ചലച്ചിത്ര മേഖലയില്‍ പുതുതായി രൂപീകരിച്ച വുമന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സ്ത്രീ കൂട്ടായ്മയ്ക്ക് ഔദ്യോഗിക അംഗീകാരം. പത്മപ്രിയയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
‘വുമൻ ഇൻ കലക്ടീവിന് ജന്മദിനാശംസകൾ. ഇനി ഇവിടെ തന്നെ തുടരും. ഇത് എനിക്കും മലയാളസിനിമയിലെ സ്ത്രീകൾക്കും പ്രധാനപ്പെട്ടതാണ്.–പത്മപ്രിയ പറയുന്നു.
മലയാളത്തിലെ പ്രമുഖ നടിക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു ആശയവുമായി നടിമാരും സംവിധായകരും ഉൾപ്പെടുന്ന വനിതകൾ രംഗത്തെത്തിയത്.
മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന.ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായാണ് സംഘടന. ഇന്ത്യയില്‍ ഒരു ചലച്ചിത്രമേഖലയില്‍ വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്.
നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകള്‍ക്ക് ഈ സംഘടനയുടെ ഭാഗമാകാം. അമ്മ, ഫെഫ്കാ എന്നീ സംഘടനകള്‍ക്ക് ബദല്‍ അല്ല ഈ സംഘടനയെന്നും സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പ്രാഥമിക പരിഗണന എന്ന ലക്ഷ്യത്തിലൂന്നിയാവും ഇതെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കുന്നു.