"ജീവിതം വീണ്ടും വീണ്ടും പിന്നെയും പിന്നെയും അവിരാമം കായ്ക്കുന്ന മഹാവൃക്ഷമാണ്. അതിനെ കൊടും ചൂടോ പേമാരിയോ അവസാനിപ്പികുകയില്ല. അതിന്റെ മറ്റൊരു പേര് മനുഷ്യചരിത്രം എന്നാണ് – മാധവിക്കുട്ടി
മലയാളികളുടെ പ്രിയ മാധവിക്കുട്ടിയുടെ ജീവിതം പുനർജനിക്കുകയാണ്. ആമിയെന്ന പേരിൽ മാധവിക്കുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോൾ നായികയാകുന്നത് മഞ്ജുവാര്യരും. മാധവികുട്ടിയുടെ കൗമാരം മുതൽ യൗവനം വരെയുള്ള കാലം അവതരിപ്പിക്കുന്നത് മാളവിക എന്ന നീലാഞ്ജനയാണ്. മഞ്ജുവാര്യർ പഠിച്ച കണ്ണൂർ ചിന്മയവിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥി കൂടിയാണ് നീലാഞ്ജന. ആമിയുടെ കൗമാരം അവതരിപ്പിക്കുന്നതിനെക്കുറിച്ച് നീലാഞ്ജന സംസാരിക്കുന്നു.
ആമിയിലേക്കുള്ള ആവസരം
ലോഞ്ച് വേൾഡ് അഡ്വറ്റൈസിങ് കമ്പനിയുടെ പരസ്യം കണ്ടിട്ട് ഫോട്ടോ അയച്ചുകൊടുത്തു. കമൽസാർ ഫോട്ടോ കണ്ടിട്ട് കൂടുതൽ ഫോട്ടോസ് ആവശ്യപ്പെടുകയും ചെയ്തു. അതിനുശേഷം അദ്ദേഹത്തെ നേരിട്ടു കണ്ടു. സിനിമയിലെ ചില ഭാഗങ്ങൾ അഭിനയിപ്പിച്ചു നോക്കിയതോടെയാണ് ആമിയാകാൻ തിരഞ്ഞെടുക്കുന്നത്.
മാധവികുട്ടിയുടെ കഥകൾ വായിച്ചിട്ടുണ്ടോ?
സിനിമയിൽ അഭിനയിക്കുന്നതുവരെ വായിച്ചിരുന്നില്ല. സെലക്ഷൻ കിട്ടിയതിനുശേഷം അച്ഛനും അമ്മയും പുസ്തകങ്ങൾ വായിക്കാൻ തന്നു. വായിച്ചുതുടങ്ങിയപ്പോൾ ഒരുപാട് ഇഷ്ടമായി.
ആദ്യ സിനിമ അനുഭവത്തെക്കുറിച്ച്?
ആദ്യം പേടിയുണ്ടായിരുന്നു. പക്ഷെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുമ്പ് കൊച്ചിയിൽ ഒരാഴ്ച വർക്ക്ഷോപ്പ് ഉണ്ടായിരുന്നു. . യോഗ, മെഡിറ്റേഷൻ.. അങ്ങനെ ഒരുപാട് ആക്ടിവിറ്റീസ്. ഈ വർക്ക്ഷോപ്പ് കഴിഞ്ഞതോടെ യൂണിറ്റിലുള്ള എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയായി. കമൽസാർ എങ്ങനെ അഭിനയിക്കണമെന്നൊക്കെ കൃത്യമായി പറഞ്ഞുതന്നു. ആദ്യം അദ്ദേഹത്തോട് സംസാരിക്കാനൊക്കെ പേടിയായിരുന്നു. പിന്നെ പേടി മാറി. മഞ്ജുചേച്ചിയുമായിട്ടും നല്ല കൂട്ടായി. ഒരേ കഥാപാത്രത്തിന്റെ രണ്ടു കാലഘട്ടമായതുകൊണ്ട് ഞങ്ങൾ ഒന്നിച്ച് അഭിനയിക്കേണ്ട സീനുകളൊന്നും ഇല്ല.
മാളവിക എന്നാണ് ശരിയായിട്ടുള്ള പേര്. കമൽസാർ ആ പേര് മാറ്റി നീലാഞ്ജന എന്ന് ആക്കി. മാധവിക്കുട്ടിയുടെ ചെറുപ്രായം അഭിനയിക്കുന്ന ഒരു കുട്ടിയുണ്ട്. അതും കണ്ണൂരിലെ പയ്യന്നൂരിൽ നിന്നുള്ള കുട്ടിയാണ്. അഞ്ജലീന എന്നാണ് കുട്ടിയുടെ പേര്. മാധവിക്കുട്ടിയുടെ ബാല്യകാലം മുതൽ യൗവനം വരെയാണ് ഞാൻ അഭിനയിക്കുന്നത്. മുരളിഗോപിയാണ് മാധവദാസിന്റെ കഥാപാത്രം ചെയ്യുന്നത്. മാധവികുട്ടി ദാസേട്ടനെ വിവാഹംകഴിച്ച് ജീവിക്കുന്ന ഭാഗംവരെ ചെയ്യുന്നുണ്ട്. അസിസ്റ്റന്റ് ഡയറക്ടേഴ്സും ,അസോസിയേറ്റ് ഡയറക്ടേഴ്സും എല്ലാവരും നല്ല സപ്പോർട്ടായിരുന്നു.
സിനിമാപാരമ്പര്യമുണ്ടോ?
ഏയ് ഇല്ല. കുടുംബസമേതം ഖത്തറിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ വർഷമാണ് നാട്ടിലേക്ക് വന്നത്. കണ്ണൂർ കൂത്തുപറമ്പിലാണ് താമസം.
സ്ക്കൂളിൽ കലാമത്സരങ്ങളിലൊക്കെ പങ്കെടുക്കാറുണ്ടായിരുന്നോ?
ഭരതനാട്യത്തിന്റെ അരങ്ങേറ്റം കഴിഞ്ഞതാണ്. കവിതാപാരായണത്തിന് സമ്മാനം ലഭിച്ചിട്ടുണ്ട്. സ്പോർട്സിലും മികവു തെളിയിച്ചിട്ടുണ്ട്. മലയാളി അസോസിയേഷൻ നടത്തുന്ന കലാപരിപാടികളിൽ പാടുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. ഇവിടെ നാട്ടിലെ പോലെ യൂത്ത്ഫെസ്റ്റുകളൊന്നുമില്ല. അതുകൊണ്ട് ഇവിടെ കിട്ടുന്ന അവസരങ്ങൾ പാഴാക്കാറില്ല.
മലയാളസിനിമ കാണാറുണ്ടോ? ആരെയാണ് ഇഷ്ടം?
സ്ഥിരമായി കാണും. ദുൽഖർ സൽമാനെയാണ് ഇഷ്ടം. നടിമാരിൽ നസ്രിയ. ദുൽഖറിന്റെ സിനിമ ഇറങ്ങുന്ന ദിവസം തന്നെ കാണാൻ വാശിപിടിക്കാറുണ്ട്.