നീര്‍മാതളം പൂത്ത കാലത്തെ പെണ്ണെഴുത്തും ആ ജീവിതവും അഭ്രപാളികളിലേക്ക് പകർത്തിയെഴുതപ്പെടുകയാണ്. വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും മലയാളി കണ്ട മാധവിക്കുട്ടിയെ വെള്ളിത്തിരയിൽ അവതരിപ്പിക്കുവാനുള്ള പ്രയത്നത്തിലാണ് കമൽ.
മലയാള സാഹിത്യത്തിന്റെയും കാൽപനിക ചിന്തകളിലേയും ഏറ്റവും ശക്തമായ പെൺമയെ ഫ്രെയിമുകളിലൂടെ കമൽ എങ്ങനെയാണ് നോക്കിക്കാണുന്നത്. വെല്ലുവിളി നിറഞ്ഞ വഴികളെ കുറിച്ച് കമൽ സംസാരിക്കുന്നു...
ഇപ്പോഴത്തെ പ്രസക്തി എന്താണ്?
ഈ കാലഘട്ടം തന്നെയാണ് മാധവിക്കുട്ടിയുടെ ജീവിതത്തെ കുറിച്ച് സിനിമയെടുക്കേണ്ട സമയം. എനിക്കിഷ്ടമുള്ള മതം ഞാൻ സ്വീകരിക്കും അത് ഇഷ്ടപ്പെടാതെ വരുമ്പോൾ മാറും. എന്നാണ് മാധവിക്കുട്ടി പറഞ്ഞിട്ടുള്ളത്. മതം മാറുന്നത് വസ്ത്രം മാറുന്നത് പോലെയാണ് എന്ന് പറഞ്ഞ, അത്ര ലാഘവത്തോടെ ഈ വിഷയത്തെ കണ്ട മാധവിക്കുട്ടിയുടെ ജീവിതം സിനിമയിലേക്കെത്തുവാൻ ഏറ്റവും ഉചിതമായ സമയം ഇപ്പോള്‍ തന്നെയാണ്.
മാധവിക്കുട്ടി കമല സുരയ്യയായി മാറിയ സമയത്തെ പൊട്ടിത്തെറികളെ കുറിച്ച് ഓർമയുണ്ടല്ലോ. അതിനേക്കാള്‍ രൂക്ഷമായ ഒരു കാലഘട്ടത്തിൽ കൂടിയാണ് നമ്മൾ കടന്നുപോകുന്നത്. അതു തന്നെയാണ് പ്രസക്തിയും.
വിദ്യാബാലനിലേക്കും പൃഥ്വിരാജിലേക്കും എങ്ങനെയാണെത്തിയത്
കമലയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയുടെ വേഷമാണ് പൃഥ്വി ചെയ്യുന്നത്. തികച്ചും ഫിക്ഷണൽ ആയിട്ടുള്ള കഥാപാത്രം. അതിനെ കുറിച്ച് അധികം കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല. പൃഥ്വി ഇപ്പോൾ തിരക്കിലാണ്. അദ്ദേഹവുമായി കൂടുതൽ സംസാരിക്കേണ്ടതുണ്ട്. എന്റെ മനസിൽ ആ വേഷം ചെയ്യാൻ പൃഥ്വിയെ ഞാൻ ഉറപ്പിച്ച് കഴിഞ്ഞു.
പിന്നെ നായികയുടെ കാര്യം പറഞ്ഞാൽ, കമലയുടെ വേഷം ചെയ്യാൻ ആരെ ഏൽപ്പിക്കും എന്ന ചോദ്യം ആദ്യമേ മനസിലുണ്ടിയിരുന്നു. ആദ്യമേ തന്നെ എന്റെ മനസില്‍ വന്ന ചോദ്യമാണ്. എന്റെ കഥ എഴുതുന്ന സമയത്ത് മാധവിക്കുട്ടിക്ക് 38 വയസായിരുന്നു. അതിനു ശേഷമാണ് അവരുടെ ജീവിതത്തിൽ ഒരുപാട് പ്രധാനപ്പെട്ട സംഭവങ്ങളുണ്ടായിട്ടുള്ളത്. മതം മാറുമ്പോൾ അറുപത്തിയഞ്ച് വയസോളമുണ്ട്. ഈ കാലത്തിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയുടെ ജീവിതമാണ് അവതരിപ്പിക്കേണ്ടത്. തീക്ഷ്ണമായ ഒരു കഥാപാത്രമാണല്ലോ. അത്തരത്തിലൊരാളെ കുറിച്ച് ചിന്തിച്ചപ്പോള്‍ മലയാളത്തിലുള്ള ആരുടെയും മുഖം മനസില്‍ വന്നില്ല എന്നതാണ് വാസ്തവം. പഴയ നായികാ സങ്കൽപം അല്ലെങ്കിൽ സ്ത്രീ സങ്കൽപത്തിലെ രൂപമാണ് മാധവിക്കുട്ടിക്ക്. അതിന് ചേരുന്നൊരാളും വിദ്യ തന്നെയെന്ന് തോന്നി.
വിദ്യയുടെ അഭിനയം കാമറയിലൂടെ ആദ്യം കാണുന്നത് ഞാനാണ്. ചക്രം എന്ന എന്റെ ചിത്രത്തിലെ നായികയായിരുന്നു അവർ. അന്ന് അത് കണ്ടിട്ട് എന്റെ മനസിൽ വന്ന ഒരു കാര്യം ഞാൻ വിദ്യയോട് പറഞ്ഞു. ഒരുപാടുയർന്ന തലത്തിലേക്ക് നല്ല വേഷങ്ങളിലേക്ക് വിദ്യക്ക് ചെന്നെത്താനാകുമെന്ന്. പിന്നീട് വിദ്യയുടെ കാര്യത്തില്‍ സംഭവിച്ചെതെന്താണെന്ന് പറയേണ്ട കാര്യമില്ലല്ലോ. അത്രയേറെ അഭിനയ പ്രതിഭയുള്ളൊരു നടിയാണ്. വിദ്യയോട് കമലയാകുന്നതിനെ കുറിച്ച് ഞാൻ പറഞ്ഞിരുന്നു. പക്ഷേ തീരുമാനമൊന്നും അറിഞ്ഞിരുന്നില്ല. പെട്ടെന്ന് എന്നെ തന്നെ ഞെട്ടിച്ചുകൊണ്ട് വിദ്യ പ്രഖ്യാപിക്കുകയായിരുന്നു അടുത്ത ചിത്രം ഇതാണെന്ന്.
മാധവിക്കുട്ടിയുടെ ജീവിതം ഇന്നും ചർച്ച ചെയ്യപ്പെടുന്നുണ്ട്. അവരുടെ എഴുത്തും. അത്തരത്തിലൊരു ജീവിതം സിനിമയിലേക്ക് പകർത്തുന്നത് വലിയ വെല്ലുവിളി തന്നെയല്ലേ?
തീർച്ചയായും വെല്ലുവിളി തന്നെയാണത്. ഒരു സ്ത്രീയുടെ ജീവിതം മലയാളത്തിൽ തന്നെ അധികം വന്നിട്ടില്ല. ഒരുപാട് തയ്യാറെടുപ്പുകളോടെയാണ് ഞാനീ ചിത്രത്തിലേക്ക് കടക്കുന്നതും. കമലയുടെ ജീവിതം മണിക്കൂറുകൾ ദൈർഘ്യമുള്ള ഒരു ചിത്രത്തിലേക്ക് ഒതുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതാണ് ആദ്യത്തെ വെല്ലുവിളി. പിന്നെ ഓരോ മലയാളിയും ഓരോ തലത്തിലാണ് മാധവിക്കുട്ടിയെ കാണുന്നത്. ഓരോരുത്തരുടെ മനസിലും ഓരോ മാധവിക്കുട്ടിയാണ്. ഓരോരുത്തർക്കും ഓരോ സങ്കൽപം. എന്റെ മനസിലുമുണ്ട് അത്തരത്തിലൊന്ന്. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട ജീവിതം കൂടിയാണ് അവരുടേത്. പ്രണയത്തിന്റെ മുഖമായിട്ട് അവരെ കാണുന്നവരുണ്ട്. വളരെ ശക്തയായ ഒരു വനിതയായിട്ട് അവരെ കാണുന്നവരുണ്ട്. സത്യത്തിൽ ഒരുപാട് സ്നേഹവും വാത്സല്യവുമുള്ള നിഷ്കളങ്കമായ മനസുമുള്ള സ്ത്രീയാണ് അവർ. എഴുത്തിലൂടെയും വായനയിലൂടെയും ഞാൻ പരിചയപ്പെട്ട മാധവിക്കുട്ടിയെയാണ് എന്റെ ചിന്തകളിലെ മാധവിക്കുട്ടിയാണ് എന്നിലെ സംവിധായകനിലൂടെ പുറത്തുവരുന്നത്. അതിൽ യോജിപ്പുകളും വിയോജിപ്പുകളുമുണ്ടാകാം. അത് മറ്റൊരു കാര്യവും.
സിനിമയിലൂടെ നമ്മൾ കാണാൻ പോകുന്ന മാധവിക്കുട്ടിയുടെ ജീവിതം എങ്ങനെയാണ്
മാധവിക്കുട്ടിയുടെ ജീവിതത്തെ രണ്ട് ഘട്ടമായിട്ടാണ് ആവിഷ്കരിക്കുന്നത്. എന്റെ കഥയുടെ കാലഘട്ടത്തിലും മതം മാറിയതിനു ശേഷമുള്ള മാധവിക്കുട്ടിയും. മാധവിക്കുട്ടി അവരുടെ കുട്ടിക്കാലത്തെ കുറിച്ചൊക്കെ ഒരുപാടൊരുപാട് എഴുതിയിട്ടുണ്ട്. അതൊന്നും പക്ഷേ സിനിമയിലേക്ക് അധികം കൊണ്ടുവരാൻ കഴിയുമോ എന്നറിയില്ല.
വ്യക്തിപരമായി മാധവിക്കുട്ടിയെ അറിയാമായിരുന്നോ?
പരിചയമുണ്ടായിരുന്നു. രണ്ടു മൂന്ന് പ്രാവശ്യം സംസാരിച്ചിട്ടുണ്ട്. ആഴത്തിലുള്ള ബന്ധമൊന്നുമില്ല. കമലയായിരുന്നപ്പോഴും കമലസുരയ്യയായിരുന്നപ്പോഴും അവരെ കണ്ടിട്ടുണ്ട്. മതം മാറിയതിനു ശേഷമുള്ള ജീവിതം സിനിമയാക്കണമെന്ന് അന്നേ തോന്നിയിരുന്നു. ജീവിച്ചിരിക്കുന്ന സമയത്ത് അങ്ങനൊര ചിത്രം എടുക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല. അവരുടെ ജീവിതത്തിലെ ഓരോ ഘട്ടവും എന്നെ സ്വാധീനിക്കുന്നുണ്ട്. എന്റെ മനസിനെ സ്പർശിക്കുന്നുണ്ട്. പിന്നെ അവര്‍ കടന്നുപോയി കഴിഞ്ഞപ്പോൾ വീണ്ടും സിനിമ മനസിലേക്ക് വന്നു. അടുത്ത തലമുറ മാധവിക്കുട്ടിയെ അറിയണം എന്നെനിക്ക് തോന്നി. ഒരു ചരിത്ര സിനിമ ചെയ്താല്‍ അത് കൂടുതൽ പേരിലേക്കെത്തും എന്ന് തോന്നി. അതാണ് ഈ യാത്ര തുടങ്ങിയതിനു പിന്നിൽ. സെല്ലുലോയ്ഡിന് ശേഷമാണ് ഇത്തരമൊരു ചിത്രത്തെ കുറിച്ച് ചിന്തിക്കുന്നത്.
ബൃഹത്തായ ജീവിതം തിരക്കഥാ രൂപത്തിലവതരിപ്പിച്ചപ്പോൾ എന്താണ് തോന്നിയത്?
രണ്ട് വർഷത്തോളം പഠനം നടത്തിയിട്ടാണ് മാധവിക്കുട്ടിയുടെ സിനിമയ്ക്കായുള്ള എഴുത്ത് വശത്തിലേക്ക് കടന്നത്. മാധവിക്കുട്ടി എഴുതിയ ഏതാണ്ട് എല്ലാ പുസ്തകങ്ങളും വായിച്ചു കഴിഞ്ഞു. അവരെക്കുറിച്ച് വന്ന ലേഖനങ്ങളും ഒക്കെ വായിച്ചു. മാധവിക്കുട്ടിയുടെ ജീവിതവുമായി ബന്ധപ്പെട്ടവരേയും പരമാവധി സന്ദർശിച്ചു. ആത്മവിശ്വാസത്തോടെയാണ് എഴുതി തുടങ്ങിയത്. തിരക്കഥയിലേക്ക് കടന്നതിനു ശേഷമാണ് മാധവിക്കുട്ടിയുടെ ജീവിതം രണ്ട് ഘട്ടങ്ങളാക്കി അവതരിപ്പിക്കാം എന്ന തീരുമാനത്തിലേക്കെത്തിയത്. നേരത്തെ പറഞ്ഞതുപോലെ ബാല്യകാലത്തെ കുറിച്ച് അവരൊരുപാട് എഴുതിയിട്ടുണ്ട്. അത് വളരെ കുറച്ചേ സിനിമയിൽ വരുന്നുള്ളൂ.
നായകനും നായികയ്ക്കും പുറമേ മറ്റ് വേഷങ്ങളിൽ ആരെല്ലാമാണ്?
സിനിമയിലെ ഓരോ വേഷവും ആരെ ഏൽപ്പിക്കും എന്നതുതന്നെ വലിയൊരു വെല്ലുവിളിയാണ്. കമലയുടെ ഭർത്താവ് മാധവ ദാസ് ആയി എത്തുന്നത് മുരളി ഗോപിയാണ്. മറ്റ് വേഷങ്ങളുടെ കാര്യത്തിൽ ആലോചന തുടരുന്നേയുള്ളൂ. കാരണം ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ആളുകളുടെ മനസുകളിൽ ഇപ്പോഴുമുണ്ടല്ലോ. അവരുടെ ചിത്രം ഇപ്പോഴും ഓർമയിലുണ്ടല്ലോ. മാധവിക്കുട്ടിയുടെ പിതാവ് വിഎം നായർ, അമ്മ ബാലാമണിയമ്മ എന്നിവരെ ആരിലൂടെ അവതരിപ്പിക്കുമെന്നത് കണ്ടെത്തുക വലിയ പ്രയത്നമാണ്.
സിനിമയുടെ എല്ലാ മേഖലകളിലേക്കും പ്രഗത്ഭരാണെത്തുന്നതെന്നറിഞ്ഞല്ലോ?
അങ്ങനെ വേണം എന്നാണ് എന്റെ ആഗ്രഹം. ശബ്ദ സംവിധാനത്തിന് റസൂൽ പൂക്കുട്ടിയേയും സംഗീത സംവിധാനത്തിന് സക്കീർ ഹുസൈനേയും ആഗ്രഹിക്കുന്നു. അങ്ങനെ നടക്കുമെന്ന് കരുതാം.
ഷൂട്ടിങും തിരക്കഥയും
ഒക്ടോബർ ആദ്യ ആഴ്ച ഷൂട്ടിങ് തുടങ്ങ് തുടങ്ങും. രണ്ടു വർഷമായി ഈ സിനിമയ്ക്ക് വേണ്ടിയുള്ള പഠനത്തിലായിരുന്നു. അവരുടെ പുസ്തകങ്ങളും അവരെ കുറിച്ചുള്ള പഠനങ്ങളുമായി.തിരക്കഥ ഇംഗ്ലിഷിലും മലയാളത്തിലുമായാണ് തയ്യാറാക്കുന്നത്. മലയാളം തിരക്കഥ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. അടുത്ത മാസത്തോടു കൂടി അത് കഴിയും. പിന്നീട് ഇംഗ്ലിഷ് തുടങ്ങണം. ഇംഗ്ലിഷ് തിരക്കഥ ചെറുതായിട്ട് തയ്യാറാക്കിയിരുന്നു വിദ്യയ്ക്കായി. ഇനി വളരെ സമഗ്രമായ എഴുത്തിലേക്ക് പോകേണ്ടതുണ്ട്.