ബര്‍ലിനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനെത്തിയ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വസ്ത്രധാരണത്തെ വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ പ്രിയങ്കയെ പിന്തുണച്ച് നടി സണ്ണി ലിയോൺ.
ഇന്ത്യൻ പ്രധാനമന്ത്രിയായി നമ്മൾ തിരഞ്ഞെടുത്തത് സമര്‍ത്ഥനായ ആളെയാണെന്നും അദ്ദേഹം കാര്യക്ഷമതയുള്ളവനും ബുദ്ധിമാനുമാണെന്നും സണ്ണി പറഞ്ഞു. ‘അദ്ദേഹത്തിന് പ്രിയങ്ക ചോപ്രയുടെ വസ്ത്രധാരണത്തിൽ പ്രശ്നമുണ്ടെങ്കിൽ അവരോട് നേരിട്ട് പറയുമായിരുന്നു. എന്നാൽ അദ്ദേഹം അത് ചെയ്തില്ല. ആളുകളാണ് ഇവിടെ വിധി തീരുമാനിക്കുന്നത്. അത് ശരിയായ പ്രവണതയല്ല–സണ്ണി പറഞ്ഞു.
‘സമൂഹത്തില്‍ നന്നായി ഇടപെടുന്ന ഒരാളാണ് പ്രിയങ്ക. ആളുകളോടും അങ്ങനെ തന്നെ. അവർ ധരിക്കുന്ന വസ്ത്രം നോക്കിയല്ല അവരുടെ സ്വഭാവത്തെ വിലയിരുത്തേണ്ടത്’.–സണ്ണി കൂട്ടിച്ചേർത്തു.
ബെർലിനിൽ പുതിയ ഹോളിവുഡ് ചിത്രം ബേവാച്ചിന്റെ പ്രമോഷന് എത്തിയപ്പോഴാണ് നടി പ്രധാനമന്ത്രിയെ കാണാനിടയായത്. എന്നാൽ കൂടിക്കാഴ്ചയിൽ പ്രിയങ്ക ധരിച്ച വസ്ത്രം വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. ഒരു വലിയ നേതാവിനെ കാണുമ്പോൾ മാന്യമായ വസ്ത്രം ധരിക്കണമെന്നായിരുന്നു പ്രിയങ്ക പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വന്ന കമന്റുകൾ. ഇന്ത്യൻ പ്രധാനമന്ത്രിയുടെ മുന്നിലാണ് നിങ്ങൾ ഇരിക്കുന്നതെന്നും കാലെങ്കിലും മറച്ച്‌വച്ച് ഇരുന്നുകൂടെ എന്നായിരുന്നു മറ്റുചിലരുടെ വിമർശനം.
പ്രധാനമന്ത്രിക്കു മുന്നില്‍ കുട്ടിയുടുപ്പ് ധരിച്ച് കാലിന്മേല്‍ കാലും കയറ്റിയിരുന്ന പ്രിയങ്കയ്ക്ക് മര്യാദ ഇല്ലെന്നും പ്രധാനമന്ത്രിയെ ബഹുമാനിക്കാന്‍ അറിയില്ലെന്നുമായിരുന്നും വരെ കമന്റുകൾ വന്നു.
ഈ വിഷയത്തിൽ ഇവർക്ക് മറുപടി പറയാൻ പ്രിയങ്ക എത്തിയതുമില്ല. എന്നാല്‍ ഇൻസ്റ്റാഗ്രാമിലെ പുതിയ പോസ്റ്റ് വിമർശകർക്കുള്ള ചുട്ടമറുപടിയാണ്. അമ്മ മധു ചോപ്രയുമായി ഇരിക്കുന്നൊരു ചിത്രമാണ് പ്രിയങ്ക വിമർശകർക്ക് മറുപടിയായി പോസ്റ്റ് ചെയ്തത്. ‘ലെഗ്സ് ഫോർ ഡെയ്സ്’ എന്നായിരുന്നു ചിത്രത്തിന് പ്രിയങ്ക നൽകിയ അടിക്കുറിപ്പ്.