ആലുവാപ്പുഴയുടെ തീരത്തുനിന്നു ഹൈദരാബാദിൽ പറന്നിറങ്ങിയപ്പോഴും ആദ്യം കേട്ടത് ആ വിളി തന്നെയാണ്. ‘മേരീ...’ എന്നുള്ള നീട്ടിവിളി. തെലുങ്കു സിനിമയുടെ തട്ടകത്തിലുമുണ്ടായിരുന്നു മലയാളം പ്രേമത്തിനു ആരാധകർ. തെലുങ്കിൽ രണ്ടു സിനിമകൾ പൂർത്തിയാക്കി, ദീപാവലി റിലീസ് ‘കൊടി’യിലൂടെ തമിഴിന്റെയും മനംകവർന്ന് അനുപമ പരമേശ്വരൻ തിരികെ മലയാളത്തിലെത്തുമ്പോൾ മേരിയുടെ കടന്നൽകൂട് മുടിയൊന്നും കാണാനില്ല. കൂടുതൽ സുന്ദരിയായി, കൂടുതൽ പ്രസരിപ്പോടെ, ‘പ്രേമം’ മാറ്റിമറിച്ച സിനിമാജീവിതത്തെക്കുറിച്ച് അനുപമ പറയുന്നു...
മേരി സുമയായി
‘പ്രേമം’ റിലീസ് ചെയ്ത ശേഷമാണ് തെലുങ്കിലെ പ്രമുഖ സംവിധായകൻ ത്രിവിക്രം ‘അ...ആ..’ എന്ന സിനിമയിലേക്കു ക്ഷണിച്ചത്. അങ്ങനെ അപ്രതീക്ഷിതമായി തെലുങ്കിലും ഹരിശ്രീ കുറിച്ചു. തൊട്ടുപിന്നാലെ പ്രേമത്തിന്റെ തെലുങ്കു പതിപ്പിലേക്കും വിളിച്ചു. മലയാളത്തിലെ അതേ റോൾ ആയിരുന്നെങ്കിലും മേരി എന്ന പേര് സുമ എന്നു മാറ്റി.
തെലുങ്ക് അറിയാത്തതിനാൽ സംഭാഷണമെല്ലാം ഇംഗ്ലിഷിലാക്കി കാണാതെ പഠിച്ചാണ് അഭിനയിച്ചത്. രണ്ടു സിനിമയിലും സ്വന്തമായി ഡബ് ചെയ്തു. ‘സതമാനം ഭവതി’ എന്ന പുതിയ തെലുങ്ക് സിനിമയുടെ ചിത്രീകരണം നടക്കുകയാണ്.
നിവിൻ, ദുൽഖർ, ധനുഷ്
മലയാളത്തിൽ നിവിൻ പോളിയുടെ നായികയായുള്ള അരങ്ങേറ്റം മോശമായില്ല. തെലുങ്കിൽ നിതിൻ, നാഗചൈതന്യ, സർവാനന്ദ്, തമിഴിൽ ധനുഷ് എന്നിങ്ങനെ ഹോട്ട് ഹീറോസിനൊപ്പം തന്നെയായിരുന്നു തുടർന്നുള്ള ചിത്രങ്ങളും. ‘ഓരോ സവിശേഷതയുള്ള നടൻമാരാണ് ഇവരെല്ലാം.
നിവിൻ ചേട്ടൻ വീട്ടിലെ ഒരംഗത്തെപ്പോലെയാണ്. നാഗചൈതന്യ വളരെ കൂൾ ആണ്. ധനുഷിനെ സൂപ്പർ പെർഫോമർ എന്നു വിളിക്കാം. ദുൽഖർ ബ്രില്യന്റ് ആണ്’ – നായകൻമാരെക്കുറിച്ചുള്ള വിലയിരുത്തൽ.
ട്രോൾ പ്രവാഹം
തെലുങ്കു പ്രേമത്തിന്റെ ട്രോളുകൾ വ്യാപകമായതിൽ അവിടെയുള്ളവർക്കും വിഷമമുണ്ടായിരുന്നു. സിനിമ ഇറങ്ങുന്നതിനു മുൻപ് ഇത്രയേറെ ട്രോൾ ചെയ്യുന്നതു കഷ്ടമാണ്. എന്തായാലും സിനിമയുടെ പ്രമോഷന് അതു ഗുണമായി. കൂടുതൽപേർ സിനിമയെക്കുറിച്ച് അറിഞ്ഞു. തെലുങ്കു ‘പ്രേമ’ത്തിനു നല്ല സ്വീകരണമാണു ലഭിച്ചത്.
കൊടി പാറിച്ച് തമിഴിലും
തെലുങ്കിൽ ‘പ്രേമം’ ഹിറ്റായതിനു പിന്നാലെ തമിഴിലെ അരങ്ങേറ്റ ചിത്രം ‘കൊടി’യും വൻവിജയം നേടിയതോടെ ദീപാവലി ഇരട്ടിമധുരത്തിന്റേതായി. ധനുഷ് നായകനായ ചിത്രത്തിൽ തൃഷയും അനുപമയുമാണു നായികമാർ.
ഇതുവരെ ചെയ്തതിൽനിന്നു വ്യത്യസ്തമാണ് ഇതിലെ മാലതി എന്ന കഥാപാത്രം. ധനുഷുമൊത്തുള്ള ‘ഏയ് സുഴലി’ എന്ന ഗാനം സൂപ്പർ ഹിറ്റാണ്. ‘കൊടിയിലേക്കുള്ള അവസരവും പ്രതീക്ഷിക്കാതെ എത്തിയതാണ്. തയാറെടുക്കാൻ രണ്ടു ദിവസമേ കിട്ടിയിരുന്നുള്ളൂ. വെട്രിമാരന്റെ നിർമാണത്തിൽ ധനുഷിനെപ്പോലൊരു നടന്റെകൂടെ അഭിനയിക്കാനുള്ള അവസരം ഏതായാലും വിട്ടുകളഞ്ഞില്ല’ – അനുപമ പറയുന്നു.
പഠനം തുടരും
ഒരു കൗതുകത്തിനു ക്യാമറയ്ക്കു മുന്നിലേക്ക് എത്തിയ അനുപമയ്ക്കു തിരികെ ക്ലാസിൽ കയറാൻ പിന്നീടു സമയം കിട്ടിയിട്ടില്ല. ഒന്നിനു പിറകെ ഒന്നായി അവസരങ്ങൾ വന്നതോടെ കോട്ടയം സിഎംഎസ് കോളജിലെ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ബിരുദ പഠനം മുടങ്ങിയനിലയിലാണ്. ഇനി പ്രൈവറ്റായി പഠനം തുടരാനാണ് ആലോചന.
ഇനി കാതറിൻ
മലയാളത്തിൽ ജെംയിസ് ആന്റ് ആലീസിൽ അതിഥി താരമായും അനുപമ എത്തിയിരുന്നു. സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം തൃശൂരിന്റെ ചന്തമുള്ള ഈ യുവതാരം ‘ജോമോന്റെ സുവിശേഷങ്ങളിൽ’ കാതറിൻ എന്ന തൃശൂരുകാരിയെ ആണ് അവതരിപ്പിക്കുന്നത്. ‘ജോർജി’ന്റെ നായികയായി വീണ്ടും എപ്പോഴാണെന്ന ചോദ്യത്തിന് ‘മേരി’യുടെ ട്രേഡ് മാർക്ക് ചിരിയോടെ മറുപടി - ‘ആഗ്രഹമുണ്ട്, എപ്പോഴാണെന്നറിയില്ല’.