ഇന്നലെ രാത്രി ആരാണ് അടുത്ത് വന്നത്? നാൽപത്തിയഞ്ച് വർഷത്തെ ശീലം മുടങ്ങിയപ്പോൾ കാണാൻ വന്നതാണോ?
കേസിനു വേണ്ട പ്രമാണങ്ങളുമായി വേഗം തന്നെ ഈച്ചരൻ കുട്ടി മാഷ് കാറിൽ കേറി. യാത്ര മുഴുവനും കിരാതം കഥകളിയിലെ കാട്ടാളസ്ത്രീയുടെ പദങ്ങൾ മാത്രമായിരുന്നു മനസ്സിൽ. ഇരുട്ടിത്തുടങ്ങിയ ശേഷമാണ് എറണാകുളത്തെത്തിയത്. അവിടെ രാത്രി താമസത്തിനു ഗസ്റ്റ് ഹൗസ് ഉണ്ട്.
കേസിനു വേണ്ട പ്രമാണങ്ങളുമായി വേഗം തന്നെ ഈച്ചരൻ കുട്ടി മാഷ് കാറിൽ കേറി. യാത്ര മുഴുവനും കിരാതം കഥകളിയിലെ കാട്ടാളസ്ത്രീയുടെ പദങ്ങൾ മാത്രമായിരുന്നു മനസ്സിൽ. ഇരുട്ടിത്തുടങ്ങിയ ശേഷമാണ് എറണാകുളത്തെത്തിയത്. അവിടെ രാത്രി താമസത്തിനു ഗസ്റ്റ് ഹൗസ് ഉണ്ട്.
കേസിനു വേണ്ട പ്രമാണങ്ങളുമായി വേഗം തന്നെ ഈച്ചരൻ കുട്ടി മാഷ് കാറിൽ കേറി. യാത്ര മുഴുവനും കിരാതം കഥകളിയിലെ കാട്ടാളസ്ത്രീയുടെ പദങ്ങൾ മാത്രമായിരുന്നു മനസ്സിൽ. ഇരുട്ടിത്തുടങ്ങിയ ശേഷമാണ് എറണാകുളത്തെത്തിയത്. അവിടെ രാത്രി താമസത്തിനു ഗസ്റ്റ് ഹൗസ് ഉണ്ട്.
ഈച്ചരൻ കുട്ടി മാഷ് വീണ്ടും വാച്ചിൽ നോക്കി, ഇത് ഏഴാമത്തെ തവണയാണ് വാച്ചിൽ നോക്കുന്നത്. സമയം 02.50 ആയിട്ടേയുള്ളു. ഒരു മണിക്കൂർ പെർമിഷൻ എഴുതി വെച്ചിട്ടുണ്ട്, അതനുസരിച്ചു 03.30 മാത്രമേ പോകാൻ പറ്റുള്ളൂ. പെർമിഷൻ എഴുതി കൊടുത്തപ്പോൾ ഹെഡ് മാസ്റ്റർ ചിരിച്ചുകൊണ്ട് ചോദിച്ചു: കഥകളി കാണാനാണല്ലേ! ചിരിച്ചു കൊണ്ട് അതെയെന്ന് തലയാട്ടി. തിരിച്ചു കസേരയിൽ വന്നിരുന്നു മാഷ് ആലോചിച്ചു: കോഴിക്കോട് ജോലി നോക്കുന്ന താൻ ഇത് നാൽപത്തഞ്ചാമത്തെ വർഷമാണ് നാട്ടിൽ കഥകളി കാണാൻ പോകുന്നത്. പാലക്കാടു സ്വദേശിയായ മാഷ്, മുടങ്ങാതെ എല്ലാ കൊല്ലവും നാട്ടിൽ കഥകളി കാണാൻ പോകാറുണ്ട്. നാട്ടിലെ പാടത്തുകാവിൽ പത്തു ദിവസമാണ് ഉത്സവം. ആദ്യ ദിവസം കൊടിയേറി, രണ്ടാം ദിവസം ചാക്യാർകൂത്ത്, പിന്നെ ഏഴു ദിവസം കഥകളി, ഒടുവിൽ ദിവസം ഉത്സവത്തിന്റെ കൊടിയിറക്കം. സ്വദേശത്തും, പുറത്തു നിന്നും ധാരാളം ആളുകൾ ഉത്സവത്തിനെത്താറുണ്ട്. കോട്ടക്കൽ നാട്യ സംഘത്തിന്റേതാണ് കഥകളി. നല്ല തഴക്കവും വഴക്കവും ഉള്ള കഥകളി സംഘമാണ്. നാദത്തിന്റെയും വാദ്യത്തിന്റെയും നാട്യത്തിന്റെയും സമ്മിശ്ര തരംഗമൊരുക്കുന്നതിൽ കോട്ടക്കൽ നാട്യ സംഘത്തിന്റെ കഴിവ് അപാരം തന്നെ.
സാധാരണ ദിവസം രണ്ടോ, മൂന്നോ കഥകൾ ആടാറുണ്ട്. പക്ഷേ ഒന്നുണ്ട്: അവസാനദിവസം കളിയുടെ ഒടുവിലത്തെ ആട്ടം കിരാതം കഥകളിയാണ്. ബ്രഹ്മമൂർത്തം കഴിയുന്നതിനു മുന്നേ കിരാതം കളി തുടങ്ങുകയാണ് പതിവ്. അർജുനന്റെ വനവാസകാലത്തു അദ്ദേഹം ശിവനെ തപസ്സു ചെയ്യുകയും കാട്ടാളവേഷധാരിയായി വേഷം മാറി വന്ന പരമേശ്വരൻ വിനോദാർദ്ധം അർജുനനുമായി ലഹളക്കൊരുങ്ങി, ഒടുവിൽ പാശുപതം എന്ന അസ്ത്രത്തെ നൽകുന്നതാണ് കഥ. കാട്ടാളനും, കുട്ടികാട്ടാളന്മാരും പ്രേക്ഷരിടയിലൂടെ ഓടി നടന്നും ബഹളമുണ്ടാക്കിയും കാണികളെ ഉറക്കച്ചടവിൽ നിന്നും ഉണർത്തുന്നു. അർജുനനും കാട്ടാളനും തമ്മിൽ യുദ്ധമുണ്ടാകുമ്പോൾ കാട്ടാളസ്ത്രീയായി വേഷം മാറി വന്ന ശ്രീപാർവ്വതിദേവി രണ്ടുപേരോടും സമവായതിനായി ശ്രമിക്കുന്നതും മറ്റും കഥകളി നടൻമാർ ഭംഗ്യന്തരേണ ആടാറുണ്ട്. പാടത്തുകാവിൽ ഭഗവതിയാണ് പ്രതിഷ്ഠ. ഭഗവതിക്ക് കിരാതം കളി വളരെ ഇഷ്ടമാണത്രെ. കളി നടക്കുമ്പോൾ, ശ്രീകോവിലിനുള്ളിൽ നിന്ന് ഭഗവതി ഇറങ്ങി വരുമെന്നും കളി ആസ്വദിക്കാറുണ്ടെന്നും ഭക്തർ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ്, കാവിൽ എല്ലാവർഷവും കിരാതം കളി മുടങ്ങാതെ നടത്തുന്നത്.
കുട്ടിക്കാലത്തു, ചിന്നമ്മു വലിയമ്മയുടെ കൂടെയാണ് ഈച്ചരൻ കുട്ടി മാഷ് കഥകളി കാണാൻ പോയിരുന്നത്. വലിയമ്മ പറഞ്ഞു തന്ന പുരാണ കഥകളിലെ നായകന്മാർ തന്റെ മുമ്പിൽ വേഷങ്ങളായി വന്നപ്പോൾ ആശ്ചര്യവും അവിശ്വസനീയതയും മാഷിന്റെ ഉള്ളിൽ നിറഞ്ഞു. പിന്നീട്, എല്ലാവർഷവും കഥകളി കാണുന്നത് മാഷിന്റെ പതിവായി. ജോലി കിട്ടി കോഴിക്കോട് വന്നതിനു ശേഷവും എല്ലാ കളികളും കണ്ടില്ലെങ്കിലും കിരാതം കളി നിർബന്ധമായി മാഷ് കണ്ടിരുന്നു. കാലം കടക്കവേ, കിരാതത്തിലെ കാട്ടാളസ്ത്രീയോട് ഒരു പ്രത്യേക ഭക്തിയോ അതോ മമതയോ മാഷിന് തോന്നാൻ തുടങ്ങി. ലോകമാതാവ്, ഒരു വേടനാരിയായി വന്നു, അർജുനന്റെ പരിഹാസവാക്കുകളെ അവഗണിച്ചു പുത്രവാത്സല്യം ചൊരിയുമ്പോൾ ഭക്തിയോടെ നോക്കിയിരുന്നു മാഷ്.
കിരാതം കളിയുടെ അവസാന ഭാഗത്ത്, അർജുനൻ സത്യം തിരിച്ചറിഞ്ഞു, ദേവിയോട് മാപ്പപേക്ഷിക്കുമ്പോൾ കാട്ടാളസ്ത്രീയുടെ മുഖത്തു പ്രകടമാകുന്ന സ്നേഹവാത്സല്യങ്ങൾ മാഷിനെ ഭക്തിയുടെ ഉദാത്തതലങ്ങളിലേക്കു ഉയർത്തിയിട്ടുണ്ട്. അർജുനന്റെ അപേക്ഷ മാഷിന്റെ ഉള്ളിൽ ഭക്തിരസം അലയടിപ്പിക്കാൻ തുടങ്ങിയതിങ്ങനെ: ഹിമഗിരി സുതയെന്നും ഞാനറിഞ്ഞീലാ ദേവി..." എന്ന് അർജുനൻ കേഴുമ്പോൾ മാതൃവാത്സല്യത്തോടെ വേടനാരി അനുഗ്രഹിക്കുന്നത് തന്നെയാണെന്ന് പലപ്പോഴും മാഷിന് തോന്നിയിട്ടുണ്ട്. തിരശീലക്കകത്തേക്കു ദേവി മറയുമ്പോൾ ഒരു ചെറിയ വിഷാദം മാഷിന്റെ ഉള്ളിൽ വരുമായിരുന്നു. എങ്കിലും, അടുത്ത വർഷം വീണ്ടും കാണാമല്ലോ എന്ന സന്തോഷത്തോടെ മാഷ് കഥകളി പറമ്പിൽ നിന്ന് നടന്നു പോകും. പിന്നെ ക്ഷേത്രക്കുളത്തിൽ കുളിച്ചു ദേവിയെ തൊഴുതിട്ടേ വീട്ടിലെത്തൂ. തൊഴുതു നിൽക്കുമ്പോൾ, മുമ്പിലുള്ള ദേവി വിഗ്രഹം കാട്ടാളസ്ത്രീയായി മാറുന്നതുപോലെ മാഷിന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇതിപ്പോൾ, നാൽപത്തഞ്ചാമത്തെ വർഷമാണ് മാഷ് കളിക്കു പോകുന്നത്. കോഴിക്കോട് നിന്ന് അഞ്ചു മണിക്കുള്ള ട്രെയിനിൽ കേറിയാൽ, രാത്രി എട്ടുമണിക്ക് പാലക്കാട് സ്റ്റേഷനിൽ എത്താം. നാട്ടിലെ പ്രദീപിന്റെ ഓട്ടോ പറഞ്ഞിട്ടുണ്ട്, ഏകദേശം ഒരു മണിക്കൂറിൽ വീടെത്താം. ഊണ് കഴിഞ്ഞു ഇറങ്ങിയാൽ, രാവിലെയേ തിരിച്ചു വരൂ. നാളെ ലീവ് ആക്കാം. ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് പ്യൂൺ കുട്ടൻ വന്നു വിളിച്ചത്: "മാഷെ, ഹെഡ്മാസ്റ്റർ വിളിക്കുന്നു". എന്താണിപ്പോൾ വിളിക്കാനെന്നു ചിന്തിച്ചു മാഷ് വേഗം ഹെഡ്മാഷിന്റെ റൂമിലെത്തി. "അതേയ്, ഒരു അത്യാവശ്യ കാര്യം ഉണ്ട്, മാനേജർ വിളിച്ചിരുന്നു. നമ്മുടെ സ്കൂളിന്റെ കേസ് നാളെക്കാണ്, കേസിന്റെ ചില പ്രധാന രേഖകൾ ഇന്ന് തന്നെ എറണാകുളത്തു എത്തിക്കണം". അപ്പോഴാണ് മാഷ് അതോർത്തത്, കോഴിക്കോട്ടെ സ്കൂളിന്റെ സ്ഥലത്തിൽ ചില കോടതി വ്യവഹാരങ്ങൾ ഉണ്ട്, അത് കഴിഞ്ഞ പത്തു വർഷമായി താനാണ് ഫയലുകൾ സൂക്ഷിക്കുന്നത്. അപ്പോൾ കഥകളി?
ഹെഡ്മാസ്റ്റർ തുടർന്നു: ടാക്സി റെഡി ആണ്, മാഷ് ഇപ്പൊ തന്നെ എറണാകുളത്തെത്തി രേഖകൾ മാനേജരെ ഏൽപ്പിക്കണം. കൂടാതെ, നാളെ വക്കീലിനെ കാണുകയും അദ്ദേഹത്തിന് വല്ല സംശയവും ഉണ്ടെങ്കിൽ ബന്ധപ്പെട്ട കടലാസുകൾ കൊടുക്കുകയും വേണം. അത് കഴിഞ്ഞാൽ അപ്പൊ തന്നെ തിരിക്കാം. താമസത്തിനു സ്കൂളിന്റെ ഗസ്റ്റ് ഹൗസ് ഏർപ്പാടാക്കിയിട്ടുണ്ട്." ഈച്ചരൻ കുട്ടി മാഷ് സ്തബ്ധനായി. ഓർമവെച്ചനാൾ മുതൽ പാടത്തുകാവിലെ കിരാതം കഥകളി കാണാതെ ഇരുന്നിട്ടില്ല. വെറും വേഷം എന്ന് പലർക്കും തോന്നാമെങ്കിലും, കിരാതത്തിലെ കാട്ടാളസ്ത്രീ വേഷത്തെ മാഷ് സാക്ഷാൽ പരാശക്തിയായിട്ടാണ് കണ്ടിരുന്നത്. മുൻ നിരയിലിരുന്നു കളി കാണുമ്പോൾ കാട്ടാളസ്ത്രീവേഷധാരിയുടെ കരുണയുള്ള കണ്ണുകൾ തന്നിൽ വന്നു ഉടക്കി നിൽക്കുന്നതായി തോന്നിയിട്ടുണ്ട്.
മാനേജർ ക്ഷിപ്രകോപിയാണെന്നു അറിയാം. അതുകൊണ്ടു പോവാതിരിക്കാൻ വയ്യ. മാത്രമല്ല, കോടതി വ്യവഹാരത്തിനു താൻ തന്നെ വേണമെന്ന് മാനേജർക്കു നിർബന്ധമുണ്ട് താനും. മനസ് വിങ്ങുന്നതായി മാഷിന് തോന്നി. "വേഗം ഇറങ്ങിക്കോളൂ" ഹെഡ് മാഷാണ്. കേസിനു വേണ്ട പ്രമാണങ്ങളുമായി വേഗം തന്നെ ഈച്ചരൻ കുട്ടി മാഷ് കാറിൽ കേറി. യാത്ര മുഴുവനും കിരാതം കഥകളിയിലെ കാട്ടാളസ്ത്രീയുടെ പദങ്ങൾ മാത്രമായിരുന്നു മനസ്സിൽ. ഇരുട്ടിത്തുടങ്ങിയ ശേഷമാണ് എറണാകുളത്തെത്തിയത്. അവിടെ രാത്രി താമസത്തിനു ഗസ്റ്റ് ഹൗസ് ഉണ്ട്. അത്താഴം കഴിഞ്ഞു മുറിയിലെത്തിയപ്പോൾ നല്ല ചൂട്. പണ്ട് അമ്മൂമ്മ പറയും "ശിവരാത്രി കഴിഞ്ഞാൽ ശിവ ശിവ" എന്ന്. ഇപ്പോൾ ശിവരാത്രിക്ക് മുൻപേ ചൂട് ആണ്. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു; ഒട്ടും ഉറക്കം വരുന്നില്ല തന്നെ.
നേരം പുലർച്ചെ ആയപ്പോൾ മാഷ് വെളിയിൽ ചാരുകസേരയിൽ വന്നിരുന്നു. നല്ല കാറ്റുണ്ട്. കുളിരിൽ മാഷ് ഒന്ന് മയങ്ങി. ഒരു കരസ്പർശം തട്ടിയപ്പോളാണ് കണ്ണ് തുറന്നത്. മാഷിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. തൊട്ടു മുന്നിൽ കാട്ടാളസ്ത്രീ! കൂടുതൽ അഴകും തേജസ്സും തോന്നി. കണ്ണുകളിൽ അതെ സ്നേഹവാൽസല്യങ്ങൾ തെളിഞ്ഞുണ്ട്. വീണാനാദത്തെ വെല്ലുന്ന ശബ്ദത്തോടെ വേടനാരി മൊഴിഞ്ഞു: "മാഷിന് കഥകളി പറമ്പിലേക്ക് വരാൻ പറ്റിയില്ല അല്ലെ? അതുകൊണ്ടു ഞാൻ മാഷിനെ കാണാൻ വന്നു." മാഷ് സ്തബ്ധനായി നോക്കി നിൽക്കവേ, കാൽചിലമ്പിന്റെ ഒച്ചയോടെ കാട്ടാളസ്ത്രീ തിരിഞ്ഞു നടന്നു ഇരുളിൽ മറഞ്ഞു.
"മാഷെ.. മാഷെ..." ശബ്ദത്തിലുള്ള വിളി കേട്ടാണ് ഈച്ചരൻ കുട്ടി മാഷ് കണ്ണ് തുറന്നത്. പാചകക്കാരനാണ് വിളിക്കുന്നത്. മാഷ് വേഗം കണ്ണ് തുറന്നു നോക്കി, നേരം ഏഴു മണി കഴിഞ്ഞിരിക്കുന്നു. പാചകക്കാരൻ തുടർന്നു: "ഞാൻ ചായയും കൊണ്ട് വന്നതാണ്.. മാഷിനെ മുറിയിൽ കാണാഞ്ഞപ്പോൾ തിരഞ്ഞു, ഇവിടെയെത്തി. രാത്രി ചാരുകസേരയിലാണോ ഉറങ്ങിയത്?" മാഷ് ഒന്നും പറഞ്ഞില്ല. പാചകക്കാരൻ ചായ മാഷിന്റെ അടുത്ത് വെച്ചിട്ടു പോയി. മാഷ് വീണ്ടും വീണ്ടും സ്വയം ചോദിച്ചു: ഇന്നലെ രാത്രി ആരാണ് തന്റെ അടുത്ത് വന്നത്?