നൃത്തവേഗങ്ങളിൽ ബോളിവുഡ് താരം രൺവീർ സിങ്ങിന്റേതു തകർപ്പൻ പ്രകടനം തന്നെ. ഈ ആത്മവിശ്വാസം കൊണ്ടാകണം യുവതാരം തനിക്കൊപ്പം ചുവടുവയ്ക്കാൻ വെല്ലുവിളിച്ചത് യോഗാ ഗുരു ബാബാ രാംദേവിനെ. ഇതോടെ സദസ്സിനെ ത്രസിപ്പിച്ച് ഇരുവരുടെയും മാസ്മരികാവതരണമായി. ഡൽഹിയിൽ ഹിന്ദി ടിവി ചാനൽ പരിപാടിയിലാണു യോഗാ ഗുരുവും യുവതാരവും മത്സരിച്ചാടിയത്.
എന്നാൽ, നൃത്തവേഗങ്ങളിൽ വേഗം രൺവീർ സിങ്ങിനൊപ്പമെത്തിയ രാംദേവ് തന്റെ പ്രശസ്തമായ യോഗാസനങ്ങൾ പുറത്തെടുത്തതോടെ താരം കിതച്ചു. ഒടുവിൽ തന്റെ കാൽതൊട്ടു പരാജയം സമ്മതിച്ച രൺവീറിനെ, രാംദേവ് എടുത്തുയർത്തി രണ്ടുവട്ടം അന്തരീഷത്തിൽ കറക്കിയശേഷമാണു താഴെ നിർത്തിയത്.
നൃത്തച്ചുവടുകൾക്കിടെ രൺവീർ ബലം നഷ്ടമായി കിതച്ചുപോയതു ചൂണ്ടിക്കാട്ടിയ രാംദേവ് ഒരു ക്ഷീണവുമില്ലാതെ ചടുലമായാണു വേദിവിട്ടത്. രാംദേവിന്റെ ജീവിതകഥ സിനിമയാക്കുമ്പോൾ താനായിരിക്കും അദ്ദേഹത്തെ അവതരിപ്പിക്കുക എന്നും രൺവീർ പറഞ്ഞു.