വേട്ട വെറുമൊരു സാദാ സസ്പെൻസ് ചിത്രമല്ല. അതിനൊക്കെ അപ്പുറമാണ്. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ നീളുന്ന ദുരൂഹത. വേട്ട നിങ്ങളെ ഞെട്ടിക്കും. പറയുന്നത് മറ്റാരുമല്ല ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബൻ തന്നെ. ചിത്രത്തിന്റെ മറ്റു വിശേഷങ്ങളെ പറ്റി അദ്ദേഹം മനോരമ ഒാൺലൈനോട് സംസാരിക്കുന്നു.
എന്താണ് വേട്ട ?
അയ്യോ അതു മാത്രം എന്നോട് ചോദിക്കരുത്. എനിക്ക് പറയാനാവില്ല. ആദ്യാവസാനം നിങ്ങളുടെ ശ്രദ്ധ ആവശ്യപ്പെടുന്ന ചിത്രമാണ് വേട്ട. ഇടയ്ക്ക് മൊബൈലിൽ കളിക്കാനോ മറ്റുള്ളവരോട് സംസാരിക്കാനോ പൊകാതെ കണ്ണും കാതും കൂർപ്പിച്ച് ശ്രദ്ധയോടെ കാണേണ്ട ചിത്രം. ഇമോഷനൽ സസ്പെൻസ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന സിനിമ. വേട്ടയാടുന്നവരുടെയും വേട്ടയാടപ്പെടുന്നവരുടെയും കഥ. പ്രവചനാതീതമായ കഥയും കഥാസന്ദർഭങ്ങളും.
വേട്ടയിലെ കഥാപാത്രത്തെക്കുറിച്ച് ?
അത്യന്തം ദുരൂഹത നിറഞ്ഞ മെൽവിൻ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് എത്തുന്നത്. കൂതലൊന്നും പറയാനാവില്ല. ബാക്കി സിനിമ കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്.
രാജേഷ് പിള്ളയുടെ ട്രാഫിക്കിൽ നിന്ന് വേട്ടയിൽ എത്തുമ്പോൾ ?
ട്രാഫിക്കിൽ എന്റെ കഥാപാത്രത്തിന്റെ ക്രിമിനൽ മുഖം സിനിമയുടെ ഇടയ്ക്ക് വച്ചാണ് വെളിവാകുന്നുത്. എന്നാൽ വേട്ടയിൽ ആദ്യം മുതൽ തന്നെ ദുരൂഹത ഉണർത്തുന്ന കഥാപാത്രമാണ് എന്റേത്. ട്രാഫിക്ക് ഒരു ഇമോഷനൽ ത്രില്ലറാണ്. അതു പോലെ തന്നെ സസ്പെൻസും ഇമോഷനും ചേർത്താണ് രാജേഷ് വേട്ടയും ഒരുക്കിയിരിക്കുന്നത്.
രാജേഷ് പിള്ള എന്ന സംവിധായകനെ കുറിച്ച് ?
അപാര ക്രാഫ്റ്റുള്ള സംവിധായകനാണ് രാജേഷ് പിള്ള. കഥാപാത്രങ്ങളുടെ കണ്ണുകൾ പോലും എങ്ങനെയാവണമെന്ന് അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. ഒരു ഷോട്ട് നന്നാക്കാനായി എത്ര നേരം വേണമെങ്കിലും അദ്ദേഹം എടുക്കും. താരങ്ങളെ തിരഞ്ഞെടുക്കുന്നതു പോലും വളരെ ശ്രദ്ധിച്ചാണ്. അവരെ കഥാപാത്രങ്ങളാക്കി മാറ്റാനും ഒരു പ്രത്യേക കഴിവുണ്ട് അദ്ദേഹത്തിന്. തിരക്കഥയെ എല്ലാ ടെക്നിക്കൽ സാധ്യതകളും ഉപയോഗപ്പെടുത്തി മറ്റൊരു തലത്തിലേക്ക് ഉയർത്തുന്ന സംവിധായകനാണ് അദ്ദേഹം.
മഞ്ജു വാര്യർക്കൊപ്പം വീണ്ടും, ഒപ്പം ഇന്ദ്രജിത്തും ?
മഞ്ജു ആദ്യമായി ചെയ്യുന്ന പൊലീസ് കഥാപാത്രമാണ്. ഹൗ ഒാൾഡ് ആർ യുവിലും ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും വേട്ട അതിൽ നിന്നൊക്കെ വ്യത്യസ്തമാണ്. വെറുമൊരു പൊലീസുകാരി എന്നതനിപ്പുറം വ്യക്തിപരമായി ഇമോഷൻസ് കൂടിയുള്ള കഥാപാത്രമാണ് മഞ്ജുവിന്റെ ശ്രീബാല. ഇന്ദ്രജിത്തിനെ പിന്നെ ആദ്യമായല്ലല്ലൊ പൊലീസ് വേഷത്തിൽ കാണുന്നത്. ഇൗപ്പൻ പാപ്പച്ചിയെയും വട്ട് ജയനെയുമൊക്കെ മലയാളികൾ ഏറ്റെടുത്തതല്ലെ. വേട്ടയിലും ഇന്ദ്രൻ മിന്നും.
വേട്ടയുടെ പ്രത്യേകതകൾ ?
കഥ തന്നെയാണ് വേട്ടയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരോ സന്ദർഭങ്ങൾക്കും വഴിത്തിരിവുകൾക്കും ജെനുവിൻ റീസണിങ്ങ് ഉണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത കഥ തന്നെയെന്ന് ഉറപ്പിക്കാം. അതിനെ നന്നായി കൺസീവ് ചെയ്ത് സിനിമയാക്കാൻ രാജേഷ് പിള്ളയ്ക്ക് സാധിച്ചിട്ടുമുണ്ട്.