു മാത്രം പ്രായമുള്ള കുട്ടിയെ മുന്നിലേക്ക് നിർത്തിയിട്ടയാൾ പറഞ്ഞു. “ഇതാണ് നിങ്ങളെഴുത്തയച്ചയാൾ” മാത്തൻ ജെ. ഫിലിപ്പ്… “അപ്പൂപ്പന്റെ പേരാ അവനിട്ടേക്കുന്നെ കുടുംബത്തിലങ്ങനെയൊരു പതിവുണ്ട്. ഏറ്റവും ഇളയമകന്റെ മക്കൾക്ക് അപ്പൂപ്പന്റേം അമ്മൂമ്മേടേം പേരിടും പ്രത്യേകിച്ച് അവർ ജീവിച്ചിരിപ്പില്ലെങ്കിൽ” കുട്ടി രണ്ടു പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കിയിട്ട് അവന്റെ അമ്മയുടെ അടുത്തേക്ക് ഓടിപ്പോയി. അപ്പൂപ്പനെന്ന് പറഞ്ഞാൽ? “എന്റെ അപ്പന്റെ പേരാ മാത്തൻ ജെ ഫിലിപ്പ്. ഞങ്ങളാറുമക്കളാ അപ്പൻ മരിച്ചു കഴിഞ്ഞപ്പോ ചേട്ടന്മാര് അപ്പനൊണ്ടാക്കിയതിന്റെ പകുതീം വിറ്റു പുട്ടടിച്ചു. അങ്ങനെ ചേച്ചീടെ നിർബന്ധം കാരണം ഓരോരുത്തരായി യു എസ്സിലേക്ക് മൈഗ്രേറ്റ് ചെയ്തു. മൂത്തചേച്ചി യുഎസ്സില് മിലിട്ടറി നഴ്സാരുന്നു. നാട്ടിലേക്ക് തിരിച്ച് വരാനാർക്കും താൽപ്പര്യമില്ല അതാ ഇതങ്ങ് വിറ്റേക്കാമെന്നോർത്തെ. നിങ്ങള് വന്നപ്പോ ഞാനോർത്തെ ഏതെങ്കിലും വസ്തു ബ്രോക്കറാരിക്കുമെന്നാ”
“അച്ഛന്റെ ഫോട്ടോയൊന്ന് കാണാൻ പറ്റുമോ?” “അതാ പഴയ ആൽബത്തിലെങ്ങാനും കാണും. വിൽക്കാനിട്ടേക്കുന്ന കൊണ്ട് ഫ്രെയിം ചെയ്ത ഫോട്ടോയൊക്കെ യു എസ്സിലേക്കയച്ചു. അച്ഛന്റെ ഒരു പഴയ പെട്ടിയുണ്ട് പാർസലയച്ചപ്പോ അതു മാത്രം മറന്നു. പെയിന്റടിച്ചപ്പോ എടുത്ത് കാർഷെഡ്ഡിൽ വെച്ചതാ അതിലുണ്ടാവും. സത്യത്തിൽ നിങ്ങൾ സ്വപ്നത്തിന്റെ പുറകെ തന്നെയല്ലേ?” മൂലകളിൽ പിച്ചളതകിടുകൊണ്ട് കോർണർ കവറിങ്ങ് ഉള്ള പഴയ തടിപ്പെട്ടിയായിരുന്നു അത്. മുകളിലെ പൊടി തട്ടിമാറ്റിയിട്ട് ആ ചെറുപ്പക്കാരൻ പെട്ടി തുറന്നു. മുല്ലപ്പൂവിന്റെ നേർത്ത ഗന്ധം പോർച്ചിനുള്ളിലാകെ നിറഞ്ഞു. പഴയ കുറെ നാണയങ്ങൾ, മുഷിഞ്ഞ കുറെ നോട്ടുകൾ, പഴയ മുദ്രപ്പത്രങ്ങൾ, കുറച്ചു ഡയറികൾ എല്ലാം പൊടി പിടിച്ചിരിക്കുന്നു. മാത്തൻ മുതലാളിയുടെ ഫോട്ടോ തിരയുന്നതിനിടയിൽ ആ ഡയറികളിലൊരെണ്ണം വെറുതെ മറിച്ചു നോക്കിയപ്പോൾ മാർക്കിങ്ങ് ടാഗ് വച്ചിരുന്ന പേജിൽ അയാൾ സ്വപ്നത്തിൽ കണ്ട വാചകങ്ങൾ ഭംഗിയുള്ള കൈയ്യക്ഷരത്തിൽ എഴുതിയിരിക്കുന്നു. “ഞാൻ മരിക്കുമ്പോൾ വെളുത്ത പൂക്കൾ നിറഞ്ഞ ബൊക്കെയുമായി നീ തനിച്ചുവരണം. അതിൽ നിന്റെ പേരെഴുതി എന്റെ നെഞ്ചിൽ ചേർത്തുവെക്കണം. ചൂടുനഷ്ടപ്പെട്ട എന്റെ ശരീരത്തിലപ്പോൾ ബാക്കിയുള്ളത് നീ എനിക്കുതന്ന ചുംബനങ്ങളുടെ കാണാത്ത പാടുകൾ മാത്രമായിരിക്കും...” സ്വപ്നത്തിന് യാഥാർഥ്യവുമായി ബന്ധമുണ്ടാകുമോ? ഇതും സ്വപ്നം തന്നെയാണോ? അയാൾ കൈയ്യിൽ സ്വയം നുള്ളി വേദനിപ്പിച്ചു.
പഴയ ഒരു കല്യാണ ആൽബത്തിൽ നിന്നും നിറം മങ്ങിയ കളർ ഫോട്ടോ എടുത്തിട്ട് മാത്തൻ മുതലാളിയുടെ മകൻ പറഞ്ഞു. ഇതാണ് അപ്പന്റെ ഫോട്ടോ.. ആറടിയിലധികം പൊക്കം; വെളുത്ത ജുബ്ബായും മുണ്ടുമാണ് വേഷം ആരോഗ്യമുള്ള സുന്ദരനായ മനുഷ്യൻ. “ഈ ഡയറിയിൽ ഈ വാചകം മാത്രമെയുള്ളല്ലോ എന്താ അങ്ങനെ?” “അറിയില്ല; അമ്മ മരിച്ചതിനു ശേഷമുളള അപ്പന്റെ മിക്ക ഡയറികളിലും ഇങ്ങനെ റിപ്പീറ്റ് ചെയ്ത് എഴുതിയിട്ടുണ്ട്. അതുകൊണ്ട് അപ്പന്റെ കല്ലറ പണിതപ്പോൾ എഴുതി വെക്കാൻ വേറെ വാചകങ്ങളൊന്നും തിരഞ്ഞു പോയില്ല.” “ഇതിൽ എഴുതിയിരിക്കുന്നപോലെ അന്നാരെങ്കിലും വന്നിരുന്നോ?” “അപകടമരണമായതു കൊണ്ട് എല്ലാവരും ഭയങ്കര കൺഫ്യൂഷനിലാരുന്നു. അപ്പന്റെ ഒരു കസിൻ ബ്രദർ ഗൾഫിലുണ്ടാരുന്നു; പുള്ളിക്കാരൻ നാട്ടിൽ വന്ന സമയത്താരുന്നു അപ്പന്റെ മരണം. അന്നയാള് ഹാൻഡി ക്യാമിൽ വീഡിയോ എടുത്തിരുന്നു. ഒരു വസ്തു ഇടപാടിന്റെ പേരില് പുള്ളിക്കാരനപ്പനുമായിട്ടത്ര രസത്തിലല്ലാരുന്നു. അതു കൊണ്ട് ഞങ്ങളാ വീഡിയോ ചോദിച്ചിട്ടില്ല. അയാളുടെ മകനിപ്പോ കുമ്പനാട് വീഡിയോ ഷോപ്പ് നടത്തുന്നുണ്ട്. ഒരു പക്ഷേ……” “അപ്പനെ എവിടാ അടക്കിയിരിക്കുന്നത്?” ആ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുൻപ് ജയിംസിന്റെ ഫോണുമായി ഭാര്യ അവിടേക്കെത്തി. സ്ഥല കച്ചവടത്തെക്കുറിച്ച് സംസാരിച്ചു കൊണ്ട് റേഞ്ച് കിട്ടാനായി പോർച്ചിൽ നിന്നും അയാൾ പുറത്തേക്കിറങ്ങി.
ആൽബത്തിൽ നിന്നും ഇളക്കിയെടുത്ത മാത്തൻ മുതലാളിയുടെ ഫോട്ടോ അയാൾ പോക്കറ്റിലൊളിപ്പിച്ചു. അങ്ങനെ എന്തിനാണ് ചെയ്തതെന്ന് അയാൾക്കും അറിയില്ലായിരുന്നു. കള്ളത്തരം മറക്കാനായി പെട്ടെന്നയാൾ മറ്റൊരു ഡയറിയെടുത്ത് താളുകൾ മറിച്ചു. അതിലെഴുതിയിരിക്കുന്ന കണക്കുകളിലൊന്നിൽ അയാളുടെ കണ്ണുകളുടക്കി. തൊള്ളായിരം ചിറ- തേങ്ങ വരവ് 86 രൂപ. മണി ചിലവ് 2 രൂപ. “തൊള്ളായിരം ചിറ” പരിപ്പിനടുത്ത് അങ്ങനെയൊരു സ്ഥലമുണ്ട്. തിരികെ വന്ന് ഓട്ടോയിൽ കയറിയപ്പോൾ ഓട്ടോക്കാരൻ പറഞ്ഞ കഥ വേറൊന്നായിരുന്നു. “ദുർമരണമാരുന്നു സാറെ ആരോ തല്ലിക്കൊന്ന് വെള്ളത്തിലിട്ടതാ മൂന്നാല് ദിവസം കഴിഞ്ഞിട്ടാ ബോഡി കിട്ടിയെ. ഫോട്ടോ വെച്ചാ ശവാടക്ക് നടത്തിയെ മൊത്തം മീൻ കൊത്തിത്തിന്നാരുന്നു.” “ഇതല്ലേ ആള്?” അയാൾ ഫോട്ടോ ഓട്ടോക്കാരനെക്കാണിച്ചു. “ആ ഇതു തന്നെ; സാറ് പൊലീസാണോ?” ആണെന്നോ അല്ലെന്നോ അയാൾ മറുപടി പറഞ്ഞില്ല. അതുകൊണ്ടാവണം ഓട്ടോക്കാരൻ പിന്നെ ഒന്നും മിണ്ടിയില്ല. ജയിംസ് പറഞ്ഞ വീഡിയോ ഷോപ്പിൽ ഒന്നു കയറിയിട്ട് പോകാമെന്നയാൾ തീരുമാനിച്ചു. ഇപ്പോഴത് ഫോൺ റീച്ചാർജ്ജ് കടയായി പരിണമിച്ചിരിക്കുന്നു. കാര്യങ്ങളൊക്കെ വിശദമായി വീഡിയോ ഷോപ്പിലും അവതരിപ്പിച്ചു. വലിയ താൽപര്യമൊന്നും കാണിച്ചില്ലെങ്കിലും വീഡിയോ ഷോപ്പിലെ ജിജോ എന്ന പയ്യൻ അയാളുടെ നമ്പർ വാങ്ങി വച്ചു. മടങ്ങുമ്പോൾ മനസ്സിൽ നിറയെ എന്തൊക്കെയോ കണ്ടെത്തിയതിന്റെ ആത്മവിശ്വാസം നിറഞ്ഞിരുന്നു.
ആയിടക്കാണ് അഞ്ചൻപത് പരിപ്പിന്റെ ട്രിപ്പ് പരിപ്പിൽ നിന്നും തൊള്ളായിരംചിറ ഭാഗത്തേക്ക് നീട്ടാൻ തീരുമാനിച്ചത്. വഴിക്ക് വീതി കുറവാണ് ഒരു വശത്ത് തോട് മറുവശത്ത് പാടം, എതിരെ വണ്ടി വന്നാൽ സൈഡ് കൊടുക്കാൻ പാടാണ്; മാത്യു ആവുന്നത്ര എതിർത്തു. പക്ഷേ ശക്തമായ രാഷ്ട്രീയ ഇടപെടൽ മൂലം ട്രിപ്പ് നീട്ടാൻ തീരുമാനിച്ചു. ഡ്യൂട്ടിക്കിടയിൽ ഊണും കഴിഞ്ഞിരിക്കുമ്പോൾ അയാൾ മാത്യു ചേട്ടനെ മാത്തൻ മുതലാളിയുടെ ഫോട്ടോ കാണിച്ചു. നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. കുറെയേറെ നേരം മാത്യു ഫോട്ടോയിലേക്ക് നോക്കിയിരുന്നു. അപ്പോഴത്തെ അയാളുടെ മുഖഭാവം ‘ഒരു സി ബി ഐ ഡയറിക്കുറിപ്പെന്ന സിനിമയിലെ’ സേതുരാമയ്യരുടേതുപോലെയായിരുന്നു. “തിരുവല്ലായ്ക്ക് ട്രിപ്പുണ്ടായിരുന്നപ്പോൾ നമ്മുടെ വണ്ടിയിലെ സ്ഥിരം കക്ഷിയായിരുന്നു. ഇയാള് മരിച്ചപ്പോൾ പൊലീസുകാര് നമ്മുടെ വണ്ടിയിൽ അന്വേഷിച്ചു വന്നത് എനിക്കിപ്പോഴും ഓർമയുണ്ട്. ട്രിപ്പ് നീട്ടാൻ പോകുന്ന തൊള്ളായിരം ചിറക്കടുത്തുള്ള വലിയ തോട്ടിലാ ശവം പൊങ്ങിയത്” ചോദ്യങ്ങൾ കൂടുന്നതുകൊണ്ട് അന്വേഷണങ്ങളെല്ലാം ഉപേക്ഷിക്കാനാണ് അയാൾക്ക് തോന്നിയത്. ദിവസങ്ങൾ കടന്നു പോയി മാത്തൻ മുതലാളിയും സ്വപ്നവുമൊക്കെ അയാളുടെ ഓർമ്മകളിൽനിന്നും മാഞ്ഞുതുടങ്ങിയിരുന്നു.പക്ഷേ ചില ഓർമ്മകൾ നമ്മളെ തേടിയെത്തുകയാണ് പതിവ്.
മാത്തൻ മുതലാളിയുടെ ശവസംസ്കാര ചടങ്ങിന്റെ വീഡിയോ കിട്ടിയിട്ടുണ്ടെന്നറിയിച്ചു കൊണ്ട് കുമ്പനാട് വീഡിയോ ഷോപ്പ് നടത്തുന്ന ജിജോയുടെ വിളി വന്നു. തുള്ളലും ചാട്ടവും ഇടക്കുള്ള വെളുത്ത വരകൾക്കും ശേഷം ശവസംസ്കാരച്ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ടു തുടങ്ങി. മുഖം വ്യക്തമല്ലാത്ത ഒരു സ്ത്രീ അയാളുടെ മൃതശരീരത്തിൽ വെളുത്ത നിറത്തിലുള്ള ബൊക്കെ വെച്ചു. അവിടെ വച്ച് വീണ്ടും കാണാൻ വയ്യാത്ത വിധം ടി വി യിൽ വെളുത്ത വരകൾ കൊണ്ട് നിറഞ്ഞു. മുഖം വ്യക്തമല്ലാത്ത ഒരാളെ എങ്ങനെ കണ്ടുപിടിക്കാനാണ്? അതേ പോലെ മറ്റൊരു ചോദ്യം കൂടി അയാൾക്കുള്ളിലുയർന്നു. എന്തിനാണ് കണ്ടുപിടിക്കുന്നത്? രണ്ടിനും ഉത്തരം കണ്ടെത്താൻ അയാൾക്കു കഴിഞ്ഞില്ല. “മണി” ഡയറിയിൽ മാത്തൻ മുതലാളി കുറിച്ചിട്ടിരുന്ന പേര്; കുറെ ചോദ്യങ്ങളും സ്വയം തയാറാക്കിയ ഉത്തരങ്ങളുമായി അയാൾ തൊള്ളായിരം ചിറയിലെത്തി. വെള്ളത്തിലേക്ക് തലനീട്ടി നിൽക്കുന്ന തെങ്ങുകൾ; തോടിന്റെ അരികുകെട്ടാത്ത വശങ്ങളിലൂടെ പടർന്നിറങ്ങിയ കർട്ടൻ ചെടിയുടെ ഇടതൂർന്ന വള്ളികൾ, കടുത്ത ചുവന്ന നിറമുള്ള ആമ്പൽ പൂക്കൾ തോടരികിൽ വിരിഞ്ഞു നിൽക്കുന്നു. തോടിനിരുവശങ്ങളിലും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽപ്പാടം. പാടത്തെ പണിക്കു പോകുന്നവർ തോട്ടിൽ തെങ്ങിൻ തലപ്പുകൾ നിഴൽ തീർത്ത ഓളപ്പരപ്പിലൂടെ വള്ളങ്ങളിൽ തുഴഞ്ഞ് നീങ്ങുന്നു. നെൽപ്പാടങ്ങളുടെ നടുവിൽ കാണുന്ന തുരുത്തുകളിൽ ഓടു മേഞ്ഞ വീടുകൾ, കഥകളിലെ ഗ്രാമം പോലെയായിരുന്നു തൊള്ളായിരം ചിറ.
ആരോടാണ് മണിയെക്കുറിച്ച് അന്വേഷിക്കുക? കവലയിൽ തോട്ടിലേക്ക് തൂണുകൾ ഇറക്കിപ്പണിതിരിക്കുന്ന ഒരു ചെറിയ പെട്ടിക്കടക്കുള്ളിൽ പുരികം വരെ നരച്ച ഒരു വൃദ്ധനുണ്ടായിരുന്നു. നരച്ച മുടി നീളൻ ചീപ്പു കൊണ്ട് ഒരുക്കുന്നതിനിടയിൽ ആരോടെന്നില്ലാതെ അയാൾ പറഞ്ഞു.. “ഷാപ്പിലേക്കാണെങ്കിൽ പത്തരയാകും തുറക്കാൻ” കടയിലേക്കു കയറി മാത്തൻ മുതലാളിയുടെ ഫോട്ടോ കാണിച്ചു കൊണ്ട് ചോദിച്ചു. “ഇയാളുടെ ഒരു സുഹൃത്തുണ്ടല്ലോ മണി; അയാളെ കാണാൻ വന്നതാ” നിറയെ പോറലുകൾ വീണ് ഒരു വശത്തെ ഗ്ലാസ് ചിന്നിയിരിക്കുന്ന കണ്ണാടി എടുത്ത് കടക്കാരൻ മൂക്കിൽ വെച്ചു. അതിന്റെ ഒരു കാല് പണ്ടെപ്പോഴോ നഷ്ടപ്പെട്ടിരുന്നു. ഫോട്ടോ വാങ്ങി സൂക്ഷ്മമായി പരിശോധിക്കാൻ തുടങ്ങി. “തൊള്ളായിരം ചെറേല് പാടമുണ്ടായിരുന്ന വെള്ളത്തീപ്പോയി ചത്തയാളല്ലേ? ചിലരൊക്കെ ഇപ്പോഴും പറയുന്നെ തല്ലിക്കൊന്നതാണെന്നാ. ഞാനാരുന്ന് ഒരു സാക്ഷിയൊപ്പിട്ടത്. ആ കേസൊക്കെ അയാളുടെ മക്കള് വന്ന് തീർത്തതാണല്ലോ. ഇപ്പോ എന്താ കാര്യം?” നല്ല അഭിനേതാവിന്റെ മികവോടെ അയാൾ സംസാരിച്ചു തുടങ്ങി.
“ചേട്ടാ ഈ മാത്തൻ മുതലാളിയുടെ സ്ഥലക്കച്ചോടമായിട്ട് ബന്ധപ്പെട്ടു വന്നതാ. അതിന്റെ മുന്നാധാരത്തിനകത്ത് മണിയെന്നു പേരുള്ളൊരാളെക്കുറിച്ച് പറയുന്നുണ്ട് അയാളെ ഒന്ന് കാണണം” “നോട്ടക്കാരൻ മണിയാണോ? ആധാരത്തിലൊന്നും അവന്റെ പേരുവരാൻ വഴിയില്ലല്ലോ” കടക്കാരൻ നെറ്റിചുളിച്ചു. “ആ ചിലപ്പോ കാണും. അല്ലേത്തന്നെ ആധാരം വായിച്ചു നോക്കിയാൽ ആർക്കെങ്കിലും എന്തെങ്കിലും മനസിലാകുമോ?” “ഒൻപതരയാകുമ്പോ ഇവിടെ വന്നൊന്ന് മുറുക്കും അവനെന്നിട്ടാ ഷാപ്പീക്കേറുന്നെ. രാത്രി എട്ടു മണിക്കേ പുറത്തിറങ്ങു. രാത്രിയാകുമ്പോൾ ഇവിടെ വന്നൊരു കെട്ട് ബീഡീം മേടിച്ച് മനേലേക്ക് പോകും. അവന് സ്വന്തമായിട്ട് വീടൊക്കെയുണ്ട്; എന്നാലും ഭാര്യേടേം മക്കടേം കൂടെ നിക്കത്തില്ല. ഓരോ മനുഷ്യനും ഓരോ ഭ്രാന്ത് അങ്ങനല്ലേ? ഒരു പാട് കൈമറിഞ്ഞാ ആ സ്ഥലം മാത്തൻ മൊതലാളീടെ കയ്യീ വരുന്നെ. അന്നു മുതലാ മണീടെ അപ്പനെ നോക്കാനാക്കിയത്; അപ്പൻ മരിച്ചപ്പോ മണി നോട്ടക്കാരനായി. കൊണം പിടിക്കാത്ത സ്ഥലമാ” കേൾക്കാനൊരാളെ കിട്ടിയതു കൊണ്ടാവണം കടക്കാരൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
അക്കരക്കരയിൽ ഷാപ്പും കഴിഞ്ഞ് തോട് വലത്തേക്ക് വളഞ്ഞ് കാഴ്ചയവസാനിപ്പിക്കുന്നടുത്തുനിന്നും അപ്രോച്ച്റോഡില്ലാത്ത പാലത്തിനരുകിലെ തെങ്ങിൻ തടിപ്പാലവും കടന്ന് മെലിഞ്ഞു പൊക്കമുള്ള ഒരാൾ കടയിലേക്ക് വന്നു. തോളിൽ മുഷിഞ്ഞ തോർത്ത്; കൈയ്യിലിരുന്ന പിരിച്ചു കെട്ടിയ രണ്ട് തേങ്ങ കടയിലെ തട്ടിൽ വെച്ചിട്ട് പഴം ഉരിഞ്ഞെടുത്തു കഴിച്ചു. മറുക്കാനും വാങ്ങി കടയിൽ നിന്നിറങ്ങി നടന്നു. അയാൾ ഇറങ്ങിയ ഉടനെ അതാണ് മണിയെന്ന് കടക്കാരൻ അയാളെ ആംഗ്യം കൊണ്ട് ധരിപ്പിച്ചു. അയാൾ മണിയെ പിൻതുടർന്ന് ഷാപ്പിലെത്തി. ഷാപ്പിലെ തൊഴിലാളി ഒരു കുപ്പി കള്ള് മണിയുടെ മുന്നിൽ വെച്ചു. മുഖവുരയൊന്നും കൂടാതെ എഴുപത് വയസ്സിനുമേൽ പ്രായം തോന്നിക്കുന്ന മണിയോട് അയാൾ പറഞ്ഞു. “മാത്തൻ മുതലാളിയെക്കുറിച്ച് കുറച്ച് കാര്യങ്ങൾ അറിയണമായിരുന്നു....” മണി ആദ്യമായി അയാളുടെ മുഖത്തേക്ക് നോക്കി. നരച്ച പുരികത്തിനുള്ളിലെ തവിട്ടു നിറമുള്ള കണ്ണുകൾ ചെന്നായുടേതു പോലെ തിളങ്ങുന്നുണ്ടെന്നയാൾക്ക് തോന്നി. “ഇവിടിരുന്നൊന്നും പറയാൻ പറ്റില്ല.” തനിക്കു മുന്നിൽ വച്ച കള്ളിന്റെ കുപ്പിയിൽ ഒന്നു തൊടുക പോലും ചെയ്യാതെ മണി ഷാപ്പിൽ നിന്നിറങ്ങി നടന്നു. അയാളും മണിയെ പിൻതുടർന്നു. ഒരു പരിചയവുമില്ലാത്ത വരനെ വിശ്വസിച്ച് അനുധാവനം ചെയ്യുന്ന ഒരു പുതു മണവാട്ടിയെപ്പോലെയാണ് തന്റെ അവസ്ഥയെന്നയാൾക്ക് തോന്നി.
തോട്ടുവരമ്പിലൂടെ നടത്തം തുടങ്ങിയിട്ട് കുറെ നേരമായി ആദ്യം കുറച്ചു വീടുകൾ കണ്ടിരുന്നു. പിന്നെ വീടുകളുടെ എണ്ണം കുറഞ്ഞില്ലാതായി. ആദ്യത്തെ കുറച്ചു ചോദ്യങ്ങൾ മണി അവഗണിച്ചപ്പോൾ ആ നിശബ്ദ യാത്രയിൽ അയാൾ പ്രകൃതിയുടെ ഒപ്പം ചേർന്നു. ഏകദേശം മുക്കാൽ മണിക്കൂർ നടന്നിട്ടുണ്ടാവണം മണി തോളിൽ കിടന്ന തോർത്തെടുത്ത് ഒരു തളപ്പുണ്ടാക്കി അടുത്തു കണ്ട തെങ്ങിൽ കയറി കരിക്കിട്ടു. എന്നിട്ട് അരയിലിരുന്ന പേനാക്കത്തി വെച്ച് കരിക്കുചെത്തി വൃത്തിയാക്കി അതിലൊരെണ്ണം അയാൾക്ക് കൊടുത്തു. “മാത്തൻ മുതലാളിയുടെ ആരായിട്ടുവരും?” “ആരുമല്ല.” ഇത്രയും ദൂരത്തിനിടക്ക് അതു മാത്രമായിരുന്നു മണി അയാളോട് ചോദിച്ചത്. അതുകൊണ്ടാവണം സ്വപ്നത്തെക്കുറിച്ച് മണിയോട് ഒരക്ഷരം പോലുമയാൾ പറഞ്ഞില്ല. അവർ വീണ്ടും നടന്നു തുടങ്ങി യാത്ര തുടങ്ങിയപ്പോഴുള്ള തോടിന്റെ അവസ്ഥ വല്ലാതെ മാറിയിരിക്കുന്നു. ഇപ്പോഴതിനെ തോടെന്ന് വിളിക്കാനാവില്ല കരകൾ തമ്മിലുള്ള അകലം അത്രമാത്രം കൂടിയിരിക്കുന്നു. മറുകരയിലെ തെങ്ങുകൾക്ക് ഒരു തീപ്പെട്ടി കമ്പിന്റെ അത്രയും വലിപ്പമേയുള്ളു. കുറച്ചു കൂടി മുന്നോട്ട് നടന്നപ്പോൾ അവർ മേൽക്കൂര തകർന്നു തുടങ്ങിയ വലിയൊരു വീടിന്റെ മുന്നിലെത്തി. ഇതായിരിക്കും കടക്കാരൻ പറഞ്ഞ മന.
മുൻവാതിലിൽ ചാരിവെച്ചിരിക്കുന്ന ഓലകൾ തട്ടി മാറ്റി അരയിൽ നിന്നും താക്കോലെടുത്തു മണി വാതിൽ തുറന്നു. വർഷങ്ങൾ നിക്ഷേപിച്ച പൊടി അവിടെമാകെ നിറഞ്ഞിരുന്നു. മുകളിലത്തെ നിലയിലേക്കുള്ള ഗോവണിയിൽ മേൽക്കൂരയിലെ ഓടുകൾപൊട്ടി ചിതറിക്കിടക്കുന്നുണ്ടായിരുന്നു. മണിയുടെ തൊട്ടുപിന്നാലെ അയാളും നടന്നു. അടുത്ത മുറിക്കുള്ളിൽ ഒരു കട്ടിലും ഓഫീസ് മേശയും മേശയോട് ചേർന്ന് പഴകി ദ്രവിച്ച ഒരു ഇരുമ്പു കസേരയും കിടന്നിരുന്നു. മേശക്കു മുകളിരുന്ന സാമാന്യം വലിപ്പമുളള ഇരുമ്പുപെട്ടി തുറന്നു വച്ചിട്ട് മണി പുറത്തേക്കിങ്ങിപ്പോയി. പെട്ടിയുടെ തുറന്നു വെച്ച അടപ്പിനുള്ളിലായി അയാൾ സ്വപ്നത്തിൽ കണ്ട വാചകങ്ങൾ മൂർച്ചയുള്ള എന്തോ കൊണ്ട് ഭംഗിയായി എഴുതിയിരിക്കുന്നു. അയാൾ സ്വപ്നത്തിലും മാത്തൻ മുതലാളിയുടെ വീട്ടിൽ കണ്ട ഡയറിയിലും കാണാത്ത ഒരു വരികൂടി പെട്ടിയുടെ അടപ്പിനുള്ളിൽ എഴുതിയിരുന്നു. സാവിത്രീ... നീ വരണം... ഇരുമ്പു പെട്ടിക്കുള്ളിൽ പഴകി ദ്രവിച്ച കുറച്ചെഴുത്തുകളുണ്ടായിരുന്നു; മാത്തൻ മുതലാളി സാവിത്രിക്കെഴുതിയ മേൽവിലാസമില്ലാത്ത പ്രണയലേഖനങ്ങൾ; അവയോരോന്നായി അയാൾ വായിച്ചു തീർത്തു. അതിലെ ഓരോ വരിയിലും വിരഹം നനുത്തു പടർന്നിരുന്നു. മാത്തൻ മുതലാളിയുടെ മക്കളുടെ വിചാരം അവരുടെ അമ്മക്ക് വേണ്ടി അച്ഛൻ എഴുതിയ വരികളാണതെന്നാണ്. അതോർത്തപ്പോൾ അയാൾക്ക് ചിരി വന്നു. അങ്ങനെ ആരെക്കുറിച്ചെന്നറിയാതെ എത്രയോ വരികൾ ഭൂമിയിൽ പിറക്കുന്നു. വരികൾക്ക് കാരണമായവർ പോലും അതറിയുന്നുണ്ടാവില്ല.
മനയുടെ മുറ്റത്തു നിന്നും തോട്ടിലേക്കിറങ്ങാനായി പടവുകൾ കെട്ടിയിരുന്നു. കാറ്റിൽ പൊഴിയുന്ന കുടമുല്ലപ്പൂക്കൾ പായൽ പച്ചപഞ്ഞിപ്പുതപ്പു വിരിച്ച പടവിൽ നിറയെ വെളുത്തപൂക്കൾ നിറച്ചു. അയൾ തോട്ടിലേക്കിറങ്ങുന്ന പടവിലിരുന്നു. ആരായിരിക്കും സാവിത്രി? അവിടെ നിന്നും പോകുന്നതിനു മുൻപ് അയാൾ രണ്ടു മൂന്നു തവണ കൂടി മണിയെ ഉച്ചത്തിൽ വിളിച്ചു. യാതൊരു പ്രതികരണവുമില്ലാത്തതു കൊണ്ട് വന്ന വഴിയെ തിരികെ നടക്കാൻ തീരുമാനിച്ചു. തിരിച്ച് പെട്ടിക്കടയിലെത്തുന്നതു വരെ മണിയെ അയാൾ വഴിയിലെങ്ങും വെച്ചു കണ്ടുമുട്ടിയില്ല. അവിടുന്ന് തിരിച്ചെത്തിയ അയാൾക്ക് വല്ലാത്ത പനി പിടിച്ചു. മൂന്നു ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് ഡ്യൂട്ടിക്കെത്തിയപ്പോൾ സ്റ്റാന്റ് പിടിച്ചിരിക്കുന്നത് പുതിയ വണ്ടിയാണ്. അപ്പോഴാണ് മാത്യു ചേട്ടൻ പറയുന്നത് ടി പി എണ്ണൂറ്റിപ്പത്ത് കണ്ടം ചെയ്യാൻ കട്ടപ്പുറത്ത് കേറ്റിയിട്ട് മൂന്നു ദിവസമായി. അയാൾ ഗരേജിലെത്തി. ടി പി എണ്ണൂറ്റിപ്പത്ത് കട്ടപ്പുറത്തിരിക്കുന്നു. എൻജിൻ തൂങ്ങിമരിച്ച നിലയിൽ ചെയിനിലും പുള്ളിയിലും തൂങ്ങിക്കിടക്കുന്നു. അഴിച്ചു വെച്ചിരിക്കുന്ന സീറ്റുകളിലൊന്നിൽ അയാളിരുന്നു. പുതിയ വണ്ടി ഓടാൻ തുടങ്ങിയിട്ട് ഒരാഴ്ച്ച കഴിഞ്ഞിരിക്കുന്നു. പരിപ്പിൽ നിന്നും തൊള്ളായിരം ചിറയിലേക്ക് തിങ്കളാഴ്ച മുതൽ ട്രിപ്പ് നീട്ടാൻ തീരുമാനിച്ചിരിക്കുന്ന ഓഡർ-നോട്ടീസ് ബോർഡിൽ തൂങ്ങി. ആദ്യത്തെ ഡ്യൂട്ടി അയാളുടെ ടേണായിരുന്നു.
കാലവർഷം ഇത്തവണ നേരത്തെയാണ് രാത്രി മുഴുവൻ മഴയായിരുന്നു. വൈകുന്നേരം പരിപ്പ് കവലയിൽ ആളു കൂടുന്നതു കൊണ്ടാവണം വൈകുന്നേരത്തെ ട്രിപ്പാണ് തൊള്ളായിരം ചിറയിലേക്ക് തീരുമാനിച്ചിരിക്കുന്നത്. പാർട്ടി പ്രവർത്തകർ വണ്ടിയുടെ മുന്നിൽ കുലച്ച വാഴയും മറ്റും കെട്ടിവെച്ചിട്ടുണ്ട്. കുറച്ചു നേരത്തെ സ്വയം പുകഴ്ത്തലിനുശേഷം വാർഡ് മെമ്പർ പ്രസംഗം അവസാനിപ്പിച്ചു. മാലപ്പടക്കത്തിന്റെ ശബ്ദത്തിനിടയിൽ ടയറിനുമുന്നിലിരുന്ന നാരങ്ങാ ചതച്ചരച്ചു കൊണ്ട് തൊള്ളായിരം ചിറയിലേക്ക് യാത്ര തുടങ്ങി. തൊള്ളായിരം ചിറയിൽ പത്തു മിനിറ്റ് ഹാൾട്ട് ഷെഡ്യൂളിൽ ചേർത്തിട്ടുണ്ട്; അവിടെങ്ങാനും മണിയെ കാണുകയാണെങ്കിൽ അയാളോട് സാവിത്രിയെപ്പറ്റി ചോദിക്കണം. വണ്ടി തൊള്ളായിരം ചിറയിലെത്തിയപ്പോൾ ചാറ്റൽ മഴ വകവയ്ക്കാതെ അയാൾ ഷാപ്പിലേക്ക് നടന്നു. രണ്ടുമൂന്ന് ദിവസമായി മണി ഷാപ്പിൽ വരാറില്ലെന്നായിരുന്നു അയാൾക്ക് കിട്ടിയ മറുപടി. സ്വപ്നത്തിന്റെ യാഥാർഥ്യത്തിൽ സാവിത്രിയെന്ന ഒരേഒരാൾ മാത്രം ബാക്കിയാവുകയാണ്. തിരിച്ചുള്ള യാത്രയിൽ യാത്രക്കാരാരും തന്നെയുണ്ടായിരുന്നില്ല. റോഡിൽ നിറയെ വെള്ളം നിറഞ്ഞിട്ടുണ്ട്. പാടത്തു നിന്നും വീശിയടിക്കുന്ന കാറ്റിൽ മഴത്തുള്ളികൾ ചാഞ്ഞും ചെരിഞ്ഞും ഭൂമിയിൽ വീണ് ചിതറി. പതിവില്ലാത്തരീതിയിൽ വണ്ടിയുടെ മുൻപിലുള്ള ഗ്ലാസിൽനിറയെ ആവി പിടിച്ചിട്ട് കാഴ്ച മറയുന്നുണ്ടായിരുന്നു.
ആരോ കൈ നീട്ടിയതുപോലെ തോന്നിയിട്ട് മാത്യു ചേട്ടൻ വണ്ടി നിർത്തി. ബസ്സിൽ കയറിയ യാത്രക്കാരനെ അയാൾ തിരിച്ചറിഞ്ഞു. ‘മണി’ അയാൾ മണിക്ക് ടിക്കറ്റ് കൊടുക്കാനായി അടുത്തേക്ക് ചെന്നു “ടിക്കറ്റു വേണ്ട അധികം യാത്രയില്ല” എന്തെങ്കിലുമാകട്ടെയെന്ന അർഥത്തിൽ മാത്യു ചേട്ടൻ തിരിഞ്ഞ് നോക്കിയിട്ട് കൈ കൊണ്ട് ആംഗ്യം കാണിച്ചു. അടുത്ത നിമിഷത്തിൽ വണ്ടി ഒരു വശത്തേക്ക് ചെരിയാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്ക് മനസ്സിലായില്ല. ഇടക്ക് മാത്യു ചേട്ടന്റെ ശബ്ദം കേട്ടു. വണ്ടി കയ്യീന്ന് പോയെടാ.... ശരീരത്തിൽ എവിടെയൊക്കെയോ എല്ലു നുറുങ്ങുന്ന വേദന. അയാൾ കണ്ണുകൾ ഇറുക്കിയടച്ചു. വണ്ടിയുടെ ഷട്ടറുകൾ തകർത്ത് വെള്ളം വണ്ടിയിലേക്കിരച്ചു കയറിത്തുടങ്ങി. കണ്ണു തുറന്നപ്പോൾ കണ്ടക്ടർ ബാഗും ടിക്കറ്റ് മിഷ്യനും വെള്ളത്തിലൂടെ ദൂരേക്ക് പോകുന്നു. കാൽ എന്തിലോ ഉടക്കിയിട്ടുണ്ട്. മുകളിലേക്ക് തുഴയാൻ പറ്റുന്നില്ല. നെഞ്ചിലെ അവസാനശ്വാസവും കുമിളകളായി മുകളിലേക്കുയരുകയാണ്. ബസ്സിനുള്ളിൽ മിന്നിത്തെളിയുന്ന വെളിച്ചത്തിൽ ഒരു സ്ത്രീ അയാളുടെ അരികിലേക്ക് നീന്തിയെത്തി. അവരുടെ മുടിയിഴകൾ കാറ്റിലെന്നപോലെ വെള്ളത്തിലും പറക്കുന്നുണ്ടായിരുന്നു. മുടിയിൽ ചൂടിയിരുന്ന മുല്ലപ്പൂ മാലയിൽ നിന്നും വെളുത്തപൂക്കൾ അടർന്ന് വെള്ളത്തിൽ ഒഴുകി നടന്നു. അവൾ തണുത്തു മരവിച്ച കൈകൾ നീട്ടി അയാളുടെ കൈത്തണ്ടയിൽ പിടിച്ചിട്ട് സ്വകാര്യം പോലെ അയാളുടെ ചെവിയിൽ പറഞ്ഞു. “ഞാനാണ് സാവിത്രി.. നിങ്ങളന്വേഷിച്ച മരണം” ഇതും ഒരു സ്വപ്നമായിരിക്കണേയെന്ന് അയാൾ ആത്മാർഥമായി ആഗ്രഹിച്ചു.