കോട്ടയം ∙ സമസ്ത മേഖലയിലും സ്ത്രീസാന്നിധ്യമുണ്ടെങ്കിലേ സിനിമ കൂടുതൽ ജനപ്രിയമാവുകയുള്ളൂവെന്നും അവസര നിഷേധങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും തിരക്കഥാകൃത്ത് ദീദി ദാമോദരൻ. ആൺനോട്ടത്തിലെ പെൺകാഴ്‌ചകൾ എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ പങ്കെടുക്കുകയായിരുന്നു അവർ. ഡോ. ജെ.പ്രമീളാദേവി, ബൃന്ദാ പുനലൂർ എന്നിവരും വിഷയാവതരണം നടത്തി.
രണ്ടുപേർ, ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക്, ന്യൂട്ടൻ, ഈസി എന്നീ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. മലയാള സിനിമാചരിത്രം വിളിച്ചോതുന്ന പ്രദർശനത്തിനൊപ്പം ജോൺ ഏബ്രഹാമിന്റെ ‘അമ്മ അറിയാൻ’ ചലച്ചിത്രം പ്രദർശിപ്പിച്ചു. ജി.ശ്രീകുമാർ, ജോൺ ഏബ്രഹാം അനുസ്‌മരണ പ്രഭാഷണം നടത്തി.
ഇന്നു നാലിന് ഓപ്പൺ ഫോറം: ഫാൻസ് അസോസിയേഷനുകൾ മലയാള സിനിമയെ കീഴടക്കുന്നുവോ? പ്രദീപ് നായർ നയിക്കും. മിഥുൻ മാനുവൽ തോമസ്, എസ്.സുരേഷ് ബാബു, ഷാജൂൺ കാര്യാൽ, കെ.പി.ജയകുമാർ എന്നിവർ പങ്കെടുക്കും. സിനിമ, ചരിത്ര പ്രദർശനവും പൊലീസ് മൈതാനിയിൽ, വൈകിട്ട് 6.30ന് എംടി സിനിമകളെക്കുറിച്ചു പ്രഭാഷണം – കെ.അനിൽകുമാർ. ഏഴിനു ചലച്ചിത്രം – നിർമാല്യം.
∙ ഡെലിഗേറ്റ് പാസ്
പാസ്‌പോർട്ട് സൈസ് ഫോട്ടോയുമായി രാവിലെ 10നും വൈകിട്ട് ആറിനും ഇടയിൽ അനശ്വര തിയറ്ററിലെ ഫെസ്റ്റിവൽ ഓഫിസിൽ എത്തണം. ഫീസ് 250 രൂപ. 18 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾ വിദ്യാഭ്യാസ സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡും ഫോട്ടോയുമായി എത്തിയാൽ 200 രൂപ നൽകിയാൽ മതി.
ഇന്നത്തെ ചലച്ചിത്രങ്ങൾ
∙ ത്രീ ആൻഡ് എ ഹാഫ് (മറാത്തി) – സംവിധാനം: ദാർഗെ – 10.30.
∙ മറവി (മലയാളം) – സംവിധാനം: സതീഷ് ബാബു സേനൻ – 2.00.
∙ യങ് കാൾ മാർക്സ് (ഫ്രഞ്ച്) – സംവിധാനം: റൗൾപെക് – 6.00.
∙ ഇൻ സീരിയേറ്റഡ് (ബെൽജിയം) – സംവിധാനം: ഫിലിപ്പ് വാൻ ലിയു – 8.00.