ജൂറി ചെയര്‍മാനായ പ്രിയദര്‍ശന്റെ സൗഹൃദ വലയത്തില്‍ പെട്ടവര്‍ക്ക് അവാര്‍ഡില്‍ മുന്‍ഗണന ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി വിമർശകർ രംഗത്തെത്തിയിരുന്നു. മികച്ച നടനുള്ള പുരസ്കാരം നേടിയ അക്ഷയ് കുമാർ പ്രിയദർശന്റെ അടുത്തസുഹൃത്തായതിനാൽ ഈ അവാർഡിൽ പ്രിയൻ കൈകടത്തിയെന്നും ഇവര്‍ ആരോപിച്ചിരുന്നു. വിഷയത്തിൽ പ്രതികരണവുമായി അക്ഷയ് കുമാറും രംഗത്തെത്തി.
തനിക്ക് നല്‍കിയ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് വേണമെങ്കില്‍ തിരിച്ചെടുത്തോളുകൊള്ളാൻ അക്ഷയ് കുമാർ പറഞ്ഞു. സിനിമയിലെ സ്റ്റണ്ട് താരങ്ങളുടെ സംഘടനയുടെ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘26 വര്‍ഷത്തിനുശേഷമാണ് ഈ പുരസ്കാരം ഞാൻ നേടുന്നത്. ഞാനിതിന് അര്‍ഹനാണെന്ന് തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ അവാർഡ് തിരിച്ചെടുക്കാം. വിവാദത്തില്‍ പുതുമയൊന്നുമില്ല. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ഞാനിത് കേള്‍ക്കുന്നു. ആരെങ്കിലും എപ്പോഴെങ്കിലും ഒരു അവാര്‍ഡ് നേടിയാല്‍ അപ്പോള്‍ തുടങ്ങും അതിന്റെ ചര്‍ച്ചകള്‍. ഇന്നയാള്‍ക്ക് കൊടുക്കണം. അയാള്‍ക്ക് കൊടുത്തത് ശരിയായില്ല തുടങ്ങിയ വിവാദങ്ങളുമായി ആരെങ്കിലുമൊക്കെ വരും. ’അക്ഷയ് പറഞ്ഞു.
റുസ്തം, എയർലിഫ്റ്റ് എന്നീ സിനിമകളിലെ അഭിനയമാണ് അക്ഷയ് കുമാറിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തത്.