Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിജീവനത്തിന്റെ മേളയ്ക്ക് പ്രതീക്ഷയുടെ സിഗ്നേച്ചർ ഫിലിം

iffk-signature

രാജ്യാന്തര ചലച്ചിത്രമേളയുടെ ലോഗോയിലുള്ള ലങ്കാലക്ഷ്മിയെയും ഭാഗ്യമുദ്രയായ ഉപ്പനെയും അർത്ഥപൂർണമായി പ്രളയാതിജീവനകാലത്തിലേക്ക് വരച്ചുചേർത്താണ് ഈ വർഷത്തെ സിഗ്നേച്ചർ ഫിലിം കാണികൾക്കു മുന്നിലെത്തുന്നത്. കേരളം കടന്നു പോയ ദുരന്തവഴികളും മുങ്ങാതെ താങ്ങിയ കൈകളും അടയാളപ്പെടുത്തുന്ന ചിത്രം ഇനി പറന്നുയരേണ്ട ആകാശത്തിലേക്കാണ് ആസ്വാദകരുടെ കാഴ്ചയെ കൊണ്ടുപോകുന്നത്. പ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ഒത്തുചേരലിന് ഇതിലും മനോഹരമായ അടയാളപ്പെടുത്തൽ സാധ്യമാകില്ല. ആനിമേഷൻ ഫിലിംമെയ്ക്കറും ചലച്ചിത്രപ്രവർത്തകനുമായ അരുൺ ശ്രീപദമാണ് അതിജീവനത്തിന്റെ ചലച്ചിത്രോത്സവത്തിന് കയ്യൊപ്പു ചിത്രമൊരുക്കിയത്. 

തിയറ്ററിലെ ഇരുട്ടിന്റെയും നിശബ്ദതയുടെയും പശ്ചാത്തലത്തിൽ വലിയ തിരശീലയിൽ സിഗ്നേച്ചർ ഫിലിം പ്രദർശിപ്പിക്കപ്പെട്ടപ്പോൾ ലഭിച്ച കയ്യടിയാണ് തനിക്കു ലഭിച്ച അംഗീകാരമെന്ന് അരുൺ പറയുന്നു. "മേളയിൽ സിനിമയ്ക്ക് മുൻപായി ചിത്രം ‌പ്രദർശിപ്പിക്കപ്പെട്ടപ്പോൾ കാണികൾ കയ്യടിച്ചു. മനസു നിറയുന്ന അനുഭവമായിരുന്നു അത്. ഇതൊരു വലിയ പ്ലാറ്റ്ഫോമാണ്. ഇവിടെ വരുന്ന കാണികളിൽ നിന്നു ലഭിക്കുന്ന അംഗീകാരം വളരം വലുതാണ്," അരുൺ മനോരമ ഓൺലൈനിനോടു പറഞ്ഞു. 

പതിനഞ്ച്–ഇരുപതു ദിവസത്തിനുള്ളിലാണ് സിഗ്നേച്ചർ ഫിലിമിന്റെ പണികൾ പൂർത്തിയാക്കിയത്. നാലുപേരുടെ ഒരു സംഘമാണ് ചിത്രത്തിന്റെ അണിയറയിൽ പ്രധാനമായും പ്രവർത്തിച്ചത്. ഡിസൈൻസും ആർട്ടും അഭിഷേക് സുരേന്ദ്രനും, ആനിമേഷൻ അശ്വർത്ഥ് സാധു, സുമേഷ് രാഘവൻ, അരുൺ എന്നിവരും ചെയ്തു. സംഗീതം നൽകിയിരിക്കുന്നത് എബിയും സൗണ്ട് ഇഫക്ട് ചെയ്തിരിക്കുന്നത് സോണിയുമാണ്.

iffksignature-2

നിരവധി പ്രതീകങ്ങൾ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് അരുൺ പറയുന്നു. പ്രളയദിനങ്ങൾക്കു സാക്ഷിയായ ഏതൊരു മലയാളിയ്ക്കും പെട്ടെന്ന് ഓർമിക്കാവുന്ന നിരവധി ദൃശ്യങ്ങളും പ്രതീകങ്ങളുമാണ് ചിത്രത്തിലുള്ളത്. അവയ്ക്കൊപ്പം മേളയുടെ ഭാഗ്യമുദ്രയായ ഉപ്പനും ലോഗോയിലുള്ള ലങ്കാലക്ഷ്മിയുടെ തോൽപ്പാവയും പ്രത്യക്ഷപ്പെടുന്നു. "ഉപ്പൻ എന്ന പക്ഷിയും പാവക്കൂത്തിന്റെ പ്രതീകവും നമ്മുടെ ചലച്ചിത്രോത്സവത്തിന്റെ മുഖങ്ങളാണ്. ഉപ്പൻ എന്നു പറയുന്നത് ഭാഗ്യത്തിന്റെ അടയാളമായാണ് കാണുന്നത്. ചിത്രം തുടങ്ങുമ്പോൾ ഉപ്പൻ പറന്നുപോവുകയും അവസാനത്തിൽ അത് പൂർവാധികം ശക്തിയോടെ തിരികെ വന്ന്, പെരുകിപ്പെരുകി ആകാശത്തേക്ക് പറന്നുയരുകയും ചെയ്യുകയാണ്. അങ്ങനെയൊരു ചിന്തയിലാണ് ചിത്രം നിർമിച്ചത്. കൈകോർത്തു പിടിക്കലിന്റെ അടുത്ത തലമാണ് പറക്കൽ," അരുൺ പറഞ്ഞു. 

"പ്രളയത്തെ നേരിട്ടപ്പോൾ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. അത് കഴിഞ്ഞിട്ടുള്ള അതിജീവനത്തിന്റെ കാലത്തിൽ അത്ര സുഖകരമായ സാഹചര്യമല്ല ഉണ്ടായിട്ടുള്ളത്. ചലച്ചിത്രോത്സവം പോലും വേണ്ടെന്നു വച്ചാലോ എന്ന രീതിയിലുള്ള ചർച്ചകളുണ്ടായി. എങ്കിലും ചലച്ചിത്ര അക്കാദമി അത് നടത്താൻ തന്നെ തീരുമാനിക്കുകയും പിന്നീട് സർക്കാർ അത് പിന്തുണയ്ക്കുകയും ചെയ്തു. അത് മികച്ചൊരു മാതൃകയായിട്ടാണ് വ്യക്തിപരമായി എനിക്ക് അനുഭവപ്പെട്ടത്," അരുൺ വ്യക്തമാക്കി.  

നമ്മുടെ കൈപിടിച്ച് ഉയർത്തിക്കൊണ്ടു വരാൻ ആരെങ്കിലും വരുമെന്നു പറഞ്ഞു കാത്തിരിക്കേണ്ട ആവശ്യമില്ല. നമ്മളായി ഉയർന്നു വരുമ്പോൾ സഹായഹസ്തങ്ങൾ താനെ ചുറ്റുമുണ്ടാകുമെന്ന ആശാവഹമായ ഒരു സന്ദേശമാണ് ചിത്രം മുന്നോട്ടു വയ്ക്കുന്നത്, അരുൺ പറയുന്നു. സമൂഹമാധ്യമങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അരുൺ ലഘുചിത്രങ്ങളും ആനിമേഷൻ ചിത്രങ്ങളും ചെയ്തിട്ടുണ്ട്. സി.മെന്റ് എന്ന പരസ്യ കമ്പനിയിലാണ് അരുൺ പ്രവർത്തിക്കുന്നത്.