'സ്കൂളിൽ നിന്നും മടങ്ങി വരുംവഴി റോഡിൽ രണ്ടു പൂച്ചക്കുഞ്ഞുങ്ങൾ', വീട്ടിൽ കൊണ്ടുപോയാലോ?
വീണ്ടും പൂച്ചക്കുഞ്ഞിന്റെ കരച്ചിൽ കേട്ട് താര എഴുന്നേറ്റ് ആദിയുടെ റൂമിലേക്ക് ചെന്നു. പിന്നാലെ ഗൗതമും. താര ചെല്ലുമ്പോ ആദിയുടെ മുറിയിൽ പൂച്ചക്കുഞ്ഞുങ്ങളുടെ കരച്ചിൽ മാറ്റാൻ നോക്കുകയായിരുന്നു ആദിയും ഐസയും.
വീണ്ടും പൂച്ചക്കുഞ്ഞിന്റെ കരച്ചിൽ കേട്ട് താര എഴുന്നേറ്റ് ആദിയുടെ റൂമിലേക്ക് ചെന്നു. പിന്നാലെ ഗൗതമും. താര ചെല്ലുമ്പോ ആദിയുടെ മുറിയിൽ പൂച്ചക്കുഞ്ഞുങ്ങളുടെ കരച്ചിൽ മാറ്റാൻ നോക്കുകയായിരുന്നു ആദിയും ഐസയും.
വീണ്ടും പൂച്ചക്കുഞ്ഞിന്റെ കരച്ചിൽ കേട്ട് താര എഴുന്നേറ്റ് ആദിയുടെ റൂമിലേക്ക് ചെന്നു. പിന്നാലെ ഗൗതമും. താര ചെല്ലുമ്പോ ആദിയുടെ മുറിയിൽ പൂച്ചക്കുഞ്ഞുങ്ങളുടെ കരച്ചിൽ മാറ്റാൻ നോക്കുകയായിരുന്നു ആദിയും ഐസയും.
സ്കൂളിൽ നിന്നും മടങ്ങി വരുംവഴിക്ക് സ്കൂൾ ബസിലിരുന്നാണ് ഐസ ആ കാഴ്ച്ച കണ്ടത്. റോഡരുകിൽ കളിച്ചുല്ലസിച്ചു നടക്കുന്ന രണ്ടു പൂച്ചക്കുട്ടികൾ. വെളുപ്പിൽ ചെറിയ കറുത്ത പാടുകളുള്ള ഓമനത്തം തോന്നിക്കുന്ന രണ്ടു പൂച്ചക്കുഞ്ഞുങ്ങൾ.. ഇടയ്ക്കിടെ അവർ റോഡിലേക്ക് ഓടി വരുന്നതും വാഹനങ്ങളുടെ ശബ്ദം കേട്ടു തിരിച്ചു ഓടുന്നതുമെല്ലാം കണ്ടപ്പോ ഐസയ്ക്ക് അവയെ എടുത്തു വീട്ടിൽ കൊണ്ടുപോയാലോ എന്നുവരെ തോന്നിപ്പോയി. അപ്പോഴേക്കും ദുഷ്ടൻ ഡ്രൈവർ ആ സ്റ്റോപ്പിൽ നിന്നും ബസ് മുന്നോട്ടെടുത്തു. അല്ലായിരുന്നെങ്കിൽ അവളവിടെ ഇറങ്ങി ആ കുഞ്ഞുങ്ങളെ വീട്ടിൽ കൊണ്ടുപോയേനേം, ഇല്ല ഇറങ്ങാനൊന്നും പറ്റില്ല. അവരവരുടെ സ്റ്റോപ്പിൽ അല്ലാതെ ഇറങ്ങാൻ ആയ സമ്മതിക്കില്ല. ഒരിക്കൽ റോഡിൽ ആദിയേട്ടനെ കണ്ടു അവള് വണ്ടിയിൽ നിന്നിറങ്ങാൻ ശ്രമിച്ചതാണ്. പേരന്റ്സ് പറയാതെ കുട്ടികളെ അവരുടെ സ്റ്റോപ്പിൽ അല്ലാതെ വേറൊരിടത്തു ഇറക്കില്ലത്രേ.. ഇതൊക്കെ ആലോചിച്ചുകൊണ്ടിരുന്നപ്പോഴേക്കും വീടെത്തി.
ഐസ വണ്ടിയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് ചെന്നു. പതിവുപോലെ ഐസയ്ക്ക് കഴിക്കാനുള്ളതെല്ലാം ടേബിളിൽ എടുത്തു വച്ചിട്ടുണ്ട്. കിച്ചനിൽ നിന്നു എന്തൊക്കെയോ തട്ടും മുട്ടും കേൾക്കുന്നുണ്ട്. ചെന്നു നോക്കുമ്പോ ബാബയും ആദിയേട്ടനും എന്തോ ഉണ്ടാക്കുന്ന തിരക്കിൽ ആണ്. ഐസയെ കണ്ടതും ആഹാ ഐസാപ്പി വന്നോ? വന്നു കേറിയ സൗണ്ടൊന്നും കേട്ടില്ലല്ലോ, പോയി കൈയ്യും മുഖവും കഴുകി വന്നു അത് എന്തേലും കഴിക്ക് എന്നും പറഞ്ഞു ആദിയേട്ടൻ അവളെ നോക്കി ചിരിച്ചു. ബാബയുടെ ശ്രദ്ധ മുഴുവൻ അടുപ്പത്തിരിക്കുന്ന പാത്രത്തിലാണ്. ഐസ ആദിയെ കണ്ണുകൊണ്ട് പുറത്തേക്കു വിളിച്ചു. എന്താണെന്ന് ചോദിക്കാനാഞ്ഞ ആദിയെ ചുണ്ടിൽ വിരൽവച്ചു മിണ്ടല്ലേയെന്നു ആംഗ്യം കാണിച്ചു പുറത്തേക്ക് വിളിച്ചു. ഐസയുടെ പിന്നാലെ ആദിയും കിച്ചനു പുറത്തേക്കിറങ്ങി. ഐസ നേരെ പോയത് ആദിയുടെ മുറിയിലേക്കാണ്. എന്നാണ് ഐസാപ്പി ഒരു ഗൗരവം? എന്താ കാര്യം?? ആദി ആകാംക്ഷയോടെ ചോദിച്ചു. സ്‌കൂൾ വിട്ടു വരുന്ന വഴിയിൽ പൂച്ചയെ കണ്ട കാര്യം ഐസ വലിയ കാര്യത്തിന് പറഞ്ഞു. ആദി അതിനിപ്പോ എന്താണ് എന്ന മട്ടിൽ അവളെ നോക്കി. വല്യേട്ടാ, നമുക്കാ പൂച്ചകുഞ്ഞുങ്ങളെ ഇങ്ങട് കൊണ്ടുവന്നാലോ? ആ റോട്ടിലൂടെ എപ്പളും നിറയെ വണ്ടിയാ.. അവറ്റകൾ ആണേൽ എപ്പളും ഓട്ടവും. വല്ലോം പറ്റിയാലോ...? ഐസ സങ്കടത്തോടെ ആദിയോട് ചോദിച്ചു. അവളുടെ സങ്കടപ്പെട്ടുള്ള നിൽപ്പും ഭാവവും കണ്ടു മറുത്തൊന്നും പറയാൻ അവനു തോന്നിയില്ല. നീയാദ്യം പോയി എന്നേലും കഴിക്ക്, എന്നിട്ട് നമുക്ക് പോയി നോക്കാം. ചെല്ല്.. ആദിയുടെ മറുപടി കേട്ട് സന്തോഷത്തോടെ ഐസ വേഗം പോയി ഭക്ഷണം കഴിച്ചുവന്നു.
ബാബാ, ഞങ്ങളിപ്പോ വരാട്ടോ എന്നുറക്കെ പറഞ്ഞു ആദി ഐസയെയും കൂട്ടി ആമിയുടെ ലേഡി ബേർഡ് സൈക്കിളുമെടുത്തു പുറത്തേക്കിറങ്ങി. കുറെ ദൂരം ചെന്നപ്പോൾ ഐസ, ആദിക്ക് റോഡരികിലൂടെ കളിച്ചു നടക്കുന്ന പൂച്ചകുഞ്ഞുങ്ങളെ കാണിച്ചു കൊടുത്തു. ആദിയും കണ്ടു. ഓമനത്തമുള്ള രണ്ടു കുഞ്ഞുപൂച്ചകൾ. ആദി ചെന്നു അവയെ എടുത്തു സൈക്കിളിൽ വച്ചു. ഐസയെയും കൂട്ടി തിരികെ വീട്ടിലേക്ക് സൈക്കിൾ തിരിച്ചു. പോരും വഴി ഇതുങ്ങളെയെങ്ങനെ വീട്ടിൽ കയറ്റും? ബാബ സമ്മതിക്കുവോ കൊച്ചേ? എന്നു ആദിയുടെ ചോദ്യത്തിന് ബാബ സമ്മതിക്കും അമ്മി അറിയാതിരുന്നാ മതിയെന്നും പറഞ്ഞു ഐസ കണ്ണിറുക്കി കാണിച്ചു. ചെറുചിരിയോടെ ആദി സൈക്കിൾ വീട്ടിലേക്ക് കയറ്റി. വീട്ടിലെത്തിയതും ആദി നേരെ സ്റ്റോർ റൂമിൽ ചെന്നു ബെർത്തിന്റെ മുകളിൽ നിന്നും ഒരു കാർഡ് ബോർഡ് ബോക്സുമെടുത്തു റൂമിലേക്ക് പോയി. കാർഡ് ബോർഡ് ബോക്സിനകത്തു പഴയൊരു തുണിയും വിരിച്ചു പൂച്ചകുഞ്ഞുങ്ങൾക്ക് കിടക്കാൻ ഉള്ള സൗകര്യം ഒരുക്കുന്നതിനിടെയാണ് ഗൗതം വാതിലിൽ മുട്ടി അകത്തേക്ക് കയറിച്ചെന്നത്. എന്താണ് ഏട്ടനും അനിയത്തിക്കും പരിപാടി? ആമിയും മിന്നുവും ട്യൂഷൻ കഴിഞ്ഞു എത്താറായല്ലോ.. എന്നും പറഞ്ഞു റൂമിലേക്ക് കയറിയ ഗൗതം അപ്പോളാണ് ഐസയുടെ കൈയ്യിലിരിക്കുന്ന പൂച്ചകുഞ്ഞുങ്ങളെ കണ്ടത്. ബാബയെ കണ്ട് പൂച്ചകുഞ്ഞുങ്ങളെ മറച്ചു പിടിക്കാൻ ഐസ ശ്രമിച്ചെങ്കിലും ആ കുഞ്ഞുകൈ വച്ചു രണ്ടു പൂച്ചകുഞ്ഞുങ്ങളെ എങ്ങനെ ഒളിപ്പിക്കാനാണ്.
ഗൗതമിന്റെ മുന്നിൽ ആദിയും ഐസയും കുറ്റവാളികളെ പോലെ തല കുനിച്ചു നിന്നു. അത് പിന്നെ ബാബാ ഇവള് സ്കൂള് വിട്ടു വന്നപ്പോ കണ്ടപ്പോ... വണ്ടി കയറി അതുങ്ങൾക്ക് വല്ലോം പറ്റിയാലോ ന്ന് ഓർത്തപ്പോ.. ആദി നിന്നു വിക്കി. എന്നാ വേണേലും കാണിച്ചോ.. അമ്മി എന്നേലും പറഞ്ഞാ എന്റെ തലയിൽ ഇടരുത്. ഞാനിത് അറിഞ്ഞിട്ടില്ല ട്ടൊ എന്നു പറഞ്ഞൊരു കള്ളച്ചിരിയോടെ ഗൗതം അവരുടെ റൂമിൽ നിന്നും പുറത്തേക്കിറങ്ങി. കുറച്ചു സമയം കഴിഞ്ഞു ആമിയും മിന്നുവും വരുന്നതും പൂച്ചകുഞ്ഞുങ്ങളെ കണ്ടു സന്തോഷത്തോടെ ഒച്ചയുണ്ടാക്കുന്നതുമൊക്കെ ടേബിളിനരികിലിരുന്നു പുസ്തകം വായിക്കുന്നതിനിടെ ഗൗതം അറിയുന്നുണ്ടായിരുന്നു. ഏതാണ്ട് ആറരയോട് കൂടിയാണ് താര ജോലി കഴിഞ്ഞു വീടെത്തുന്നത്. ഫ്രഷ് ആയി വന്ന താരക്ക് ഗൗതം ചായ എടുത്തു കൊടുത്തു. ചായ കുടിച്ചു കൊണ്ടിരിക്കെ എന്താടാ പിള്ളേരുടെ അനക്കമൊന്നും കേൾക്കുന്നില്ലല്ലോ, എല്ലാരും എവിടെപ്പോയി എന്നു ഗൗതമിനോട് ചോദിച്ചു. പിള്ളേര് ഇവിടുണ്ടല്ലോ.. പഠിത്തം ആയിരിക്കും. എന്ന ഗൗതമിന്റെ മറുപടിക്ക് ആമിടേം മിന്നൂന്റേം കാര്യം അല്ല ചോദിച്ചത്, വല്യേട്ടനും നിന്റെ കുഞ്ഞുവാവേം എന്നാ എടുക്കുന്നെ ന്നാ ചോദിച്ചേ എന്ന മറുചോദ്യമെറിഞ്ഞു താര. അവര് അവിടെ എങ്ങാനും കാണും ന്നേ.. ആദീ, ഐസാപ്പി എവിടെയാ ദേ അമ്മി നിങ്ങളെ അന്വേഷിക്കുന്നു. ഗൗതം ആദിയുടെ മുറിയിലേക്ക് നോക്കി ഉറക്കെ വിളിച്ചു.
അൽപസമയത്തിനുള്ളിൽ ആദിയും ഐസയും അച്ഛനുമമ്മക്കും മുന്നിൽ പ്രത്യക്ഷപ്പെട്ടു. "എവിടാരുന്നു രണ്ടാളും.. എന്നാ പറ്റി മൊത്തത്തിൽ ഒരു സൈലന്റ്.. എന്നേലും മെന ഒപ്പിച്ചു വച്ചിട്ടുണ്ടോ??" താര ആദിയോടും ഐസയോടും ആയി ചോദിച്ചു. പൂച്ചയെ കൊണ്ടുവന്ന കാര്യം അമ്മിയോട് പറഞ്ഞോ എന്ന അർഥത്തിൽ ആദി ഗൗതമിനെ നോക്കി. ഇല്ലായെന്ന് ഗൗതം കണ്ണടച്ചു കാണിച്ചു. "എന്നാടാ രണ്ടും മിണ്ടാതെ നിക്കുന്നെ?" താര വീണ്ടും ആദിയോട് ചോദിച്ചു. "നിങ്ങള് പൊക്കോ പിള്ളാരെ, അമ്മിയുടെ ഒരു ചോദ്യം ചെയ്യല്... വന്നു കേറിയ അവരുടെ മെക്കിട്ട് കയറാതെ തനിക്ക് ഒരു സമാധാനവും ഇല്ലാല്ലേ.." ഗൗതം ചിരിച്ചു കൊണ്ട് താരയോട് ചോദിച്ചു. "അങ്ങനെ ചോദിക്ക് ബാബാ.." ഐസയും ഗൗതമിനെ പിന്താങ്ങി.. "എന്റെ മക്കള് ചെല്ല്.. എന്നേലും പോയിരുന്നു പഠിക്ക്.." ഗൗതം പിള്ളേരോടായി പറഞ്ഞു. ആദി ഐസയെയും കൂട്ടി റൂമിലേക്ക് പോയി. ഗൗതം പതിയെ താര ഇരിക്കുന്ന കസേരയുടെ അടുത്ത് നിലത്തായി ഇരുന്നു. താരയുടെ കാലെടുത്തു മടിയിൽ വച്ചു മൃദുവായി തടവി... "എന്താടാ ഒരു സ്നേഹം.. എന്നാ ഒപ്പിച്ചേക്കുന്നെ? പറഞ്ഞേ.." താര ഗൗതമിനോട് ചോദിച്ചു. "ഒന്നുമില്ലടോ.. ഐസയും ആദിയും രണ്ടു പൂച്ചക്കുഞ്ഞുങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. അവന്റെ മുറിയിൽ ഉണ്ട്. താൻ അറിഞ്ഞതായിട്ടു ഭാവിക്കണ്ട. അവര് എന്നേലും ചെയ്തോളും..." "നീ കാലേന്ന് വിട്ടേ.." താര എണീക്കാൻ ആഞ്ഞു. "നിക്ക് പറയട്ടെ.. അവര് നോക്കിക്കോളൂടോ, വീട് വൃത്തികേട് ആക്കാതെ ഞാനും നോക്കിക്കോളാ..," "നീയാട്ടോ ഈ പിള്ളേരെ വഷളാക്കുന്നെ.. എല്ലാത്തിനും അവരുടെ കൂടെ കൂടിക്കോട്ടോ.." താര ഗൗരവത്തിൽ ഗൗതമിനോട് പറഞ്ഞു. "പിള്ളേര് എന്നേലും ചെയ്യട്ടെ, താനത് ശ്രദ്ധിക്കണ്ട, അറിഞ്ഞ ഭാവം കാണിക്കണ്ട." എന്ന ഗൗതമിന്റെ വാക്കുകൾക്ക് താര അമർത്തിയൊന്നു മൂളി.
രാത്രി, താര റൂമിലേക്ക് വരുമ്പോ ഗൗതം കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുകയായിരുന്നു. "നിങ്ങക്കൊക്കെ നാണാവില്ലേ പിള്ളേരേ ഇത്രേം വലുതായിട്ടും കഥ കേൾക്കാൻ..." താര കുട്ടികളെ കളിയാക്കി. "ഇത്രേം പ്രായായിട്ടും അമ്മിയ്ക്ക് ബാബാ ഇപ്പളും കഥ വായിച്ചു തരുന്നുണ്ടല്ലോ, അപ്പൊ ഞങ്ങളൊന്നും പറയാറില്ലലോ.. അമ്മിക്ക് ചുമ്മാ കുശുമ്പാ ഞങ്ങള് ബാബാടെ അടുത്തു ഇരിക്കുന്നേന്.." ആമി താരയെ നോക്കി കളിയാക്കി പറഞ്ഞു. "എന്നാ കുശുമ്പ് തന്നെ.. ഇന്നത്തെ കഴിഞ്ഞു. എല്ലാരും അവരവരുടെ റൂമിലേക്ക് പൊയ്ക്കേ.. എനിക്ക് കിടക്കണം ചെന്നേ ചെന്നേ.." താര കപടഗൗരവത്തിൽ പറഞ്ഞു. ആമിയും മിന്നുവും ആദിയും റൂമിനു പുറത്തേക്ക് പോയി. ഗൗതമിന്റെ വയറിനു മേലെ കിടക്കുകയായിരുന്ന ഐസ ബെഡിന് നടുവിലേക്ക് കിടന്നു. അവരെയും കടന്ന് താര കട്ടിലിൽ കയറി കിടന്നു ലൈറ്റ് അണച്ചു. അൽപ സമയം കഴിഞ്ഞിട്ടുണ്ടാകണം., പുറത്തു എവിടെനിന്നോ പൂച്ചക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടു. "എന്താ ഒരു ശബ്ദം.. പൂച്ചയുടെ കരച്ചിൽ പോലെ.." താര ഉറക്കെ ചോദിച്ചു. "ആ.., കിടന്നുറങ്ങിക്കേ താൻ.." ഗൗതം പറഞ്ഞു. വീണ്ടും പൂച്ചക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് താര ലൈറ്റ് ഓണ്‍ ചെയ്തു. "എന്നാ അമ്മീ ഇത്.. ഉറങ്ങാൻ സമ്മയ്ക്കൂലെ.., ഞാൻ വല്യേട്ടന്റെ കൂടെ കിടക്കാൻ പോകുവാ.. അമ്മി ഇവിടെ ലൈറ്റും തെളിച്ചു ഇരിക്ക്" എന്നും പറഞ്ഞു ഐസ ഗൗതമിനെ തോണ്ടി കണ്ണിറുക്കി കാണിച്ചു ബെഡ്റൂമിൽ നിന്നും ഇറങ്ങിപ്പോയി. പോകുന്ന വഴി പുറത്തു നിന്നും വാതിൽ വലിച്ചടച്ചു. "കണ്ടോ കള്ളി നൈസായിട്ടു വിഷയം മാറ്റി കടന്നുപോയത്.. നിന്റെയല്ലേ മോള് വിഷയം മാറ്റാൻ നല്ല മിടുക്കാ.." താര ഗൗതമിനോട് പറഞ്ഞു കുശുമ്പ് കുത്തി. "ന്റെ പൊന്നുമോള് കിടന്നു ഉറങ്ങിക്കേ.. നാളെ ജോലിക്ക് പോകണ്ടേ. ലൈറ്റ് അണക്ക്.." ഗൗതം പുതപ്പെടുത്തു തലക്ക് മുകളിലൂടെ മൂടി.
വീണ്ടും പൂച്ചക്കുഞ്ഞിന്റെ കരച്ചിൽ കേട്ട് താര എഴുന്നേറ്റ് ആദിയുടെ റൂമിലേക്ക് ചെന്നു. പിന്നാലെ ഗൗതമും. താര ചെല്ലുമ്പോ ആദിയുടെ മുറിയിൽ പൂച്ചക്കുഞ്ഞുങ്ങളുടെ കരച്ചിൽ മാറ്റാൻ നോക്കുകയായിരുന്നു ആദിയും ഐസയും. "അപ്പൊ ഇതാണല്ലേ വൈകിട്ട് വന്നപ്പോ മുതൽ നിനക്കൊക്കെ ഒരു കള്ളലക്ഷണം ഉണ്ടാരുന്നത്.. എവിടുന്ന് എടുത്തോണ്ട് വന്നതാ ഇതുങ്ങളെ.. ഇപ്പൊ കൊണ്ടോയി കളഞ്ഞോണം.." താര ആദിയെ നോക്കി പറഞ്ഞു. "ഇല്ല, എന്റെ പൂച്ചക്കുഞ്ഞുങ്ങളെ കളയാൻ ഞാൻ സമ്മതിക്കൂല" ഐസ നിന്നു ചിണുങ്ങി. "ഇതുങ്ങള് ഇവിടെ മുറി മൊത്തം വൃത്തികേട് ആക്കും ന്നേ.." താര ശുണ്ഠിയെടുത്തു. "അതിനു എന്റെ മുറി ഞാനല്ലേ വൃത്തിയാക്കുന്നെ.." ആദി താരയുടെ ആ ചോദ്യത്തിന് മറുപടി പറഞ്ഞു. "അപ്പൊ ബാക്കി മുറിയൊക്കെ വൃത്തികേടാക്കിയാലോ?" താര വീണ്ടും ശുണ്ഠിയെടുത്തു. "ബാബ അല്ലെ വീട് മൊത്തം ക്ലീനാക്കുന്നെ.. അമ്മിക്കെന്നാ.," ഐസ താരയോട് ചോദിച്ചു. "ആരു ക്ലീൻ ആക്കിയാലും കൊള്ളാം വീട് വൃത്തികേടാക്കുന്ന ഇവറ്റകളെ കൊണ്ടോയി കളയണം. ഇവിടെ പറ്റൂലാ.." താര എല്ലാവരോടുമായി പറഞ്ഞു. "അമ്മി ഇവിടുന്ന് പൊയ്ക്കെ.. ഇത് ഞങ്ങള് നോക്കിക്കോളാ" എന്നും പറഞ്ഞു ഐസ താരയെ മുറിയിൽ നിന്നും ഉന്തിത്തള്ളി പുറത്തേക്കിറക്കി. "നീയും പിള്ളേരുടെ കൂടെ കിടന്നോ ഇനി അങ്ങോട് വന്നേക്കല്ല്" എന്നും പറഞ്ഞു ദേഷ്യപ്പെട്ടു താര റൂമിൽ കയറി വാതിലടച്ചു. "അമ്മി പാവാട്ടോ, പേടിക്കണ്ടട്ടോ" എന്നൊക്കെ പറഞ്ഞു ഐസ പൂച്ചക്കുഞ്ഞുങ്ങളെ സമാധാനിപ്പിച്ചു മെല്ലെ ബോക്സിലാക്കി കട്ടിലിനടിയിലേക്ക് ബോക്‌സ് നീക്കി വച്ചു. ആദിയോടൊപ്പം ഐസയും കട്ടിലിൽ കയറി കിടന്നു. ഗൗതം അവരെ പുതപ്പിച്ച ശേഷം റൂമിൽ നിന്നും ഇറങ്ങുമ്പോ "ബാബ ഹാളിലാണോ കിടക്കുന്നെ?" എന്ന് ആദി പിന്നിൽ നിന്നും വിളിച്ചു ചോദിച്ചു. "അമ്മി എന്നെ റൂമിന്ന് പുറത്താക്കിയത് നിങ്ങള് കണ്ടതല്ലേ.. ഞാനിവിടെ കിടന്നോളാ.. മക്കള് ഉറങ്ങിക്കോ" എന്നും പറഞ്ഞു ഗൗതം ലൈറ്റും അണച്ചു ഹാളിലെ സോഫയിലേക്ക് നടന്നു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം.. വൈകിട്ട് കുഞ്ഞുങ്ങളോടൊപ്പം തൊടിയിൽ ചെടി നനക്കലും മറ്റുമായി തിരക്കിട്ട് പണിയിലേർപ്പെട്ടിരിക്കുന്ന ഗൗതമിനടുത്തേക്ക് താര ചാടിത്തുള്ളി വന്നു. താരയുടെ കൈയ്യിലൊരു സാരിയുമുണ്ടായിരുന്നു. "നീയിതു കണ്ടോ, ആ നശിച്ച പൂച്ചകൾ എന്റെ സാരി നാശമാക്കി.. എനിക്ക് മറ്റന്നാളത്തെ ഓഫീസിലെ ഫങ്ഷനു ഉടുക്കാൻ ഉളളതാ.. ദൈവമേ എത്ര രൂപയുടെ സാരിയാ.. ആ പൂച്ചകളെ ഞാൻ തല്ലി ഓടിക്കും." കൈയ്യിലിരുന്ന ബ്രൗണ്‍ സാരി ഗൗതമിനെ കാണിച്ചു താര ദേഷ്യം കൊണ്ടു വിറച്ചു. "എന്റെ പൊന്നു താരേ, ഒന്നടങ്ങ്, എന്താ പറ്റിയെന്ന് ഞാനൊന്നു നോക്കട്ടെ" എന്നും പറഞ്ഞു കൈ കഴുകി ഗൗതം താരയുടെ കൈയ്യിൽ നിന്നും സാരി വാങ്ങി നോക്കി. "ശരിയാണ്.. പൂച്ചക്കുഞ്ഞുങ്ങളുടെ നഖം കൊണ്ടാവണം സാരി ആകെ നാശമായിരിക്കുന്നു." എന്താ സംഭവിച്ചത് എന്ന മട്ടിൽ ഗൗതം ആമിയെയും മിന്നുവിനെയും നോക്കി. സാധാരണ എല്ലാവരുടെയും ഡ്രെസ് എടുത്തു മടക്കി അലമാരയിൽ വയ്ക്കുന്നത് അവരുടെ ഡ്യൂട്ടി ആണ്. "ഞങ്ങള് അത് എടുത്തു വയ്ക്കാൻ മറന്നതാ ബാബാ സോറി.." ആമി മിന്നുവിനേം ചേർത്തു നിർത്തി ഗൗതമിന്റെ മുഖത്തു നോക്കാതെ താഴേക്ക് നോക്കി പറഞ്ഞു. "ചുമ്മാതാ ബാബാ, ഐസാപ്പി അത് നിങ്ങടെ റൂമിൽ ന്ന് പൂച്ചയ്ക്ക് തണുക്കുന്നു ന്ന് പറഞ്ഞു ആ ബോക്‌സിൽ കൊണ്ട് ഇട്ടു കൊടുത്തതാ.. ഇവര് കാണാൻ വൈകി. ഇപ്പൊ ഐസയെ വഴക്ക് കേൾപ്പിക്കാതിരിക്കാൻ ചുമ്മാ നുണ പറയുന്നതാ.." ആദി രഹസ്യമായി ഗൗതമിനോട് പറഞ്ഞു. "ഇനീപ്പോ പറ്റിയത് പറ്റി.. എന്താ പരിഹാരം?" ഗൗതം താരയോടായി ചോദിച്ചു.
"എനിക്ക് പുതിയ സാരി വേണം. പൂച്ചകളെ കൊണ്ടുപോയി കളയണം." താര തന്റെ ഡിമാൻഡ് മുന്നോട്ടു വച്ചു. "സാരി വാങ്ങിത്തരും. പൂച്ചക്കുഞ്ഞുങ്ങളെ കളയാൻ സമ്മതിക്കൂല" എന്നും പറഞ്ഞു ഐസ ആദിയുടെ കൈയ്യിൽ പിടിച്ചു യുദ്ധത്തിന് റെഡിയാവുന്ന പോലെ നിന്നു. "സാരി വാങ്ങിക്കൊടുക്കാം ന്ന് പറ ബാബാ.." ആദിയും ഗൗതമിനോട് പറഞ്ഞു. "സാരിയോ, അതും നിന്റെ ബാബാ.., ഇവനെനിക്ക് സാരിയാണെന്നും പറഞ്ഞു പുതപ്പ് വാങ്ങിത്തന്ന ടീമാ., അത്രയ്ക്കുണ്ട് നിന്റെ ബാബയുടെ സാരി സെലക്ഷൻ." താര പുച്ഛിച്ചു ചിരിച്ചു. "അമ്മിക്കുള്ള സാരി ഞങ്ങള് സെലക്ട് ചെയ്തോളാ.. വണ്ടിയെടുക്ക് ബാബാ.." മിന്നു ഇത് പറയുമ്പോഴേക്കും ആമി പോയി കാറിന്റെ താക്കോൽ എടുത്ത് വന്നു. സാധാരണ വണ്ടിയിലേക്ക് ഓടിക്കയറാറുള്ള ഐസ ആദിയുടെ കൈയ്യും പിടിച്ചു നിക്കുന്നത് കണ്ട് നിങ്ങള് വരുന്നില്ലേ പിള്ളേരേ എന്നു ഗൗതം ആദിയോടു ചോദിച്ചു. "ഞങ്ങള് വന്നാ അമ്മി ചിലപ്പോ പൂച്ചക്കുഞ്ഞുങ്ങളെ കൊണ്ടോയി കളയും ഞാനും ഏട്ടനും ഇവിടെ നിന്നോളാ., നിങ്ങള് പോയിട്ട് വാ.." മറുപടി പറഞ്ഞത് ഐസയാണ്. താര ഐസയുടെ സംസാരം കേട്ട് ശുണ്ഠിയെടുത്തു വീടിനകത്തേക്ക് കയറി പോയി. മക്കളോടൊപ്പം സാരി വാങ്ങാൻ പോയ ഗൗതം ഏതാണ്ട് രണ്ടു മണിക്കൂറിന് ശേഷമാണ് തിരിച്ചു എത്തിയത്. വീട്ടിൽ വന്നു കയറിയതും ഐസ ആമിയുടെ കൈയ്യിൽ നിന്നും കവർ വാങ്ങി പൊട്ടിച്ചു. പീകോക്ക് ബ്ലൂ കളറിൽ വീതിയുള്ള ബോർഡുള്ള നല്ലൊരു സാരി.. അമ്മിക്ക് കോളടിച്ചല്ലോ നല്ല അടിപൊളി സാരി കിട്ടിയല്ലോ.. ഞാനിത് കൊണ്ടൊയി കൊടുത്തിട്ട് വരട്ടെ.. എന്നാ പൊളിക്കൽ ആരുന്നു ഇവിടെ.. ഇനീപ്പോ എന്റെ പൂച്ചകുഞ്ഞുങ്ങൾക്ക് സമാധാനമായിട്ടു ഇതിലെ നടക്കാലോ എന്നും പറഞ്ഞു ഐസ സാരിയുമായി താരയുടെ മുറിയിലേക്ക് പോയി.
രാത്രി., അത്താഴവും പതിവ് കഥ പറച്ചിലുകളും കഴിഞ്ഞു പിള്ളേരെ അവരുടെ റൂമുകളിലേക്ക് പറഞ്ഞയച്ചു കിടക്കാൻ ഒരുങ്ങുകയായിരുന്നു ഗൗതമും താരയും.. ഐസ ആദ്യമേ ബെഡിന്റെ നടുക്ക് സ്ഥാനം പിടിച്ചിട്ടുണ്ട്. "എടൊ, നമുക്ക് കുറെ പ്രായം ഒക്കെ ആവുമ്പോ, അന്നേരം ആദിയും പെമ്പിള്ളേരും ഒക്കെ ജോലി ഒക്കെ ആയിട്ട് ദൂരെ ആയിരിക്കും. ഐസാപ്പി മാത്രായിരിക്കും നമ്മുടെ കൂടെ ഉണ്ടാവുക. അപ്പൊ അവളെ വീട് ഏല്‍പിച്ചിട്ടു നമ്മള് ഒരു ബസ് വീട് പോലെ സെറ്റ് ചെയ്തു കറങ്ങാൻ ഇറങ്ങും. അന്നേരം നമ്മുടെ വണ്ടിയിൽ ഒരു പട്ടിക്കുഞ്ഞും ഉണ്ടാവും. താൻ സമ്മതിക്കൂല ന്ന് അറിയാവുന്നോണ്ട് ഐസാടെ പൂച്ചകുഞ്ഞു ആണേലും ഞാൻ അഡ്ജസ്റ്റ് ചെയ്തോളാ.." "അച്ചോടാ, എന്റെ മോൻ കൊറേ അഡ്ജസ്റ്റ് ചെയ്യുന്നുണ്ടല്ലോ.., കണ്ട പട്ടീനേം പൂച്ചെനേം കൊണ്ടു ബാബായും മോളും ടൂർ പോയാ മതി. ഞാനെങ്ങും വരുന്നില്ല." "അല്ലേലും അമ്മീനെ കൊണ്ടോവില്ല, ഞാനും ബാബായും ആണ് പോകുന്നേ.. അല്ലെ ബാബാ.." ഐസ വീറോടെ താരയുടെ നേരെ ചാടി. "ഇത് എന്റെ വയറ്റി തന്നെ പിറന്നതാണോ.. ഹോസ്‌പിറ്റലിൽ വച്ചു കൊച്ചു മാറി പോയൊന്നു എനിക്ക് നല്ല ഡൗട്ട് ഉണ്ടെടാ.." താര ഐസയെ നോക്കി ഗൗതമിനോട് പറഞ്ഞു. "കൊച്ചു മാറി പോയെങ്കി കണക്കായി പോയി. സഹിച്ചോ.. നിങ്ങടെ കൂടെ കിടക്കാൻ ഞാനില്ല. ഞാനെ വല്യേട്ടന്റെ കൂടെക്കിടക്കാൻ പോകുവാ.. ബാബാക്ക് എന്റെ കൂടെ കിടക്കണേൽ വല്യേട്ടന്റെ റൂമിലേക്ക് വന്നാ മതി" എന്നും പറഞ്ഞു ഐസ ചാടിത്തുള്ളി പുറത്തേക്ക് പോയി.
"തനിക്ക് അവളോടൊന്നു മയത്തിൽ പെരുമാറിയ എന്നാ.." ഗൗതം താരയോട് ചോദിച്ചു. "എടാ അല്ലേലെ നീയും ആദിയും അവളെ നിലത്തു വയ്ക്കാതെ പുന്നാരിച്ചു വഷളാക്കി വച്ചേക്കുവാ.. ഞാനും അങ്ങനെ തന്നെ ചെയ്താ അവളെ പിടിച്ചാ കിട്ടൂല്ലടാ.." താര ഉള്ളിലെ സ്നേഹം മുഴുവൻ ഗൗതമിനു മനസിലാവുന്നപോലെ പറഞ്ഞു. സാധാരണ അപ്പന്മാരാണ് ഈ സ്നേഹം ഉള്ളില് വച്ചു പുറമെ ഇങ്ങനെ പെരുമാറുന്നത്.. ഇവിടെ നേരെ തിരിച്ചാണല്ലോ ദൈവമേ എന്നും പറഞ്ഞു ഗൗതം ചിരിച്ചു. "നിങ്ങള് ബാബായും മക്കളും ഇങ്ങനെ സ്നേഹിച്ചു നടക്ക്.. ഞാൻ ഇങ്ങനെ കുശുമ്പത്തിയും വില്ലത്തിയും ഒക്കെ ആയി നടന്നോളാ..." താര കുശുമ്പെടുത്തു. എന്റെ കുഞ്ഞിങ്ങു വന്നേ.., എന്നും പറഞ്ഞു ഗൗതം താരയുടെ കൈ പിടിച്ചു ബെഡിലേക്കിരുത്തി. "എടൊ കുശുമ്പി അമ്മീ, തന്റെ കുശുമ്പും പിള്ളേരുടെ വികൃതിയും ആണ് നമ്മടെ വീടിന്റെ ജീവൻ.. എല്ലാക്കാലവും താനെന്റെ കണ്ണു നിറയ്ക്കുന്ന ചിരിയായിരിക്കണേ എന്നാണ് ഞാനെന്നും പ്രാർത്ഥിക്കാറ്.." "റൊമാന്റിക് ഹീറോ കിടക്കാൻ നോക്കിക്കേ.. എനിക്ക് നാളെ ഓഫീസിൽ പോകാൻ ഉളളതാ.." എന്നും പറഞ്ഞു കപടഗൗരവത്തോടെ താര ബെഡിലേക്ക് കിടന്നു. "Unromantic മൂരാച്ചിയും കിടന്നോ" എന്നും പറഞ്ഞ് താരയുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു ഗൗതമും അവളോടൊപ്പം കിടന്നു. അവരുടെ സ്നേഹം കണ്ടിട്ടാവണം നക്ഷത്രങ്ങൾ മേഘങ്ങൾക്കിടയിൽ ഒളിച്ചു നിന്നു കണ്ണു ചിമ്മി.