അന്നു വൈകുന്നേരമതാ നാരായണേട്ടൻ കൃഷിസ്ഥലത്തിരുന്ന് ആരോടൊ സംസാരിക്കുന്നു. ആരോടാ സംസാരിക്കുന്നതെന്നറിയാൻ ഞാൻ തൊടിയാകെ ഒന്നു കണ്ണോടിച്ചു. ഇവിടെയെങ്ങും ആരുമില്ലല്ലോ. അല്ല കണ്ണൻ പറഞ്ഞപോലെ ഇനി വട്ടായോ.

അന്നു വൈകുന്നേരമതാ നാരായണേട്ടൻ കൃഷിസ്ഥലത്തിരുന്ന് ആരോടൊ സംസാരിക്കുന്നു. ആരോടാ സംസാരിക്കുന്നതെന്നറിയാൻ ഞാൻ തൊടിയാകെ ഒന്നു കണ്ണോടിച്ചു. ഇവിടെയെങ്ങും ആരുമില്ലല്ലോ. അല്ല കണ്ണൻ പറഞ്ഞപോലെ ഇനി വട്ടായോ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്നു വൈകുന്നേരമതാ നാരായണേട്ടൻ കൃഷിസ്ഥലത്തിരുന്ന് ആരോടൊ സംസാരിക്കുന്നു. ആരോടാ സംസാരിക്കുന്നതെന്നറിയാൻ ഞാൻ തൊടിയാകെ ഒന്നു കണ്ണോടിച്ചു. ഇവിടെയെങ്ങും ആരുമില്ലല്ലോ. അല്ല കണ്ണൻ പറഞ്ഞപോലെ ഇനി വട്ടായോ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീണ്ടദിവസത്തെ ഔദോഗികജീവിതത്തിന് വിട നൽകി അഞ്ചുദിവസത്തെ അവധിയെടുത്ത് ഞാൻ വീട്ടിലേക്ക് വണ്ടി കയറി. വീട്ടിലെത്തിയതും അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ പുളിശ്ശേരിക്കറി കൂട്ടി ഉഗ്രനൊരു ഊണുകഴിച്ച് കട്ടിലിലേക്ക് ചെരിഞ്ഞു. ഉറക്കമാണ് എന്റെ പ്രധാന വിനോദം. ഉറക്കം കളഞ്ഞ് വേറൊരു കളിയുമില്ല. ആ നിദ്ര വിട്ടു ഞാനേഴുന്നേൽക്കുന്നത് വൈകുന്നേരം ആറുമണിക്കാണ്. കൈയ്യിലൊരു കപ്പു ചായയുമായി ഉമ്മറപ്പടിയിലിരുന്ന് കൂട്ടംകൂട്ടമായി പറക്കുന്ന പക്ഷികളെ നോക്കിയിരിക്കുമ്പോഴാണ്. വീട്ടിലെ പുതിയ അതിഥികളായ തത്തകൾ എന്നെ തുറിച്ചുനോക്കുന്നത് കണ്ണിൽത്തടഞ്ഞത്. ഇതേതാ ഒരു പുതിയ അവതാരം? എന്നാകും അവ എന്നെപ്പറ്റി ചിന്തിക്കുന്നതെന്ന് ഞാനൂഹിച്ചു. അല്ലെങ്കിലും ഞാനാണെങ്കിലും അങ്ങനെയാണല്ലോ ചിന്തിക്കുക. ഞാനങ്ങോട്ടും അവയെ ഭാവഭേദമന്യേ തുറിച്ചു നോക്കി.

അപ്പോഴാണ് വിശേഷങ്ങൾ ഓരോന്ന് പറഞ്ഞ് അമ്മയടുത്തുവന്നിരുന്നത്. അയലത്തെ വീട്ടിലെ പശു പ്രസവിച്ചതും, വടക്കേലെ വീട്ടിലെ പെൺകുട്ടി ഒളിച്ചോടിയതുമായ നാട്ടുവിശേഷങ്ങളുടെ കെട്ടഴിക്കാൻ അമ്മ തുടങ്ങിയതും ഞാൻ അമ്മയെ ചെറുതായൊന്നു ട്രോളി. "അല്ല ഇതൊക്കെ കഴിഞ്ഞ പ്രാവശ്യം പറഞ്ഞതാണല്ലോ അമ്മേ പുതിയ വാർത്തയൊന്നും നാട്ടിലുണ്ടായില്ലല്ലേ?" അങ്ങനെ ഓരോ വർത്തമാനങ്ങൾ പറയുന്നകൂട്ടത്തിലാണമ്മ നാരായണേട്ടനിലെത്തിയത്. "ആ നാരായണേട്ടൻ നിന്നെ ഒന്നു കാണണമെന്നു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം അച്ഛനോട് പറഞ്ഞയച്ചതാണ്. ആക്സിഡന്റായശേഷം  നാരായണേട്ടന് തീരെ വയ്യ കിടപ്പിലാണ്." അമ്മ അതുപറഞ്ഞ് അടുക്കളയിലേക്ക് നടക്കുമ്പോൾ ഞാൻ തിരിച്ചു ചോദിച്ചു നാരായണേട്ടൻ വീടുവച്ചോ? ഇല്ല, പണ്ടത്തെ പോലെത്തന്നെ വാടകവീട്ടിലാണ് ഇപ്പോളും താമസം. ചില ആഗ്രഹങ്ങൾ ആഗ്രഹങ്ങളായി മാത്രം ജീവിതാവസാനം വരെ അവശേഷിക്കും.

ADVERTISEMENT

ഞാൻ മഴ നനഞ്ഞ പാടവരമ്പിലൂടെ കുറെ വർഷങ്ങൾ പിറകിലോട്ടു നടന്നു. വീടിനോടു ചേർന്നുകിടക്കുന്ന ഒഴിഞ്ഞതൊടിയിൽ പയർ കൃഷി ചെയ്യാനെത്തിയപ്പോഴാണ് നാരായണേട്ടനെ ഞാനാദ്യമായി കാണുന്നത്. വർഷങ്ങളായി ഞങ്ങൾ കുട്ടിക്കൂട്ടങ്ങൾ കളിക്കുകയും, ചിരിക്കുകയും, പഠിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരുന്ന സ്ഥലത്ത് കൃഷി ചെയ്യാൻ വന്നയാളോട് ചെറിയ ദേഷ്യം ഉള്ളിന്റെ ഉള്ളിൽ ഞങ്ങൾക്കുണ്ടായിരുന്നെങ്കിലും അതു പുറത്തുകാണിക്കാതെ അദ്ദേഹത്തെ സ്നേഹപൂർവ്വം ഞങ്ങളുടെ കളിസ്ഥലത്തേക്ക് സ്വാഗതം ചെയ്തു. രാവിലെ എഴുന്നേറ്റു മുറ്റത്തുനിന്നു തൊടിയിലേക്ക് നോക്കിയാൽ അപ്പോളവിടെ നാരായണേട്ടനുണ്ടാകും. നേരം ഇരുട്ടിയതിനു ശേഷമാണ് നാരായണേട്ടൻ വീട്ടിലേക്കു തിരികെപ്പോവുക. കഠിനമായ അധ്വാനത്തിന്റെ ഫലമെന്നോണം ദിവസങ്ങൾ കൊണ്ടുതന്നെ തരിശായി കിടന്ന ഞങ്ങളുടെ കളിസ്ഥലത്ത് കൈപ്പക്കയുടെയും, പയറിന്റെയും പന്തലുകൾ  തലയുയർത്തിനിന്നു.

നാരായണേട്ടൻ കൃഷിപ്പണി ചെയ്യുന്നത് കണ്ടാൽ ആരായാലും ഒന്നുനോക്കി നിന്നുപോകും. അത്രയും വാത്സല്യത്തോടെയും, നിറഞ്ഞ സന്തോഷത്തോടെയുമാണ് നാരായണേട്ടൻ കൃഷിപ്പണികളിൽ ഏർപ്പെട്ടിരുന്നത്. "മണ്ണിനെയും കൃഷിയെയും അങ്ങോട്ട് നന്നായി സ്നേഹിച്ച മണ്ണ് ഇങ്ങോട്ട് നന്നായി വിളവും തരും." "പെണ്ണ് ചതിച്ചാലും മണ്ണ് നമ്മളെ ചതിക്കില്ല" കൃഷിയോടും, മണ്ണിനോടുമുള്ള സ്നേഹത്തിന്റെ ആഴമറിയാൻ നാരായണേട്ടന്റെ ആ വാക്കുകൾ മാത്രം മതിയായിരുന്നു. കഥകളുടെ കെട്ടഴിച്ചും, നാട്ടറിവുകളും, നാട്ടുനന്മകളും പങ്കുവെച്ചും ഞങ്ങൾ കുട്ടികളെയും നാരായണേട്ടൻ ദിവസങ്ങൾകൊണ്ടുതന്നെ കൈയ്യിലെടുത്തിരുന്നു. അതെന്തിനാണെന്നോ? വൈകുന്നേരം കളിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളെ നാരായണേട്ടൻ കൈമാടി വിളിക്കും. പിന്നെ കൈപ്പച്ചെടിയും, പയർച്ചെടിയും നടുന്നതിനെപ്പറ്റിയും തടമെടുക്കുന്നതിനെപ്പറ്റിയും, നനക്കുന്നതിനെ പറ്റിയുമൊക്കെ പറഞ്ഞു തുടങ്ങും. ആദ്യമൊക്കെ ഈ കൃഷിപാഠം ഞങ്ങൾക്കിഷ്ടമായില്ലെങ്കിലും നാരായണേട്ടന്റെ കാർഷികപഠനക്ലാസ് പതിയെ ഞങ്ങൾ ഇഷ്ടപ്പെട്ടുതുടങ്ങി. കൃഷിയുടെ ബാലപാഠങ്ങൾ ഞാനടക്കമുള്ള കുട്ടികളിലേക്ക് പതിയെ പകർന്നുതന്ന് നാരായണേട്ടൻ ഞങ്ങളുടെ കാർഷികാധ്യാപകനായി മാറി.

കുട്ടികളെ കൃഷിയോടും, മണ്ണിനോടും താൽപര്യമുള്ളവരാക്കി മാറ്റുക എന്നൊരു ഗൂഡലക്ഷ്യമായിരുന്നു ആ ശിക്ഷണത്തിന്റെ പിന്നിലെന്ന് ഇന്നു ഞാൻ മനസ്സിലാക്കുന്നു. ഈ കാർഷികപഠനക്ലാസിനു വേണ്ടി ഞങ്ങളെ തയാറാക്കാൻ വേണ്ടിയായിരുന്നു. കഥയും നാട്ടറിവുകളും പറഞ്ഞ് ആദ്യം ഞങ്ങളെ കൈയ്യിലെടുത്തത്. അതിൽ നാരായണേട്ടൻ പരിപൂർണ്ണമായി വിജയിച്ചു എന്നുതന്നെ പറയാം. അന്നത്തെ ആ കുട്ടിക്കൂട്ടങ്ങൾ വലുതായി ഉദ്യോഗസ്ഥകളും, ഉദ്യോഗസ്ഥൻന്മാരുമൊക്കെയായെങ്കിലും അവരിന്നും കൃഷിയോട് വലിയ താൽപര്യമുള്ളവരാണ്. കൈപ്പക്കയും, പയറും, ചീരയുമൊക്കെ ഇടയ്ക്കെങ്കിലും കൃഷി ചെയ്ത് നാരായണേട്ടന്റെ കൃഷിപാഠം ഇന്നു ഞാനടക്കമുള്ള ആ കുട്ടിക്കൂട്ടങ്ങൾ ഓർത്തെടുക്കാറുണ്ട്. എത്ര മനോഹരമായാണ് ചില മനുഷ്യർ കുട്ടികളെ സ്വാധീനിക്കുന്നത്. നാട്ടുനന്മയുടെയും, കൃഷിയുടെയും നിലാവെട്ടം കുഞ്ഞുഹൃദയത്തിൽ കൊളുത്തിവെച്ച് അടുത്ത തലമുറയിലേക്ക് അനായാസമായി കൈമാറ്റം ചെയ്യുന്നത്.

ദിവസങ്ങൾ കഴിയുന്തോറും നാരായണേട്ടന്റെ കൃഷിപടർന്നു പന്തലിച്ചുതുടങ്ങി. കൈപ്പവല്ലരികൾ പതിയെ വളർന്നുയർന്നുവരുന്നതും കൈകൾ കൊണ്ട് ഓരോ ദിവസവും പന്തലിൽ എത്തിപ്പിടിച്ചുപടരുന്നതും, മൊട്ടിടുന്നതും, മൊട്ടുകൾ വലുതായി പൂത്തിരിക്കത്തിച്ചപ്പോലെ പൂത്തുലയുന്നതും, യൗവ്വനയുക്തമായ നാരായണേട്ടന്റെ കൈപ്പക്കത്തോട്ടത്തിൽ തേനീച്ചകളും, ചിത്രശലഭങ്ങളും തേൻ കുടിക്കാനും പ്രണയം കൈമാറാനും വന്നുതുടങ്ങിയതും കൈപ്പക്കച്ചെടികൾ ആദ്യമായി കടിഞ്ഞൂൽ കൺമണിക്കു ജന്മം നൽകിയതും, അതു വളർന്നു വലുതാകുന്നതും ഞങ്ങൾ ഏറെ കൗതുകത്തോടെയും ഉത്സാഹത്തോടെയും നാരായണേട്ടനൊപ്പം നോക്കികണ്ടു. സോളമന്റെ  മുന്തിരിത്തോട്ടമെന്ന് ആ കൃഷിയിടത്തെ ഞങ്ങൾ കളിയാക്കി വിളിച്ചെങ്കിലും ആ തോട്ടം ശരിക്കും ഉദ്യാനംപോലെ മനോഹരമായിരുന്നു. നാരായണേട്ടൻ കൃഷിയിടം നനയ്ക്കുന്ന കാഴ്ചകൾ ഓർമ്മയിലിപ്പോഴും കുഞ്ഞരുവികളായൊഴുകുന്നുണ്ട്.

ADVERTISEMENT

പാലക്കാട്ടെ ചൂടിനെപ്പറ്റി പറയേണ്ടല്ലോ, പാലക്കാടൻ ചൂട് അതിന്റെ എല്ലാവിധ ശക്തിയോടുകൂടി ഭൂമിയെ കാർന്നുതിന്നുകയും, ഒരിറ്റുവെള്ളം പോലും ബാക്കിവയ്ക്കാതെ നക്കിക്കുടിക്കുകയും ചെയ്ത കാലത്തായിരുന്നു നാരായണേട്ടന്റെ കൃഷിപുരോഗമിക്കുന്നത്. കൃഷിയിടത്തിലെ വെള്ളംവറ്റിയത് നാരായണേട്ടനെ ധർമ്മസങ്കടത്തിലാക്കി. ആ പ്രശ്നം നാരായണേട്ടനെ എത്തിച്ചത് കുറച്ചുദൂരെയുള്ള കിണറിലേക്കാണ്. ആ കിണറിൽനിന്ന് ചെറിയ ചാലുവഴി വെള്ളം കൃഷി സ്ഥലത്തെത്തിച്ച അന്ന് ഞങ്ങളിൽ ഏറെ കൗതുകമുണർത്തിയിരുന്നു. വറ്റിവരണ്ടുപോയ കൃഷിസ്ഥലം പെട്ടെന്ന് വെള്ളം കൊണ്ടു നിറഞ്ഞു. വെള്ളം നിറഞ്ഞു നിൽക്കുന്ന ആ പച്ചത്തുരുത്ത് കുട്ടികളായ ഞങ്ങളെ തെല്ലൊന്നുമല്ല ആനന്ദിപ്പിച്ചത്. പെരുംചൂടും, വരൾച്ചയുമാണ് ആ പച്ചത്തുരുത്തിനത്രയും മാറ്റുകൂട്ടിയത്.

ആഹാ, അസഹ്യമായ ചൂടുള്ള ഈ രാത്രിയിലിതെഴുതുമ്പോഴും ഹൃദയത്തിലാകെ പണ്ടത്തെ ആ കുളിർമ്മ നുരഞ്ഞുപതയുന്നുണ്ട്. അല്ലെങ്കിലും ഹൃദയത്തിൽ കയറിപ്പറ്റിയ ഭൂതകാലക്കുളിരാറ്റാൻ അത്രമേൽ പൊള്ളിക്കുന്ന ഒരു ജീവിത വേനലിനുമാകില്ല. ഒരിക്കൽ നാരായണേട്ടൻ കൈപ്പവല്ലരികളോട് എന്തോ സംസാരിക്കുന്നതുകണ്ട് അടുത്ത വീട്ടിലെ കണ്ണൻ എന്നോടൊരു സംശയം പറഞ്ഞു വന്നു. "നാരായണേട്ടൻ ആ കൈപ്പച്ചെടികളോട് എന്തോ ഇങ്ങനെ സംസാരിക്കുന്നുണ്ട്. കൃഷി ചെയ്ത് അയാൾക്ക് ഇനി വട്ടായോ?" "ഹേയ് അതൊന്നുമാവില്ലെടാ. എന്താണെന്നു നമുക്കു ചോദിക്കാമെന്നു" പറഞ്ഞു ഞാൻ വീട്ടിലേക്കു നടന്നു.

അന്നു വൈകുന്നേരമതാ നാരായണേട്ടൻ കൃഷിസ്ഥലത്തിരുന്ന് ആരോടൊ സംസാരിക്കുന്നു. ആരോടാ സംസാരിക്കുന്നതെന്നറിയാൻ ഞാൻ തൊടിയാകെ ഒന്നു കണ്ണോടിച്ചു. ഇവിടെയെങ്ങും ആരുമില്ലല്ലോ. അല്ല കണ്ണൻ പറഞ്ഞപോലെ ഇനി വട്ടായോ. ഞാൻ ഓരോന്നാലോചിച്ചു നിൽക്കുന്നത് പെട്ടെന്ന് നാരായണേട്ടൻ കണ്ടു. "അല്ലാ എന്താനോക്കണെ?" "ഹേയ് ഒന്നുമില്ല" മുഖത്തെ പരിഭ്രമം മറച്ചുകൊണ്ടു ഞാൻ പറഞ്ഞു. "എന്തോ ഉണ്ട്" നാരായണേട്ടൻ വിടാൻ ഭാവമില്ലെന്നെനിക്കു മനസ്സിലായി. അവസാനം രണ്ടും കൽപിച്ചു ഞാൻ ചോദിച്ചു. "നാരായണേട്ടൻ ആരോടാ സംസാരിക്കണെ?" "ഞാൻ ഈ കൈപ്പവല്ലരികളോട് ഇങ്ങനെ ഓരോന്ന് പറഞ്ഞതാ." നാരായണേട്ടൻ ചിരിച്ചുകൊണ്ടു പറഞ്ഞു. "ഈ ചെടികളോട് സംസാരിക്കെ?" ഞാൻ അദ്ഭുതത്തോടെ ചോദിച്ചു. "അതേ" നാരായണേട്ടൻ തുടർന്നു. മനുഷ്യന്മാർ മാത്രമല്ല സംസാരിക്ക മൃഗങ്ങളും, പക്ഷികളും, ചെടികളും ഈ പ്രകൃതിപോലും നമ്മളോട് സംസാരിക്കും. അവയെ കേൾക്കണമെന്നുമാത്രം. നേരം പുലരുന്നതു മുതൽ ഇരുട്ടുന്നതുവരെ ഞാനിവിടെയല്ലേ, ഈ കൃഷിയും, കൃഷിയിടവും ചിലപ്പോൾ എനിക്ക് സുഹൃത്താകും, ചിലപ്പോൾ കാമുകിയാകും, ചിലപ്പോൾ മക്കളാകും, ചിലപ്പോൾ ഭാര്യയാകും അതാണ് ഞാൻ ഇവരോട് സംസാരിക്കുന്നത്. 

മനുഷ്യന് പ്രകൃതിയുമായും കർഷകന് കൃഷിയിടവുമായുള്ള  ഊഷ്മളമായ ആത്മബന്ധത്തിന്റെ വലിയ പാഠമായിരുന്നു നാരായണേട്ടൻ അന്നെനിക്കു പകർന്നു നൽകിയത്. ക്രമേണ കൃഷിയിടത്തിൽ നിന്ന് ധാരാളം വിളവ് ലഭിക്കുകയും, വിളവെടുക്കലും, വിൽപ്പനയുമൊക്കെയായി നാരായണേട്ടൻ തിരക്കാവുകയും ഞങ്ങൾ കുട്ടികൾ പഠനത്തിരക്കിലേക്കും വഴുതിവീഴുകയും ചെയ്തു. പിന്നീട് വർഷങ്ങളോളം നാരായണേട്ടൻ ആ കൃഷിതുടർന്നു. ഞങ്ങൾ പഠനത്തിൽ മുഴുകിയതിനാൽ നാരായണേട്ടന്റെ കൃഷിയിടം പതുക്കെ വിസ്മരിച്ചു. ഒരു വീടുവയ്ക്കുക എന്നതാണ് നാരായണേട്ടന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പിന്നീടു ഞാൻ അമ്മ പറഞ്ഞാണറിഞ്ഞത്. ഒരു വീടുവെയ്ക്കാനാണ് നാരായണേട്ടൻ ഇത്രയും കാലം രാപ്പകലില്ലാതെ കഷ്ടപ്പെട്ടത്. പക്ഷേ ആ ഉദ്യമത്തോടടുക്കുമ്പോഴൊക്കെ ഓരോ പ്രശ്നങ്ങൾ നാരായണേട്ടനെ തേടി വന്നു. ഒടുവിലത്തെയാണ് ഈ ആക്സിഡന്റ്. കാലം എത്ര ക്രൂരമായാണ് ചിലരോട് പെരുമാറുന്നത്. കാലം മനുഷ്യനോട് ചെയ്യുന്നത്ര ക്രൂരത മനുഷ്യൻ മനുഷ്യനോടുപോലും ചെയ്യാറില്ലായെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.

ADVERTISEMENT

അമ്മയുടെ വിളികേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. അന്നു രാത്രി വളരെ വൈകിയാണ് ഞാൻ കിടന്നുറങ്ങിയത്. പിറ്റേന്നു രാവിലെ ഞാൻ നാരായണേട്ടനെ കാണാൻപോയി. വീടിനുപുറത്ത് ആരുമുണ്ടായിരുന്നില്ല. കാളിങ്ങ് ബെൽ അടിച്ചപ്പോൾ സുമേച്ചി വന്നു വാതിൽതുറന്നു. നാരായണേട്ടന്റെ ഭാര്യയാണ് സുമേച്ചി. രമ്യയോ? ചേച്ചി തനതുശൈലിയിൽ വിശേഷങ്ങൾ ചോദിച്ചു. എപ്പ്ള എത്തിയേ? എത്ര ദിവസം ലീവുണ്ട്? ചേച്ചിയുടെ ചോദ്യങ്ങൾകൊക്കെ ഞാനുത്തരം നൽകി. നാരായണേട്ടനെ ചോദിച്ചു. അതു ചോദിച്ചതും അവരെന്നെ നാരായണേട്ടനരികിലേക്ക് ആനയിച്ചു. ഒരു ചെറിയ മുറിയുടെ മൂലയിൽ ആരുടെയും ശ്രദ്ധപതിയാത്തൊരിടത്തേക്കായിരുന്നു ചേച്ചി എന്നെ കൊണ്ടുപോയത്. അതാ ചെറിയ കട്ടിലിൽ നാരായണേട്ടൻ. "നാരായണേട്ടാ" ഞാനുറക്കെ വിളിച്ചു. നാരായണേട്ടൻ വിളികേട്ടു. ആരാണെന്നറിയാൻ സൂക്ഷിച്ചു നോക്കി. "രമ്യയോ?" നാരായണേട്ടൻ എന്നെ  തിരിച്ചറിഞ്ഞിരിക്കുന്നു. ഞാൻ ചിരിച്ചു. നാരായണേട്ടൻ വിശേഷങ്ങൾ ഓരോന്നായി പറഞ്ഞു തുടങ്ങി.

പണ്ട് കൃഷി ചെയ്തിരുന്ന തൊടിയെപ്പറ്റി ചോദിക്കാൻ നാരായണേട്ടൻ മറന്നില്ല. ആ തൊടിയാകെ ഇപ്പോൾ പാൽ ചുരത്തുന്ന റബ്ബർമരങ്ങളാണ്. അതു പറയുമ്പോൾ എന്റെ വാക്കുകളിൽനിന്ന് എന്തിനെന്നറിയാത സങ്കടം ചിതറിവീണു. ശേഷം തന്റെ ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ചും, സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും നാരായണേട്ടൻ പറഞ്ഞു തുടങ്ങി. "ഒരു ഗ്ലാസ് വെള്ളം പോലും ഒറ്റയ്ക്ക് എടുത്തു കുടിക്കാൻ വയ്യെനിക്ക് ഇപ്പോ. ഞാൻ എത്ര ആരോഗ്യമുള്ള മനുഷ്യനായിരുന്നു." നാരായണേട്ടൻ നെടുവീർപ്പിട്ടു. "മാസം നാലായിരം രൂപ വേണം മരുന്നിനുമാത്രം, മരുന്ന് കഴിച്ചു മടുത്തു. മരിച്ചു പോകുന്നുല്ല്യ. അല്ല നിനക്ക് ആസ്പത്രിയിലല്ലേ ജോലി. എന്നെ ഒന്നു കൊന്നു തന്നൂടെ. വേഗം അങ്ങ്ട് പോകാനുള്ള മരുന്നൊക്കെ നല്ല നിശ്ചയം ണ്ടാവൂലോ?" ആ ചോദ്യം എന്റെ ഹൃദയം തകർത്തെങ്കിലും ഞാൻ പുറത്തു കാട്ടിയില്ല.

പണ്ട് കൃഷിത്തോട്ടത്തിലിരുന്ന് കൃഷിയെക്കുറിച്ച് വാചാലനായിരുന്ന നാരായണേട്ടൻ വീട്ടിലെ ആർക്കും വേണ്ടാത്ത ചെറിയ മുറിയിലെ മൂലയിലേക്ക് തള്ളപ്പെട്ടിരിക്കുന്നു. "ഒന്നു കൊന്നു തരുമോ" എന്ന് യാചിക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തിനു വേണ്ടി കാത്തു നിൽക്കുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ നരകമെന്ന് പറയുന്നത് പരസഹായത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നതു തന്നെയാണ്. ഒരു വിധത്തിൽ നാരായണേട്ടനെ ആശ്വസിപ്പിച്ച് ആ വീടിന്റെ പടികളിറങ്ങുമ്പോൾ ആ വാക്കുകൾ എന്റെ ചെവിയിലിരുന്ന് വിങ്ങി. "രമ്യ.. ഇടയ്ക്ക് കാണാൻ വരണം. ആരും ഇപ്പോ കാണാനൊന്നും വരാറില്ല. മാസക്കണക്കായി ഞാൻ ഒരാളോടിങ്ങനെ തുറന്നു സംസാരിച്ചിട്ട്" ഞാൻ വേഗം വീട്ടിലേക്കു നടന്നു. ഉള്ളിലപ്പോൾ ദൃഢമായൊരു തീരുമാനവുമെടുത്തിരുന്നു. അടുത്ത പ്രാവശ്യവും ലീവിനു വന്നാൽ നാരായണേട്ടനെ സന്ദർശിക്കണം. കുറച്ചുനേരം ഇതുപോലെ നാരായണേട്ടനെ കേട്ടിരിക്കണം, ആശ്വസിപ്പിക്കണം. അതുതന്നെയല്ലേ നാരായണേട്ടന് എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സന്തോഷവും, ഗുരുദക്ഷിണയും.

English Summary:

Malayalam Short Story ' Ente Krishiyormakal ' Written by Remya Madathilthodi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT