ബോളിവുഡില്‍ നിന്നും മകൾക്ക് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര. ബോളിവുഡിലെ ഒരു പ്രമുഖ സംവിധായകന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ മകൾക്ക് പത്ത് സിനിമകളെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.
‘സിനിമാരംഗത്തേയ്ക്ക് വരുമ്പോള്‍ പ്രിയങ്കയ്ക്ക് പതിനേഴ് വയസ്സായിരുന്നു പ്രായ. മൂന്ന് വര്‍ഷം മുന്‍പ് വരെ സിനിമാമേഖലയിലെ എല്ലാക്കാര്യങ്ങളിലും അവൾക്കൊപ്പം ഞാനുണ്ടായിരുന്നു. അതിനിടെ ഒരുപാട് ദുരനുഭവങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു മാന്യൻ അവളോട് ചോദിച്ചു, ‘ഞാന്‍ കഥ പറയുമ്പോള്‍ അമ്മ മുറിയുടെ പുറത്തിരിക്കുമോ’ എന്ന്. എന്റെ അമ്മയ്ക്ക് കേള്‍ക്കാന്‍ പറ്റാത്ത കഥയാണെങ്കില്‍ ആ കഥ എനിക്ക് ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു പ്രിയങ്ക അയാള്‍ക്ക് കൊടുത്ത മറുപടി.’–മധു പറഞ്ഞു.
‘ഒരു പ്രശസ്ത സംവിധായകന്റെ സിനിമയിലാണ് മറ്റൊരു സംഭവം. പേരിനു മാത്രമുള്ള ഒരു വസ്ത്രം ധരിക്കണം എന്നാണ് സംവിധായകന്‍ പറഞ്ഞതെന്ന് സിനിമയുടെ ഡിസൈനര്‍ അറിയിച്ചു. അവളുടെ മനോഹരമായ ശരീരം കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു ലോക സുന്ദരിയെ ക്യാമറയ്ക്ക് മുന്നില്‍ കിട്ടിയിട്ട് എന്തു കാര്യം എന്നതായിരുന്നു സംവിധായകന്റെ മനസ്സിൽ. ആ ചിത്രവും ചെയ്യേണ്ടെന്ന് പ്രിയങ്ക തീരുമാനിച്ചു.’ മധു പറഞ്ഞു.
ഇതിന് പ്രിയങ്കയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും എന്നാല്‍ പ്രിയങ്കയ്ക്ക് അതിൽ യാതൊരു വിഷമവുമില്ലെന്നും മധു വ്യക്തമാക്കി. പത്തു സിനിമകളാണ് ആ സംവിധായകനെ നിരസിച്ചതിലൂടെ നഷ്ടപ്പെട്ടതെന്നും മധു പറഞ്ഞു.
പ്രിയങ്കയുടെ പ്രൊഡക്ഷന്‍ ഹൗസായ പര്‍പ്പിള്‍ പെബ്ബിള്‍ പിക്‌ചേഴ്‌സിന്റെ ഭാഗവും പ്രിയങ്കയുടെ മാനേജറും കൂടിയാണ് മധു ചോപ്ര. ലോകത്തെ 100 ശക്തരായ സ്ത്രീകളിലൊരാളായി ഫോബ്‌സ് മാസിക ഈയിടെ പ്രിയങ്കയെ ഉള്‍പ്പെടുത്തിയിരുന്നു.