മഞ്ജുവിനെ ആമിയാക്കാൻ ശ്രമിച്ചിട്ടില്ല: പട്ടണം റഷീദ്

മഞ്ജുവാര്യരെ നായികയാക്കി സംവിധായകൻ കമൽ ഒരുക്കുന്ന ആമിയുടെ ഫ്സ്റ്റലുക്ക് സോഷ്യൽമീഡിയയിലെ ചർച്ചാവഷയമായി മാറിയിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട കഥകാരി മാധവിക്കുട്ടിയായി മഞ്ജുവിന്റെ വേഷപകർച്ച നല്ലതാണെന്നും മോശമാണെന്നുമുള്ള അഭിപ്രായങ്ങളാണ് പ്രചരിക്കുന്നത്. മഞ്ജുവിന്റെ ആമി മുഖത്തെക്കുറിച്ച് സിനിമയുടെ മേക്കപ്പ് മാൻ പട്ടണം റഷീദ് മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

മഞ്ജുവിന്റെ പുതിയമുഖത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കേട്ടിരുന്നോ?

കേട്ടിരുന്നു. മഞ്ജുവിനെ ആമിയാക്കാനുള്ള ശ്രമമല്ല നടത്തിയത്. പ്രേക്ഷകർക്കത് മഞ്ജുവാര്യരാണെന്ന് അറിയാം. അതുകൊണ്ട് മാധവിക്കുട്ടിയുടെ കാർബൺകോപ്പിയാക്കാൻ സാധിക്കില്ല. മേക്കപ്പിന്റെ അതിഭാവുകത്വങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിച്ചിരുന്നു. മാധവിക്കുട്ടിയെ അതുപോലെ തന്നെ പകർത്താൻ ശ്രമിച്ചാൽ മോശമാകും, മേക്കപ്പിന്റെ അതിപ്രസരമുണ്ടാകും. അതുകൊണ്ട് മഞ്ജുവിന്റെ സ്വാഭാവികമായ ലുക്കിൽ അൽപ്പസ്വൽപ്പം മാറ്റങ്ങൾ വരുത്തി കഥാപാത്രത്തിനാവശ്യമായ രൂപത്തിലേക്ക് മാറ്റുകയായിരുന്നു. അല്ലാതെ പൂർണ്ണമായും അതുപോലെ ആക്കാൻ ശ്രമിച്ചിട്ടില്ല. കമലുമായി ഇക്കാര്യം നേരത്തെ തന്നെ സംസാരിച്ചിരുന്നു. അദ്ദേഹവും അതിനെ അനുകൂലിച്ചു

വിദ്യാബാലന് മാധവിക്കുട്ടിയുമായി മുഖസാമ്യമുണ്ട്, മഞ്ജുവിനത് ഇല്ലാതിരുന്നത് വെല്ലുവിളിയായിരുന്നോ?

വെല്ലുവിളിയായി തോന്നിയില്ല. കാരണം വിദ്യാബാലന് മുഖ്യസാദൃശ്യമുണ്ടെങ്കിൽ ഒരു നോർത്ത് ഇന്ത്യൻ ലുക്കുണ്ട്. മഞ്ജുവിനാകട്ടെ മലയാളിത്തമുള്ള മുഖമാണ്. മാധവിക്കുട്ടിയും അതുപോലെയാണ്. അതുകൊണ്ട് മാധവിക്കുട്ടിയായി മഞ്ജുവരുന്നത് കുറച്ചുകൂടി നന്നാകുമെന്നാണ് തോന്നുന്നത്. പിന്നെ മാധവിക്കുട്ടിയെന്ന എഴുത്തുകാരിയെ നന്നായി മനസിലാക്കിയ ആളാണ് മഞ്ജു. മാധവിക്കുട്ടിയുടെ കഥകളും മാധവിക്കുട്ടിയെക്കുറിച്ചുള്ള കഥകളും അറിയാവുന്ന വ്യക്തിയാണ് മഞ്ജുവാര്യർ. വിദ്യാബാലന് അറിയില്ല. അതുകൊണ്ട് കഥാപാത്രമായി മാറാൻ വിദ്യയേക്കാൾ നല്ലത് മഞ്ജുവാണെന്ന് എനിക്ക് തോന്നുന്നു.

ആമി സിനിമയാക്കുന്നതിന് മുമ്പ് താങ്കൾ എന്തെല്ലാം ഗവേഷണങ്ങൾ നടത്തി?

ചരിത്രം സിനിമയാക്കുമ്പോൾ ചെയ്യുന്ന സ്ഥിരം ഗവേഷണങ്ങളൊക്കെ ഇവിടെയും നടത്തി. മാധവിക്കുട്ടിയുടെ പലകാലഘട്ടങ്ങൾ സിനിമയിൽ കാണിക്കുന്നുണ്ട്. അവരുടെ വിവിധ കാലഘട്ടങ്ങളിലെ ഫോട്ടോസുകൾ പരിശോധിച്ചും പുസ്തകങ്ങൾ വായിച്ചുമാണ് കൂടുതൽ അറിഞ്ഞത്. ഇപ്പോൾ ഒരു ലുക്ക് മാത്രമല്ലേ പുറത്തുവന്നിട്ടുള്ളൂ.  വിവിധ കാലഘട്ടങ്ങളുണ്ട്, അതിനനുസരിച്ച് മഞ്ജുവിന്റെ ലുക്കിലും വേണ്ട മാറ്റങ്ങൾ വരുത്തി പലപ്രായത്തിലുള്ള മാധവിക്കുട്ടിയായിട്ടാകും മഞ്ജു സിനിമയിൽ എത്തുക