വഴി വെച്ച് കണ്ട പരിചയം മാത്രം; 'പക്ഷേ എന്തോ ഒരു അടുപ്പം തോന്നുന്നു ആ പയ്യനോട്...'
ഉമ്മയില്ലാത്ത അവനും അച്ഛനില്ലാത്ത താനും ഒരു പാട് ദുഃഖങ്ങളുടെ കൂട്ടുകാരാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കൂടെ പിറക്കാത്ത അനിയനെപോലെ ചേച്ചീയെന്ന് മുഴുവൻ വിളിച്ചു തീർക്കാത്ത സ്നേഹവും മുഖത്ത് മായാത്ത പുഞ്ചിരിയുമുള്ള ആബ്ദു..
ഉമ്മയില്ലാത്ത അവനും അച്ഛനില്ലാത്ത താനും ഒരു പാട് ദുഃഖങ്ങളുടെ കൂട്ടുകാരാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കൂടെ പിറക്കാത്ത അനിയനെപോലെ ചേച്ചീയെന്ന് മുഴുവൻ വിളിച്ചു തീർക്കാത്ത സ്നേഹവും മുഖത്ത് മായാത്ത പുഞ്ചിരിയുമുള്ള ആബ്ദു..
ഉമ്മയില്ലാത്ത അവനും അച്ഛനില്ലാത്ത താനും ഒരു പാട് ദുഃഖങ്ങളുടെ കൂട്ടുകാരാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കൂടെ പിറക്കാത്ത അനിയനെപോലെ ചേച്ചീയെന്ന് മുഴുവൻ വിളിച്ചു തീർക്കാത്ത സ്നേഹവും മുഖത്ത് മായാത്ത പുഞ്ചിരിയുമുള്ള ആബ്ദു..
ഇടവഴിയുടെ ഓരം പറ്റി അവൾ വേഗത്തിൽ നടന്നു. ഉണർന്നു തുടങ്ങിയ വീടുകളിൽ നിന്നും പുലരിത്തുടിപ്പിന്റെ ഒച്ചബഹളങ്ങൾ കേൾക്കാം. നടക്കാൻ ഇനിയും ദൂരം കുറച്ചുകൂടി ഉണ്ട്. ഇടവഴികൾ താണ്ടി റോഡിലെത്തിയാൽ ബസ്റ്റോപ്പ് ആയി. എന്നും കേറണ ബസ്സ് കിട്ടിയാൽ സമയത്ത് തീപ്പെട്ടി കമ്പനിയിൽ എത്താം. രാവിലെ എല്ലാം ഒരുക്കി വെച്ച് അടിച്ചു പിടച്ചുള്ള ഒരോട്ടാണ്. സ്ഥിരം പരിചയക്കാർ പലരും മിണ്ടാൻ വന്നാലും സംസാരം ഒന്നോ രണ്ടോ വാക്കിൽ ഒതുക്കി ഒരു പാച്ചിലാണ്. സമയത്ത് എത്തിയില്ലെങ്കിൽ മുതലാളിയുടെ വക ശകാരം വേറെ കേൾക്കേണ്ടിവരും. വഴയരികുകളിൽ നിന്ന് ചെമ്പരത്തിപ്പൂക്കളും കോഴിവാലനും ലേഡീസ് കനകാംബരവും, ഓശാനപ്പൂക്കളും ഒക്കെ അവളോട് കിന്നാരം പറയാറുണ്ട്. അവളുടെ കണ്ണുകളിൽ ഉടക്കി നിന്ന് കുളിരു പകരാറുണ്ട്. പക്ഷേ ഒന്നിനെയും ആവോളം താലോലിക്കാൻ അവൾക്കാവില്ലല്ലോ? ജീവിതച്ചുമടുകൾ ഒന്നിറക്കി വച്ചിട്ട് വേണ്ടേ തന്നിലേക്ക് ഒന്നിറങ്ങാൻ?. അതിനിടയിലാണ് മനസ്സിൽ വീണ്ടും അസ്വസ്ഥതകൾ ഉണ്ടാക്കിക്കൊണ്ട് അവന്റെ ആ മുഖം.. ആ പുഞ്ചിരി.. തികച്ചും അപ്രതീക്ഷിതമായി ഈ വഴിയിൽ എവിടെയോ തന്നെ പിന്തുടരുന്നത്! ആരോടും ഒന്നും പറഞ്ഞില്ല... അനിയേട്ടനോട് പോലും! അവനോട് ഒന്നും ചോദിച്ചില്ല.
ഒരു നൂറുകൂട്ടം ചോദ്യങ്ങൾ മനസ്സിൽ എന്നും ഉണ്ടാകും. പക്ഷേ കാണുമ്പോൾ ഒന്നും ചോദിക്കാൻ കഴിയില്ല. ആ പുഞ്ചിരി ഏറ്റുവാങ്ങി ദുഃഖത്തോടെ നൂലാമാലകൾ കെട്ടിയ ഒരുനൂറ് ചിന്തകളോടെ മറയും. ഓരോ ദിവസവും കരുതും നാളെ ചോദിക്കണം എന്ന്. റോഡ് എത്താറായ വഴിയിൽ എന്നത്തേയും പോലെ ഇന്നും അവൻ തന്നെ കടന്നു പോകാറായി. അവൾ തന്റെ ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി ഇത്തവണ ചോദിച്ചു.. അല്ലെങ്കിൽ ചോദിക്കേണ്ടി വന്നു. "നീ എന്നെ മറന്നോ?" "അതിനു നമ്മൾ തമ്മിൽ അഞ്ചോ.. ആറോ.. വട്ടമല്ലേ കണ്ടിട്ടുള്ളൂ." അവൻ തെല്ലാശങ്കയോടെ അവളുടെ മുഖത്ത് നോക്കി ചോദിച്ചു? അവൾ വിക്കി വിക്കി പറഞ്ഞു... "അതെയതെ.. എങ്കിലും... ആദ്യംകണ്ടപ്പോൾ തന്നെ നീയെനിക്ക് ആരൊക്കെയോ ആയിരുന്ന പോലെ. ഈ ജന്മം നിന്നെയെനിക്കു മറക്കാൻ കഴിയില്ല. നീയാരാ? എന്താ? എന്നൊന്നും എനിക്കറിയില്ല. ഇതേ വഴിയിൽ വച്ചു നമ്മൾ മുൻപു അഞ്ചുവട്ടം കണ്ടുമുട്ടി. നോക്കൂ.. ഇതു ആറാമത്തെ തവണയാണ്. കഴിഞ്ഞ അഞ്ചുദിവസങ്ങളിലും നീ എന്നെ കണ്ടപ്പോൾ എന്റെ കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചു. ഈ തവണ എന്നെ കാണാത്തപോലെ നടന്നുപോയി. അതെനിക്ക് നന്നായി ഫീൽ ചെയ്തു. അതാ ഞാൻ എന്നെ മറന്നോ എന്നു തിരക്കിയത്?"
അവൻ പറഞ്ഞു... മുൻപുകണ്ട അവസ്ഥയിലല്ല ഞാനിപ്പോൾ. എന്റെ മാര്യേജ് ആണ് അടുത്തയാഴ്ച. എനിക്ക് നല്ല തിരക്കുണ്ട്. അവളുടെ മുഖം ഇരുണ്ടു. "ഒരു നിമിഷം നിൽക്കൂ.. ഈ പരിചയവും ഒരു പുഞ്ചിരിയും മാത്രമേ നിന്നിൽ നിന്നും ഞാൻ പ്രതീക്ഷിച്ചുള്ളു... ബന്ധങ്ങൾക്കെല്ലാം നീ വിചാരിക്കുന്ന അർഥം കൊടുക്കരുത്. കറപുരണ്ട നിന്റെ ആ ചിരി ഇവിടെ ഞാനുപേക്ഷിച്ചിരിക്കുന്നു. ഇനിയെനിക്കു കാണണമെന്നില്ല. ഒന്നുമില്ലെങ്കിലും നിനക്കെന്റെ പ്രായത്തെയെങ്കിലും മാനിക്കാമായിരുന്നു." അവൾ തല വെട്ടിച്ചു തിരിഞ്ഞു നടന്നു. "അയ്യോ.. ഞാൻ മറ്റൊന്നും.. അവനതു മുഴുമിപ്പിക്കുന്നതിന് മുമ്പ് അവൾ നടന്നു നീങ്ങി. എങ്കിലും അവളുടെ മനസ്സിലൊരു വിങ്ങൽ. ഹൃദയത്തിലെന്തോ ഭാരം കയറ്റിവച്ചപോലെ. അപ്പഴാണവൾ ശരിക്കും ആലോചിച്ചത്? ഇവന്റെ പുഞ്ചിരി എന്നാണ് തനിക്ക് നഷ്ടമായത്? ആരെയാണ് താനിപ്പോൾ തിരയുന്നത്? പെട്ടെന്നവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...
"സീതേച്ചീ പാല്.." കോലുപോലെ കാലുകൾ നീണ്ട, രണ്ടു വലിയ വട്ടക്കണ്ണുകൾ പ്രാരാബ്ധം നിറഞ്ഞ മുഖത്ത് തിളങ്ങുന്ന ആബ്ദു. പാൽക്കാരൻ മൊയ്തുക്കാടെ മോൻ. അവന്റെ കൈയ്യിൽ നിന്നും പാൽപ്പാത്രം വാങ്ങി അകത്തുകൊണ്ടുപോയി പാലൊഴിച്ചു പാത്രമൊന്നു മെഴുക്കി തിരികെ കൊണ്ടു വന്നവനെ ഏൽപ്പിക്കുന്നതിനകം എത്രയെത്ര കാര്യങ്ങളാണ് അവൻ പറയുന്നത്! അടുക്കള വശത്തേക്ക് തലനീട്ടി ആ നാട്ടിൽ ഓരോ ദിവസവും സംഭവിച്ച പുത്തൻ വിശേഷങ്ങള്‍, ചുറ്റുവട്ടത്തെ വിശേഷങ്ങള്‍ എല്ലാം ഒറ്റശ്വാസത്തിൽ അവൻ പറഞ്ഞു തീർക്കും. ഒരെണ്ണമെങ്കിലും പറയാതെ മറന്നുവച്ചാൽ പിറ്റേന്ന് വരുമ്പോൾ അതും പറഞ്ഞായിരിക്കും ആദ്യം തുടങ്ങുക. ഉമ്മയില്ലാത്ത അവനും അച്ഛനില്ലാത്ത താനും ഒരു പാട് ദുഃഖങ്ങളുടെ കൂട്ടുകാരാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കൂടെ പിറക്കാത്ത അനിയനെപോലെ ചേച്ചീയെന്ന് മുഴുവൻ വിളിച്ചു തീർക്കാത്ത സ്നേഹവും മുഖത്ത് മായാത്ത പുഞ്ചിരിയുമുള്ള ആബ്ദു.. ചന്തയിലും പീടികയിലും മുള്ളൻ മലയിലും, പൊന്തക്കാട്ടിലും ഉത്സവപ്പറമ്പിലും തൊടിയിലും, പാണപ്പുഴയിലുമൊക്കെ തന്നോടും അനുജത്തി ഭാനുവിനോടും സമപ്രായക്കാരായ ദേവൂ, ഈപ്പൻ, മത്തായി, സാലി, റബേക്ക തുടങ്ങിയവരോടുമൊക്കെയൊപ്പം പാറി നടന്നിരുന്നവൻ. എത്ര വിവരമുള്ള കുട്ടി! ഈ ഭൂമിയിൽ നടക്കുന്ന എല്ലാകാര്യങ്ങളിലും അവന് ജ്ഞാനമുണ്ട്. അവൻ പറഞ്ഞാൽ പിന്നെ...അച്ചിട്ടപോലാ... പലരും പറയുന്നതു കേട്ടിട്ടുണ്ട്.
എന്നെപ്പോലെ തന്നെ അവൻ എന്റെ പറകൊട്ടി ഗ്രാമത്തിൽ എല്ലാവർക്കും പ്രിയപ്പെട്ടവനാണ്.എല്ലാവരുടേയും പല പല ആവശ്യങ്ങൾക്കായി അവൻ അവന്റെ എല്ലാ ബുദ്ധിമുട്ടുകളും വിഷമതകളും മറന്ന് എത്രപാതിരായ്ക്കും ഓടിനടക്കും. അതിൽ അവന്റെ ബാപ്പ മൊയ്തൂന് സന്തോഷമേയുള്ളൂ.മൊയ്തുവും നാട്ടുകാർക്ക് ഏറെപ്രിയപ്പെട്ടവനാണ്. അവന്റെ ഇളയത്തുങ്ങളായ ഫൈസലിന്റെയും കുൽസുവിന്റെയും ഉമ്മയും ഉപ്പയും അവൻതന്നെയാണ്. കുൽസുവിന് അഞ്ചു വയസ്സുള്ളപ്പോഴാണ് ഉമ്മ ആമിന മരിച്ചത്.ഹൃദ്രോഗിയായ അവരുടെ ചികിത്സയ്ക്കും മറ്റുമായി മൊയ്തൂക്കയെ പലരും പണം നൽകിയും അല്ലാതെയുമൊക്കെ സഹായിച്ചിട്ടുണ്ട്. ചെറിയ ചെറിയ വായ്പകൾ എടുത്തു കൊടുത്തിട്ടുണ്ട്. മൂന്ന് പശുവും രണ്ട് ആടും കുറേ കോഴികളും താറാവുകളും പറമ്പിൽ കുറച്ചു കൃഷികളുമൊക്കെയായി മൊയ്തുവും കുടുംബവും അങ്ങനെ തട്ടിയും മുട്ടിയും കഴിഞ്ഞു പോകുന്നു. മുട്ട, പാൽ, കൃഷി വിളകൾ ഒക്കെ വിൽക്കും. നല്ല കോളുവന്നാൽ മീൻ എടുത്തു വിൽക്കും. സ്വന്തമായി ഒരു പഴയ സൈക്കിൾ ഉണ്ട്.
മൊയ്തൂക്കാടെ രണ്ടാമത്തെ പെങ്ങളും കുടുംബവും തൊട്ടപ്പുറത്ത് തന്നെയാണ് താമസം. ആ രണ്ടു വീടും ഒരുവീട് പോലെയാണ് കഴിഞ്ഞിരുന്നത്. ആമിന മരിച്ചിട്ടും പെങ്ങളുടെയും അളിയന്റെയും ഈ സഹകരണവും സ്നേഹവും കൊണ്ടുതന്നെയാണ് മൊയ്തൂക്ക പിടിച്ചുനിന്നത്. പക്ഷേ... ക്രൂരനായ വിധി ഒരു മൂർഖന്റെ രൂപത്തിൽ വന്ന് ഒന്നു പച്ചപിടിച്ചു വന്ന ആ കുടുംബത്തെ വീണ്ടും കൊടും ദുഃഖത്തിലാഴ്ത്തിക്കളഞ്ഞു. ആ നാടിനെയാകെയും. ആ കൊച്ചു ഗ്രാമത്തിന്റെ സമ്പാദ്യമായ ഗോവിന്ദൻ വൈദ്യന് മുള്ളൻ മലയുടെ ചരുവിൽ നിന്ന് കുറച്ചു പുളിയാറില പറിക്കാൻ പോയ ആബ്ദുവും ഒപ്പം മത്തായിയും. സാധാരണ അവർ പോയി തിരികെവരുന്ന സമയം കഴിഞ്ഞിട്ടും കാണാതായപ്പോഴാണ് വൈദ്യൻ സഹായി ചാമനെ ഒന്നന്വേഷിക്കാൻ പറഞ്ഞു വിട്ടത്. ചാമൻ പുറപ്പെടാൻ തുടങ്ങിയതും രണ്ടാളും പുളിയാറിലക്കെട്ടുകളുമായി വരുന്നതുകണ്ടു. ചാമൻ അതു വൈദ്യനോടു പറഞ്ഞതും അവരുടെ കൺമുന്നിൽ കൈയ്യിൽ നിന്നും ചിതറിവീണ പുളിയാറിലകളുമായി രണ്ടാളും കുഴഞ്ഞു വീണു. എന്തോ പന്തികേട് മണത്ത വൈദ്യന്റെ ഉള്ളൊന്നു കാളി.
ചാമനും വൈദ്യനും കൂടി രണ്ടാളെയും വേഗം പൊക്കിയെടുത്ത് അകത്തേക്ക് കൊണ്ടുപോയി. അകത്തു കടന്നാൽ പിന്നെ ചികിത്സാ റൂമിൽ മറ്റാർക്കും പ്രവേശനമില്ല. വൈദ്യന്റെ സഹായി ചാമനെ മാത്രം ഒപ്പം നിർത്തും. രോഗി അപകട നില തരണം ചെയ്തു കഴിഞ്ഞാൽ രോഗി ആദ്യം പേരുചൊല്ലി വിളിക്കുന്ന ആൾ ആരോ അവരെ ആദ്യം അകത്തേക്ക് കടത്തി വിടും. നാഡിമിടിപ്പ് നോക്കിയും ലക്ഷണങ്ങൾ നോക്കിയും ഒറ്റനോട്ടത്തിൽ തന്നെ വൈദ്യൻ ഒരാളിന്റെ ശാരീരിക അവസ്ഥ അളന്നു തിട്ടപ്പെടുത്തും. മരണമടുത്തിരിക്കുന്നവന്റെ ആയുസ്സിന്റെ ദൈർഘ്യം തന്റെയുള്ളിൽ ആരും അറിയാതെ കണക്കാക്കും. അത്രയും പ്രിയപ്പെട്ടവരോടും അത് ഉൾക്കൊള്ളുന്നവരോടും മാത്രം അത് പറയും. രക്ഷയില്ലെന്ന് തോന്നിയാൽ യാതൊരു വിധ സമ്മർദ്ദങ്ങളും ഇല്ലാതെ തന്നെ വൈദ്യൻ അവരെ തിരികെ വിടും. ഏതെങ്കിലും നല്ല ആശുപത്രിയിൽ കൊണ്ടുപൊയ്ക്കൊള്ളാൻ ഉപദേശിക്കും. പിന്നെ.. ഒരു പരീക്ഷണത്തിന് അയാൾ ഒരിക്കലും മുതിരില്ല. ഒരു കൈപ്പിഴവ് പറ്റിയാൽ അത് തന്റെ വൈദ്യത്തെ ചോദ്യം ചെയ്യുമെന്ന് അയാൾക്ക് നന്നായിട്ട് അറിയാം.
അതുകൊണ്ടുതന്നെ തൊട്ടടുത്ത ഗ്രാമങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നും ഒക്കെ ഒരുപാട് പേർ അത്യാസന്ന നിലകളിലുള്ള പലരെയും കൊണ്ട് വൈദ്യന്റെ ഒറ്റമൂലി തേടി വരാറുണ്ട്. ചില രോഗികൾക്ക് രോഗം ഭേദമാക്കാൻ സമയദൈർഘ്യം എടുക്കുന്ന കാര്യം വരുമ്പോൾ തന്നെ അയാൾ കൂട്ടത്തിൽ വരുന്നവരോട് പറഞ്ഞുവയ്ക്കും. രോഗം കടുത്തു എന്ന് തോന്നിയാലും അത് രോഗശമനത്തിലേക്കുള്ള വഴിയാണെന്നും താൻ കൊടുക്കുന്ന മരുന്നുകൾ ഫലിച്ചു തുടങ്ങിയതിന്റെ ലക്ഷണങ്ങൾ ആണെന്നും പറഞ്ഞു മനസ്സിലാക്കും. അതുൾക്കൊള്ളുന്നവരെ മാത്രമേ അയാൾ ചികിത്സിക്കാറുള്ളൂ. എത്രയോ പാമ്പുകടിയേറ്റവരെ ഒരൊറ്റമൂലി കൊണ്ട് വൈദ്യൻ ജീവിപ്പിച്ചിരിക്കുന്നു. ആരെകൊണ്ടുവന്നാലും രോഗിയുമായി അകത്തു കയറുന്നതിനു മുമ്പ് കൂടെ വരുന്നവരോട് വൈദ്യൻ പറയും.. പ്രാർഥിച്ചോളൂ... സമയം കളയാതെ പ്രാർഥിച്ചോളൂ... പ്രപഞ്ചസത്യങ്ങളോട് പ്രാർഥിച്ചോളൂ... കൊണ്ടുവരുന്ന രോഗിക്ക് മരണം സംഭവിച്ചാൽ "എന്റെ പ്രപഞ്ച സത്യങ്ങളെ.." എന്നുള്ള വൈദ്യന്റെ അകത്തുനിന്നും കേൾക്കുന്ന നെഞ്ചുപൊട്ടിക്കരച്ചിലിൽ നിന്നുമാണ് പുറത്തുള്ളവർ കാര്യം മനസ്സിലാക്കുന്നത്.
ഇതിനോടകം തന്നെ ആ വാർത്ത കാട്ടുതീ പോലെ പരന്നു. ഒരു ഗ്രാമം മുഴുവൻ വൈദ്യന്റെ വൈദ്യശാലയ്ക്ക് ചുറ്റും കൂടിയിട്ടുണ്ട്. കൂട്ടത്തിൽ മൊയ്തുവും മത്തായിയുടെ അപ്പനും അമ്മയും ഒക്കെ നിലവിളിക്കുന്നുണ്ട്. അവരെ പലരും ആശ്വസിപ്പിക്കുന്നുണ്ട്. സമയം ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങുകയാണ്. എല്ലാവരും കൂട്ടത്തോടെ പ്രാർഥനയിലാണ്. അവിടെ കൂടിയ എല്ലാ ഹൃദയങ്ങളിലും രണ്ടു കുട്ടികളുടെ ജീവനുവേണ്ടിയുള്ള കേണപേക്ഷകൾ മാത്രം. ഇതിനുമുമ്പ് പലപ്പോഴും ഗ്രാമത്തിലെ പല കുട്ടികളും പല മുതിർന്നവരും വൈദ്യന് വേണ്ടി പച്ചില മരുന്നുകൾ പറിക്കാൻ മുള്ളൻ മലയിലേക്ക് പോയിട്ടുണ്ട്. പക്ഷേ.. മുള്ളൻ മലയിൽ നിന്നും ഇതേവരെ ആരെയും പാമ്പ് കൊത്തിയിട്ടില്ല. തൊട്ടടുത്തുള്ള പൊന്തക്കാട്ടിൽ നിന്നും ചിലപ്പോൾ പാമ്പുകൾ പരിസരത്തേക്ക് ഇറങ്ങാറുണ്ട്. ആ ഇടവഴിയിൽ ഒരറ്റത്തായി ഒരു പടുകൂറ്റൻ ആൽമരം നിൽപ്പുണ്ട്. അതിന്റെ തൂങ്ങിയാടുന്ന ചുറ്റുവള്ളികളിൽ പാമ്പുകൾ പിണഞ്ഞു കിടന്ന് ആടുന്നത് പലരും കണ്ടവരുണ്ട്. ആ ഭാഗത്തുനിന്നും പലർക്കും പാമ്പുകടി ഏറ്റിട്ടുമുണ്ട്. മിക്കവാറും കടി ഏറ്റിട്ടുള്ളവരൊക്കെ അറിയാതെ പാമ്പിനെ ചവിട്ടി കടി വാങ്ങിയവരാണ് ഇതിപ്പോ എവിടെ നിന്നാണെന്നുള്ളത് കുട്ടികൾ കണ്ണുതുറന്ന്പറഞ്ഞാലേ അറിയാൻ കഴിയൂ. അങ്ങനെ പല പല ചിന്തകളാൽ ഗ്രാമവാസികളുടെ ഹൃദയം പിരിമുറുക്കത്തിൽ പിടഞ്ഞു കൊണ്ടിരിക്കെ, വൈദ്യന്റെ നിലവിളി എല്ലാ പ്രതീക്ഷകളെയും ഭേദിച്ച് മുഴങ്ങി... എന്റെ പ്രപഞ്ചസത്യങ്ങളെ... എന്റെ പ്രപഞ്ചസത്യങ്ങളെ... കാത്തോളീൻ... അവിടെ കൂടിയിരുന്നവർ ഒന്നടങ്കം ചികിത്സാ റൂമിലേക്ക് ഇരച്ചു കയറി. അവൾ ഉറക്കെ നിലവിളിച്ചു.. ആബ്ദൂ.. ആബ്ദൂ....
അവൾ കണ്ണുതുറന്നു ചുറ്റും പകച്ചു നോക്കി.. ങേ...താനൊരാശുപത്രികിടക്കയിലാണല്ലോ..? തന്റെ നെറുകയിൽ തലോടി ആർദ്രമായി പുഞ്ചിരിച്ചുകൊണ്ട് തന്റെ കിടക്കയ്ക്കരികെ അനിയേട്ടൻ... അവൾ നിറഞ്ഞുവരുന്ന കണ്ണുകളെ തടയാൻ ശ്രമിച്ചുകൊണ്ട് അയാളുടെ മുഖത്തേക്ക് ചോദ്യരൂപേണ നോക്കി. "അമ്മൂ... ന്താ? നീയീ കാണിച്ചെ? വയറ്റിൽ കിടക്കുന്ന നമ്മുടെ കുഞ്ഞിനെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ! ഇത്രേം നേരം ആ പയ്യനിവിടുണ്ടായിരുന്നു. നീ കണ്ണു തുറന്നൊന്നു നോക്കിയിട്ടേ പോകുന്നുള്ളൂ എന്ന വാശിയിലായിരുന്നു അവൻ. പിന്നെ ഞാനാണ് നിർബന്ധിച്ച് പറഞ്ഞുവിട്ടത്. അവന് കല്യാണത്തിന് ഇനി എന്തെല്ലാം ഒരുക്കാനുണ്ട്? അവനെന്നോട് എല്ലാം പറഞ്ഞു. നിനക്കൊരു സന്തോഷവാർത്തയുണ്ട്. നമ്മുടെ പറകൊട്ടിയുടെ ഒരു കോണിൽ ഇനി മുതൽ നിന്റെ പ്രിയപ്പെട്ട അനിയൻ ആബ്ദുവും ഉണ്ടാകും. അവളുടെ കണ്ണുകൾ പെട്ടെന്ന് വിടർന്നു. അവന്റെ പെണ്ണ് ഇവിടുന്നാണ്. അവനാണ് റോഡരികിൽ ബോധം കെട്ടു കിടന്ന നിന്നെ ഒരോട്ടോയിൽ കയറ്റി അവന്റെ മടിയിൽ കിടത്തി ഇവിടെ എത്തിച്ചത്. അവളെന്തോ പറയാൻ തുനിഞ്ഞതും അയാൾ അതൊരു ചുംബനം കൊണ്ട് വിലക്കി. കണ്ണുകൾ കൊണ്ട് കൈയ്യിലിട്ടിരിക്കുന്ന ട്രിപ്പ് ചൂണ്ടിക്കാട്ടി. ഒരു കൈകൊണ്ട് അവളുടെ മുടിയിഴകളെ തലോടി. ആ സ്നേഹത്തിന്റെ ഊഷ്മളതയിൽ അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു.. അവളുടെ മനസ്സപ്പോൾ തന്റെ പ്രിയപ്പെട്ട കുഞ്ഞനിയൻ ആബ്ദുവിനോടൊപ്പം മുള്ളൻ മലയിലും പൊന്തക്കാട്ടിലും ഉത്സവപ്പറമ്പിലും തൊടിയിലും പാണപ്പുഴയിലുമൊക്കെ പാറുകയായിരുന്നു.