'അച്ഛന് അപകടം പറ്റി, നാട്ടിലേക്ക് കൊണ്ടു വരാൻ അമ്മ ഈ പേപ്പറിൽ ഒന്നു ഒപ്പിടണം'; പൊള്ളുന്ന മനസ്സുമായി ആ മകൻ പറഞ്ഞു
ചേട്ടനെ വണ്ടിയിൽ നിന്നും ഇറക്കാൻ സഹായം വേണ്ടി വരുമല്ലോന്നു ഓർത്തു ഞാൻ അങ്ങോട്ട് നീങ്ങി നിന്നു. പുറകിലെ കതകു തുറന്നപ്പോ ഒരു പെട്ടിയിൽ, വെള്ളത്തുണി പുതച്ചു... സതീശൻ ‘അമ്മേ’ ന്നു വിളിച്ചപ്പോ എനിക്ക് എന്തൊക്കെയോ മനസിലായി.
ചേട്ടനെ വണ്ടിയിൽ നിന്നും ഇറക്കാൻ സഹായം വേണ്ടി വരുമല്ലോന്നു ഓർത്തു ഞാൻ അങ്ങോട്ട് നീങ്ങി നിന്നു. പുറകിലെ കതകു തുറന്നപ്പോ ഒരു പെട്ടിയിൽ, വെള്ളത്തുണി പുതച്ചു... സതീശൻ ‘അമ്മേ’ ന്നു വിളിച്ചപ്പോ എനിക്ക് എന്തൊക്കെയോ മനസിലായി.
ചേട്ടനെ വണ്ടിയിൽ നിന്നും ഇറക്കാൻ സഹായം വേണ്ടി വരുമല്ലോന്നു ഓർത്തു ഞാൻ അങ്ങോട്ട് നീങ്ങി നിന്നു. പുറകിലെ കതകു തുറന്നപ്പോ ഒരു പെട്ടിയിൽ, വെള്ളത്തുണി പുതച്ചു... സതീശൻ ‘അമ്മേ’ ന്നു വിളിച്ചപ്പോ എനിക്ക് എന്തൊക്കെയോ മനസിലായി.
ബാലകാണ്ഡം വായിച്ചു തീർത്തു ‘ശ്രീരാമ രാമ’ ജപിക്കുമ്പോഴാണ് നീണ്ട ഫോൺ ബെല്ലടി കേൾക്കുന്നത്. രാമായണം മടക്കി വെച്ച് എണീറ്റ് വന്നപ്പോഴേക്കും അത് നിന്നു. മീൻകാരി കൊണ്ട് വന്ന നെത്തോലി എടുത്തു കലത്തിലിട്ടു, അത് വെട്ടാൻ അടുക്കളപ്പുറത്തോട്ടു ഇറങ്ങാൻ തുടങ്ങുമ്പോളാരുന്നു അടുത്ത വിളി വന്നത്. കൈയ്യും കഴുകി മീൻകലം മൂടി വെച്ച്, കതകും ചാരിയിട്ടു ഫോൺ എടുക്കാനോടിയെത്തിയപ്പോഴേക്കും ബെൽ നിന്നു. ചേട്ടനായിരിക്കും എന്ന് വിചാരിച്ചു ഞാൻ ഫോണും കൂടെ എടുത്തോണ്ട് അടുക്കളയിലോട്ടു വന്നു. ഇന്നലെ രാത്രി വിളിച്ചില്ലല്ലോ. കൊറച്ചു നേരം നോക്കിയിട്ടും വിളിക്കുന്നില്ല. അങ്ങോട്ട് വിളിച്ചിട്ട് ബെല്ലടി കേക്കുന്നതുമില്ല. ജോലീടെ ഇടയിൽ വിളിക്കുന്ന പതിവില്ലാത്തതാ. ഹോട്ടലിൽ കേറിയെപ്പിന്നെ രാത്രി ആയാലേ ഇറങ്ങാനൊക്കൂ. ഇനിയിപ്പോ നാളെ വെള്ളിയാഴ്‌ച അവധി ആണല്ലോ. നാളെ വിളിക്കാമെന്ന് വിചാരിച്ചു കാണും, എന്നോർത്ത് ഞാൻ മീൻ വെട്ടാൻ എടുത്തു വെച്ചു.
ഒത്തിരി നേരം വെള്ളത്തിലിട്ടു വിറങ്ങലിച്ചാ പിന്നെ കൂട്ടാൻ കൊള്ളത്തില്ല. വെട്ടാൻ ഒന്നുമില്ല, നുള്ളിയെടുക്കാനെ പറ്റൂ. അത്രേം ചെറുതാ. എന്നാലും ഒള്ളത് പച്ചയാ. തേങ്ങയും അരച്ച് ഒരു പച്ചമാങ്ങയും കൂടെ ഇട്ടു വെച്ചാ പിന്നെ സതീഷിനു വേറെ കൂട്ടാൻ ഒന്നും വേണ്ട, അങ്ങേർക്കും അതങ്ങനെ തന്നാ. ഇന്നിപ്പോ സതീഷ് വൈകിട്ട് എറണാകുളത്തുന്നു വരുന്നോണ്ടാ മീൻ മേടിച്ചത്. അല്ലെങ്കി കർക്കടകത്തിൽ ഞാൻ മീൻ മേടിക്കത്തില്ല. ചേട്ടൻ വരുമ്പോ എന്നും മേടിക്കും. അവിടെ വായ്ക്കു രുചി ആയിട്ട് എന്തേലും കഴിക്കാൻ ഒക്കുവോ. ബാക്കി ഒള്ള മാങ്ങാ അരിഞ്ഞു ഉണക്കാൻ വെയിലത്ത് വെച്ചിട്ടുണ്ട്. അട മാങ്ങാ അച്ചാർ ചേട്ടന് വലിയ ഇഷ്ടവാ. സതീശന്റെ ഒരു കൂട്ടുകാരൻ ഈ മാസം അവസാനം മസ്ക്കറ്റിലോട്ട് പോവുന്നുണ്ട്. അവന്റെ കൈയ്യിൽ അച്ചാറു കൊടുത്തു വിടാവെന്നു ഞാൻ ചേട്ടനോട് പറഞ്ഞു. ഈ കൊല്ലം ഇത്രേം മാങ്ങാ പിടിച്ചിട്ട് ഒരിച്ചിരി എങ്കിലും രുചി അങ്ങേർക്കും അറിയണ്ടായോ. ചേട്ടനിപ്പോ ഹോട്ടൽ ജോലി ആയോണ്ട് അവസാനം കഴിക്കാൻ ഇരിക്കുമ്പോ വിശപ്പു തോന്നുന്നില്ലെന്നാ പറഞ്ഞെ. നെഞ്ചിനു എരിച്ചിലും വേദനയും ഒക്കെ ഇപ്പോ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട്. ഓണത്തിന് വരുമ്പോ കൈയ്യോടെ ഏതേലും ആശൂത്രീ കൊണ്ട് കാണിക്കണം. അല്ലാതെ അങ്ങേരു തനിയെ പോവത്തൊന്നുവില്ല.
കൂട്ടാൻ അടുപ്പിൽ കെടന്നു തിളക്കുമ്പോഴാരുന്നു അടുത്ത ഫോൺ വിളി. അത് പക്ഷെ ചേട്ടനല്ലാരുന്നു, രേഷ്മയാരുന്നു. അവക്കിപ്പോ മാസം നാലു കഴിഞ്ഞു. മൂന്നു മാസം വരെ ഛർദ്ദിയും ക്ഷീണവും തന്നെ ആരുന്നു. രണ്ടാഴ്ച ഇവിടെ നിന്നിട്ടു കഴിഞ്ഞ ഞായറാഴ്ചയാ വിശാഖ് വന്നു വിളിച്ചു കൊണ്ടു പോയത്. ടിവിയിൽ തലേന്നത്തെ സീരിയൽ കണ്ടോണ്ടു ചോറുണ്ണുമ്പോഴാരുന്നു അപ്പുറത്തെ ഹരി വന്ന് "ചേട്ടൻ ഇന്നലെ വിളിച്ചാരുന്നോ?" എന്ന് ചോദിച്ചെ. "ഇല്ലടാ, എന്തുവാ?" എന്ന് ചോദിച്ചപ്പോ അവൻ പറഞ്ഞു "വേറൊന്നുവല്ല, ചേട്ടൻ ആധാർ പുതുക്കുന്നെ കാര്യം പറഞ്ഞാരുന്നു, അതാ. സതീശൻ ഇന്നു വരുവോ?, അവന്റെ ഫോൺ നമ്പർ ഒന്ന് തന്നാട്ടെ". ഹരി പോയിക്കഴിഞ്ഞു, ഒന്ന് മയങ്ങി എണീറ്റിട്ടു ഒന്നൂടെ ചേട്ടനെ വിളിച്ചു നോക്കി. അല്ലേലും രേഷ്മേടെ കല്യാണം കഴിഞ്ഞു പോയേപ്പിന്നെ ചേട്ടൻ പണ്ടത്തെപ്പോലെ വിളി കൊറവാ. അവടെ കല്യാണം കോറോണേടെ ഇടക്കല്ലാരുന്നോ. ചേട്ടന്റെ കമ്പനി അന്ന് പൂട്ടിയൊണ്ട് ഒന്നരക്കൊല്ലം കഴിഞ്ഞിട്ടാ അങ്ങേരു തിരിച്ചു പോയത്. മുതലൊന്നും ഇല്ലെങ്കിലും ചേട്ടനും സതീശനും കല്യാണം കേമമായിട്ടു നടത്തണമെന്നാരുന്നു ആഗ്രഹം. സതീശനാണേൽ അന്ന് ജോലി തെരക്കി നടക്കുന്ന സമയമാരുന്നു.
ചേട്ടൻ ബാങ്കിലിട്ടിരുന്ന പൈസയും, എന്റെ ഭാഗം കിട്ടിയ 5 സെന്റ് വിറ്റതും എല്ലാം ചേർത്തിട്ടും മുപ്പതു പവൻ തികച്ചു മേടിക്കാൻ പറ്റിയില്ല. അങ്ങനത്തെ സ്വർണവിലയല്ലാരുന്നോ അന്ന്. ദൈവദോഷമാന്നറിയാം, എന്നാലും അന്നേരം കൊറോണ വന്നത് കാര്യമായെന്നു ഞാൻ ഓർത്തു പോയിട്ടുണ്ട്. സദ്യയുടേം കല്യാണ ബസിന്റെയും, തുണിയുടേം ഒക്കെ ചേർത്ത് ഒന്നൊന്നര ലക്ഷം രൂപ കൊറച്ചു ഉണ്ടാക്കിയാൽ മതിയാരുന്നു. ആളൊക്കെ ഗവൺമെന്റ് പറഞ്ഞ കണക്കിനേ വന്നുള്ളെങ്കിലും മൂന്നാം ദെവസം സതീശന് കൊറോണ വന്നു. അതിന്റ പിറകെ ഓരോരുത്തർക്കും. രേഷ്മക്കും ഭർത്താവിനും എനിക്കും. ഏറ്റവും ഒടുക്കം വന്നത് ചേട്ടനാരുന്നു. നെഞ്ച് കലങ്ങുന്ന ചുമയും, ദേഹം വേദനയും ഒക്കെ ആയിട്ട് രണ്ടാഴ്‌ച്ചയാ അങ്ങേരു കട്ടിലീന്ന് എണീക്കാതെ കിടന്നത്. അങ്ങേർക്കു അന്നത്തെ ചൊമയുടെ ബാക്കിയാന്നു തോന്നുന്നു ഇപ്പോളീ ഇടക്കിടക്ക് പറയുന്ന നെഞ്ച് വേദന. ചായ അനത്തിയ പാത്രം കഴുവിക്കൊണ്ടു നിക്കുമ്പോ ചേട്ടന്റെ പെങ്ങടെ മോൻ കിച്ചു വന്നു "സതീഷണ്ണൻ വഞ്ചിനാടിനാണോ മാമി വരുന്നെ?" എന്നു ചോദിച്ചു. അവന്റെ കൂടെ ഹരിയും ഉണ്ടാരുന്നു. "അറിഞ്ഞൂടാ, നീ വിളിച്ചു ചോദിക്ക്. എന്താടാ അവൻ വന്നിട്ട് ഉത്സവത്തിന് വല്ലോം പോവാൻ നിക്കുവാണോ?" എന്ന് ഞാൻ തിരിച്ചു ചോദിച്ചു. "ഒന്നുവില്ല മാമി"ന്നു പറയുമ്പോ അവന്റെ മുഖത്ത് ഒരു തെളിച്ചക്കുറവുണ്ടാരുന്നു. ആഹ് എന്തേലും ആവട്ട്.
സതീഷിന്റെ ബൈക്കിന്റെ ശബ്ദം കേക്കുമ്പോ ഞാൻ അയോധ്യകാണ്ഡത്തിന്റെ പകുതിയെത്തിയിരുന്നു. അവൻ ബാഗു വെച്ചിട്ടു "ഇപ്പോ വരാം" എന്ന് പറഞ്ഞു ഹരിയുടെ കൂടെപോയി. രാത്രിയിൽ ചോറ് വെളമ്പുമ്പോ അവൻ പറഞ്ഞു "അമ്മെ അച്ഛൻ അവിടെ ഒരു ആശുപത്രിയിലാ". കേട്ടതും എന്റെ അടിവയറ്റിൽ തീയാളിയത് പോലെ ആധി കേറി. "എന്റെ മഹാദേവാ, അതാണോ രണ്ടു ദിവസമായിട്ടു വിളീം പറച്ചിലും ഒന്നും ഇല്ലാത്തെ. എടാ നെഞ്ചു വേദന ആണോ, നീയൊന്നു തെളിച്ചു പറ, ഫോൺ എടുക്കാൻ പറ്റാത്ത അത്രേം വയ്യായ്ക ആണോ, മക്കളെ നീ വിളിച്ചു പറയെടാ ഇങ്ങോട്ടു കൊണ്ട് വരാൻ ആരെങ്കിലും അറിയാവുന്നവർ ഉണ്ടേൽ ". ഞാൻ പറഞ്ഞു. "ഞാൻ നോക്കുന്നുണ്ട്. അമ്മ സമാധാനപ്പെട്”. അവൻ ചോറും കൂട്ടാനും മുക്കാലും പാത്രത്തിൽ വെച്ച് എണീറ്റ് പോയി. രാത്രി കിടന്നിട്ടു ഉറക്കം വന്നില്ലാരുന്നു. അതിരാവിലെ കുളിച്ചിട്ട് രാമായണം വായിക്കാൻ ഇരുന്നു. അയോധ്യകാണ്ഡം തീർന്നു ആരണ്യകാണ്ഡം എത്തിയപ്പോളാണ് സതീശന്റെ കൂട്ടുകാർ രണ്ടു പേര് വന്നു അവനെ തിരക്കിയത്. അവൻ മുറിയിൽ നിന്നും വന്നു എംബസിയിൽ ജോലി ചെയ്യുന്ന ആരെയോ കാണാൻ തിരുവനന്തപുരത്തു പോകുവാണെന്നു പറഞ്ഞു പെട്ടെന്ന് ഇറങ്ങി. അവന്റെ മുഖം ആകെ വിളറിയിരിക്കുവാരുന്നു. ഒരു സമാധാനത്തിനു രേഷ്മയെ വിളിക്കാം എന്നു കരുതി ഫോണെടുത്തപ്പോഴാ ഓർത്തത് ഇന്നാണല്ലോ അവളുടെ സ്കാനിംഗ് എന്ന്. അവൾ സമാധാനമായിട്ടു പോയിട്ട് വരട്ടെ.
പിറ്റേന്ന് രാവിലെ ആരണ്യകാണ്ഡത്തിന്റെ അവസാനത്തെ പേജ് കഴിഞ്ഞപ്പോ സതീശൻ കേറി വന്നു. ക്ഷീണിച്ചും, ഉറക്കമിളച്ചും അവന്റെ മുഖം വല്ലാതായിരുന്നു. അവൻ പറഞ്ഞു. "അമ്മെ, അച്ഛന്റെ വിസ ഒമാനിലെയാ. പക്ഷേ അച്ഛൻ ജോലി ചെയ്തിരുന്ന ഹോട്ടൽ അബുദാബിയിലാ. അത് കൊണ്ട് ഹോസ്പിറ്റലീന്ന് വിടണമെങ്കിൽ നമ്മൾ വേറെ കൊറച്ചു പേപ്പർ ഒക്കെ ശരിയാക്കണം. ഞാൻ അതിന്റെ ഒക്കെ കാര്യത്തിന് പോയിരുന്നയാ." അവന് ഉടനെ ഒരു ഫോൺ വന്നു. അവൻ അതെടുത്തിട്ട് അപ്പുറത്തേക്ക് പോയി. എംബസ്സിയുടേം മന്ത്രിയുടേം ഒക്കെ കാര്യം അവൻ പറയുന്നുണ്ടാർന്നു. കൊറച്ചു കഴിഞ്ഞു ഹരിയുടെ കൂടെ അവൻ പിന്നെയും പുറത്തോട്ടു പോയി. ഇന്നിപ്പോ ദിവസം ആറ് കഴിഞ്ഞു. അവിടൊള്ള നാട്ടുകാരും കൂട്ടുകാരും വഴി വിവരങ്ങളൊക്കെ തിരക്കുന്നുണ്ടെന്നാ സതീശൻ പറയുന്നെ. പേടിക്കാനൊന്നുമില്ലെന്നും പേപ്പർ ഉടനെ റെഡി ആക്കാമെന്നു മന്ത്രിയുടെ ഓഫീസിൽ ജോലി ഉള്ള പരിചയക്കാരൻ പറഞ്ഞെന്നും അവൻ പറഞ്ഞു. ഇങ്ങനെ ഒരു പ്രശ്നം ഉള്ളത് കൊണ്ടാ ചേട്ടനെ ഫോൺ വിളിക്കാൻ പറ്റാത്തതെന്നും. ചേട്ടൻ ജോലി ചെയ്തോണ്ടിരുന്നത് നിയമപരമായി വിസ ഇല്ലാത്ത സ്ഥലത്താരുന്നെന്ന്.
അതൊന്നും എനിക്ക് ഇത് വരെ അറിഞ്ഞൂടായിരുന്നു. അങ്ങേരാണേൽ എല്ലാം ഒന്നും വിളിച്ചു പറയത്തും ഇല്ല. ഞാനാണേൽ ഒരു പ്ലാവില വീണാൽ അത് വരെ വിളിച്ചു പറയുന്ന ആളാ. എന്തായാലും എത്രേം പെട്ടെന്ന് ആളെ ഒന്ന് തിരിച്ചു കൊണ്ട് വരാൻ പറ്റിയാൽ മതിയാരുന്നു. ഒന്ന് വന്നു കിട്ടിയാൽ പിന്നെ ഇവിടെ ഏതേലും ആശുപത്രിയിൽ പോവാലോ. നെഞ്ചുവേദനയായിട്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയതെന്നാ സതീശൻ പറഞ്ഞെ. തിരുവന്തപുരത്തോ ആലപ്പുഴയോ മെഡിക്കൽ കോളജിൽ നല്ല ഡോക്ടർമാര് കാണും. ഇനി അങ്ങേരെ തിരിച്ചു വിടത്തില്ലെന്നു ഞാൻ കട്ടായം പറയും. സതീശന്റെ പേര് കോൺസ്റ്റബിളിന്റെ ലിസ്റ്റിൽ ഉണ്ട്. ആ ലിസ്റ്റ് ഇപ്പോ കോടതിയിൽ കേസ് നടക്കുവാ. എന്നാലും ഒരാറ് മാസത്തിനുള്ളിൽ തീർപ്പാവുമെന്നാ പറയുന്നെ. അവൻ ഒരു സ്ഥിര ജോലിക്കു കേറിയ പിന്നെ ചേട്ടനു സ്വസ്ഥമായിട്ടു ഇരിക്കാലോ. രേഷ്‌മേടെ പ്രസവമൊക്കെ അങ്ങ് നടക്കും. ഇപ്പോ ഭർത്താക്കന്മാരാ ചെലവൊക്കെ നോക്കുന്നേന്നാ ചേച്ചീടെ മോൾ പറഞ്ഞത്. രാത്രിയിൽ കെടക്കുന്നെന്നല്ലാതെ ഒറക്കം കിട്ടിയിട്ട് കൊറേ ദിവസം ആയി. ചേട്ടന്റെ അടുത്ത് ആരും ഇല്ലാതെ അങ്ങേരു ആശുപത്രിയിൽ കെടക്കുന്ന കാര്യം ഓർത്താ പിന്നെ തിരിഞ്ഞും മറിഞ്ഞും കെടക്കുന്നതല്ലാതെ ഉറങ്ങാൻ പറ്റത്തേയില്ല.
നെഞ്ചിലെ ആധി ഒന്ന് കുറയുമെന്നോർത്താണ് നേരം വെളുത്തപ്പോൾ തന്നെ രാമായണം എടുത്തു തുറന്നു വായിക്കാൻ തുടങ്ങിയത്. ഭഗവാന്റെ കഥയല്ല്യോ! വെഷമങ്ങൾ ഒക്കെ ഭഗവാന്റെ അടുത്തല്ലാതെ വേറെ ആരുടെ അടുത്തു പറയാനാ! സതീശനോട് എന്തായെന്ന് ചോദിക്കാൻ പേടിയാണ്. അവനാകെ പ്രാന്ത് പിടിച്ചത് പോലെയാണ് നടത്തം. പേപ്പർ ഒക്കെ ശരിയാക്കാൻ അവൻ ദിവസവും ഒരുപാടു വിളിക്കുവേം കാണാൻ പോകുവേം ഒക്കെ ചെയ്യുന്നുണ്ട്. എല്ലാത്തിനും ഒത്തിരി നൂലാമാലയും താമസവും ഒക്കെ എടുക്കുന്നോണ്ട് അവനു ദേഷ്യവും വിഷമവും ഒക്കെ ഉണ്ട്. എല്ലാത്തിനും ഓടുന്നത് അവനല്ല്യോ. മിണ്ടാട്ടവും ഇല്ല ഇപ്പൊ. ഇന്നിപ്പോ പതിമൂന്നാമത്തെ ദിവസം ആയി, പേപ്പർ എല്ലാം ശരിയായെന്നും ചേട്ടനെ ഇന്നോ നാളെയോ കൊണ്ട് വരാൻ പറ്റുവെന്നും ഇന്നലെ കിടക്കാൻ നേരം സതീശൻ പറഞ്ഞപ്പോ കൊറച്ചു സമാധാനം ആയി. പത്തു പതിമൂന്നു ദിവസം കൂടി നല്ല പോലെ ഒന്നുറങ്ങിയത് കൊണ്ടാരിക്കും രാവിലെ എണീച്ചപ്പോ താമസിച്ചു പോയി. പുട്ടുണ്ടാക്കിയപ്പോ ഒരു കുറ്റി അധികം ഉണ്ടാക്കി വെച്ചു. ചേട്ടന് പുട്ടും കടലയും വലിയ ഇഷ്ടവാ. ഇന്ന് വരുവാണേൽ കഴിക്കാലോ. ചോറും കൂട്ടാനും എല്ലാം വെച്ച് വെച്ചിട്ടു പോയി കുളിച്ചു.
പൊറത്തു ഏതോ ഒരു വലിയ വണ്ടി വന്ന ശബ്ദം കേക്കുമ്പോ ഞാനാണേൽ ‘ബാലിവധം’ കഴിഞ്ഞു ‘താരാവിലാപം’ വായിക്കാൻ തുടങ്ങുവാരുന്നു. കതകു തുറന്നപ്പോ അയലത്തുകാർ ഒന്ന് രണ്ടു പേരൊക്കെ നിപ്പുണ്ട്. ചേട്ടനെ വണ്ടിയിൽ നിന്നും ഇറക്കാൻ സഹായം വേണ്ടി വരുമല്ലോന്നു ഓർത്തു ഞാൻ അങ്ങോട്ട് നീങ്ങി നിന്നു. പുറകിലെ കതകു തുറന്നപ്പോ ഒരു പെട്ടിയിൽ, വെള്ളത്തുണി പുതച്ചു... സതീശൻ ‘അമ്മേ’ ന്നു വിളിച്ചപ്പോ എനിക്ക് എന്തൊക്കെയോ മനസിലായി. പക്ഷെ കാഴ്ച്ചയിൽ ആകെ വെള്ള തുണികൾ മാത്രം, കണ്ണിന്റെ മുന്നിൽ നിന്ന് ഇളകുന്ന പോലെ. വടക്കേലെ സുധ എന്നെ മുറുകെ പിടിക്കുന്നത് എനിക്കറിയാം. അടിവയറ്റിൽ നിന്നും ആർത്തു വന്ന തീയും ഭാരവും എന്റെ നെഞ്ചത്തു വന്നു തറഞ്ഞിരുന്നു. ചേട്ടന്റെ മുഖം കാണുന്നേനു മുന്നേ എന്റെ കാഴ്ച മറഞ്ഞു. പക്ഷെ മറയാത്ത ബോധവും കേൾവിയും കൊണ്ട് ഞാൻ അത് കേട്ടു, "പത്തു പതിനാലു ദിവസമായിട്ടു മരവിപ്പിച്ചു വെച്ചേക്കുന്നയല്ല്യോ, തീ കത്താൻ പാടാരിക്കും. അത് കൊണ്ട് മാവിന്റെ ഉണക്കക്കമ്പു തന്നെ നോക്കി വെട്ടിയാ മതി".
തെക്കെപ്പുറത്തു വെട്ടിയിട്ട മാങ്കൊമ്പുകളിലൊന്നു, വീട്ടിന്റെ പുറകിൽ മാങ്ങ ഉണക്കി വെച്ചിരുന്ന മൺകലത്തിൽ വീണു പൊട്ടി. അനുമതിയില്ലാത്ത മണ്ണിൽ പതിനാലു ദിവസങ്ങളിൽ ഉറഞ്ഞു പോയ ശരീരം, എല്ലാ അനുമതിയും മേടിച്ചു പണിത വീടിന്റെ ഇറയത്തു, അടുത്ത വരവിലെങ്കിലും ചെത്തി തേക്കണം എന്ന് എപ്പോളും വിചാരിക്കുന്ന, ഇഷ്ടിക മുഴച്ചു നിക്കുന്ന ഭിത്തിയിലേക്കു നോക്കി, അഭിമാനം വീണ്ടെടുത്ത് കിടന്നു. ഞാനപ്പോൾ നിവർത്തി വെച്ച രാമായണത്തിൽ മരണകാണ്ഡം വായിക്കുവാരുന്നു. ശ്രീരാമ രാമ രാമ, ശ്രീരാമ ചന്ദ്ര ജയ!