Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വി മാപ്പ് പറയണമെന്ന് അവർ പറഞ്ഞു; വെളിപ്പെടുത്തലുമായി മല്ലിക സുകുമാരന്‍

mallika-indran-prithvi

വിനയന്‍ കൈ പിടിച്ച് ഉയര്‍ത്തിയിരുന്നില്ലെങ്കില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് നടി മല്ലിക സുകുമാരന്‍. തന്റെ ഭര്‍ത്താവ് സുകുമാരനെ സിനിമയില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചവര്‍ മക്കളേയും സിനിമയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. വിനയന്‍ സംവിധാനം ചെയ്യുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിന്‍റെ പൂജാവേളയിലായിരുന്നു മല്ലിക മനസ് തുറന്നത്.

മല്ലിക സുകുമാരന്റെ വാക്കുകൾ–

‘ഞാനിവിടെ വരാൻ രണ്ട് കാരണങ്ങളുണ്ട്. എന്റെ മക്കളുടെ ജീവിതത്തിലെ രണ്ട് പ്രധാനസന്ദർഭങ്ങളിൽ അവരെ കൈ പിടിച്ച് വീണ്ടും  മുന്നിലേക്ക് ആനയിച്ചത് വിനയൻ സാര്‍ ആണ്. ഒന്ന് എന്റെ മൂത്തമകൻ ഇന്ദ്രജിത്ത്. അവനെ നടനാക്കി മാറ്റിയത് വിനയന്റെ സിനിമയിലൂടെയാണ്.

ഒരു പ്രത്യേകഘട്ടത്തിൽ സുകുമാരനിൽ തുടങ്ങിയ വനവാസജീവിതം പൃഥ്വിരാജിലേയ്ക്കും തുടരാൻ ശ്രമമുണ്ടായി. വിനയന്റെ സിനിമയിൽ അഭിനയിച്ചതിന് മാപ്പ് പറയണമെന്ന് അവർ പറയുകയുണ്ടായി. മാപ്പ് എന്ന വാക്കു തന്നെ പറയണമെന്നും ഖേദം എന്നുപോരെന്നും അവർ തീർത്തുപറഞ്ഞു. അങ്ങനെ മൂന്നുമാസത്തെ ഒതുക്കിയിരുത്തലിന് ശേഷം അത്ഭുതദ്വീപ് സിനിമയുമായാണ് പൃഥ്വിരാജ് മടങ്ങിയെത്തുന്നത്. 

ഈ പ്രതിസന്ധി ഘട്ടങ്ങളിൽ ‘ഞാൻ തിരിച്ചങ്ങ് ഓസ്ട്രേലിയയിലേക്ക് പൊയ്ക്കോട്ടെ അമ്മേ എന്ന് പൃഥ്വി എന്നോട് ചോദിച്ചപ്പോൾ , ഞാൻ ഒറ്റക്കാര്യമേ ചോദിച്ചൊള്ളൂ..‘നീ ഓറിയന്റേഷൻ കോഴ്സ് വരെ മുടക്കി സിനിമയിൽ അഭിനയിച്ചത് ഇവിടെ തുടർന്ന് നിൽക്കണമെന്ന ആഗ്രഹത്തിലാണോ അതോ വെറുതെ വന്നു തിരിച്ചുപോകുവാനാണോ’. അപ്പോള്‍ പൃഥ്വി പറഞ്ഞു ‘ഞാൻ വന്നത് നിൽക്കാൻ തന്നെയാണ്’. അങ്ങനെയെങ്കിൽ ഇവിടെ നിന്നാൽ മതിയെന്ന് ഞാനും പൃഥ്വിയോട് പറഞ്ഞു.

ആ വാക്കുകൾ എന്റെ മകന് ഒരു ധൈര്യവും മാനസികബലവും നൽകിയെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. ആ സമയത്താണ് അത്ഭുതദ്വീപ് എന്ന സിനിമയിലൂടെ പൃഥ്വിയെ വീണ്ടും സിനിമാരംഗത്തേക്ക് കൊണ്ടുവരുന്നത്. അവിടെ നിന്നും പൃഥ്വിരാജിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 

വിനയൻ സാറിന്റെ ധൈര്യപൂർവമായ ഈ നേതൃത്വം നൽകൽ ഇല്ലായിരുന്നെങ്കിൽ ഇന്ദ്രജിത്ത് അമേരിക്കയിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്തേനെ, പൃഥ്വിരാജ് തിരിച്ചങ്ങ് ഓസ്ട്രേയിലയ്ക്കും പോയേനെ. ഒരുപാട് കടപ്പാടുണ്ട് വിനയൻ സാറിനോട്. അങ്ങനെയുള്ളവർക്ക് ശത്രുതയും കൂടും. എന്നാൽ ആ ശത്രുതയിൽ നിന്നും വിജയശ്രീലാളിതനായി തിരിച്ചുവരുമെന്ന് ഉറപ്പാണ്. കാരണം നമ്മൾ സത്യത്തിന് വേണ്ടി പോരാടുന്നവരാണ്. മറ്റൊരാളെ വേദനിപ്പിക്കാനോ അവരുടെ ജീവിതം അവസാനിപ്പിക്കാനോ നമ്മൾ ശ്രമിക്കാറില്ല.’– മല്ലിക സുകുമാരൻ പറഞ്ഞു.