തിരുവനന്തപുരത്തുകാർക്ക് അഭിമാനിക്കുന്ന നിമിഷങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. അതിൽ വളരെയധികം സന്തോഷം അഭിമാനവും തോന്നുന്നു. ഞാൻ എല്ലാ സിനിമയും ആസ്വദിച്ചാണ് ചെയ്യുന്നത്. എനിക്ക് ഒന്നിനോടും മടുപ്പില്ല. എല്ലാവരുടേയും ഇപ്പോഴത്തെ ചോദ്യം സുരാജ് സെലക്ടീവ് ആയോ എന്നാണ്. സത്യത്തിൽ ഞാൻ അല്ല സെലക്ടീവ് ആയത്. ഡയറക്ടർ എന്നെയാണ് സെലക്ട് ചെയ്തത്. ഞാൻ സെലക്ടീവ് ആയി മാറിയതല്ല. ആക്ഷൻ ഹീറോ ബിജുവിൽ എന്നെ രണ്ട് സീനിൽ അഭിനയിപ്പിക്കുന്നതിന് അദ്ദേഹം എടുത്ത തീരുമാനം ആണ്. ആദ്യമായിട്ടാണ് ഒരു ഫിലിംഫെസ്റ്റിവലിൽ എന്റെ സിനിമ പ്രദർശിപ്പിക്കുന്നത്. അതിൽ വളരെ സന്തോഷമുണ്ട്. ഐഎഫ്എഫ്കെ ഒരുപാട് സിനിമാപ്രേമികൾ വരുന്ന ഒരു മേളയാണ്. സാധാരണ തിയറ്ററുകളിൽ നൂറു ദിവസങ്ങളിൽ കൂടുതൽ ഓടി പ്രേക്ഷകരുടെ പ്രീതി നേടിയ ചിത്രം ഇത്തരത്തിലുള്ള വേദിയിൽ പ്രദർശനത്തിനെത്തുക എന്നത് ഒരു ആക്ടർ എന്ന രീതിയിൽ വളരെയധികം സന്തോഷമുണ്ട് .
സിനിമയിൽ വരുന്നതിന് മുമ്പ് ഡെലിഗേറ്റ്സ് ആയി ഇവിടെ വന്നിട്ടുണ്ട്. അപ്പോൾ മിമിക്രി ആർട്ടിസ്റ്റായിട്ടുമാത്രമാണ് അറിയപ്പെട്ടിരുന്നത്. ആ സമയത്ത് ഇവിടെ പുറംകാഴ്ചകൾ കണ്ട് വളരെ ഹാപ്പിയായിട്ട് നടന്നിട്ടുണ്ട്. എനിക്ക് പറയാനുള്ളത് ഒരിക്കലും ഫിലിംഫെസ്റ്റിവൽ നമ്മൾ മിസ് ചെയ്യരുത് എന്നാണ്.