Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എങ്ങനെ മറക്കും കൈരളിയിലെ ഒടേസ്സാ പടവുകളും അയ്യപ്പന്റെ കവിതകളും: ഫാന്റം പ്രവീൺ

phantom

ആറ് വർഷങ്ങളുടെ ഗ്യാപിന് ശേഷമാണ് ഈ വർഷത്തെ ഫെസ്റ്റിനെത്തുന്നത്. ഉദാഹരണം സുജാതയെന്ന ചിത്രത്തിന്റെ സംവിധായകൻ എന്നരീതിയിലല്ല, സിനിമയെ സ്നേഹിക്കുന്ന ഒരു ഡെലിഗേറ്റായാണ് ഇവിടെ എത്തുന്നത്. ഇത്രയും വർഷം മുൻപ് ഞാൻ പങ്കെടുത്ത ഫെസ്റ്റും ഇപ്പോഴത്തെ മാറ്റങ്ങളും വളരെ എക്സൈറ്റ്മെന്റോടു കൂടിയാണ് കാണുന്നത്. 2006ൽ ആണ് ഞാൻ ആദ്യമായി ഫെസ്റ്റിനെത്തുന്നത്. എംഎ ഫിലിം ആന്റ് ടെലിവിഷൻ കോഴ്സ് ചെയ്തു കൊണ്ടിരിക്കുമ്പോൾ അതിന്റെ ഭാഗമായി ഫെസ്റ്റിൽ സുഹൃത്തുക്കൾക്കൊപ്പമെത്തിയ ഞങ്ങളെ വരവേറ്റത് ഊഷ്മളമായ സിനിമകളായി. ഈ ഊഷ്മള സിനിമകൾക്കിടെ ഗൗരവമായ സിനിമാ ചർച്ചകളും തകർപ്പൻ സൗഹൃദങ്ങളും ലഭിച്ചു.

പണ്ടൊക്കെ വടക്കൻ ജില്ലകളിൽ നിന്നുള്ള നിരവധി പേർ ഒരാഴ്ചത്തെ സിനിമാ മേള ആഘോഷമാക്കാൻ തിരുവനന്തപുരത്തെത്തി ഇവിടെ താമസിച്ച്, സിനിമ കണ്ട്, ചർച്ചകളിൽ ഏർപ്പെട്ട്, പാട്ടുപാടി പുതിയ സൗഹൃദങ്ങളുണ്ടാക്കി മടങ്ങുമായിരുന്നു. ഇപ്പോഴത് ഒരുപാട് കുറഞ്ഞിട്ടുണ്ട്. കൈരളിയിൽ എത്തി സിനിമ കാണുകയും സിനിമ കാണാത്ത അവസരങ്ങളിൽ കൈരളിയുടെ പടവുകളിൽ ആഘോഷത്തിമിർപ്പിൽ ഏർപ്പെടുകയും ചെയ്തിരുന്നു. കൈരളിയുടെ പടവുകളെ ഞങ്ങൾ ഒടേസ്സാ പടവുകൾ എന്നാണ് വിളിച്ചിരുന്നത്. അതിനു മുൻപ് അങ്ങനൊരു പേര് അതിനുണ്ടായിരുന്നോ എന്ന് അറിയില്ല. ഈ ഒടേസ്സാ പടവുകളിലായിരുന്നു ഫെസ്റ്റിവലിന്റെ ജീവൻ.

വന്നിട്ട് ടാഗോർ മോശമായി തോന്നിയെന്നല്ല. ഇവിടെ എല്ലാത്തിനും സ്പെയ്സ് ഉണ്ട്. ചിലപ്പോൾ ഫെസ്റ്റിവൽ ആദ്യം മുതൽക്ക് തന്നെ ഇവിടെ ആയിരുന്നെങ്കിൽ ഞങ്ങളെല്ലാം ഇതുമായി താദാത്മ്യം പ്രാപിച്ചേനേ. കൈരളിയെന്ന് പറയുന്നത് എന്നും ഒരു നോസ്റ്റാളിക് ആണ്. കവി അയ്യപ്പൻ ഒടേസ്സാ പടവുകളിൽ ഇരുന്ന് പാടുകയും ഞങ്ങളെല്ലാം അതിന്റെ ഓളത്തിൽ ആസ്വദിക്കുകയും ചെയ്തതൊക്കെ ജീവിതത്തിലെ അപൂർവ നിമിഷങ്ങളാണ്. കിംകീ ഡ്യൂക്ക് സിനിമകൾ അന്നത്തെ മേളകളുടെ ആവേശമായിരുന്നു. മിക്ക സിനിമകളും വളരെ നിലവാരം പുലർത്തുന്നതായിരുന്നു. ഇന്ന് ഒരുപാട് പേരോട് അഭിപ്രായം ചോദിച്ച് നല്ലതേത് മോശമേത് എന്നറിഞ്ഞാണ് മിക്കവരും സിനിമ കാണുന്നത്.

ഇപ്പോൾ മേള കുറച്ചു കൂടി സിസ്റ്റമാറ്റിക്കായി നേരത്തെ റിസർവ്ചെയ്യാൻ അവസരമുണ്ട്. പണ്ടൊക്കെ സിനിമ കണ്ടുകഴിഞ്ഞാൽ ഡെലിഗേറ്റുകൾ ആ തിയറ്റർ വിട്ടുപോകില്ല അതിനുള്ളിൽ തന്നെയിരിക്കുന്നവർ ഉണ്ട്. അങ്ങനെയിരിക്കുമ്പോൾ ദൂരെ നിന്നും വരുന്ന പലർക്കും സീറ്റ് കിട്ടില്ല. അതൊക്കെ മാറിയതിൽ സന്തോഷമുണ്ട്. പക്ഷെ എനിക്ക് ഇതുവരെ റിസർവ് ചെയ്യാൻ ശ്രമിച്ചിട്ട് കിട്ടിയിട്ടില്ല. ഒന്നരമണിക്കൂർ ക്യൂ നിന്നാണ് ഇപ്പോൾ തിയറ്ററിൽ കയറി പറ്റുന്നത്. അതിനൊക്കെ അല്പം മാറ്റം വരണമെന്ന് ആഗ്രഹമുണ്ട്. 

സിനിമകളുടെ നിലവാരം അളക്കാൻ ഞാൻ ആളല്ല, എങ്കിലും പണ്ടത്തെ ഫെസ്റ്റിവലിലെ സിനിമകൾ ഹൃദയത്തിൽ തട്ടുന്നവയോ ഹൃദയത്തിൽ കൂടെ കൊണ്ടു നടക്കാവുന്നതോ ആയിരുന്നു. ആ ഒരു വികാരം ഫെസ്റ്റിവലിൽ നഷ്ടമാകുന്നുവെന്നാണ് എന്റെയും സുഹൃത്തുക്കളുടെയും അഭിപ്രായം. ചിലപ്പോൾ ലോകസിനിമയ്ക്ക് തന്നെ വന്ന മാറ്റങ്ങൾ കാരണമാകാം. പക്ഷെ ഇങ്ങനെയൊരു മിസ്സിങ് സിനിമകളെ സംബന്ധിച്ച് ഞങ്ങൾക്ക് ഫീൽ ചെയ്തിട്ടുണ്ട്.

സിനിമകളെ ലോകം ട്രീറ്റ് ചെയ്യുന്ന രീതികൾ പഠിക്കാൻ ഫെസ്റ്റ് ഉപകാരപ്രദമാണ്. ഒരേ വിഷയം തന്നെ ഏതൊക്കെ ഡൈമൻഷനിൽ കൈകാര്യം ചെയ്യപ്പെടുന്നുവെന്നത് പഠിക്കേണ്ട കാര്യം തന്നെയാണ്. ചില വിഷയങ്ങൾ കൈകാര്യ ചെയ്യുന്ന രീതി കണ്ടാൽ ഇങ്ങനെയൊക്കെ നമുക്ക് ചെയ്യാൻ കഴിയുമോ എന്നാലോചിച്ച്  ഞെട്ടിപോകാറുണ്ട്. വീണ്ടും കൂടുതൽ സിനിമകൾ ചെയ്യാനുള്ള ഒരു ഊർജ്ജം നൽകുന്നത് ഇത്തരം ഫെസ്റ്റുകളിലെത്തുന്ന സിനിമകളാണ്.