ഇതുവരെ ചെയ്യാത്തത്: അനൂപ് മേനോൻ

വേറിട്ട കുറേ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നടനാണ് അനൂപ് മേനോൻ. നടൻ, സഹനടൻ, വില്ലൻ, കൊമേഡിയൻ അങ്ങനെ ഏതുവേഷത്തിലും ഇണങ്ങുന്ന അഭിനയ ശൈലിയുണ്ട് അദ്ദേഹത്തിന്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹന്‍ലാലിനൊപ്പം അവതരിപ്പിച്ച വേണുക്കുട്ടൻ എന്ന കഥാപാത്രം ഒരുപാട് ശ്രദ്ധ നേടി. സിനിമ തീയറ്ററിൽ കുതിക്കുമ്പോൾ വേണുക്കുട്ടന് എന്താണ് പറയാനുള്ളതെന്നറിയാം...

സിനിമയാണ് മലയാളിക്കെല്ലാം....

വിജയങ്ങൾ എല്ലാം നല്ലതാണ്. പ്രത്യേകിച്ച് അഭിനയിച്ച സിനിമ സാമ്പത്തിക വിജയം നേടുമ്പോൾ കൂടുതൽ സന്തോഷം തോന്നുന്നു. ഈ സിനിമയ്ക്ക് 20 കോടിയോളം രൂപ കളക്ഷൻ ലഭിച്ചിട്ടുണ്ട് ഇതുവരെ. ഒരു മലയാള സിനിമയ്ക്ക് ഇത്രയും തുക ലഭിക്കുന്നതിൽ സിനിമ പ്രവർത്തകൻ എന്നരീതിയിൽ സന്തോഷം ഉണ്ട്. വലിയൊരു മാർക്കറ്റിലേക്കാണ് മലയാള സിനിമ പോകുന്നത്. അത് നിസാരമല്ല.

കാരണം, ഇന്ത്യ മുഴുവൻ ഓടികിട്ടുന്ന പൈസകൊണ്ടാണ് ബോളിവുഡ് ചിത്രങ്ങളൊക്കെ നൂറുകോടി കളക്ഷൻ നേടുന്നത്. പക്ഷേ നമ്മുടെ മലയാള സിനിമ കേരളമെന്ന ചെറിയ സ്ഥലത്തുനിന്ന് ഈ തുക നേടുന്നുവെങ്കിൽ മലയാളി പ്രേക്ഷകർ സിനിമയുമായി അത്രയ്ക്ക് അടുത്തു നിൽക്കുന്നു എന്നതിന്റെ തെളിവാണ്. മലയാളിയുടെ ഏറ്റവും വലിയ എന്റർടെയ്മെന്റ് എന്നുപറഞ്ഞാൽ സിനിമയാണ്.
പുറത്തുള്ളവർ അങ്ങനല്ല, ഡാൻസിനും പാർട്ടിക്കുകൾക്കുമൊക്കെ പോകാറുണ്ട് അവർ. നമ്മൾ അങ്ങനെയല്ല. നമുക്ക് സിനിമ മാത്രമാണ് എന്റർട‌െയ്ൻമെന്റ്. വലിയ വലിയ സാധ്യതകളുള്ള ഇടമാണ് മലയാളസിനിമാ മേഖല. ഒരു സിനിമയുടെ മുതല്‍ മുടക്കിനേക്കാൾ നാലോ അഞ്ചോ ഇരട്ടിയാണ് ലാഭം കൊണ്ടുവരാൻ പോകുന്നത്. അത് വലിയ കാര്യമല്ലേ?

ഇതുവരെ ചെയ്യാത്തത്...അതാണ് ത്രില്ലടിപ്പിക്കുന്നത്

1983, വിക്രമാദിത്യൻ, കരിങ്കുന്നം സിക്സസ്, പാവാട ഇതിലെല്ലാം നമ്മൾ അതുവരെ ചെയ്യാത്തൊരു കാര്യം ഓഫർ ചെയ്യുന്ന കഥാപാത്രങ്ങളെയിരുന്നു. അവയെ ഇരുകൈയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു. 1983 ലെ ക്രിക്കറ്റ് കോച്ചും വിക്രമാദിത്യനിലെ അച്ഛൻ എസ്ഐയും പാവാടയിലെ ബാബുവും എല്ലാം അങ്ങനെയുള്ള കഥാപാത്രങ്ങളാണ്. ഈ കഥാപാത്രങ്ങളാണ് ഊര്‍ജ്ജം, ഒരു നടന് ഊർജ്ജമേറിയ കഥാപാത്രങ്ങളെയാണ് ആവശ്യം.

ജീവിതത്തിൽ ഒരുപാട് േവണു കുട്ടന്‍മാരുണ്ടാകാം. എനിക്കറിയില്ല ആരേയും. അങ്ങനെയൊരാളെ കണ്ടെത്തി പഠിച്ച് കഥാപാത്രത്തെ അവതരിപ്പിക്കാനാകില്ലല്ലോ. സ്ക്രിപ്റ്റിലുള്ളത് സ്ക്രീനിലെത്തിക്കാനാണ് നമ്മൾ എപ്പോഴും ശ്രമിക്കേണ്ടത്. രാവിലെ സെറ്റിലെത്തുമ്പോൾ സ്ക്രിപ്റ്റ് പേപ്പറിൽ എന്താണോ ഉള്ളത് അത് പരമാവധി നന്നായി ചെയ്യാനാണ് ശ്രമിക്കാറുള്ളത്.

ലാലേട്ടന്‍ എന്ന ഊർജ്ജം

ഗ്രാന്റ് മാസ്റ്റർ, പ്രണയം, കനൽ...തുടങ്ങി ഒരുപാട് ചിത്രങ്ങൾ ലാലേട്ടനോടൊപ്പം ചെയ്തു. അദ്ദേഹത്തോട് എനിക്കൊരുപാട് ആത്മബന്ധമുണ്ട്. എന്റെ ആദ്യത്തെ തിരക്കഥ, പകൽനക്ഷത്രങ്ങൾ ഞാൻ‌ അദ്ദേഹത്തെ വച്ചാണു ചെയ്തത്. തനിക്കൊപ്പം ആരാണോ അഭിനയിക്കുന്നത് അവരെ ആ സാഹചര്യങ്ങളോട് ഏറെ ചേര്‍ത്തുനിർത്താനൊരു പ്രത്യേകത കഴിവുള്ള സഹതാരം ആണ് അദ്ദേഹം.
അദ്ദേഹം എപ്പോഴും നമ്മളെ സന്തോഷിപ്പിച്ചുകൊണ്ടേയിരിക്കും. നമ്മളൊരു സെറ്റിൽ ആണെന്നു തന്നെ മറന്നുപോകും. അത്രയ്ക്കു നല്ലൊരു വർക്കിങ് എക്സ്പീരിയന്‍സ് ആയിരിക്കും എപ്പോഴും അദ്ദേഹത്തോടൊപ്പം. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ കാരക്ടറും ഒരുപാട് നല്ലതാകും.

വേണുക്കുട്ടൻ എന്ന കഥാപാത്രം സ്വീകരിക്കപ്പെട്ടുവെങ്കിൽ അതിൽ എന്റെ സംഭാവന വളരെ പരിമിതമാണെന്നേ പറയാനാകൂ. അതിനു കാരണം, ജിബു ജേക്കബ് എന്ന സംവിധായകനും സിന്ധു രാജ് എന്ന തിരക്കഥാകൃത്തുമാണ്. ഏതൊരു സിനിമയായാലും അതിലെ കഥാപാത്രങ്ങൾ അംഗീകരിക്കപ്പെടണമെങ്കിൽ സംവിധാനവും തിരക്കഥയും നല്ലതായിരിക്കണം. അഭിനേതാക്കൾ നന്നായി ചെയ്യണം എന്നത് മറ്റൊരു വശം. പക്ഷേ കഥാപാത്രം അംഗീകരിക്കപ്പെടുന്നത് സംവിധാനവും തിരക്കഥയും മികവുറ്റതാകുമ്പോൾ മാത്രമാണ്. നടന് മാത്രമായി ഒന്നുംചെയ്യാനാകില്ല.

കോമഡി നന്നായി ചെയ്തല്ലോ?

ആക്ടറെ സംബന്ധിച്ചിടത്തോളം കോമഡി, സീരിയസ് എന്നീ വേർതിരിവുകൾക്ക് പ്രസക്തിയില്ല. എന്താണോ അയാൾക്കു മുൻപിലേക്കു കിട്ടുന്നത്, അത് ഏറ്റവും മനോഹരമായി ചെയ്യാൻ ബാധ്യസ്ഥനാണ് ഓരോ അഭിനേതാവും. അപ്പോൾ കോമഡി വന്നാലും അത് നന്നായി ചെയ്യണം. ആ കോമഡ‍ിയ്ക്ക് ആ സിനിമാ സന്ദർഭത്തിൽ പ്രസക്തിയുണ്ടെങ്കിൽ അത് ജനം അംഗീകരിക്കുകയും ചെയ്യും. ഈ സിനിമയിൽ അങ്ങനെയുള്ള കുറേ സന്ദര്‍ഭങ്ങളുണ്ടായിരുന്നു. പിന്നെ ഈ സിനിമയിൽ എനിക്കൊപ്പം അഭിനയിച്ചവരും അങ്ങനെയുള്ളവരായിരുന്നു.

മലയാളിയെ എന്നെന്നും ചിരിപ്പിച്ചിട്ടുള്ളത് ലാലേട്ടനാണ്. ടൈമിങ് കോമഡിയുടെ ആളാണ് അദ്ദേഹം. അങ്ങനെയുള്ളപ്പോൾ അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നവരുടെ പ്രകടനവും സ്വാഭാവികമായും നല്ലതാകും. പിന്നെ മറ്റുള്ളവർ അലൻസിയറും, ഷാജോണുമാണ്. രണ്ടുപേരും ഉഗ്രന്‍ ആക്ടേഴ്സ് ആണ്. അവർ ഉള്ളതുകൊണ്ടും കൂടിയാണ് ഈ കഥാപാത്രം ഇത്ര മികവുറ്റതായത്.

മൈ ലൈഫ് ഈസ് മൈ വൈഫ് എന്നാണ് സിനിമയുടെ ടാഗ് ലൈൻ...ഭാര്യ ഷേമ സിനിമ കണ്ടിരുന്നോ?

തീർച്ചയായും. അവളൊരു ക്രിട്ടിക് ഒന്നുമല്ല. സിനിമ ഒത്തിരി ഇഷ്ടപ്പെട്ടുവെന്നു പറ‍ഞ്ഞു.

തിരക്കഥാ രചനയിലാണല്ലോ? എന്തായി അത്?

എഴുത്ത് നടക്കുന്നു. ഒന്നും പറയാറായിട്ടില്ല. പുതിയ പ്രോജക്ടുകൾ ഏതെന്ന് ഇനിയും തീരുമാനമായിട്ടില്ല.