വിലക്കും വിനയനും ഒരുകാലത്ത് വാർത്തകളിൽ ഇടകലർന്നു കിടന്നിരുന്ന വാക്കുകളായിരുന്നു. 9 വർഷത്തെ വനവാസം കഴിഞ്ഞ് വിനയൻ തിരിച്ചെത്തുമ്പോൾ തന്റെ നിലപാടുകളിൽ ഒരു മാറ്റവുമില്ല എന്ന് അദ്ദേഹം വിനയത്തോടെ തന്നെ സിനിമാലോകത്തെ ഒാർമിപ്പിക്കുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം മനോരമ ഒാൺലൈനിന്റെ പ്രത്യേക അഭിമുഖ പരിപാടിയായ മറുപുറത്തിൽ സംസാരിച്ചപ്പോൾ
∙ മടങ്ങി വരവിലും വിനയന്റെ ചിത്രം മുടക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് താങ്കൾ ആരോപിക്കുകയുണ്ടായി. ആരാണ് വിനയന്റെ മടങ്ങിവരവിനെ ഭയപ്പെടുന്നത് ?
ഞാൻ തിരിച്ചുവരുന്നതിൽ ആരെങ്കിലും ഭയപ്പെടുന്നു എന്ന് പറഞ്ഞിട്ടില്ല. പുതിയ സിനിമ പ്ലാൻ ചെയ്്തപ്പോൾ ആ സിനിമയെ മുടക്കാൻ ചിലർ ശ്രമിക്കുന്നു എന്നേയുള്ളൂ. അല്ലാതെ എന്നെ ഭയപ്പെടുന്നു എന്ന് ഞാൻ പറഞ്ഞിട്ടില്ല. അത്തരം കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറുമില്ല. കുറച്ചുനാളുകൾക്ക് ശേഷം തിരിച്ചുവരുന്നു എന്നതും തെറ്റായ കാര്യമാണ്. 9 വർഷത്തെ ജീവപര്യന്തം എന്ന് ഞാൻ പറഞ്ഞത് എന്നെ പീഡിപ്പിക്കാനും ദ്രോഹിക്കാനും കാണിച്ച സുഹൃത്തുക്കളുടെ മനോഭാവമാണ്. ഞാൻ അതിനു നിന്നുകൊടുത്തിട്ടില്ല എങ്കിൽ കൂടി. വലിയ ആർട്ടിസ്റ്റുകളില്ലാതെയും ടെക്നീഷ്യന്മാരില്ലാതെയും ഞാൻ ഇക്കാലയളവിൽ സിനിമ ചെയ്തു. എന്നെ തേജോവധം ചെയ്യാനും പരമാവധി ദ്രോഹിക്കാനും അവർ ശ്രമിച്ചിട്ടുണ്ട്. ഫെഫ്ക എന്ന സംഘടനയാണ് എനിക്കെതിരെ ശക്തമായിട്ട് നിന്നത്. അമ്മ അതിൽ പങ്കാളിയല്ലായിരുന്നു. ഫെഫ്കയ്ക്കുവേണ്ടിയായിരുന്നു അമ്മ നിന്നത്.
ജോസ് തോമസ് എന്ന സംവിധായകൻ അടുത്തിടെ പറഞ്ഞു വിനയൻ പറഞ്ഞതാണ് ശരിയെന്ന് ഞങ്ങൾക്ക് മനസിലായി. വിനയനെ ദ്രോഹിക്കാനുള്ള പടയൊരുക്കത്തിൽ ഒപ്പം ചേർന്നതിൽ ഖേദിക്കുന്നു എന്ന്. ഒരു കാര്യം എനിക്ക് മനസ്സിലായത് അസൂയ ആണ് ഇവർക്ക് എന്നാണ്. ഒരു സുഹൃത്തിനോടുള്ള അസൂയ. എന്റെ പഴയ വീടെടുത്ത് കാണിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ഞാൻ ടാക്സ് അടയ്ക്കുന്നില്ല എന്നൊക്കെ പറയുകയുണ്ടായി. തമിഴിൽ ഉൾപ്പെടെ 40 പടങ്ങളോളം ചെയ്തയാളാണ് ഞാൻ. വാസന്തിയും ലക്ഷ്മിയും എന്ന പടത്തിന്റെ റീമേക്ക് ‘കാശി’ ഹിറ്റായതിനുശേഷം തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്നത് ഞാനാണ്. ഞാൻ ഇൻകം ടാക്സ് അടയ്ക്കുന്ന കണക്ക് ഉണ്ണികൃഷ്ണൻ നോക്കണം. ഉണ്ണികൃഷ്ണൻ അടുത്തകാലത്തല്ലേ അടച്ചു തുടങ്ങിയത്.
എന്റെ ഇപ്പോഴത്തെ സിനിമയിലെ ആർട്ട് ഡയറക്ടേഴ്സും, മേക്കപ്പ് മാൻ, കോസ്റ്റ്യൂം ഡിസൈനർ എല്ലാവരും ഫെഫ്കയിലെ ആളുകളാണ്. അവരെയൊക്കെ വിളിച്ചിട്ട് വിനയന്റെ കൂടെ വർക്ക് ചെയ്യണോ ? വർക്ക് ചെയ്താൽ ബുദ്ധിമുട്ടുണ്ടാകും എന്നൊക്കെ ചിലർ പറഞ്ഞപ്പോൾ സാർ ഒന്ന് എഴുതിതന്നാൽ മതി ഞങ്ങൾ വർക്ക് ചെയ്യില്ല എന്നാണ് അവരൊക്കെ മറുപടി പറഞ്ഞത്.
2003 – 2004 കാലഘട്ടത്തിൽ മാക്ട എന്ന കൾച്ചറൽ സൊസൈറ്റിയുടെ യോഗങ്ങളിൽ ഞാൻ പറയുമായിരുന്നു നമുക്കൊരു ട്രേഡ് യൂണിയൻ ഉണ്ടാക്കണം എന്ന്. പക്ഷേ ഈ സുഹൃത്തുക്കൾ ചോദിച്ചത് ‘കണ്ട അണ്ടനേയും അടകോടനേയും പിടിച്ചുകയറ്റിയിട്ട് കുഴപ്പമുണ്ടാക്കണോ’ എന്നാണ്. നമുക്ക് എല്ലാവരെയും സഹായിക്കാനൊന്നും പറ്റില്ല. പക്ഷേ നമ്മുടെ കൂടെയുള്ള നമ്മുടെ സഹപ്രവർത്തകർക്ക് വേണ്ടി ഇത്തരമൊരു ട്രേഡ്‌യൂണിയൻ ഉണ്ടാക്കിയാൽ ഗവൺമെന്റിൽ നിന്നു സഹായം കിട്ടുമല്ലോ എന്നു മാത്രമേ ചിന്തിച്ചൊള്ളൂ. അതിനുവേണ്ടി മൂന്ന് നാല് വർഷം പരിശ്രമിച്ചു. ഒടുവിൽ ജോൺപോൾ സാറും, ഡയറക്ടർ മോഹനും ഞാനും കൂടി ബൈലോ കമ്മറ്റി ഉണ്ടാക്കി. മാക്ടയുടെ ചെയർമാനായിരുന്ന കമലിനും ഇത് കുഴപ്പമാകുമോ എന്ന് ഒരു ഭയം ഉണ്ടായിരുന്നു. തൊഴിലാളികൾക്ക് ആനുകൂല്യം കിട്ടുന്നതിനുവേണ്ടിയായിരുന്നു മാക്ട ഫെഡറേഷൻ എന്ന ട്രേഡ് യൂണിയൻ ഉണ്ടായത്. ഞാൻ ജനറൽ സെക്രട്ടറിയായും ഹരിഹരൻ സാർ പ്രസിഡന്റ് ആയും ചുമതലയേറ്റു. 20006–ൽ മാക്ട ഫെഡറേഷൻ തുടങ്ങുന്നു 2007–ൽ രജിസ്റ്റർ ചെയ്യുന്നു. 2008–ൽ മാക്ട ഫെഡറേഷൻ ഇല്ലാതാകുന്നു അതിനു പകരം ഫെഫ്ക തുടങ്ങുന്നു. എന്നെ ഒഴിവാക്കി മാക്ട ഫെഡറേഷൻ നിലനിർത്തൂ എന്ന് പറഞ്ഞതാണ്. പക്ഷേ അവർ കേട്ടില്ല.
∙ ഒരുപക്ഷത്ത് മലയാള സിനിമാലോകം മുഴുവൻ, മറുവശത്ത് വിനയൻ മാത്രം. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് ?
പലരും എന്നോട് ചേദിച്ചിട്ടുണ്ട് ഇത്രയും പേർ എതിർപക്ഷത്തു നിൽക്കുമ്പോൾ വിനയൻ പറയുന്നതാണ് നേര് എന്ന് പറയുന്നത് ഞങ്ങൾ എങ്ങനെ വിശ്വസിക്കും എന്ന്. ഞാൻ പറയുന്നത് തന്നെയാണ് നേര്. സംശയമില്ല. നിങ്ങൾ പറയുന്നത് തെറ്റാണ്. നിങ്ങൾ പറയുന്നത് നിങ്ങൾക്ക് ഡേറ്റ് തരുന്ന സൂപ്പർ താരം പറയുന്നതാണ്. ഇൻഡസ്ട്രിയിലെ തൊഴിലാളികൾക്ക് വേണ്ടി നിങ്ങൾ എന്താണ് ചെയ്തത് ? നടന്മാർക്കോ നടിമാർക്കോ എന്ത് ദ്രോഹമാണ് ഞാൻ ചെയ്തത് ? പുതുമുഖങ്ങളെ ഇൻഡസ്ട്രിയിൽ കൊണ്ടുവന്നിട്ടേയുള്ളൂ.
സൂപ്പർ താരങ്ങളുടെ മുഖത്ത് നോക്കി നിങ്ങൾ ചെയ്യുന്നത് ശരിയല്ല, നിങ്ങൾ ദൈവങ്ങളൊന്നുമല്ല എന്നു പറയാനുള്ള ആർജവം ആരും കാണിക്കുന്നില്ല. എന്നെ സംബന്ധിച്ച് പറഞ്ഞാൽ സംവിധായകന്റെ ടൂൾ ആണ് നടൻ. നടന്മാരെ നാം ബഹുമാനിക്കണം. മമ്മൂക്ക എന്റെ രണ്ട് പടങ്ങളിൽ അഭിനയിച്ചപ്പോൾ ഞാൻ എങ്ങനെയാണ് അദ്ദേഹത്തോട് പെരുമാറിയതെന്ന് അദ്ദേഹത്തിന് അറിയാം. എതിർക്കുന്നവരെ ഒഴിവാക്കുന്ന നയം ശരിയല്ല എന്നാണ് ഞാൻ പറഞ്ഞത്. എല്ലാവരും പറഞ്ഞു വിനയന്റെ ഭാഗത്ത് തെറ്റുണ്ട്. ഇല്ല എന്നു തെളിയിക്കാനാണ് ഞാൻ കോംപറ്റീഷൻ കമ്മീഷനിൽ പോയത്. ഞാൻ പരാതി കൊടുത്തത് അമ്മയ്ക്കും ഫെഫ്ക്കയ്ക്കും ഉണ്ണികൃഷ്ണനും ഇന്നസെന്റിനും എതിരെയാണ്. എന്റെ കൂടെ ആരും ഇല്ലായിരുന്നു. എന്നിട്ടും അന്തിമ വിധി എനിക്ക് അനുകൂലമായിരുന്നു. വിനയൻ പറഞ്ഞതാണ് ശരി. വിനയന് നിങ്ങൾ പിഴ കൊടുക്കണം. വിനയനോട് നിങ്ങൾ ചെയ്തത് തെറ്റാണ്. കോംപറ്റീഷൻ കമ്മിഷൻ പറഞ്ഞു.
ഒരു കലാകാരനെ വിലക്കാനോ അയാളുടെ പടം മുടക്കാനോ ജീവിതം മുടക്കാനോ നിങ്ങൾക്ക് അധികാരമില്ല. പാലാരിവട്ടത്ത് തട്ടുകട ഇടും എന്നൊക്കെ ഞാൻ പറഞ്ഞത് സത്യമാണ്, പക്ഷേ അതു വേണ്ടിവന്നില്ല. സിനിമ വലിയ സാമ്പത്തിക മേഖലയാണ്. ഒരു വർഷം മൂന്നും നാലും പടം ചെയ്യുന്ന ഒരാളെ മുടക്കുന്നവരുടെ മാനസികാവസ്ഥ എന്താണ് ? എത്രയോ പേർ അങ്ങനെ ഇൗ രംഗം വിട്ടുപോയി. ആ രംഗത്ത് നിന്നുകൊണ്ട് ഞാൻ ഇവരോട് വാദിച്ചു ജയിച്ചു. വ്യക്തിപരമായി വൈരാഗ്യം തീർക്കാനൊന്നും ഞാനില്ല. അടുത്തകാലത്ത് ബിജുമേനോൻ നായകനായ ഒരു സിനിമയുടെ റിലീസിങ് സംബന്ധിച്ച കാര്യങ്ങളുമായി സംവിധായകൻ ജോസ് തോമസ് എന്റെ അടുത്ത് വന്നു. ജോസ് എന്റെ പഴയ കൂട്ടുകാരനാണ്. ഒരു കാലത്ത് ഒരുമിച്ച് പ്രവർത്തിച്ചവരാണ്. എന്നെക്കൊണ്ട് ചെയ്യാവുന്നത് ഞാൻ ചെയ്തു.
എന്തിനാ ജോസേ എന്നോട് ഇങ്ങനെ ചെയ്തത് എന്ന് ഞാൻ പറയുമെന്ന് ജോസ് വിചാരിച്ചു. പക്ഷേ ഒന്നും ഞാൻ പറഞ്ഞില്ല. എന്താ വിനയൻ എന്നോട് ഒരു രീതിയിലും ഉള്ള ദേഷ്യം കാണിക്കാത്തത് എന്ന് അദ്ദേഹം ചോദിച്ചു.
എന്നെ നിഷ്കാസനം ചെയ്യണം എന്നു പറഞ്ഞ് നടക്കുന്ന എന്റെ സുഹൃത്താണ് ബി. ഉണ്ണികൃഷ്ണൻ. ഞാൻ സെക്രട്ടറിയായിരുന്നപ്പോൾ ജോയിന്റ് സെക്രട്ടറിയായിരുന്നു ഉണ്ണികൃഷ്ണൻ. ഞാനുമായി ശത്രുതയിലാണെങ്കിലും അദ്ദേഹം നാളെ ഒരു പ്രശ്നം ഉണ്ടെന്ന് പറഞ്ഞാലും ഞാൻ എല്ലാം മറക്കും. വ്യക്തിപരമായി എനിക്ക് യാതൊരു വിദ്വേഷവും ഇല്ല. പറയുന്നത് നമ്മുടെ നിലപാടുകളാണ്. നിലപാടുകളുടെ കാര്യത്തിൽ യാതൊരു മാറ്റവും ഇല്ല. താരങ്ങൾക്ക് വേണ്ടി കുട പിടിക്കാനോ താരങ്ങളുടെ ഡേറ്റിനുവേണ്ടി കളിക്കാനോ ഒന്നും നേരമില്ല. ഫിലിം മേക്കേഴ്സ് ആണ് ഇതിന്റെ ക്യാപ്റ്റൻമാർ. താരരാജാക്കന്മാർ ടെക്നീഷ്യന്മാരെയും, എഴുത്തുകാരെയും നിശ്ചയിക്കുന്നതിൽ താൽപര്യമില്ല. അങ്ങനെ പടം ചെയ്യാൻ ഉദ്ദേശവുമില്ല. അവരുടെ മുഖത്ത് നോക്കി വിമർശിക്കും. ജോഷിയോ രഞ്ജിത്തോ ഈ സൂപ്പർ താരങ്ങൾക്കൊപ്പം നിന്നിട്ടുണ്ടെങ്കിൽ ഞാൻ അതിന്റെ കൂടെ പോകണമെന്ന് നിർബന്ധം ഉണ്ടോ ഇല്ലല്ലോ.
∙ കോംപറ്റീഷൻ കമ്മിഷന്റെ അന്തിമ വിധി അനുകൂലമായെങ്കിലും വിലപ്പെട്ട 9 വർഷം നഷ്ടമായതിൽ ദുഃഖമുണ്ടോ ?
ഇല്ല. ഒരു വ്യക്തി എന്ന നിലയിൽ സന്തോഷമുണ്ട്. നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട് ഇല്ലെന്നല്ല. ഇൗ പോരാട്ടം കൊണ്ട് വ്യക്തിപരമായി ഞാൻ ഒരുപാട് വളർന്നെന്ന് തോന്നുന്നു. ഞാൻ പൊതുകാര്യങ്ങളിൽ ഇടപെട്ടു തുടങ്ങി. കൂടുതൽ വായിച്ചു. ശരിയാണ് സിനിമ ചെയ്യാൻ പാടായിരുന്നു. നടന്മാരില്ല, ടെക്നീഷ്യന്മാരില്ല ഒരു പ്രൊപ്പല്ലർ കൊണ്ടു വച്ചാൽ അതു തട്ടിക്കൊണ്ടു പോകുന്ന അവസ്ഥ. അതിനെയൊക്കെ അതിജീവിച്ച് ഇപ്പോൾ ഇങ്ങനെ ഇരുന്ന് സംസാരിക്കാൻ കഴിയുന്നതു തന്നെ വലിയ കാര്യമല്ലേ ? ഇലക്ട്രിസിറ്റി ബോർഡിൽ ആയിരുന്നെങ്കിൽ എക്സിക്യൂട്ടീവ് എൻജിനിയറായിട്ട് റിട്ടയർ ആകേണ്ടിയിരുന്ന ആൾ ആയിരുന്നു ഞാൻ. വൈരാഗ്യം കാണിച്ചവരോട് ഒറ്റയ്ക്കു നിന്ന് പൊരുതി ജീവിക്കാൻ കഴിയുന്നതിൽ എനിക്ക് ചാരിതാർഥ്യമുണ്ട്.
∙ പൃഥ്വിരാജിന്റെ വിലക്ക് നീക്കി അദ്ദേഹത്തെ അഭിനയിപ്പിച്ചത് വിനയൻ ആണെന്ന് അടുത്തിടെ മല്ലിക സുകുമാരൻ പറഞ്ഞു. ആരാണ് പൃഥ്വിയെ വിലക്കിയത് ? എന്തിനായിരുന്നു അത് ?
പൃഥ്വിരാജ് വളരെ ബോൾഡായ ചെറുപ്പക്കാരനാണ്. അദ്ദേഹം അഭിപ്രായങ്ങൾ തുറന്നു പറയുന്ന ആളാണ്. അത്ഭുതദ്വീപിന്റെ സമയത്ത് പൃഥ്വിരാജിനെതിരെ വിലക്കുണ്ടായിരുന്നു. പൃഥ്വി അഭിനയിക്കുന്ന പടങ്ങളിൽ മറ്റുള്ളവർ അഭിനയിക്കില്ല എന്ന അവസ്ഥ. പക്രു എന്ന അജയകുമാർ ആണ് അത്ഭുതദ്വീപ് എന്ന സിനിമ ഉണ്ടാകാൻ കാരണക്കാരൻ. അദ്ദേഹം പറഞ്ഞ ഒരു ആശ്യത്തിൽ നിന്ന് രൂപപ്പെട്ടതാണ് ഇൗ ചിത്രത്തിന്റെ ആശയം. ചിത്രത്തിൽ നായകനായി എന്റെ മനസ്സിൽ രാജു ആയിരുന്നു. അമ്പിളിച്ചേട്ടനെയാണ് ചിത്രത്തിലേക്ക് ആദ്യം വിളിക്കുന്നത്. ‘രാജു ആണ് നായകനെങ്കിൽ പ്രശ്നമാണ്, രാജുവിന്റെ ഒപ്പം അഭിനയിക്കേണ്ട എന്നാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പക്രുവാണ് നായകനെന്ന് പുറത്തു പറഞ്ഞാൽ മതിയെന്ന് കൽപന പറഞ്ഞു. ഞാൻ ചെറിയൊരു പ്ലേ നടത്തി എന്നുള്ളത് സത്യമാണ്. പക്രുവാണ് നായകനെന്ന് പറഞ്ഞു എല്ലാവരെയും കൊണ്ട് കരാർ ഒപ്പു വയ്പ്പിച്ചു. പിന്നീട് പൃഥ്വിരാജാണ് നായകനെന്ന് അനൗൺസ്മെന്റും നടത്തി. നേരത്തെ കരാർ ഒപ്പു വച്ചതിനാൽ ആർക്കും പ്രശ്നമുണ്ടായില്ല. അങ്ങനെയാണ് ആ വിലക്ക് പൊളിക്കുന്നത്.
∙ മഹാനടനായ തിലകൻ താങ്കളുടെ സിനിമകളിൽ അഭിനയിച്ചതിന്റെ പേരിൽ മാനസികമായി പീഢിപ്പിക്കപ്പെട്ടില്ലേ ? അദ്ദേഹം നാടകത്തിൽ അഭിനയിക്കേണ്ട അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തിയില്ലേ ?
മുഖത്തു നോക്കി കാര്യങ്ങൾ വിളിച്ചു പറയുന്ന ആളായിരുന്നു തിലകൻ. നിലപാടുകളുള്ള ആളായിരുന്നു. എന്നെ വിലക്കിയപ്പോൾ അദ്ദേഹമാണ് എന്നോട് പറഞ്ഞത് വിനയന്റെ പടത്തിൽ എനിക്ക് അഭിനയിക്കണം എന്ന്. ഞാൻ വേഷം കൊടുത്തു. അദ്ദേഹം അഭിനയിച്ചു. ആരും അദ്ദേഹത്തോട് അഭിനയിക്കരുത് എന്നു പറഞ്ഞതുമില്ല. പക്ഷേ അദ്ദേഹം അഡ്വാൻസ് വാങ്ങിയ ക്രിസ്ത്യൻ ബ്രദേഴ്സ് പോലുള്ള സിനിമകളിൽ നിന്ന് അദ്ദേഹത്തെ മാറ്റി. സോഹൻ റോയിയുടെ ഡാം 999 എന്ന ഇംഗ്ലീഷ് ചിത്രത്തിൽ അദ്ദേഹമായിരുന്നു അഭിനയിക്കേണ്ടത്. ഷൂട്ടിങ്ങിന്റെ തലേന്ന് കണ്ടപ്പോൾ അദ്ദേഹം സിനിമയിലെ ഇംഗ്ലീഷ് ഡയലോഗൊക്കെ എന്നെ പറഞ്ഞു കേൾപ്പിച്ചു.
പിറ്റേന്നാണ് തിലകൻ അഭിനയിച്ചാൽ ഫെഫ്കയിലെ ഒറ്റ ടെക്നീഷ്യന്മാരും സഹകരിക്കില്ല എന്ന അറിയിപ്പ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ലഭിക്കുന്നത്. അത് അദ്ദേത്തിന് വലിയ ഷോക്കായി. എന്തിനായിരുന്നു ഇവർ അന്ന് അദ്ദേഹത്തോട് അങ്ങനെ ചെയ്തത് ? അന്ന് ഇൗ താരങ്ങൾക്ക് ഉണ്ണിക്കൃഷ്ണനെ പോലുള്ളവരെ വിളിച്ച് തിലകനോട് അങ്ങനെ ചെയ്യരുത് എന്ന് പറയാമായിരുന്നല്ലോ ? ഇയാളിലെ നടൻ മരിച്ചിരിക്കുന്നു എന്നാണ് അന്ന് അവർ പറഞ്ഞത്. അദ്ദേഹം പിന്നീട് സീരിയലിൽ അഭിനയിക്കാൻ പോയി. അഡ്വാൻസ് മേടിക്കേണ്ട അന്ന് നിർമാതാവ് വന്നു പറഞ്ഞു. ‘‘ക്ഷമിക്കണം സാർ. താങ്കൾ അഭിനയിച്ചാൽ മറ്റു സീരിയൽ താരങ്ങൾ അഭനയിക്കില്ല എന്നാണ് പറയുന്നത്.’’ എന്നെ സിനിമയിൽ അഭിനയിപ്പിക്കില്ല, ഇനി സീരിയലിലും അഭിനയിപ്പിക്കില്ല എന്നാണോ ? അദ്ദേഹം ചോദിച്ചു. സിംഹത്തെ പോലെ ഗർജിച്ചിരുന്നു അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് അന്നു ഞാൻ കണ്ടു. അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നു. അന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് തോൽക്കാൻ പറ്റില്ല, ഞാൻ നാടകം കളിക്കും എന്ന്.
∙ മലയാള സിനിമയിൽ ഇനി വിനയന്റെ യാത്ര എങ്ങോട്ടാവും ?
എന്റെ നിലപാടുകളിൽ മാറ്റമില്ല. പറയുന്നതിൽ വെള്ളം ചേർക്കുന്നയാളുമല്ല. ഞാൻ എല്ലാ വർഷവും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഡേറ്റ് മേടിച്ച് പടം പിടിക്കുന്നയാളല്ല. ആരുടെയും പിറകെ ഡേറ്റിനു പോകുന്ന സ്വഭാവുമില്ല. ഞാൻ ചെറിയ സിനിമകൾ ചെയ്തു ജീവിച്ചോളാം. എല്ലാവർക്കും പരസ്പരം സ്നേഹവും ബഹുമാനവും തോന്നുന്ന സാഹചര്യം മലയാള സിനിമയിൽ ഉണ്ടാവട്ടെ എന്നാണ് പ്രാർഥന.