പതിനായിരങ്ങൾ അണിനിരന്ന അമ്മ മഴവിൽ മെഗാഷോയിൽ ഏറ്റവുമധികം കയ്യടി നേടിയ സ്കിറ്റ് ആയിരുന്നു മോഹൻലാല്‍–ദുൽഖർ കൂട്ടുകെട്ടിന്റേത്. അലാവുദീനും ‘അദ്ഭുത’ലാലും ആദ്യം അലാവുദീനായി ദുൽഖർ സൽമാനും ഭൂതമായി മോഹൻലാലും സ്റ്റേജിൽ എത്തി. ഇതോടെ ആരാധക സംഘങ്ങൾ ഇളകി മറിഞ്ഞു, ആർപ്പുവിളിച്ചു. കാതടപ്പിക്കുന്ന കരഘോഷം നീണ്ടു. ഷോ തുടങ്ങി പകുതിയായപ്പോഴാണ് സാക്ഷാൽ മമ്മൂട്ടി വേദിയിലെത്തിയത്.
എന്നാൽ അതൊരു ഒന്നൊന്നരവരവായിരുന്നു. മമ്മൂട്ടിയെ കണ്ടതും മോഹൻലാൽ ജിന്ന് അമ്പരന്നു. ‘എന്റെ രൂപം ഇയാൾക്ക് കൊടുത്തിട്ട് ഇയാളുടെ രൂപം ഞാനെടുക്കട്ടെ’ മോഹൻലാൽ ജിന്ന് ദുൽഖറിനോട്.
നിങ്ങൾക്ക് രണ്ട് പേർക്കും അവരവരുടെ രൂപം തന്നെയാ നല്ലതെന്ന് ദുൽഖർ.
തനിക്കൊരു ആഗ്രഹം സാധിച്ചുതരണമെന്ന് മമ്മൂട്ടി. എന്ത് ആഗ്രഹവും ഈ മോഹൻലാൽ ജിന്ന് സാധിച്ചുതരുമെന്ന് ദുൽഖറും.
മമ്മൂട്ടി: എനിക്കൊരു പറക്കും കമ്പളം വേണം, ഇവിടെ ഭയങ്കര ട്രാഫിക്കാ, മാത്രമല്ല ഡീസലിനും പെട്രോളിനും എന്താവില.
മോഹന്‍ലാൽ: കമ്പളം തരാൻ പറ്റില്ല, ഉള്ള കമ്പളം പോണ്ടിച്ചേരി റജിസ്ട്രേഷനാ ഇവിടെ പറത്താൻ പറ്റില്ല.
മമ്മൂട്ടി: അത് പറഞ്ഞാൽ പറ്റില്ല, കമ്പളം തന്നേ പറ്റൂ.
‘ആള് ചൂടനാ, ഒന്ന് പറഞ്ഞ് മനസ്സിലാക്ക്’–മോഹൻലാല്‍ ദുൽഖറിനോട് ആവശ്യപ്പെടുന്നു.
ദുൽഖർ: അതെ കമ്പളം ഞങ്ങൾക്ക് പറത്താനുള്ളതാ, നിങ്ങൾക്ക് പറ്റൂല്ലാ, വേറെ എന്തുവേണമെങ്കിലും ചോദിച്ചോളൂ.
മമ്മൂട്ടി: അങ്ങനെയെങ്കിൽ എന്നെയൊന്ന് ഡാൻസ് പഠിപ്പിക്ക്
കുറെ ആലോചിച്ച ശേഷം മോഹൻലാൽ ജിന്ന് പറഞ്ഞു, ‘കമ്പളം ഏത് കളറ് വേണം.’
ഒടുവിൽ മമ്മൂട്ടിയെ സഹതാരങ്ങളെല്ലാം ചേർന്ന് നൃത്തം പഠിപ്പിച്ചതോടെ കാണികളും ആവേശത്തിലായി.