എണ്ണമില്ലാത്ത ചോദ്യങ്ങളാണു ജീവിതമെങ്കിൽ ചോദ്യങ്ങൾ ആവശ്യമില്ലാത്ത ഉത്തരമാണു മരണം. എല്ലാ ഉത്തരങ്ങളും ഒരുമിക്കുന്ന, അവസാനത്തെ, ആത്യന്തികമായ ഉത്തരം. മരണം ജീവിതത്തിനു തിരശ്ശീലയിടുകയാണെങ്കിലും ജീവിതത്തിന് അർഥം കൊടുക്കുന്നതും മരണം തന്നെ. മരണം അടുത്തെങ്ങുമില്ലെന്ന ധാരണയിലാണു പല ജീവിതങ്ങളും. പൊടുന്നനെ മരണം എത്തുമ്പോഴാകട്ടെ ചെയ്തുതീർക്കാനുള്ള ജോലികളുടെ പട്ടിക നീണ്ടുപോകുന്നു. മരണം കുറച്ചുനാൾ കൂടി മാറിനിന്നിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു.ജീവിച്ചിരിക്കുന്നവരെയെല്ലാം അസ്വസ്ഥരാക്കുന്ന, ചോദ്യങ്ങൾ ആവശ്യമില്ലാത്ത ഉത്തരമായ മരണത്തിന്റെ നിഴലിൽ ജീവിക്കുന്നവരുമുണ്ട്. എണ്ണിത്തിട്ടപ്പെടുത്തിയ ദിവസങ്ങളിലൂടെ കടന്നുപോകുന്നവർ.
മരണം ഉറപ്പായിക്കഴിഞ്ഞു.അവശേഷിക്കുന്ന ദിനങ്ങൾ എത്രയെന്ന് ഒരു ഉറപ്പുമില്ല.മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് ജീവിതത്തെ ആവേശഭരിതരാക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർ.അവരുടെ ത്രസിപ്പിക്കുന്ന ജീവിതമാണ് 120 ബിപിഎം എന്ന ഫ്രഞ്ചുചിത്രം. ഗോവയിൽ നടന്ന ഇന്ത്യൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം സ്വന്തമാക്കിയ ചിത്രം.നയുവെൽ പെരസ് ബിസ്കയർ എന്ന യുവനടൻ മികച്ച നടനുള്ള രജതമയൂരം സ്വന്തമാക്കിയതും ഈ ചിത്രത്തിലൂടെതന്നെ. തിരുവനന്തപുരത്ത് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്ന്. 140 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ പ്രദർശനം ലോക സിനിമാ വിഭാഗത്തിൽ.
120 Beats Per Minute (120 battements par minute) – Trailer official (English) from Cannes (new)
1990– കളിലെ പാരീസ്.ഒരുകൂട്ടം ചെറുപ്പക്കാർ ഒരു യുദ്ധത്തിനിറങ്ങിയിരിക്കുന്നു. സർക്കാരിന്റെ അനാസഥയ്ക്കെതിരെയാണവരുടെ പ്രതിഷേധം. വൻകിട മരുന്നുനിർമാതാക്കൾക്കും അവരുടെ പ്രതിഷേധത്തിന്റെ ചൂട് ഏറ്റുവാങ്ങേണ്ടിവരുന്നു.വിവിധ കാരണങ്ങളാൽ എയ്ഡ് ബാധിതരായി മരണം മുഖാമുഖം കണ്ടവർക്കുവേണ്ടിയാണ് അവർ പോരാടുന്നത്. ഫ്രാൻസിൽ ഈ വിഭാഗത്തിൽപെട്ടവരുടെ സംഖ്യ വളരെകൂടുതലാണ്. അവർക്കു സംഘടനയില്ല. അവകാശങ്ങളില്ല.സൗകര്യങ്ങളും. അവരെ ഒഴിവാക്കാനാണ് എല്ലാവർക്കും താൽപര്യം.പാർശ്വവൽക്കരിക്കപ്പെട്ടവരാണവർ. പക്ഷേ ചെറുപ്പക്കാരുടെ സംഘടനയായ ACT UP എയ്ഡ്സ് ബാധിതരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. പ്രക്ഷോഭത്തിൽ ഏർപ്പെട്ടവരിൽ ഏറെയും എയ്ഡ്സ് ബാധിതരും സ്വർവർഗാനുരാഗികളുമാണ്. വൻ റാലികൾ പാരീസിന്റെ തെരുവുകളെ പിടിച്ചുലയ്ക്കുന്നു. പ്രതിഷേധം അലയടിക്കുന്നു. പൊലീസുമായി നിരന്തരം സംഘർഷങ്ങൾ.ഡാൻസ് പാർട്ടികൾ. ഒരൊറ്റ ലക്ഷ്യം മുൻനിർത്തി ഫ്രാൻസിന്റെ യൗവ്വനം അവസാനപോരാട്ടം നടത്തുന്നു.
ഇതിനിടെ ചെറുപ്പക്കാരുടെ ഗ്രൂപ്പിലേക്കു പുതുതായി വന്ന നഥാൻ തീപ്പൊരിനേതാവായ സീനുമായി കടുത്ത പ്രണയത്തിലാകുന്നു. അവരുടെ പ്രണയം പുരോഗമിക്കുന്നതു മരണത്തിന്റെ നിഴലിൽ.ഒരു മരുന്നിനും അവരെ രക്ഷിക്കാനാവില്ല.അവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടാവരാനുമാകില്ല.പക്ഷേ, അതൊന്നും പ്രണയത്തെ തളർത്തുന്നില്ല. തെരുവുകളെ ഇളക്കിമറിക്കുന്ന പ്രക്ഷോഭത്തിനിടയിൽ നഥാനും സീനും അന്യോന്യം കണ്ടെത്തുന്നു. തീവ്രചുംബനത്തിലൂടെ ജീവന്റെ ചൂടു പകരുന്നു. മരണത്തെ അവർക്ക് എങ്ങനെയും ഒഴിവാക്കണം. വീണ്ടും ജീവിതത്തിന്റെ വസന്തസ്ഥലികളേക്കു മുന്നേറണം. ഇനിയും ചിരിക്കുന്ന പൂക്കളെ കാണണം. ഉദിച്ചുയരുന്ന സൂര്യനെ കാണണം. സന്തോഷവും സങ്കടവും അറിയണം. എല്ലാ വേദനയും ഇല്ലാതാക്കുന്ന വികാരപാരവശ്യങ്ങളിലൂടെ കടന്നുപോകണം. മരണമെത്തുന്ന നേരത്തും ജീവിക്കാൻ കൊതിക്കുന്ന നഥാന്റെയും സീനിന്റെയും പ്രണയത്തിലൂടെ ജീവിതത്തിന്റെ അർത്ഥം തേടുകയാണ് റോബാൻ കംപീല്യോ.
പതിവു പുരസ്കാര ചിത്രങ്ങളുടെ ഇഴച്ചിലോ സ്ഥിരം സങ്കേതങ്ങളോ ഇല്ലാത്ത ചിത്രംകൂടിയാണു 120 ബിപിഎം. ഒരു തട്ടുപൊളിപ്പൻ സിനിമപോലെ കണ്ടിരിക്കാവുന്ന ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് മൂവി.