ഓമനത്തമുള്ള ഒരു കുഞ്ഞുമുഖം. അതിന്റെ ഭംഗി കൂട്ടാൻ കവിളിൽ ഒരു മറുകും. വിനീത് കുമാർ എന്ന ബാലതാരത്തെ നമുക്കു ഇങ്ങനെ ഓർത്തെടുക്കാം. ഒരു വടക്കൻ വീരഗാഥ, ഭരതം, അഴകിയ രാവണൻ തുടങ്ങി 80-90കളിലെ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി വിനീത് ഉണ്ടായിരുന്നു. പിന്നീടു കുറേക്കാലം കഴിഞ്ഞ് കൺമഷി എന്ന സിനിമയിൽ നിത്യാ ദാസിന്റെ നായകനായും വിനീതിനെ നമ്മൾ കണ്ടു.
ഒരു നായകൻ എന്ന നിലയിൽ വിനീത് സ്വന്തം സ്ഥാനം സിനിമയിൽ ഉറപ്പിക്കും എന്നു തന്നെ കരുതിയ പ്രേക്ഷകനു മുൻപിൽ ഒരു സർപ്രൈസ് ആയിട്ടു ആദ്യ സിനിമ സംവിധാനം ചെയ്തുകൊണ്ടു സംവിധാന രംഗത്തേക്കെത്തുന്നത്. അതും രഞ്ജിത്തിനെപ്പോലുള്ള ഒരു മുതിർന്ന സംവിധാനകന്റെ കഥയുമായി.
ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത ‘അയാൾ ഞാനല്ല’ തിയറ്ററിൽ എത്തിക്കഴിഞ്ഞു. സാധാരണ ആദ്യ സിനിമയുമായി വരുന്ന ചെറുപ്പക്കാർക്കുള്ള ടെൻഷനും ഓട്ടപ്പാച്ചിലും വിനീതിന്റെ കാര്യത്തിലില്ല. ഒരു പക്ഷേ, സംവിധാനം എന്നത് അയാൾ ഞാനല്ല എന്ന സിനിയോടെ തീരുന്നില്ല എന്ന തിരിച്ചറിവാകും റിലീസിങ് ദിവസം ഇത്ര കൂളായി ഇരിക്കാൻ കാരണം. വിനീത് മനോരമ ഓൺലൈനോട്.
∙ ആദ്യമായി സംവിധാനം ചെയ്ത സിനിമ തിയറ്ററിൽ കണ്ടപ്പോൾ എന്തായിരുന്നു പ്രേക്ഷകരുടെ പ്രതികരണം?
എറണാകുളം പത്മ തിയറ്ററിൽ ആണ് ഞാൻ സിനിമ കണ്ടത്. ആളുകൾ ചിരിക്കേണ്ടിടത്ത് കൂടുതൽ ചിരിക്കുകയും കൈ അടിക്കേണ്ടിടത്ത് അടിക്കുകയും ചെയ്തപ്പോൾ സന്തോഷം തോന്നി. ആദ്യ സിനിമയുടെ ഒരു ഷോ കഴിയുമ്പോൾ പ്രേക്ഷകർ എഴുന്നേറ്റു നിന്നു കൈ അടിക്കുന്നത് സംവിധാനത്തിൽ ഒരു തുടക്കക്കാരനായിരുന്ന എനിക്ക് കൂടുതൽ സന്തോഷം നൽകി. അതൊരു വലിയ കാര്യമായാണ് തോന്നിയത്.
∙ സംവിധായകൻ രഞ്ജിത്ത് പറഞ്ഞ ഈ കഥയ്ക്കു തിരക്കഥ സ്വയം എഴുതാം എന്നു എപ്പോഴാണ് തോന്നിയത്?
രണ്ടു വർഷത്തോളം ഒരുപാട് കഥകൾ ഒരു സിനിമയ്ക്കു വേണ്ടി കേൾക്കുകയും പരിഗണിക്കുകയും ചെയ്തിരുന്നു. രഞ്ജിത്തേട്ടനുമായി ഒരുപാട് ചർച്ചകൾ നടത്തി. ഒടുവിൽ രഞ്ജിത്തേട്ടൻ ഈ കഥ പറഞ്ഞു. പ്രധാനമായും രണ്ടു കാര്യങ്ങളാണ് എന്നെ ഈ സിനിമയിലേക്കു ആകർഷിച്ചത്. ഒന്ന്, ഈ വിഷയത്തിൽ ഒരു റിസ്ക്ക് ഉണ്ടായിരുന്നു. കഥ സിനിമയാക്കുമ്പോൾ ഉണ്ടാകുന്ന സ്പേസ് ആയിരുന്നു മറ്റൊന്ന്. നല്ല ലാൻഡ്സ്കേപ്പ് ഉപയോഗിച്ചു ഫലപ്രദമായി ഈ സിനിമ അവതരിപ്പിക്കാനുള്ള സാധ്യതകളും ഉണ്ടായിരുന്നു. കൂടുതൽ ചർച്ച ചെയ്തപ്പോൾ ഞാൻ തന്നെ തിരക്കഥ എഴുതാം എന്നു തീരുമാനിക്കുകയായിരുന്നു. ഞാൻ ചെയ്താൽ നന്നാകുമെന്നു രഞ്ജിത്തേട്ടനും പറഞ്ഞു. രഞ്ജിത്തേട്ടനെപ്പോലൊരാളുടെ കഥ തന്നെ ആദ്യ സിനിമയ്ക്കു ലഭിക്കുന്നൊരു ഭാഗ്യമല്ലേ?
∙ മനോഹരമായ ലൊക്കേഷനുകളും കാഴ്ചകളും ഈ സിനിമയുടെ പ്രത്യേകതയാണ്.. ലൊക്കേഷനുകൾ തിരഞ്ഞെടുക്കുന്നതിൽ എന്തൊക്കെ തയാറെടുപ്പുകളാണ് നടത്തിയത്?
വർഷം തോറും ഞാൻ ഒരു യാത്ര പോകാറുണ്ട്. അങ്ങനെയൊരു യാത്ര നടത്തിയത് കച്ച്, പോർബന്തർ, ദ്വാരക തുടങ്ങിയ ഭാഗങ്ങളിലേക്കായിരുന്നു. റാൻ ഓഫ് കച്ച് അന്ന് എന്നെ ഒരുപാട് ആകർഷിച്ചിരുന്നു. ടയറുമായി ജീവിക്കുന്ന ഒരുപാട് ആളുകളെ ഞാൻ അവിടെക്കണ്ടു. നിരവധി പ്രകാശൻമാരും. കൊയിലാണ്ടിക്കാരായ ഒരുപാടു പേർ ആ ഭാഗങ്ങളിൽ ഉണ്ടായിരുന്നു.അന്നതൊക്കെ ഒരു കാഴ്ച മാത്രമായിരുന്നു.
രഞ്ജിത്തേട്ടൻ ഗുജറാത്തിന്റെ പശ്ചാത്തലത്തിൽ ഒരു കഥ പറഞ്ഞപ്പോൾ ഞാൻ ഈ യാത്രയേക്കുറിച്ചും അതിൽ കണ്ട സ്ഥലങ്ങളെ കുറിച്ചും ആളുകളെ കുറിച്ചും അദ്ദേഹത്തോടു പറഞ്ഞു. ആദ്യം കണ്ട കാഴ്ചകളെക്കുറിച്ചു ഈ സിനിമയ്ക്കു വേണ്ടി കൂടുതൽ പഠിക്കുവാൻ വീണ്ടും അവിടെ പോയി.
എന്റെ അച്ഛൻ ഒരു ഫോട്ടോഗ്രാഫർ ആണ്. കാണുന്ന കാഴ്ചകളിലുള്ള ദൃശ്യ ഭംഗി മനസിലാക്കുവാൻ അദ്ദേഹത്തിനുള്ള കഴിവ് എനിക്കും കിട്ടിയിരിക്കാം. ഞാൻ കണ്ട കാഴ്ചകളുടെ ദൃശ്യഭംഗി നഷ്ടപ്പെടാതെ ക്യാമറയിലാക്കുവാൻ എന്റെയൊപ്പം ശ്യാം ദത്ത് എന്ന ഛായാഗ്രാഹകനും ഉണ്ടായിരുന്നു.
∙ ബാലതാരമായി സിനിമയിലെത്തിയ വിനീത് നായകൻ ആവാൻ ശ്രമിക്കാതെ ഒരു സംവിധായകനായി...
പെട്ടെന്നൊരു നിമിഷം തോന്നിയ ഒരു ചിന്തയിൽ സംവിധായകൻ ആയ ആളല്ല ഞാൻ. കുട്ടിക്കാലത്ത് തന്നെ സഹോദരനേയും സഹോദരിയേയും വച്ച് ഷോട്ട് ഫിലിംസ് എടുത്തിട്ടുണ്ട്. അന്നതിനൊക്കെ നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. സംവിധായകൻ ആയത് കൊണ്ട് ഇനി അഭിനയിക്കില്ല എന്നുമില്ല. നല്ല വേഷങ്ങൾ ലഭിച്ചാൽ ഇനിയും ഞാൻ അഭിനയിക്കും. സിനിമകൾ ഇനിയും സംവിധാനം ചെയ്യുകയും ചെയ്യും.
∙ഫഹദ് ഫാലിസിന്റെ അഭിനയം ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നാണ്. എങ്ങനെയാണ് ഒരു സൂപ്പർ താരത്തിനു യോജിക്കുമായിരുന്ന കഥാപാത്രത്തിലേക്കു ഫഹദിനെ ഒരുക്കിയെടുത്തത്?
ഫഹദ് എന്റെ സുഹൃത്ത് ആണ്. സിനിമയിലെ കഥാപാത്രം നേരത്തെ തന്നെ ഒരു ആർട്ടിസ്റ്റിനോട് പറഞ്ഞ് സ്കെച്ച് ചെയ്തെടുത്തിരുന്നു. പിന്നീട് ആ കഥാപാത്രത്തിലേക്കു ഫഹദിനെ വച്ച് നോക്കി അവശ്യമുള്ള അപ്പിയറൻസിലേക്ക് കൊണ്ടു വന്നു. മാനറിസങ്ങളിലെല്ലാം ഫഹദ് എന്ന നടന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി. മുടിയുടെ സ്റ്റൈൽ മാത്രമേ വ്യത്യാസം വരുത്തിയുള്ളൂ.
∙ ‘അയാൾ ഞാനല്ല’ ഒരു ചെറിയ സിനിമയാണെന്ന് ഒരു അഭിപ്രായം ഉണ്ട്
ഇതൊരു ചെറിയ സിനിമയാകുമെന്ന് നേരത്തേ അറിയാമായിരുന്നു. പത്ത് ദിവസത്തെ കഥയാണ്. സാധാരണ സിനിമയിൽ കേരളവുമായി ഒരു ബന്ധം കൊണ്ടുവന്നാണ് കഥ അവതരിപ്പിക്കുന്നത്. ഇതിൽ അങ്ങനെയില്ല. ഒരിക്കൽ കൊയിലാണ്ടിയിൽ എത്തുന്നു എന്ന് പറയുന്നതൊഴിച്ചാൽ പ്രകാശനു കേരളവുമായി ബന്ധമൊന്നുമില്ല. ഭംഗിയുള്ള ലൊക്കേഷൻസിലൂടെ ഒരു ഡ്രീം ലാൻഡ് ഉണ്ടാക്കുക. സിനിമയുടെ അവസാനം നായകൻ അവിടെ എത്തണം എന്നു പ്രേക്ഷകർക്കൊരു തോന്നലുണ്ടാവണം.
ചിത്രം പൂർത്തിയാവുമ്പോൾ തരക്കേടില്ലാത്ത സിനിമ എന്നു പ്രേക്ഷകർ ഒരു വിലയിരുത്തൽ നടത്തുമ്പോൾ വിനീത് കുമാർ എന്ന സംവിധായകന്റെ ഉദ്യമങ്ങൾ ഇവിടെ സഫലമാവുന്നു.