ബോളിവുഡ് നടി കങ്കണ റണൗട്ടിന് സിനിമ ചിത്രീകരണത്തിനിടെ മുഖത്ത് വെട്ടേറ്റു. വാള്‍പയറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മുഖത്ത് വാള്‍തലപ്പ് കൊണ്ട് മുറിവുണ്ടായത്. പരുക്കേറ്റ കങ്കണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുരികത്തിനിടയില്‍ 15 തുന്നലിട്ടതിനാല്‍ ഒരാഴ്ച ആശുപത്രിയില്‍ കഴിയണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് കങ്കണയെ പരിശോധിച്ച ഡോക്ടർ അഭിപ്രായപ്പെട്ടത്. കുറച്ചുകൂടി മാറിയിരുന്നെങ്കിൽ എല്ലിൽ തുളച്ചു കയറുമായിരുന്നെന്നും ഡോക്ടർ പറഞ്ഞു.
പരുക്കൊന്നും ഒരു വിഷയമല്ലെന്നാണ് കങ്കണ പറയുന്നത്. ‘മുഖത്തുമുഴുവൻ ചോര ആയപ്പോഴും എനിക്ക് പേടി തോന്നിയില്ല. ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് കുറച്ചെങ്കിലുംനീതി പുലർത്താനായല്ലോ എന്ന് ആശ്വസിക്കുന്നു.–കങ്കണ പറഞ്ഞു.
സംഘട്ടന രംഗത്തില്‍ ഡ്യൂപ്പിനെ വയ്ക്കാമെന്ന് പറഞ്ഞെങ്കിലും കങ്കണ നിരസിക്കുകയായിരുന്നുവെന്ന് ചിത്രത്തിന്റെ നിർമാതാവ് കമാല്‍ ജെയിന്‍ പറഞ്ഞു. നെറ്റിയിലായതിനാൽ എല്ലാവരും പേടിച്ച് പോയി. അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തി. ആ സമയമത്രയും വേദനയും കടിച്ചുപിടിച്ച് ഇരിക്കുകയായിരുന്നു കങ്കണ. സഹതാരമായ നിഹാറും പേടിച്ച് പോയി. എന്നാൽ കങ്കണ അവനെ ആശ്വസിപ്പിക്കാനാണ് ശ്രമിച്ചത്.–കമാൽ പറഞ്ഞു.
റാണി ലക്ഷ്മി ഭായിയുടെ ജീവചരിത്ര സിനിമയായ മണികര്‍ണിക- ദ ക്യൂന്‍ ഓഫ് ഝാന്‍സി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് കങ്കണയ്ക്ക് പരുക്കേറ്റത്. സഹതാരം നിഹാര്‍ പാണ്ഡ്യയുമായി കങ്കണ വാള്‍പ്പയറ്റ് നടത്തുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. സിനിമയിലുടനീളം വെട്ടുകൊണ്ട പാട് തന്റെ നെറ്റിയിലുണ്ടാകുമെന്ന് കങ്കണ വ്യക്തമാക്കി. ചിത്രീകരണത്തിന് ശേഷം പ്ലാസ്റ്റിക് സർജനെ സമീപിച്ച് കോസ്മെറ്റിക് സർജറി ചെയ്യും.
ചിത്രീകരണത്തിന് മുന്‍പ് നിരവധി തവണ റിഹേഴ്‌സല്‍ നടത്തിയിരുന്നു. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ നിക് പവൽ ആണ് കങ്കണയെ പരിശീലിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രിലിലാണ് ചിത്രം തിയറ്ററിലെത്തുന്നത്. കൃഷ് ആണ് ചിത്രത്തിന്റെ സംവിധാനം.