ഒടുവിൽ കങ്കണ അത് തുറന്നുപറഞ്ഞു; എന്നെ പീഡിപ്പിച്ചത് ആ നടൻ

തുറന്ന് പറച്ചിലുകളിലൂടെ ബോളിവുഡിനെ ഞെട്ടിക്കുന്ന കങ്കണ റണൗട്ട് തനിക്ക് ആദ്യമായി നേരിട്ട ലൈംഗിക പീഡനത്തേക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു. സിനിമയില്‍ എത്തിയ സമയത്ത് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്നും അയാള്‍ തന്റെ സഹതാരം പോലുമായിരുന്നില്ലെന്ന് കങ്കണ പറഞ്ഞിരുന്നു. ഇപ്പോഴിതാ കങ്കണ ആ താരത്തിന്റെ പേരും െവളിപ്പെടുത്തി.

'പതിനാറാം വയസ്സില്‍ എന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണ്’. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് ഇത്രയും കാലം മനസ്സില്‍ സൂക്ഷിക്കുകയും ആളുകള്‍ അടക്കംപറയുകയും ചെയ്ത ആ രഹസ്യം കങ്കണ സ്ഥിരീകരിച്ചത്. പീഡനക്കാര്യം ആദ്യത്യയുടെ ഭാര്യയും നടിയുമായ സെറീന വഹാബിനോട് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ലെന്നും സെറീനയുടെ പെരുമാറ്റം ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായി എന്നും കങ്കണ പറയുന്നു.

പതിനാറാം വയസ്സില്‍, തന്റെ അച്ഛന്റെ പ്രായമുള്ള ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പല അഭിമുഖങ്ങളിലും കങ്കണ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍, അത് ആരാണെന്ന് മാത്രം വെളിപ്പെടുത്തിയിരുന്നില്ല. എനിക്ക് അയാളുടെ മകളേക്കാള്‍ പ്രായം കുറവായിരുന്നു. ശരിക്കും കെണിയിലായ അവസ്ഥയിലായിരുന്നു ഞാന്‍. അയാളെന്നെ മര്‍ദിച്ചു. തലയ്ക്കടിയേറ്റ് മുറിവും പറ്റി. ഞാന്‍ അയാളെ ചെരിപ്പൂരി അടിച്ചു. അയാള്‍ക്കും മുറിവേറ്റു. അന്നെനിക്ക് പ്രായപൂര്‍ത്തിയായിട്ടുപോലുമുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ ലോകമായിരുന്നു. ആ സംഭവത്തിനുശേഷം ഞാന്‍ അയാളുടെ ഭാര്യയെ പോയി കണ്ടത് ഓര്‍ക്കുന്നു. എന്നെ രക്ഷിക്കൂ, നിങ്ങളുടെ മകളേക്കാള്‍ ഇളയതാണല്ലോ ഞാന്‍. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയാണ്. എന്റെ രക്ഷിതാക്കളോട്  ഇക്കാര്യം പറയാനാവില്ല-കങ്കണ സെറീനയോട് പറഞ്ഞു. 

അദ്ദേഹം ഇനി വീട്ടില്‍ വരില്ലല്ലോ എന്നതാണ് എന്റെ ആശ്വാസം എന്നായിരുന്നു സെറീന വഹാബിന്റെ മറുപടി. അതെനിക്കൊരു വല്ലാത്ത ഞെട്ടലായിരുന്നു. ഇനി എന്നെ ആര് രക്ഷിക്കും എന്നതായിരുന്നു ആശങ്ക. പോലീസിനെ സമീപിച്ചാല്‍ വീട്ടുകാര്‍ വന്ന് തിരികെ കൊണ്ടുപോകും. അത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കും. എനിക്ക് മറ്റൊരു പോംവഴിയുമുണ്ടായിരുന്നില്ല-കങ്കണ പറയുന്നു. 

എന്നാല്‍ ഈ സംഭവത്തിൽ പരാതി നല്‍കിയെങ്കിലും പൊലീസ് ആദിത്യയെ വിളിച്ചുവരുത്തി ശാസിച്ച് വിട്ടയക്കുകയാണുണ്ടായത്. പിന്നീട് കങ്കണ ഒട്ടുമിക്ക അഭിമുഖങ്ങളിലും പ്രായപൂര്‍ത്തിയാകും മുന്‍പുള്ള ഈ പീഡനക്കാര്യം തുറന്നുപറന്നിട്ടുണ്ടെങ്കിലും അതിന്റെ കാരണക്കാരന്‍ ആരാണെന്ന് മാത്രം വെളിപ്പെടുത്തിയിരുന്നില്ല.

കങ്കണയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ആദിത്യ പഞ്ചോളി രംഗത്തെത്തി. കങ്കണയ്ക്ക് ഭ്രാന്ത് ആണെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആദിത്യ പറഞ്ഞു.

അവർ നുണപറയുന്നതാണെന്നും അങ്ങനെയങ്കിൽ കങ്കണ തെളിവുമായി വരട്ടെയെന്നും ആദിത്യ പറഞ്ഞു. തന്റെ കുടുംബം മുഴുവൻ വേദനയിലാണെന്നും അവരെല്ലാം കങ്കണയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആദിത്യ പറഞ്ഞു.